Home Latest ജനിച്ചത് ഒരു വയറ്റിലാണെങ്കിലും രണ്ടാൾക്കും രണ്ട് നിറം… ഞാൻ കറുത്തിട്ടും അവൾ വെളുത്തിട്ടും..

ജനിച്ചത് ഒരു വയറ്റിലാണെങ്കിലും രണ്ടാൾക്കും രണ്ട് നിറം… ഞാൻ കറുത്തിട്ടും അവൾ വെളുത്തിട്ടും..

0

ശിഹാ

ജനിച്ചത് ഒരു വയറ്റിലാണെങ്കിലും
രണ്ടാൾക്കും രണ്ട് നിറം…
ഞാൻ കറുത്തിട്ടും അവൾ വെളുത്തിട്ടും..

പത്ത് നിമിഷത്തെ വിത്യാസത്തിൽ ജനിച്ചിട്ടും നിറത്തിന്റെ വിത്യാസം കൊണ്ടാകാം
എല്ലാർക്കും തന്നോടൊരു വല്ലാത്ത
അവഗണന ഫീൽ ചെയ്യാറുണ്ട്..
കൂടെ പിറന്നത് പെണ്ണായത് കൊണ്ടും
നിറവും സൗന്ദര്യവും അവൾക്കായത് കൊണ്ടുമാകും അവളോടാണ് എല്ലാവർക്കും കൂടുതൽ ഇഷ്ട്ടമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…
അവളോട് ഇഷ്ട്ടക്കൂടുതലുണ്ട് എന്ന തോന്നലാകാം അച്ഛനോടും അമ്മയോടും
തനിക്കെപ്പോഴും വല്ലാത്തൊരു അകൽച്ച തോന്നുമായിരുന്നു..
ഇരട്ടകളായത് കൊണ്ട് രണ്ട് പേർക്കും ഒരു പോലുള്ള പേരിട്ടത് കാരണം തന്റെ പേരിനോട് പോലും തനിക്ക് വെറുപ്പായിരുന്നു…

പൊതുവെ ഇരട്ടകൾ തമ്മിൽ വല്ലാത്ത
മാനസിക പൊരുത്തമുണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും എനിക്കവളെ കാണുന്നത് തന്നെ ചതുർത്തിയായിരുന്നു…

ഒന്നാം ക്ലാസ്സ് മുതലേ ഒരേ ക്ലാസ്സിലാണെങ്കിലും ഒരുമിച്ച് സ്ക്കൂളിൽ പോകുന്നത് തന്നെ എനിക്കിഷ്ടമല്ലായിരുന്നു..
അമ്മ ആദ്യം പ്രസവിച്ചത് തന്നെയായത് കൊണ്ടാകും ചേട്ടാ എന്ന് വിളിച്ച് കൂടെക്കൂടുന്ന അവളെ ഞാനെപ്പോഴും ആട്ടിപ്പായിക്കും… അവസരം കിട്ടുമ്പോഴെല്ലാം ഉപദ്രവിക്കുകയും ചെയ്യും..

അവൾക്ക് കല്യാണാലോചനകൾ വന്നുതുടങ്ങിയപ്പോൾ ഒരുപാട് സന്തോഷിച്ചതും അതിന് മുന്നിട്ടിറങ്ങിയതും താനായിരുന്നു..
കെട്ടിച്ചു വിട്ടാൽ ശല്യം ഒഴിവായി കിട്ടുമല്ലോ എന്നായിരുന്നു മനസ്സിൽ..

കെട്ടിച്ച് വിട്ടിട്ടും അവൾക്ക് മൂന്ന് മക്കളായിട്ടും
ഒരു ആങ്ങള എന്ന നിലയിലോ കുട്ടികളുടെ മാമൻ എന്ന നിലയിലോ അവരോടുള്ള കടമകൾ ഒന്നും ചെയ്യാതെ വല്ലപ്പോഴും വീട്ടിലേക്കു വന്നാൽ അവരോട് മിണ്ടുക പോലും ചെയ്യാതെ
തന്റെ മനസ്സിലുള്ള അപകർഷതാബോധം
ഒരു പകപോലെ തീർക്കുകയായിരുന്നു താൻ..

പക്ഷേ ഇന്ന്….
തന്റെ മുന്നോട്ടുള്ള ജീവിതത്തിന് അവൾ
തന്നെ വേണ്ടിവന്നു..


* * * * * * *

ഐ സി യുവിൽ നിന്നും റൂമിലേക്ക് മാറ്റിയ നിരഞ്ജൻ ആദ്യം ആവശ്യപ്പെട്ടത് നിരഞ്ജനയെ കാണണമെന്നായിരുന്നു..

റൂമിലേക്ക് കയറിവന്ന നിരഞ്ജനയെ കണ്ടതും അവൻ നിറകണ്ണുകളോടെ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു..

ചേട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ടാകണം നിരഞ്ജന ഓടിവന്ന് കട്ടിലിന്റെ അടുത്തിരുന്ന് അവനെ കയ്യിൽ പിടിച്ചു സമാധാനിപ്പിച്ചു..

ചേട്ടാ… ഇപ്പോൾ വേണ്ടാത്തതൊന്നും ആലോചിക്കണ്ട..
ഒന്നും പേടിക്കാനില്ല.. സമാധാനമായിരിക്കൂ…
ഞാൻ ഇന്ന് ഡിസ്ചാർജ് ആയി..
ഇനി വീട്ടിൽ റസ്റ്റ് എടുത്താൽ മതി..
ചേട്ടൻ കുറച്ചുദിവസം കൂടി ഇവിടെ കിടക്കേണ്ടിവരും..

നിരഞ്ജൻ അവളുടെ കൈപിടിച്ച് തന്റെ
അടുത്ത് കട്ടിലിൽ കിടക്കാൻ ആവശ്യപ്പെട്ടു..
ഒരു കൊച്ചുകുട്ടിയെ പോലെ അവൾ അവനെ പറ്റി ചേർന്ന് കിടന്നു..

ഒരു വൃക്ക പറിച്ചെടുത്ത് തരാൻ മാത്രം
നിനക്ക് ഏട്ടനെ ഇഷ്ടമായിരുന്നോ മോളേ….?
അവന്റെ ശബ്ദമിടറി…

ആ ചോദ്യത്തിൽ നിരഞ്ജനയുടെ നിയന്ത്രണംവിട്ടു..
ആർത്തു കരഞ്ഞു കൊണ്ട് അവൾ
ഏട്ടനെ ശക്തിയായി കെട്ടിപ്പിടിച്ചു…

ഒരേ വയറ്റിൽ പത്ത് മാസം തല്ലുകൂടിയും കെട്ടിപ്പിടിച്ചും കിടന്നുറങ്ങിയ എന്റെ
ഏട്ടനെയല്ലാതെ ഞാൻ മറ്റാരെയാണ് ഇതിലും കൂടുതൽ സ്നേഹിക്കേണ്ടത്…?
ഏട്ടന് വേണ്ടി ഞാനെന്റെ ജീവനും തരില്ലേ….
ഏട്ടനെ എനിക്കൊരുപാടിഷ്ടമാണ്..
എനിക്കു മാത്രമല്ല അച്ഛനും അമ്മക്കുമെല്ലാം..
ഏട്ടന് അത് ഇത്രയും കാലം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രം..
അവളുടെ കരച്ചിൽ ഉച്ചത്തിലായി…

അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ പറയാനുള്ള വാക്കുകൾ പുറത്തുവരാതെ നിരഞ്ജൻ ചലനശേഷി നഷ്ടപ്പെട്ടവനെപ്പോലെ കിടന്നു..
ഒലിച്ചിറങ്ങുന്ന കണ്ണുനീരിനിടയിലൂടെ
കണ്ണീർ വാർത്തു നിൽക്കുന്ന അച്ചന്റേയും അമ്മയുടെയും രൂപം കൂടി കണ്ടപ്പോൾ
അവന്റെ മനസ്സ് വല്ലാതെ നീറി…

നിറത്തിന്റെ പേരിൽ അച്ഛനമ്മമാർക്കോ കൂടപ്പിറപ്പുകൾക്കോ ആരേയും മാറ്റി നിർത്താൻ കഴിയില്ലെന്നും എല്ലാം തന്റെ തോന്നലായിരുന്നെന്നും തന്റെ വേണ്ടാത്ത ചിന്തകൾ കൊണ്ട് തനിക്ക് നഷ്ടപ്പെട്ടത് സന്തോഷത്തിന്റെ ഒരുപാട് വർഷങ്ങളാണെന്നും ആലോചിച്ചപ്പോൾ നിരഞ്ജന് വല്ലാത്ത കുറ്റബോധം തോന്നി…

രോഗിയുമായി അടുത്തിടപഴകിയാൽ രോഗാണുബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയില്ലേ….? എന്നുപറഞ്ഞ് നേഴ്സ്
റൂമിലേക്ക് കയറി വരുന്നതുവരെ അവരങ്ങനെ ഒട്ടിപ്പിടിച്ച് കിടന്നു..

യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ നിരഞ്ജനയുടെ പിറകിൽ നിന്നും തന്നെ പാളിനോക്കുന്ന അവളുടെ മക്കളെ അവൻ കൊതിയോടെ നോക്കി….
ഇത്രയും കാലം താൻ കണ്ടില്ലെന്ന് നടിക്കാറുള്ള തന്റെ പെങ്ങളുടെ മക്കളെ കയ്യിലെടുത്ത് ലാളിക്കാൻ വെമ്പുകയായിരുന്നു അപ്പോൾ അവന്റെ മനസ്സ്…
. ശി ഹാ

LEAVE A REPLY

Please enter your comment!
Please enter your name here