Home Sudhee Muttam ദേ ഇന്നോടെ നിർത്തിക്കോണം എന്റെ കൂട്ടുകാരീടെ പിന്നാലെയുള്ള നിന്റെ ചുറ്റിക്കറങ്ങൽ….

ദേ ഇന്നോടെ നിർത്തിക്കോണം എന്റെ കൂട്ടുകാരീടെ പിന്നാലെയുള്ള നിന്റെ ചുറ്റിക്കറങ്ങൽ….

0

രചന : സുധീ മുട്ടം

ഉടപ്പിറന്നോൾ

“ദേ ഇന്നോടെ നിർത്തിക്കോണം എന്റെ കൂട്ടുകാരീടെ പിന്നാലെയുള്ള നിന്റെ ചുറ്റിക്കറങ്ങൽ….

വീട്ടിലെത്തിയ പാടേയെന്റെ ചേച്ചിക്കുട്ടി പൊട്ടിത്തെറിച്ചതും ഞാൻ ഐസായിപ്പോയി….

” എന്താടി ഇവിടെ ബഹളം…അവനെന്ത് ചെയ്തൂന്നാ നീ പറയണെ….

ചേച്ചിക്കുട്ടീന്റെ സംസാരം കേട്ട് ഞങ്ങൾക്ക് അടുത്തേക്ക് വന്ന അമ്മ കാര്യം തിരക്കീത്.

“അമ്മയിവനെ പഠിക്കാൻ വിടുന്നതാണൊ അതൊ പെണ്ണുങ്ങളുടെ പിന്നാലെ ചുറ്റി തിരിയാനൊ?….

” കാര്യമെന്താണെന്ന് വെച്ചാൽ പറയെടി പെണ്ണെ നീ….

“അമ്മേ വന്ന് വന്ന് ഇവന്റെ വായിനോട്ടം മുഴുവനും എന്റെ കൂട്ടുകാരി ഉമയോടാണ്….

ചേച്ചിക്കുട്ടീന്റെ വായിൽ നിന്നും വിവരങ്ങളെല്ലാം അറിഞ്ഞതും അമ്മ കയ്യിലിരുന്ന ചൂലു കൊണ്ടെന്റെ പുറത്തൊരണ്ണം വെച്ചു തന്നു.

” അച്ഛനില്ലാതെ വളർന്ന ചെക്കനാണെന്നും ഞാനോർക്കില്ല…വളർന്നെന്നും കരുതൂല്ല.മര്യാദക്കല്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കും….

അമ്മയുടെ ഭീക്ഷണിപ്പെടുത്തലിൽ മുഖം കുനിച്ചു ഞാൻ ഇരുന്നു…

“ഒരാളെ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതുമൊക്കെ തെറ്റാണൊ?…

സ്വന്തം മനസാക്ഷിയോട് ഞാൻ ചോദിച്ചു നോക്കിയെങ്കിലും അല്ലെന്നായിരുന്നു മറുപടി.

സങ്കടത്താലെന്റെ മുഖം ചുവന്നതും ചേച്ചിക്കുട്ടി വന്നെന്റെ താടിക്കു പിടിച്ചു മുഖമുയർത്തി.ആ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ടെന്റെ മനസ് ഇടറിപ്പോയി.

” ടാ അനിയൻ കുട്ടാ ന്റെ മോൻ സങ്കടപ്പെടേണ്ട.നിന്റെ ഇപ്പോഴത്തെ ലക്ഷ്യം പഠനമാണ്. പഠിച്ചു നല്ലൊരു ജോലി നീ നേട്.ചേച്ചിക്കുട്ടി തന്നെ നിന്റെ കല്യാണം നടത്തി തരാം…

“ചേച്ചിക്കുട്ടി….. അത്…

” മോനറിയാലൊ അച്ഛൻ മരിച്ചിട്ടും അമ്മയെന്താ മറ്റൊരു വിവാഹം കഴിക്കാതിരുന്നതെന്ന്.അച്ഛന്റെ സാന്നിധ്യമല്ലാതെ മറ്റൊരാളെ അച്ഛാന്ന് വിളിക്കുന്നത് കാണാൻ അമ്മ ഇഷ്ടപ്പെടുന്നില്ല…..

ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.ഉള്ളിൽ നല്ല സങ്കടമുണ്ട്.. പാവം.

“കോളേജിലും നാട്ടിലുമായി ഒരുപാട് യുവാക്കൾ പ്രണയാഭ്യർത്ഥനയുമായി എന്റെ പിന്നാലെ നടന്നിട്ടും ഞാനെന്താ അതിൽ വീഴാത്തതെന്ന് നിനക്ക് അറിയൊ..എന്നെ കണ്ടുവേണം എന്റെ അനിയനും വളരാൻ എന്നുളളതു കൊണ്ട്. എനിക്ക് നീയും അമ്മയും മാത്രമല്ലേയുള്ളെടാ….

ചേച്ചിക്കുട്ടീന്റെ വാക്കുകൾ കേട്ടതും എന്റെ നെഞ്ചിലെന്താ വല്ലാത്ത ഭാരം തോന്നി.കൂടപ്പിറപ്പിന്റെ സങ്കടം കാണാൻ വയ്യാതെ ഞാനാ മിഴികൾ തുടച്ചു….

” എന്റെ ഉടപ്പിറന്നോളാണെന്റെ ചേച്ചിക്കുട്ടി.. ഒരിക്കലും ഈ അനിയൻ മോശമാണെന്ന് പറയിക്കില്ല സത്യം….

കൂടപ്പിറപ്പ് നീട്ടിയ കൈകളിൽ ഞാൻ സത്യം ചെയ്യുമ്പോളെന്റെ വാക്കിനു കൂടുതൽ ഉറപ്പുണ്ടായിരുന്നു….

“അമ്മയും ചേച്ചിക്കുട്ടിയും കരയുന്നത് കാണാൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.അവരോളം ഇഷ്ടം എനിക്ക് മറ്റാരോടുമില്ല….

അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ കരയുകയാണ്..

” അമ്മ കരഞ്ഞതുമതി.എന്റെ അനിയൻ കുട്ടൻ നമുക്ക് ചീത്തപ്പേരുണ്ടാക്കില്ല.എന്റെ വാക്കാണ്….

അമ്മയെ മുഖാമുഖം നിർത്തി ചേച്ചിക്കുട്ടിയത് പറയുമ്പോൾ എന്നിലുളള വിശ്വാസം ആ മുഖത്ത് ഉണ്ടായിരുന്നു…..

**********

വർഷങ്ങൾ കുറെ കഴിഞ്ഞു….

“ടാ അനിയൻ കുട്ടാ സത്യം പറയ് നിനക്ക് ഇപ്പോഴും ഉമയോടുളള ഇഷ്ടമുണ്ടോ?…

അപ്പോഴേക്കും ഞാൻ പഠിച്ച് നല്ലൊരു ജോലി നേടിയിരുന്നു. ചേച്ചിക്കുട്ടിയെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചു അയക്കുകയും ചെയ്തിരുന്നു….

” പറയെടാ അനിയൻ കുട്ടാ….

“ചേച്ചിക്കുട്ടി അത്…അഞ്ച് വയസ്സിനു മൂത്തതല്ലെ?

ഞാൻ സംശയിച്ച് മറുചോദ്യം താങ്ങി….

” നീയാളു കൊള്ളാലാ..അന്ന് ഉമയോട് ഇഷ്ടമാണ്.. കാത്തിരിക്കണം എന്നൊക്കെ പറഞ്ഞിട്ട് കാലു വാരുന്നോടാ ….

ഉണ്ടക്കണ്ണുകൾ കൂടുതൽ മിഴുവിപ്പിച്ച് ചേച്ചി എന്നെ എതിരിട്ടു….

ഉമയോട് അന്ന് തോന്നിയത് എനിക്ക് വെറും പ്രണയമായിരുന്നില്ല.ആദ്യം വെറുമൊരു കൗതുകമായിരുന്നു ആദ്യം. പിന്നീടെപ്പഴോ അവരെന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു….

ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ കൂടിയപ്പോഴും നോട്ടം കൊണ്ട് പോലും പ്രണയം അറിയിച്ചില്ല ഉമ…

പ്രണയമെന്ന വികാരം മനസിൽ ഉറവയെടുത്തതോടെ ചേച്ചിക്കുട്ടിയുടെ കൂട്ടുകാരിയാണെന്നൊന്നും ഓർത്തില്ല.ധൈര്യപൂർവ്വം ഇഷ്ടം പറയുക ആയിരുന്നു…

“അവർക്കതിനു എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിയില്ലല്ലൊ ചേച്ചി?…

” ആഹാ..ബെസ്റ്റ് കാമുകൻ..സ്നേഹിക്കുന്ന പെണ്ണിന്റെ മനസ്സറിയാത്ത നീയെന്ത് ലോലനാടാ…

ചേച്ചിക്കുട്ടി കളിയാക്കി ചിരിച്ചിട്ടും ഞാൻ ഒന്നും മിണ്ടിയില്ല….

“ഇഷ്ടമുണ്ടായിട്ടാടാ അവൾ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്…

ചേച്ചിക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു…

” സത്യമാണൊ ഈ പറയുന്നത്..

വിശ്വാസം വരാത്ത പോലെ ഞാൻ കണ്ണുമിഴിച്ചു…

“നിന്നെ അവൾക്ക് ഇഷ്ടമാണെടാ…കാത്തിരിക്കാമെന്ന് അവൾ പറഞ്ഞൊരുന്നു.അതുകൊണ്ട് അല്ലെ നിന്നെ ഞാൻ വഴക്ക് അന്നു വഴക്കു പറഞ്ഞതെല്ലാം. സത്യത്തിൽ എല്ലാം ഉമയുടെ നിർബന്ധമായിരുന്നു.പ്രണയിച്ചു നടന്നാൽ നീ ഉഴപ്പി പഠിക്കാതിരുന്നാലൊ എന്ന് ഞാനും അവളും കരുതി…

സന്തോഷത്താലെന്റെ മനസ് തുടിച്ചു…

” അപ്പോൾ ഉടപ്പിറന്നോളെ പ്രായം പ്രശ്നമല്ലല്ലൊ ല്ലെ…

“എന്ത് പ്രായം..അതൊന്നും സാരമില്ലെടാ.. നല്ല തങ്കം പോലത്തെ മനസ്സാ ഉമയുടെ..നമുക്ക് അത് മതി മോനെ….

അമ്മയുടെ മറുപടി എന്നെ കൂടുതൽ ഞെട്ടിച്ചു…. പ്രായത്തിന്റെ കാര്യം പറഞ്ഞു എന്നെ കൂടുതൽ വഴക്ക് പറഞ്ഞ ആളളാ….

ഉമയുടെ കഴുത്തിൽ ഞാൻ ചാർത്തിയ താലിച്ചരട് കൂടുതൽ മുറുക്കി കെട്ടുമ്പോൾ ഉടപ്പിറന്നോൾ സന്തോഷം മുഖത്ത് പ്രതിഫലിച്ചിരുന്നു….

കാത്തിരിപ്പിന്റെ സാഫല്യം നുകർന്ന് ഞാനും ഉമയും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു അപ്പോൾ….

“മതി മതി രണ്ടാളിന്റെയും നോട്ടം..ഇനി വീട്ടിൽ ചെന്നാകാം…

ഉടപ്പിറന്നോളത് പറഞ്ഞു പൊട്ടി ചിരിക്കുമ്പോൾ നാണത്താൽ ഉമയുടെ നുണക്കുഴി കവിളത്ത് തെളിഞ്ഞത് എനിക്ക് കാണായിരുന്നു ….

#ശുഭം

(Copyright protect)

A story by സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here