Home Latest അവൾക്ക് ഒരു പേടിയും തോന്നാതിരിക്കാൻ എന്റെ വീട്ടുകാരെയുമായിച്ചെന്നു അവളും ഞാനുമായുള്ള നിക്കാഹ് വളയിട്ടു ഉറപ്പിച്ചു…

അവൾക്ക് ഒരു പേടിയും തോന്നാതിരിക്കാൻ എന്റെ വീട്ടുകാരെയുമായിച്ചെന്നു അവളും ഞാനുമായുള്ള നിക്കാഹ് വളയിട്ടു ഉറപ്പിച്ചു…

0

രചന : Sayyid Varudakkal

മര്‍സീന … എന്‍റെ മാലാഖപ്പെണ്ണ്…

ഔദ്യോഗിക ജീവിതത്തിനിടയിൽ അനവധി പോസ്റ്റുമോർട്ടങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്നു പോസ്റ്റ്മോർട്ടം ടേബിളിനു അരികിലേക്ക് നടക്കുമ്പോൾ മനസ്സിനു വല്ലാത്ത പിരിമുറക്കമുണ്ടായിരുന്നു…

ഇതൊഴിവാക്കാൻ ഞാൻ ആദ്യം നോക്കിയതാണ്. പക്ഷെ അവളെ ജൂനിയർ ഡോക്ടർമാരെ ഏല്പിച്ചിട്ടു പോരാനും മനസ്സ് അനുവദിക്കുന്നില്ല. അവർക്കൊക്കെ അവൾ വെറുമൊരു ബോഡി മാത്രമാകും.. പക്ഷെ എനിക്ക് അങ്ങനല്ലല്ലോ. ഒരുപക്ഷേ ഇതെന്റെ തന്നെ നിയോഗമായിരിക്കും…

കൈ കഴുകി ഏപ്രണും ഗ്ലൗസും എടുത്തണിഞ്ഞു. അവളെ പുതച്ചിരുന്ന വെളുത്ത തുണി അറ്റന്‍റർ സതീഷേട്ടൻ മാറ്റിയപ്പോൾ അയാൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി. എന്റെ മുഖം കണ്ടിട്ടാവും സതീഷേട്ടൻ അല്പം പുറകോട്ടു മാറി നിന്നു…

പോസ്റ്റ്‌മോർട്ടം ടേബിളിൽ ആ കിടക്കുന്നത് മർസീനയാണ്. ഒരു മാസത്തിനു ശേഷം എന്റെ ഭാര്യയാകേണ്ടിയിരുന്നവൾ. ആകേണ്ടിയിരുന്നവൾ എന്നു പറഞ്ഞാൽ അത് ശെരിയാവില്ല അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയപ്പോൾ മുതൽ എന്റെ മനസിൽ അവളെന്റെ ഭാര്യ തന്നെയാണ്…

ആ ടേബിളിൽ വിവസ്‌ത്രയായി അവളുടെ ആ കിടപ്പ് കണ്ടപ്പോൾ അറിയാതെ ഞാനൊന്ന് തേങ്ങി. അവളെ ഇങ്ങനെ തന്റെ മുന്നിൽ കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. പക്ഷെ അത് ഞാൻ അണിയിച്ച മഹറുമായി ആദ്യരാത്രിയിൽ എന്റെ മണിയറയിൽ അവളെ കാണാനായിരുന്നു. എന്റേതു മാത്രമാക്കാൻ കൊതിച്ചവൾ എന്റെ മുന്നിൽ ഇങ്ങനെ കിടക്കുന്നത്‌ കാണേണ്ടി വരുമെന്ന് ഞാനൊരിക്കലും ചിന്തിച്ചതില്ല…

ഞാനവളുടെ ശരീരം ആദ്യം വെള്ളമൊഴിച്ചു വൃത്തിയാക്കി. ഉണങ്ങിയ രക്തക്കറയെല്ലാം കഴുകി കളഞ്ഞു. അപ്പോഴവളുടെ ശരീരത്തിലെ മുറിവുകളെല്ലാം തെളിഞ്ഞു വന്നു. മുറിഞ്ഞു പൊട്ടിയ അവളുടെ ചുണ്ടുകൾ കണ്ടപ്പോൾ എങ്ങനെ തുടങ്ങണമെന്ന് അറിയാതെ ഞാൻ ആ മേശയിൽ പിടിച്ചു നിന്നു . ഇല്ല തളർന്നു പോവാൻ പാടില്ല. ഓരോന്നും സൂക്ഷ്മമായി പരിശോധിക്കണം. അവളെയിങ്ങനെ പിച്ചി ചീന്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം…

“വേണ്ട ഡോക്ടറെ… ഡോക്ടറിത് ചെയ്യണ്ട.. മറ്റാരെയെങ്കിലും ഏല്പിക്കാം” ഞാൻ അവളെയും നോക്കി നിൽക്കുന്നത് കണ്ടിട്ട് സതീഷേട്ടൻ എന്റെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“ഞാൻ തന്നെ ചെയ്യണം സതീഷേട്ടാ… ഒരുപാട് വേദനിച്ചില്ലേ എന്റെ പെണ്ണ്…ഇനിയും മറ്റൊരാൾ അവളെ മുറിവേല്പികണ്ട.. ഞാനാകുമ്പോൾ അവളെ വേദനിപ്പിക്കാതെ ചെയ്തോളാം”

രണ്ടു ദിവസമായി മർസീനയെ കാണാതായപ്പോൾ തൊട്ടു ഭ്രാന്തമായ അവസ്ഥയിലായിരുന്നു ഞാൻ. ഹോസ്റ്റലിൽ നിന്നും രണ്ടു ദിവസത്തെ അവധിക്ക് വീട്ടിലേക്ക് പോയവളെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ആദ്യം ദേഷ്യമായിരുന്നു…

പക്ഷെ പിന്നീടവൾ വീട്ടിൽ എത്തിയിട്ടില്ലെന്നു അറിഞ്ഞപ്പോൾ അതു ഭയമായി. ആദ്യമായി ഞാൻ വഴക്കു പറഞ്ഞതിൽ പരിഭവിച്ചു എന്നെ പറ്റിക്കാൻ ഏതെങ്കിലും കൂട്ടുകരികളുടെയോ മറ്റോ കൂടെ മാറി നിൽക്കുകയാവും എന്നൊക്കെ സമാധാനിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും എന്റെ പെണ്ണ് അങ്ങനെ എന്നോട് ചെയ്യില്ലെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ ഇങ്ങനെ പിച്ചിച്ചീന്തപ്പെട്ടു കണ്ടുകിട്ടുമെന്നു ഒരിക്കലും നിനച്ചില്ല…

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. മുഖത്തിലെയും ചുണ്ടുകളിലെയും ആ മുറിവുകളില്ലെങ്കിൽ അവൾ ശാന്തമായി ഉറങ്ങുകയാണെന്നെ തോന്നു. അവളുടെ ആ ചെറിയ ചുവന്ന ചുണ്ടുകളിൽ എന്റെ ഒപിയിൽ വെച്ചു മറ്റാരും കാണാതെ എത്രയോ വട്ടം ഞാൻ ചുംബിച്ചിട്ടുണ്ട്. പക്ഷെ ഇന്നാ ചുണ്ടുകൾ കറുത്തു തടിച്ചിരിക്കുന്നു. ഏതോ കാമഭ്രാന്തന്റെ പല്ലുകൾ അവളുടെ ചുണ്ടുകളെ വികൃതമാക്കിരിയിക്കുന്നു…

അവളുടെ ശരീരം പരിശോധിക്കുമ്പോൾ ഞാനെന്റെ മനസ്സ് കല്ലാക്കാൻ ശ്രമിച്ചു. എനിക്ക് സാധിക്കിലെങ്കിലും അവളുടെ കാമുകൻ എന്നതിലുപരി ഒരു ഡോക്ടർ മാത്രമാവാൻ ഞാന്‍ ശ്രമിച്ചു…

അവളുടെ കഴുത്തു നീലിച്ചു കിടന്നിരുന്നു. കഴുത്തിലെ ക്ഷതം കണ്ടാൽ അതൊരു ആയുധം കൊണ്ടുള്ളതല്ലെന്നും ഒന്നുകിൽ ശ്വാസം മുട്ടിച്ചതോ അല്ലെങ്കിൽ ആരോ ചവിട്ടി ഞെരിച്ചതാണെന്നും വ്യക്തമാകുമായിരുന്നു. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ഒരാളല്ല ഒന്നിലധികം പേർ എന്റെ പെണ്ണിനെ ഉപദ്രവിച്ചുവെന്നെനിക്ക് മനസിലായി…

മുൻപൊരിക്കൽ അവളുടെ കൈകളിൽ ഞാനൊന്ന് നുള്ളിയതിനു വേദനിച്ചുവെന്നു പറഞ്ഞു എന്നോട് പരിഭവിച്ചിരുന്നവളാണ്. രോഗികൾക്ക് കുത്തിവെപ്പ് കൊടുക്കുമ്പോൾ പോലും അവരുടെ വേദനയിൽ സ്വയം വേദനിക്കുന്നവളാണ്. അവളിതൊക്കെ എങ്ങനെ സഹിച്ചോ എന്‍റെ ദൈവമേ….

ഒരിക്കലും അവളുടെ സൗന്ദര്യം കണ്ടിട്ടല്ല അവളുടെ നന്മയുള്ള മനസും സ്വഭാവവും കണ്ടിട്ട് തന്നെയാണ് എനിക്കവളോട് ഇഷ്ടം തോന്നിയത്. നഴ്‌സിംഗ് നാലാം വർഷം പഠിക്കുന്ന അവളോട് ഞാനെന്റെ ഇഷ്ടം പറഞ്ഞപ്പോൾ ഒരു നഴ്‌സ് ഒരിക്കലും ഒരു ഡോക്ക്ടർക്ക് മാച്ചാവില്ല എന്നൊക്കെ പറഞ്ഞവൾ ഒരുപാട് ഒഴിയാൻ നോക്കിയതാണ്…

പക്ഷെ എനിക്ക് അവളെയല്ലാതെ മറ്റാരെയും ഇനി സ്നേഹിക്കാൻ കഴിയില്ലായിരുന്നു. നിന്റെ ജോലിയെ അല്ല നിന്റെ മനസ്സിനെയാണ് ഞാൻ പ്രണയിക്കുന്നതെന്നു പറഞ്ഞു ഞാനവളെ ചേർത്തു നിർത്തി. അവൾക്ക് ഒരു പേടിയും തോന്നാതിരിക്കാൻ എന്റെ വീട്ടുകാരെയുമായിച്ചെന്നു അവളും ഞാനുമായുള്ള നിക്കാഹ് വളയിട്ടു ഉറപ്പിച്ചു…

അവളുടെ പഠനം കഴിഞ്ഞു വിവാഹം നടത്താമെന്ന് പറഞ്ഞു വെക്കുകയും ചെയ്തു. അപ്പോൾ തന്നെ നിക്കാഹ് നടത്താൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല പഠനം ഉഴപ്പുമെന്നു പറഞ്ഞു അവൾ തന്നെയാണ് എന്നെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത്…

പക്ഷെ….

ഓർമ്മകളെ പണിപ്പെട്ടു മാറ്റി നിർത്തി ഞാനവളെ പരിശോധിച്ചു. അവളുടെ വെളുത്ത മാറിടങ്ങളിൽ നഖക്ഷതങ്ങൾ തെളിഞ്ഞു കാണാമായിരുന്നു. അവളുടെ കാലുകളുടെ പുറകിലെ മുറിവുകൾ അവളെ നിലത്തൂടെ വലിച്ചിഴച്ചവയാണ്. അവളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങളിലും മുറിവുകൾ കാണാമായിരുന്നു…

പ്രാഥമിക പരിശോധനകൾ കഴിഞ്ഞു. ഇനി ഞാൻ ചെയ്യേണ്ടത് അവളുടെ ആന്തരിക അവയവങ്ങൾ പരിശോധിക്കലാണ്. ഞാൻ സർജിക്കൽ ബ്ലേഡ് കൈയിലെടുത്തു. ദൈവമേ… ഞാൻ എങ്ങനെയാണ് ഇവളുടെ ശരീരം കീറി മുറിക്കുക…

താടിയെല്ലിന്റെ താഴെ മുതൽ അവളുടെ ശരീരത്തിൽ ഞാനുമ്മവെക്കേണ്ട ഓരോ ഇടങ്ങളും ഞാൻ ആ ബ്ലേഡ് കൊണ്ടു മുറിച്ചു. അവളുടെ ശരീരത്തിലൂടെ രക്തം പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു. മോനേന്നുള്ള സതീഷേട്ടന്റെ വിളി അവഗണിച്ചു കൊണ്ടു അവളുടെ ആന്തരിക അവയവങ്ങൾ ഞാൻ പുറത്തെടുത്തു സൂക്ഷ്മതയോടെ പരിശോധിച്ചു…

നിലച്ചു പോയ അവളുടെ ഹൃദയം ഞാനെന്റെ കൈകളിലെടുത്തു താലോലിച്ചു. എനിക്കറിയാം എന്റെ ഹൃദയത്തിൽ മൊത്തം അവളായതുപോലെ ആ ഹൃദയത്തിൽ മൊത്തം ഞാനാണെന്നും. എന്നോടുള്ള പ്രണയമാണെന്നും. അതു മിടിച്ചിരുന്നത് എനിക്ക് വേണ്ടി ആയിരുന്നെന്നും. ഇനി ഞങ്ങളുടെ നിക്കാഹിന് ഒരു മാസം കൂടി ഉള്ളായിരുന്നു. പക്ഷെ എനിക്കതിനു യോഗമുണ്ടായില്ലല്ലോ ദൈവമേ…

ഓരോ ആന്തരിക അവയവങ്ങളും പരിശോധിക്കുമ്പോൾ അതിനേറ്റ ക്ഷതങ്ങൾ ഞാൻ സൂക്ഷ്മമായി കണ്ടെത്തി. അവളുടെ യോനിയും എന്റെ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങേണ്ടിയിരുന്ന അവളുടെ ഗര്‍ഭപാത്രവും പാടെ തകർന്നിരുന്നു…

ഏറ്റവും ശ്രമകരം ചുറ്റിക കൊണ്ടു അവളുടെ തലയോട് പൊട്ടിക്കാനായിരുന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്കതിനു സാധിച്ചില്ല. എങ്ങനെ ഞാനെന്‍റെ മര്‍സീനയുടെ തലയടിച്ച് പൊട്ടിക്കും..ഒടുവിൽ എന്നെ മാറ്റി നിർത്തി സതീഷേട്ടൻ അതു ചെയ്തു…

അവളുടെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകൾ ആറു സ്ലൈഡുകളിലാക്കി രാസ പരിശോധനയ്ക്ക് അയക്കാൻ മാറ്റിവെച്ചു.ഒടുവിൽ പുറത്തായതെല്ലാം വാരിയെടുത്തു അവളുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടുമ്പോൾ എനിക്ക് സങ്കടം മാറി പകയായിരുന്നു. എന്റെ പെണ്ണിനെ ഇങ്ങനെ പിച്ചി ചീന്തിയവരോടുള്ള പക…

വ്യക്തമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എഴുതുമ്പോൾ ഇതു തെളിവായി ആ നാരാധമന്മാരെ കണ്ടെത്തണമെന്നുള്ള വാശിയായിരുന്നു…

എല്ലാം കഴിഞ്ഞു ഒരിക്കൽ കൂടി ഞാനാ ടേബിളിലേക്ക് തിരിഞ്ഞു നോക്കി. പിന്തിരിഞ്ഞു നടക്കാനാവാതെ ഞാൻ വീണ്ടും അവളുടെ അടുക്കലേക്കു ഓടിച്ചെന്നു. ആ മുഖമെന്റെ കൈകളിലെടുത്തു തുരുതുരെ ഉമ്മ വെച്ചു…

അവളെ വാരിയെടുത്തു എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. അതുവരെ പിടിച്ചു വെച്ച കണ്ണീരും ഗദ്ഗദവും ഒരു അലർച്ചയായി എന്റെ തൊണ്ടക്കുഴിയിൽ നിന്നു പുറത്തേക്കു വന്നു. അപ്പോഴേക്കും എന്റെ ശക്തിയൊക്കെ ചോർന്നു പോയിരുന്നു. അതിന്റെ അവസാനം ഞാൻ അവിടെ കുഴഞ്ഞു വീഴുകയും ബോധരഹിതനാവുകയും ചെയ്യുമ്പോള്‍ സതീഷേട്ടന്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു…

ഓ എന്‍റെ ദൈവമേ…. ഇനിയുമൊരാള്‍ക്കും ഈ വിധി നീ കൊടുക്കരുതേ… പ്രണയത്തെ കീറിമുറിക്കുന്നത് അസഹ്യമായ വേദനയാണ്.. ഒന്നല്ല ഒരായിരം വേദനകളുടെ സങ്കരമാണതില്‍…

മര്‍സീനയുടെ ഓര്‍മ്മകളില്‍ മാത്രം അവളുടെ കല്ലറയില്‍ ഒരായിരം മിഴിനീര്‍ വിതറിയിട്ട് ഒരായിരം ചുംബനപ്പൂക്കളര്‍പ്പിച്ച് . അടുത്ത ജന്മം എന്‍റേതാവുമെന്ന വിശ്വാസത്തോടെ പ്രാര്‍ത്ഥനയോടെ….

#SV
സയൂഫ് വരുടാക്കല്

LEAVE A REPLY

Please enter your comment!
Please enter your name here