Home Article “ഇങ്ങനെ ഒരു നാണം കെട്ടവൻ “

“ഇങ്ങനെ ഒരു നാണം കെട്ടവൻ “

0

ദാമോദരനും ഭാര്യേം നടന്നു വരുന്നത് കണ്ടു ആൾക്കാർ കുശുകുശുക്കാൻ ആരംഭിച്ചു

“ഇങ്ങനെ ഒരു നാണം കെട്ടവൻ “ഒരുത്തന്റെ കൂടെ ഓടി പോയവളെ നട്ടെല്ല് ഉള്ള ആണുങ്ങൾ ആരേലും പിന്നേം ഇങ്ങനെ കൊണ്ട് നടക്കുമോ ??

ഹോ ഇങ്ങനെ ഒരു പൊട്ടൻ വേറെ ഉണ്ടോന്നു ചിലർ !!

പെണ്ണുംമ്പിള്ളക്ക് കുറച്ചു സൗന്ദര്യം ഉണ്ടായി പോയാൽ ചില ആണുങ്ങൾ എന്ത് വേണമെങ്കിലും പൊറുക്കും എന്നു വേറെ ചിലർ

ആരൊക്കെയോ ദൂഷ്യം പറയുന്നതിനെ വക വെക്കാതെ ദാമോദരൻ മുണ്ടിന്റെ കോന്തല കൈയ്യിൽ വെച്ചു കൊണ്ട് തല ഉയർത്തി പിടിച്ചു തന്നെ മുൻപിൽ നടന്നു

പിറകെ തല കുനിച്ചു പിടിച്ചു അയാളുടെ ഭാര്യ കല്യാണിയും ! അവർ സാരി കൊണ്ട് പുതച്ചിരുന്നു

ഒരാഴ്ചക്ക് മുൻപാണ് അതി സുന്ദരി ആയ അവർ ഒരു പയ്യന്റെ കൂടെ ഓടി പോണതും മൂന്നാമത്തെ ദിവസം തിരിച്ചു വന്നു ദാമോദരന്ററെ കാല് പിടിക്കുന്നതും

ദാമോദരൻ അവളെ അടിച്ചിറക്കുന്നത് കാണാൻ കാത്തിരുന്ന കുഞ്ഞ് പെണ്ണിയേം, റോസമ്മയേം, ഓറോതയേം ഞെട്ടിച്ചു കൊണ്ട് ദാമോദരൻ അവളോട്‌ അകത്തോട്ടു പോകാൻ ആവശ്യപ്പെട്ടു

കല്യാണി പോയപ്പോൾ ചുമ്മാതങ്ങു പോയതല്ല. അധ്വാനി ആയ ദാമോദരൻ ഒരു കൂര കെട്ടാൻ മിച്ചം പിടിച്ചതും എടുത്തോണ്ടാണ് പോയത്

അതും മൂന്ന് പെണ്പിള്ളേരെയും ഇട്ടേച്ചു

അവൾ പമ്മിയും പാത്തും ഒരു പ്ലാസ്റ്റിക് കവറും നെഞ്ചോടു ചേർത്തു പിടിച്ചു അവളുടെ പ്രായം പോലും പറയാത്ത ആണൊരുത്തന്റെ കൂടെ ഓടുന്നത് കുഞ്ഞ് പെണ്ണി കണ്ടതാണ്

അവൾ വിവരം എല്ലായിടത്തേക്കും എത്തിച്ചെങ്കിലും കല്യാണിയേം ചെറുക്കനേം കിട്ടിയില്ല

ദാമോദരന് കല്യാണിയോടുള്ള സ്നേഹത്തിലും, കല്യാണിയുടെ സൗന്ദര്യത്തിലും അസൂയ മൂത്ത പെണ്ണുങ്ങളും

കല്യാണിയെ മുട്ടി നോക്കി തട്ട് വാങ്ങിയ ആണുങ്ങളും പറഞ്ഞു പറഞ്ഞു കല്യാണിയെ ജനിച്ചപ്പോൾ മുതലേ ഒരു പെഴ ആക്കി ദാമോദരന്റെ മുൻപിൽ

ദാമോദരന്റെ അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചപ്പോൾ ആണ് കാശു പോയ വിവരം നാട്ടുകാർ അറിയുന്നത്

അവർക്കു പണ്ടേ ദാമോദരൻ കല്യാണിയെ കെട്ടുന്നത് താല്പര്യം ഇല്ലായിരുന്നു. അമ്മ ഇല്ലാതേ ഗോപാലൻ ചേട്ടൻ കല്യാണിയേം കൊണ്ട് അന്നാട്ടിലേക്കു വരുമ്പോൾ അവർക്കു ആറോ ഏഴോ കാണും

ദാമോദരനും, വർക്കിയും, പാച്ചുവും കല്യാണിയെ പ്രേമിച്ചു. ഒടുക്കം ദാമോദരൻ കല്യാണിയെ കിട്ടിയില്ലേൽ ചത്തു കളയും എന്നു പറഞ്ഞപ്പോൾ മറ്റു രണ്ട് പേരും പിന്മാറി

വില്ലു പോലെ വളഞ്ഞു കറുത്തിരുണ്ടവൻ ആണ് ദാമോദരൻ, പോരാത്തതിന് പൊങ്ങിയ പല്ലും . സ്കൂളിൽ പോയിട്ടില്ല

അന്നുമുതൽ അസൂയ മൂത്തവർ ദാമോദരനേം കല്യാണിയേം തെറ്റിക്കാൻ നടക്കുന്നതാണ്. അതിനിടയിൽ ആണ് കല്യാണിടെ ഒളിച്ചോട്ടവും, തിരിച്ചു വരലും

ദാമോദരനും കല്യാണിയും, കല്യാണി പോയത് ആങ്ങളയുടെ കൂടെ അമ്മയെ കാണാൻ ആണെന്ന് പറഞ്ഞിട്ടും, ചാകുന്ന വരെ കല്യാണിടെ അപ്പൻ കല്യാണിടെ തള്ള ചത്തു പോയതാന്നുള്ള വാക്ക് വിശ്വസിച്ചു അവളെ പെഴ ആക്കാൻ ആയിരുന്നു താല്പര്യം

അവർ കല്യാണിക്കു അങ്ങനെ ഒരു ആങ്ങള ഇല്ലെന്നും ഉണ്ടായിരുന്നെങ്കിൽ തിരിച്ചു വന്നപ്പോൾ കൂടെ വന്നേനെയും എന്നു വാദിച്ചു

ചോദിക്കാതെ ദാമോദരന്റെ കാശു കൊണ്ട് പോയതിനാൽ ഉണ്ടായ പേടി ആണ് അവൻ കൂടെ വരാത്തതിന്റെ കാരണം എന്നു എത്ര പറഞ്ഞാലും മനസിലാകാത്തവരോട് പറഞ്ഞു മനസിലാക്കാൻ ദാമോദരനും നിന്നില്ല

പെങ്കോന്തനായ പൊട്ടൻ ദാമോദരനെ കല്യാണി പറ്റിക്കുവാന്നും. പെഴ ആണെന്ന ഉറച്ച വിശ്വാസത്തോടെ രഹസ്യമായി കല്യാണിയെ മുട്ടി നോക്കാൻ തീരുമാനിച്ച ആളുകളും ഉണ്ടായിരുന്നു

ചിലർ സാങ്കേതിക വശങ്ങളും തെളിവുകളും നിരത്താൻ ശ്രമിച്ചു, അക്കൂട്ടത്തിൽ ഒരുത്തനിട്ടു എനിക്കില്ലാത്ത ദെണ്ണം നിനക്കെന്തിനാടാ എന്നു ചോദിച്ചു ഒന്ന് പൊട്ടിച്ചതോടെ ദാമോദരൻ അവർക്കു ശത്രു ആയി

ഞാൻ അച്ഛന്റെ കൂടെ ചായക്കടയിലേക്ക് വന്നു കേറുമ്പോൾ ആണ് സംഭവം. ദാമോദരൻ എന്ത് പണിയും ചെയ്യും, ഇടക്ക് വീട്ടിലും വരാറുണ്ട്

അച്ഛനെ കണ്ട ഉടൻ അങ്ങുന്നേ ഒരു അൻപതു രൂപ ഒണ്ടേൽ തരാമോ എന്നു ദാമോദരൻ തല ചൊറിഞ്ഞു

അമ്പത്തില്ലെടാ നാല്പതെ ഉള്ളു എന്നു പറഞ്ഞു അച്ഛൻ രണ്ട് പഴയ ഇരുപതു രൂപ കൊടുത്തിട്ട് ചായക്കടയിലേക്ക് കയറി

പിന്നെ ദാമോദരനെ കണ്ടിട്ടില്ല, നാട്ടുകാരെക്കൊണ്ട് സഹിക്കാൻ വയ്യാതെ ആയപ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി കുടുംബത്തെയും കൂട്ടി മലബാറിന് പോയെന്നു കേട്ടിരുന്നു

കഴിഞ്ഞ ദിവസം പെങ്ങളെ അളിയന്റെ അടുത്തേക്ക് വിടാൻ വിമാനത്താവളത്തിൽ പോയപ്പോൾ ദാമോദരൻ വന്നു കുഞ്ഞേ എന്നു വിളിച്ചു

കൂടെ ഒരു പയ്യനും, പെങ്ങളോളം ഉള്ള പെൺകുട്ടിയും ഉണ്ട്.മുഖത്ത് കല്യാണി ഉണ്ട്. പെൺകുട്ടി നേഴ്സ് ആണ് വിദേശത്താണ് ജോലി

അച്ഛൻ എങ്ങനെ ഇരിക്കുന്നു കുഞ്ഞേ എന്നു ചോദിച്ചിട്ട് പറഞ്ഞു ” അന്ന് ആ പൊട്ടി തള്ളയെ കാണാൻ ഇവന്റെ കൂടെ ഓടി പോയിട്ട് വന്നപ്പോൾ ഒരക്ഷരം പോലും ചോദിക്കാതെ എനിക്ക് വണ്ടിക്കൂലി തന്നത് കുഞ്ഞിന്റെ അച്ഛൻ മാത്രമേ ഉള്ളു

ബാക്കി എല്ലാരും പറഞ്ഞു അവളെ കളഞ്ഞേച്ചു വേറെ ഒരുത്തിയെ കൊണ്ട് വരാൻ, സംശയം മൂത്തു അവൾടപ്പൻ തല്ലി ഓടിക്കുമ്പോ ഈ ചെറുക്കനേം കൊണ്ടാ പോയെ

ചാകാൻ കിടന്ന തള്ളേ കാണാൻ പോയതിനു നാട്ടുകാരുടെ വാക്ക് കെട്ടു അവളെ അങ്ങ് കളഞ്ഞാൽ ഞാനും അവളുടെ അപ്പനും ഒരേ പോലായില്ലേ

അല്ലെങ്കിലും ആ നാട്ടിൽ ഉള്ളോർകു പരദൂഷണം പറഞ്ഞു എങ്ങനേലും അവളേം എന്നേം തെറ്റിക്കൽ ആരുന്നല്ലോ ജോലി !

പിന്നെയിപ്പോ തള്ളേ കാണാനാ പോയെന്നു പറഞ്ഞപ്പോൾ ‘എന്റെ ദാമോദര അവള് നിന്നെ പിന്നേം പറ്റിക്കുവാന്നു “പറഞ്ഞോണ്ട് നടക്കുമോ ?

അന്നാട്ടിൽ നിന്നാരുന്നേൽ ഈ പെണ്പിള്ളേരെയും എനിക്കാർക്കെലും കൊടുക്കാൻ പറ്റുമോ ?തള്ള ഒന്ന് ഓടി പോയതാണെന്ന് നാട് മൊത്തം പറഞ്ഞു

അതുങ്ങളെയും ഇപ്പോൾ ഓട്ടക്കാരികൾ ആക്കിയേനെ

എനിക്ക് ചിരി വന്നു. അന്ന് ദാമോദരന്റേം കല്യാണിയുടേം ചോര കുടിക്കാൻ നടന്നവർ ഇന്നും അതേ സ്ഥിതിയിൽ, ചിലർ അതിലും മോശം

ദാമോദരൻ അന്നവരെ തിരിച്ചു കയറ്റി ഇല്ലായിരുന്നെങ്കിൽ ?? സുന്ദരികളായ അയാളുടെ പെണ്മക്കൾ ഇപ്പോൾ ഏത് അവസ്ഥയിൽ ആയിരുന്നിരിക്കും

വലിയ വിദ്യാഭ്യാസം ഉണ്ടെന്നു നടിക്കുന്ന പലർക്കും ഇല്ലാത്തതു ദാമോദരനു ഉണ്ടായിരുന്നു , ക്ഷമിക്കാൻ ഉള്ള മനസും, അവരോടു സ്നേഹവും

വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും അയാളുടെ ആ മനസിന്റെ വലിപ്പത്തിന്റെ വിലയാണ് എന്നയാളുടെ കൂടെ നിൽക്കുന്ന മകളും, ഇട്ടിരിക്കുന്ന അലക്കി തേച്ച ഉടുപ്പും

ഞാൻ എന്തെങ്കിലും ഒന്ന് കൊടുക്കാൻ പോക്കെറ്റിൽ തപ്പുമ്പോഴേക്കും അയാൾ കെട്ടി വെച്ചിരുന്ന ബാഗ് അഴിച്ചു ഒരു ചെറിയ കുപ്പിയിൽ അവൾക്കു കൊണ്ട് പോകാൻ വെച്ചിരുന്ന അച്ചാർ എന്റെ കൈയിൽ പിടിപ്പിച്ചു

“ഇത് മാഷിന് കൊടുക്കണം കുഞ്ഞേ എന്നു പറഞ്ഞു അവളെയും ചേർത്തു പിടിച്ചു നടന്നു കഴിഞ്ഞിരുന്നു

പെങ്ങൾ പറയുന്നുണ്ടായിരുന്നു “ദാമോദരൻ മാസ്സ് ആണ് മരണ മാസ്സ് !!!

എനിക്കും തോന്നി അയാളെ പൊട്ടൻ എന്നു വിളിച്ച വകതിരിവ് ഇല്ലാത്തവരുടെ ഇടയിൽ നിന്നും വകതിരിവോടെ അവരെ വിളിച്ചു കൊണ്ട് പോയ ദാമോദരൻ ഹീറോ ആണെന്ന്

LEAVE A REPLY

Please enter your comment!
Please enter your name here