Home Achu Vipin വേദന സഹിക്കാൻ വയ്യാതെ വയറിൽ കയ്യമർത്തി കരയുമ്പോഴും, എന്റപ്പൂ….അവനെ നോക്കണേ എന്ന് വിളിച്ചു പറഞ്ഞമ്മ….

വേദന സഹിക്കാൻ വയ്യാതെ വയറിൽ കയ്യമർത്തി കരയുമ്പോഴും, എന്റപ്പൂ….അവനെ നോക്കണേ എന്ന് വിളിച്ചു പറഞ്ഞമ്മ….

0

ഏട്ടൻ

രചന:അച്ചു വിപിൻ

അമ്മേടെ വയറ്റിൽ കുഞ്ഞാവ ഇണ്ട് ഇനിപ്പോ അപ്പൂട്ടൻ അമ്മേടടുത്തു കിടക്കണ്ട അമ്മമ്മേടെ കൂടെ കിടന്നാ മതിയെന്നച്ചൻ ലേശം ഗൗരവത്തോടെ പറഞ്ഞപ്പോ ഉള്ളുലഞ്ഞു നിന്നു പോയി ഞാൻ…

പതിവ് പോലെ അമ്മിഞ്ഞ കുടിക്കാൻ കൊതിയോടെ ചെന്നപ്പോ ഇനി വേണ്ട ദേവു അവനു മൂന്നു വയസ്സായില്ലേ നിർത്താറായി എന്ന് പറഞ്ഞ ചെറിയമ്മയെ കൊഞ്ഞനം കുത്തി കാണിച്ചു അമ്മയുടെ അമ്മിഞ്ഞ നോക്കി മാമം വേണം എന്ന് പറഞ്ഞുറക്കെ കരഞ്ഞു ഞാൻ…

എന്റെ വാശിയും കരച്ചിലും കാരണം ആരും കാണാതെ ഒളിച്ചെനിക്ക് മാമം തരുമായിരുന്നമ്മ…

ഒടുക്കം അമ്മമ്മേടെ നിർബന്ധത്താൽ ഒരു കഷ്ണം ചെന്നിനായകത്തിൽ തീർന്നെന്റെ മാമംകുടി.. അന്നെന്നേക്കാൾ വിങ്ങിയതെന്റമ്മേടെ നെഞ്ചാണെന്ന് മനസ്സിലാക്കാതെ പോയി ഞാൻ…

എന്നും പാട്ടുപാടി എടുത്തുറക്കുന്ന അമ്മയുടെ നേരെ പ്രതീക്ഷയോടെ ഓടിയടുക്കുമ്പോൾ വേണ്ടപ്പൂ എടുക്കാനൊന്നും അമ്മക്ക് വയ്യ ഇനിയെന്റപ്പൂനെ അമ്മമ്മ വാവുറക്കൂട്ടോ എന്ന് നിറകണ്ണുകളോടെ പറഞ്ഞു കളഞ്ഞമ്മ…

മനസ്സില്ലാ മനസ്സോടെ പോയെങ്കിലും അമ്മമ്മയുടെ അരികിൽകിടന്നുറക്കം വരാതെ അമ്മയെ ഓർത്തെത്രയോ വട്ടം കണ്ണീർപൊഴിച്ചു ഞാൻ..

രാവിലെ എണീറ്റു അടുക്കളപുറത്തെത്തുമ്പോ പണിയെടുത്തു തഴമ്പിച്ച കൈകൾ കൊണ്ടെന്റെ കുഞ്ഞരി പല്ലുകളിൽ ധൃതി പിടിച്ചുകൊണ്ട് ഉമിക്കരിയിട്ടു തരുന്ന അമ്മമ്മക്ക് മുന്നിൽ ഗതിയില്ലാതെ ദേഷ്യത്തോടെ നിന്നു കൊടുത്തെങ്കിലും അമ്മയുടെ പഞ്ഞിപോലുള്ള കൈവിരലുകൾ മനസ്സിൽ ഓർത്തുപോയി ഞാൻ….

അപ്പൂട്ടാ എന്ന് വിളിച്ചു കൊഞ്ചിച്ചു പിറകെ നടന്നവരുടെ ശ്രദ്ധ മുഴുവൻ അമ്മയിലേക്കും പുതിയ കുഞ്ഞാവയുടെ കാര്യത്തിലേക്കുമായതോടെ വീട്ടിലെ രണ്ടാംസ്ഥാനക്കാരനായി ഞാൻ …

കോരിച്ചൊരിയുന്ന മഴയത്തു ആശുപത്രിയിലേക്ക് പോകുന്ന വഴി ഉണ്ണിമാമേടെ ജീപ്പിലിരുന്നു വേദന സഹിക്കാൻ വയ്യാതെ വയറിൽ കയ്യമർത്തി കരയുമ്പോഴും, എന്റപ്പൂ….അവനെ നോക്കണേ എന്ന് വിളിച്ചു പറഞ്ഞമ്മ…. അന്നമ്മയേക്കാൾ ഉറക്കെ കരഞ്ഞു ഞാൻ…

അപ്പൂട്ടന് അനിയത്തിയാട്ടോ എന്ന് അമ്മയെ കയറ്റി കൊണ്ടുപോയ മുറിയിൽ നിന്നും വാവയുമായി ഇറങ്ങി വന്ന സിസ്റ്റർ ആന്റി മെല്ലെ പറഞ്ഞപ്പോ അത് ശ്രദ്ധിക്കാതെ അവരെ തട്ടി മാറ്റി തുറന്നു കിടന്ന വാതിലിനിടയിലൂടെ അമ്മ ഇറങ്ങി വരുന്നുണ്ടോ എന്ന് പ്രതീക്ഷയോടെ എത്തി നോക്കി ഞാൻ….

മ്മ്…ഇനി അമ്മക്ക് എന്തിനാ അപ്പൂട്ടൻ? അപ്പൂട്ടനെക്കാൾ ഇഷ്ടം വാവയോടാട്ടോ എന്ന് അനിയത്തിയെ കാണാൻ അടുത്ത വീട്ടിൽ നിന്നും വന്ന നാണിതള്ള മോണ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ നിറകണ്ണുകളോടെ അമ്മേടെ നേരെ നോക്കിയ എന്നെ ഇങ്ങു വാ എന്ന് ആംഗ്യം കാട്ടി വിളിച്ചു നാണിത്തള്ളയെക്കാൾ ഭംഗിയിൽ മോണ കാട്ടി ചിരിക്കുന്ന അനിയത്തിയെ മടിയിൽ വെച്ചു തന്നമ്മ.

എനിക്ക് രണ്ടാളും ഒരുപോലല്ലേ,എന്നാലും ന്റപ്പൂനെ അല്ലെ അമ്മ ആദ്യം കണ്ടത് അതോണ്ട് ഇച്ചിരി സ്നേഹക്കൂടുതലും അപ്പൂനോടാട്ടോ… ഇനി അപ്പു വേണം അനിയത്തിയെ നോക്കാനും,പാട്ടുപാടി കൊടുക്കാനും,സ്കൂളിൽ കൊണ്ടുപോകാനും ഒക്കെ അങ്ങനെ എന്റപ്പൂട്ടൻ നല്ലൊരു ഏട്ടനാവണം…

വാല്സല്യത്തോടെ നെറുകിൽ തലോടികൊണ്ടമ്മയത് പറയുമ്പോൾ അനിയത്തി ജനിച്ചതോടെ രണ്ടാം സ്ഥാനത്തായി എന്ന എന്റെ തോന്നൽ ഇല്യാണ്ടായതൊപ്പം ഏട്ടനെന്ന അധികാരം കൂടിയെനിക്ക് നേടി തന്നമ്മ…

NB:അമ്മക്ക് കൂടുതൽ ഇഷ്ടം അനിയനോടാ അല്ലെങ്കി അനിയത്തിയോടാ എന്ന് മൂത്തമക്കൾ പരിഭവം പറയുമ്പോൾ അവരറിയുന്നുണ്ടോ ഇളയവർ വരുന്ന കൊണ്ട് മൂത്തതിനെ മര്യാദക്ക് നോക്കാനോ,എടുക്കാനോ,അടുത്ത് കിടത്താനോ പറ്റാതിരുന്ന അമ്മയുടെ മനസ്സിന്റെ വേദന….

LEAVE A REPLY

Please enter your comment!
Please enter your name here