Home Aneesh pt ഹോ ഒരു പഞ്ചായത്തു മൊത്തം വിളിച്ചു അഭിപ്രായം ചോദിച്ചാലേ പെണ്ണുങ്ങൾക്ക്‌ തൃപ്തിയാകു….

ഹോ ഒരു പഞ്ചായത്തു മൊത്തം വിളിച്ചു അഭിപ്രായം ചോദിച്ചാലേ പെണ്ണുങ്ങൾക്ക്‌ തൃപ്തിയാകു….

0

രചന : Aneesh pt

അനൂപിന്റെ പെങ്ങളുടെ പിറന്നാളിനു ഒരു സർപ്രൈസ് കൊടുക്കാനായിട്ടായിരുന്നു ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയിൽ നീലിമയിൽ കയറിയത്. നല്ലൊരു ചുരിദാർ തെരെഞ്ഞെടുക്കയായിരുന്നു അവന്റെ ലക്ഷ്യം. അതിനു വേണ്ടിയാണു എന്നെയും കൂടെ കൂട്ടിയത്. എനിക്കാണെങ്കിൽ സെലെക്ഷൻ അത്ര വശമുള്ള കാര്യവുമല്ല. എങ്കിലും ഞങ്ങൾ സെയിൽസ് ഗേൾ എടുത്തിടുന്ന ഓരോ ചുരിദാറും ചുമ്മാ തിരിച്ചും മറിച്ചും നോക്കികൊണ്ടിരുന്നു.
എത്ര തന്ന ചികഞ്ഞു നോക്കിയിട്ടും നല്ലതൊന്നു കണ്ടെത്താൻ ഞങ്ങൾ പ്രയാസപ്പെട്ടു. ഞങ്ങളുടെ നിപ്പ് കണ്ടു ഇന്നെങ്ങാനും ഒന്നെടുക്കോ ‘എന്ന മട്ടിൽ സെയിൽസ് ഗേൾ ഞങ്ങളെ ഇരുവരെയും മാറിമാറി നോക്കി.
സെയിൽസ് ഗേളിന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ വണ്ണം ഞാൻ പറഞ്ഞു.

ചേച്ചി നല്ലതു നോക്കി ഒരെണ്ണം അങ്ങ് സെലക്ട്‌ ചെയ്യാമോ ‘

എന്റെ പിള്ളേരെ ദേ നല്ല തിരക്കുള്ള സമയം ആണ്. നിങ്ങൾക്ക് വേണ്ടത് നിങ്ങള് തന്നെ ഇവിടെ നിന്നു നോക്കിക്കോ എന്നുപറഞ്ഞു ചേച്ചി മുന്നിലേക്ക്‌ നീങ്ങി വേറെ കസ്റ്റമേഴ്സിനെ ഹാൻഡിൽ ചെയ്യാൻ പോയി.

ചേച്ചിയും കൂടെ കയ്യൊഴിഞ്ഞപ്പോൾ ഞങ്ങൾ ആകെ അവതാളത്തിൽ ആയി എന്നുപറയാം. കടയിൽ ആണെങ്കിൽ തിരക്കു കൂടിവരുകയും ചെയ്യുന്നു. ഒരു സെയിൽസ് ഗേൾ രണ്ടും മൂന്നും കസ്റ്റമേഴ്സിനെ ആണ് കൈകാര്യം ചെയ്യുന്നത്.
നമുക്കിറങ്ങിയാലോ ഞാൻ അനൂപിനോട് പറഞ്ഞു.
ഡാ നാളെയാണെടാ അഞ്ജുവിന്റെ പിറന്നാൾ
അവൻ ദയനീയ ഭാവത്തോടെ എന്നെ നോക്കി. ഒരേട്ടന് തന്റെ അനിയത്തിയാടുള്ള എല്ലാ സ്നേഹവും അപ്പൊ അവന്റെ കണ്ണുകളിൽ ഞാൻ കണ്ടു..
അപ്പൊ അഞ്ജുവിന് നമുക്കൊരു ചുരിദാറു വേണം അല്ലെ വഴിയുണ്ട്.
അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത് കുറച്ചു നീങ്ങി രണ്ടു പെൺകുട്ടികൾ ചുരിദാർ സെലക്ട്‌ ചെയ്യുന്നു.
ഒറ്റ നോട്ടത്തിൽ രണ്ടും കോളേജിൽ പഠിക്കുന്നത് ആണെന്ന് ഞങ്ങൾക്ക് മനസിലായി. രണ്ടു പേരും ഇട്ടിരിക്കുന്ന ചുരിദാർ വളരെയധികം ഭംഗിയുള്ളതുമായിരുന്നു. ഞാൻ പതിയെ ചുരിദാർ നോക്കുന്ന പോലെ അവരുടെ അടുത്തേക്ക് നീങ്ങി.
ചേച്ചി ദേ ആ ഇളം നീല കളർ ഒന്നെടുക്കു.
രണ്ടുപേരും കൊണ്ടുപിടിച്ച സെലെക്ഷനിൽ തന്നെയാണ്. പത്തിരുപതു മിനുട്ടത്തെ തിരച്ചിലിൽ അവർ ഒരു മൂന്നെണ്ണം സെലക്ട്‌ ചെയ്തു മാറ്റി വെച്ചിരിക്കിന്നു.

ഡാ പെൺപിള്ളേരു നല്ല പൊളപ്പൻ സെലക്ഷൻ ആണല്ലോ അനൂപ് എന്റെ ചെവിയിൽ പതിയെ പറഞ്ഞു. ഒരു ഇളം നീല, റെഡ്, വയലറ്റ് ഇങ്ങനെ മൂന്നെണ്ണം ആണ് അവർ മാറ്റിവച്ചിരിക്കുന്നത്. മൂന്നും നല്ല ഭംഗിയുള്ളതു തന്നെയാണ്.
ഡാ അവര് മാറ്റി വച്ചിരിക്കുന്ന മൂന്നെണ്ണത്തിൽ നിന്നും നൈസായിട്ടു നമുക്കൊന്ന് മുക്കിയാലോ അവൻ ഇളിച്ചുകൊണ്ടു എന്നോട് പറഞ്ഞു.
പിന്നെ അതൊക്കെ മോശമല്ലേ ബ്രോ. ഞാൻ തിരിച്ചു പറഞ്ഞു.
വീണ്ടും അവന്റെ ദയനീയ നോട്ടം.
ഡാ നീ വിഷമിക്കാതെ ആ മൂന്നെണ്ണവും അവര് വാങ്ങിക്കുവാൻ പോകുന്നില്ല, ഒന്നോ രണ്ടോ ചിലപ്പോൾ എടുത്തേക്കും. ഞാൻ അവനെ സമാധാനിപ്പിച്ചു.

ഞങ്ങളുടെ ചുറ്റിപറ്റല് കണ്ടു സെയിൽസ് ഗേൾ വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു
ന്താ സെലക്ട്‌ ചെയ്തോ. ചിരിച്ചു കൊണ്ട് അവർ ചോദിച്ചു.

ഇല്ല ‘ ആള് ഇപ്പൊ വരും വിളിച്ചിട്ടുണ്ട് അവളുകൂടി വന്നിട്ട് നോക്കാം എന്ന് കരുതി.
ഫോൺ ഉയർത്തി കാട്ടി അവനൊരു തട്ടു തട്ടി.

മ്മ്. എന്ന് പറഞ്ഞു അവരങ്ങു പോയി.

പെണ്ണുങ്ങൾ മൂന്നെണ്ണം മാറ്റി മാറ്റി നോക്കി ഏതെടുക്കും എന്ന കൺഫ്യൂഷനിൽ ആണ്. ഇടയ്ക്കു വീട്ടിലേക്കു വിളിച്ചു അമ്മയോടോ അനിയത്തിയോടോ ഇന്ന കളർ എന്നൊക്കെ പറയുന്നത് കേൾക്കാം.

ഹോ ഒരു പഞ്ചായത്തു മൊത്തം വിളിച്ചു അഭിപ്രായം ചോദിച്ചാലേ പെണ്ണുങ്ങൾക്ക്‌
തൃപ്തിയാകു.

കടയിൽ കയറിയിട്ട് മണിക്കൂർ രണ്ടായി എനിക്കാണെങ്കിൽ ഷീണവും വിശപ്പും
കൊണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥയുമായി.
ഞങ്ങൾ ഒരു അരമണികൂറോടെ കാത്തു അവര് ആ മൂന്നെണ്ണം നോക്കി ഇരിപ്പു തന്നെ. സഹി കെട്ടപ്പോൾ അവൻ സെയിൽസ് ഗേളിനോട്‌ ചോദിച്ചു.

ചേച്ചി ആ നിൽക്കുന്ന കുട്ടികൾ സെലക്ട്‌ ചെയ്തു വച്ചിരിക്കുന്ന മൂന്നെണ്ണവും അവര് മേടിക്കുന്നുണ്ടോ.

മ്മ്, അപ്പൊ അതാണ് രണ്ടും ചുറ്റി പറ്റി ഇവിടെ നിന്നത് അല്ലെ. ചേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു.

ചേച്ചി ഒള്ളത് പറയാലോ അവരുടെ സെലെക്ഷൻ നന്നായിട്ടുണ്ട് മൂന്നും വാങ്ങിയില്ലേ അതിലൊന്ന് ഞങ്ങൾ എടുത്തോളാം.

അവര് ആ മൂന്നെണ്ണവും ചിലപ്പോൾ എടുക്കുമായിരിക്കും.
ഇത്രയും പറഞ്ഞിട്ട് ചേച്ചി അവരുടെ അടുത്തേക് നീങ്ങി.
ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയിട്ടാണോ എന്നറിയില്ല ചേച്ചി അവരോടു എന്തോ പറഞ്ഞു ഞങ്ങളുടെ നേരെ കൈ ചൂണ്ടുന്നത് കണ്ടു.
രണ്ടാളും കൂടി ഞങ്ങളെ തിരിഞ്ഞു നോക്കി.
അവരുടെ നോട്ടത്തിനു മറുപടിയായി ഞങ്ങൾ വലിയൊരു നെടുവീർപ്പിട്ടു.
ഞങ്ങളുടെ മാറിയുള്ള നിൽപ്പും നിസ്സഹായാവസ്ഥയും മനസിലാക്കിയിട്ടാണോ എന്നറിയില്ല എടുത്തു വച്ച ആ മൂന്നെണ്ണവും ഒരു മടിയും കൂടാതെ മൂന്നു അവര് തന്നെ ചേച്ചിയെ ഏൽപ്പിച്ചു.

ചേച്ചി മൂന്നു ചുരിദാറും കൊണ്ടു ഞങ്ങളുടെ അടുത്തേക്ക് വന്നു. അനൂപിന് സന്തോഷമായി അവൻ മൂന്നെണ്ണത്തിൽ നിന്നും ഇളം നീല കളർ സെലക്ട്‌ ചെയ്തു.
ഞാൻ ചുരിദാർ തന്ന കുട്ടിയെ ഒന്നു പാളി നോക്കി.കൊള്ളാം നല്ല ഐശ്വര്യമുള്ള കുട്ടി.
അവൻ ചുരിദാർ നോക്കുന്നതിനിടയിൽ ഞാൻ വീണ്ടും ഒളിഞ്ഞും മറഞ്ഞും അവളെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവരാണെങ്കിൽ ഞങ്ങളുടെ ഭാഗത്തേക്കോ എടുത്തു വച്ച ചുരിദാറിലേക്കോ നോക്കാതെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്നു. മനസ് കൊണ്ടു ഇഷ്ട്ടപെട്ട ഒരു ഡ്രസ്സ്‌ മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കേണ്ടി വന്നതിന്റെ യാതൊരു വിഷമവും ആ നിഷ്കളങ്കമായ കണ്ണുകളിൽ ഞാനപ്പോൾ കണ്ടിരുന്നില്ല. അനൂപ് ആണെങ്കിൽ പൊട്ടന് ലോട്ടറി അടിച്ച സന്തോഷത്തിൽ പോക്കറ്റിൽ നിന്നും പൈസ എടുത്തു എണ്ണുന്നു.
ബില്ല് കൗണ്ടറിൽ കൊടുത്തു ഇറങ്ങാൻ നേരം ഞാൻ ഒന്നുടെ ഒന്നു അവരെ തിരിഞ്ഞു നോക്കി. ബാക്കിയുണ്ടായിരുന്ന ആ രണ്ടു ചുരിദാറും ചേച്ചി അവർക്കു കൊടുക്കുന്നു. അനൂപ് പുറത്തെത്തി ബൈക്കിൽ കയറി എന്നെ വിളിക്കുന്നു.
കടയിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. ഇഷ്ട്ടപെട്ടു തിരഞ്ഞെടുത്ത ചുരിദാർ യാതൊരു പരിചയവും ഇല്ലാതെ ഞങ്ങൾക്ക് നീക്കി വച്ച ആ മനസ് എനിക്കിഷ്ടപ്പെട്ടു.

ഡാ ഒരു മിനുട്ട് ഞാൻ ഇപ്പൊ വരാം.

ഡാ..എന്താ കാര്യം..

ഞാൻ തിരികെ കടയുടെ ഉള്ളിലേക്ക് കയറി
അവരുടെ അടുത്തേക്ക് നടന്നു.

‘”ഹെലോ ഈ വയലറ്റ് കളർ തനിക്കു നന്നായി ചേരും ‘” നല്ല ഡ്രസ്സ്‌ സെലെക്ഷൻ.

രണ്ടും എന്നെ നോക്കി ഞെറ്റി ചുളിച്ചു.

ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
ഇറങ്ങാൻ നേരം ഞാൻ ഒന്നുകൂടി അവളെ തിരിഞ്ഞു നോക്കി.

അനൂപിന്റെ കൂടെ ബൈക്കിൽ പോകുമ്പോഴും അവൻ പറയുന്നതൊന്നും ഞാൻ കേട്ടിരുന്നില്ല. എന്റെയുള്ളിൽ ആ മുഖം മാത്രമായിരുന്നു..

പിറ്റേന്നു കാർത്തികയായിരുന്നു അമ്മ രാവിലെ തന്നെ കുത്തിയെഴുനേൽപ്പിച്ചു അമ്പലത്തിലേക്കു പറഞ്ഞയച്ചു.
അമ്പലനടയിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോഴും ആ മുഖം തന്നെയാണ് കടന്നു വരുന്നത്.
ന്റെ ദേവി ആ കുട്ടിയെ വീണ്ടും എന്റെ മുൻപിൽ തന്നെ എത്തിക്കണേ എന്നും പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആണ് അത് കേട്ടത്.

ഒരു ശത്രു സംഹാര പുഷ്പാഞ്ജലി ‘

പെട്ടെന്ന് എന്റെ തലച്ചോറിൽ ഒരു മിന്നൽ ഉണ്ടായി ഇത് അതെ ശബ്ദം അല്ലെ. കണ്ണു തുറന്നു നോക്കി. മുന്നിൽ തിരക്കിനിടയിൽ തിരുമേനിയുടെ നേർക്കൊരു കൈ മാത്രം കാണാം. ഞാൻ വേഗം മൈൻഡിനെ റീപ്രോഗ്രാം ചെയ്തു.

ചേച്ചി ആ ഇളം നീല കളർ ഇങ്ങെടുക്ക്.’
ഒരു ശത്രു സംഹാര പുഷ്പാഞ്ജലി. ‘

തൊഴുതു വലം വെക്കുമ്പോൾ ഞാൻ അവളുടെ പുറകിൽ തന്നെ അവളെ വലം വെക്കുകയായിരുന്നു.

 

ഇപ്പൊ മനസ്സിൽ ഒരു പ്രാർത്ഥന മാത്രം
എന്റെ ദേവി അവളുടെ ശത്രുസംഹാര പൂജയിൽ ഈയുള്ളവനെ ഉൾപ്പെടുത്തരുതേ.

ശ്രീയേട്ടാ,, ശ്രീയേട്ടാ.. ദേ ഇതെന്തൊരു നിൽപ്പാ.. ഇതേതു ലോകത്താണ്.

അവനിപ്പോഴും ആ പഴയ ചുരിദാറിന്റെ ഓർമ്മകൾ മാറിയിട്ടുണ്ടാകില്ല കൊച്ചേ. ചേച്ചി വീണ്ടും പറഞ്ഞു ചിരിച്ചു.

ദേ കുഞ്ഞിനെ പിടിക്ക് ഞാൻ ഒരെണ്ണം ഒന്നു സെലക്ട്‌ ചെയ്യട്ടെ.

കുഞ്ഞിനെ വാങ്ങുന്നതിനു ഇടയിൽ അവളുടെ ചെവിയിൽ ഞാൻ ഇങ്ങനെ പറഞ്ഞു.

സെലെക്റ്റു ചെയ്യുന്നത് ഒക്കെ കൊള്ളാം പക്ഷെ ഇനി നീ സെലക്ട്‌ ചെയ്യുന്നത് നമ്മുടെ മോൾക്കും എനിക്കും വേണ്ടി മാത്രമാവണം.. അത് മറ്റാർക്കും വിട്ടുകൊടുക്കാൻ ഞാൻ സമ്മതിക്കില്ല..

(ശുഭം )

LEAVE A REPLY

Please enter your comment!
Please enter your name here