Home Nafiya Nafi കഴിഞ്ഞ എട്ടു വർഷമായി എല്ലാ മാസവും നെഗറ്റീവ് മാർക്കിൽ എത്തിനിൽക്കുന്ന ചുവന്ന വര ഇന്ന് രണ്ടു...

കഴിഞ്ഞ എട്ടു വർഷമായി എല്ലാ മാസവും നെഗറ്റീവ് മാർക്കിൽ എത്തിനിൽക്കുന്ന ചുവന്ന വര ഇന്ന് രണ്ടു വരക്കപ്പുറം പോസിറ്റീവിൽ വന്നു നിന്നപ്പോൾ…

0

[ad_1]

മാസമുറ തെറ്റി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതീക്ഷയോടെ പരിശോധനക്ക് ഒരുങ്ങുമ്പോൾ ചുവന്ന വര കാർഡിൽ തെളിയുന്ന വരെ വല്ലാത്തൊരു നെഞ്ചിടിപ്പാണ്. കഴിഞ്ഞ എട്ടു വർഷമായി എല്ലാ മാസവും നെഗറ്റീവ് മാർക്കിൽ എത്തിനിൽക്കുന്ന ചുവന്ന വര ഇന്ന് രണ്ടു വരക്കപ്പുറം പോസിറ്റീവിൽ വന്നു നിന്നപ്പോൾ കണ്ണുകൾക്കും മനസ്സിനും വിശ്വാസം വരാഞ്ഞിട്ടാണ് ഉച്ചത്തിൽ ഇക്കയെ വിളിച്ചു റൂമിലേക്ക്‌ ചെന്നത്.ഏങ്ങലടിച്ചു കരയുന്ന എന്നെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി “സാരമില്ല പെണ്ണെ.. നമുക്കിനിയും സമയമുണ്ടല്ലോ.. “..

എന്ന് പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് ഉള്ളം കയ്യിൽ അമർത്തി പിടിച്ച കാർഡ് ഞാൻ ഇക്കാക്ക നേരെ നീട്ടിയിരുന്നു.കണ്ണുകൾക്ക് വിശ്വാസം വരാതെ എന്നെ വാരി പുണർന്നു ഇക്ക കരയുമ്പോൾ ഒന്നാശ്വസിപ്പിക്കാനോ തടയാനോ ഞാൻ മുതിരാഞ്ഞത് വര്ഷങ്ങളായി ഉള്ളിൽ അമർത്തി സങ്കടമാണ് ഇന്ന് കണ്ണീരിന്റെ രൂപത്തിൽ പുറത്തു വന്നതെന്ന് എനിക്കറിയാവുന്നത് കൊണ്ട് തന്നെയായിരുന്നു.ഒട്ടും വൈകാതെ കണ്ണിൽ കണ്ട കാഴ്ച സത്യമായിരിക്കണേ എന്ന പ്രാർത്ഥനയോടെ ആശുപത്രി ലക്ഷ്യമാക്കി വണ്ടിയിൽ കയറിയപ്പോൾ ഉള്ളിലെ ഭയമത്രയും ഇനി പ്രെഗ്നൻസി കാർഡിൽ പിശക് വരുമോ എന്നോർത്ത് മാത്രമായിരുന്നു.ഇനിയും പരിഹസിക്കപെടാൻ വയ്യാത്തത് കൊണ്ട് മാത്രം വിവരം പ്രിയപെട്ടവരെ കൂടി അറിയിക്കാതെ ഡോക്ടറുടെ സ്പെഷ്യൽ അപ്പോയ്ന്റ്മെന്റും വാങ്ങിയുള്ള ആ ആശുപത്രി യാത്രക്ക് പതിവിലും ദൂരം കൂടുതലുള്ളതായി തോന്നി…

നിർത്താതെ സംസാരിക്കുന്ന ഇക്കയുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ സ്വപ്നത്തിലെന്ന പോലെയുള്ള ആ യാത്രയിൽ എനിക്കോർക്കാൻ നീണ്ട ഒൻപതു വർഷത്തെ ഓർമ്മകൾ ഉണ്ടായിരുന്നു .. അതും കയ്‌പ്പേറിയത്…വർഷങ്ങൾക്കു മുൻപ് ഇക്കാടെ കയ്യും പിടിച്ച് ഞാനീ വീട് കയറുമ്പോൾ എനിക്ക് വയസ്സ് പതിനേഴ്.പ്രായത്തിൽ കവിഞ്ഞുള്ള ശരീരഭാരം കണ്ട വീട്ടുകാരേക്കാളേറെ നാട്ടുകാരുടെയും ബന്ധുക്കളുടെയും വേവലാതിയും ഉത്‌കണ്ഠയും കേട്ട് ഉപ്പ കല്യാണത്തിന് സമ്മതം ചോദിക്കുമ്പോൾ വിവാഹ ശേഷവും തുടർന്ന് പഠിക്കണം എന്നൊരാവശ്യം മാത്രമാണ് ഞാൻ മുന്നോട്ടു വെച്ചത്..ആരവങ്ങളോട് കൂടിയുള്ള കല്യാണവും വിരുന്നും കഴിഞ്ഞ് ഇക്ക പ്രവാസം സ്വീകരിച്ചപ്പോൾ എനിക്ക് തന്ന വാക്ക് പാലിക്കാൻ മറന്നിട്ടില്ലായിരുന്നു..

“വർഷം രണ്ടു കഴിഞ്ഞിട്ടും അവൾക്ക് വിശേഷമായില്ലേ..എന്ന ചോദ്യം നാട്ടിൽ വരുന്ന ഇക്കയോട് സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുമ്പോൾ
“അവളിപ്പോ പഠിക്കുകയല്ലേ എന്ന് മറുപടി കൊടുത്ത് വാ അടപ്പിക്കുമെങ്കിലും എനിക്കറിയാമായിരുന്നു എന്റെ പക്വത കുറവാണ് ഞങ്ങൾക്കിടയിലേക്ക് മൂന്നാമതൊരാൾ വരാൻ സമയമായിട്ടില്ലെന്ന് തീരുമാനമെടുക്കാൻ കാരണമെന്ന്.ഏറെ വൈകാതെ പ്രവാസം വിട്ട് ഇക്ക നാട്ടിൽ സ്ഥിരമായപ്പോൾ ചോദ്യങ്ങളും പരിഹാസങ്ങളും ഇരട്ടിയായെങ്കിലും സുഹൃത്തുക്കളുടെയും സമപ്രായക്കാരയവരുടെയും കുഞ്ഞുങ്ങളുടെ മുഖം കണ്ടു തുടങ്ങിയപ്പോഴാണ് എന്റെയുള്ളിലും ഒരു കുഞ്ഞെന്ന സ്വപ്നം മൊട്ടിട്ടു തുടങ്ങിയത്…

പിന്നീടുള്ള ഓരോ മാസവും പ്രതീക്ഷയുടേതായിരുന്നു.. മാസമുറ ഒന്നോ രണ്ടോ ദിവസം പിഴച്ചു കഴിഞ്ഞാൽ കാർഡ് വാങ്ങി പരിശോധിക്കുമെങ്കിലും വര്ഷങ്ങളായി നിരാശ മാത്രമായിരുന്നു ഫലം..പലരുടെയും ചോദ്യങ്ങൾ കുറ്റപെടുത്തലിലേക്കും പരിഹാസത്തിലേക്കും വഴി മാറി തുടങ്ങിയതും എന്റെ നിർബന്ധ പ്രകാരം ഡോക്ടറെ കാണിക്കാൻ തീരുമാനമെടുത്തതും ഡോക്ടറുടെ പരിശോധനക്കു മുൻപ് തന്നെ കൂടെയുള്ളവരും ഉറ്റവരും അടങ്ങുന്ന പലരും എന്റെ ശരീരഭാരവും തടിയുമാണ് കുഞ്ഞെന്ന സ്വപ്നത്തിന് വിലങ്ങെന്ന് വിധി എഴുതുകയും ചെയ്തു..

കയറിയിറങ്ങിയ ആശുപത്രികളുടെയും പരിശോധനക്ക് വേണ്ടി പോയ ഡോക്ടർമാരുടെയും എണ്ണം ദിനം പ്രതി കൂടികൊണ്ടേയിരുന്നു… ശരീരം മരുന്നുകൾ കൊണ്ട് സമ്പന്നമായി തുടങ്ങി..“അമിത ശരീരഭാരം മാത്രമല്ല രണ്ടു പേർക്കും ചെറിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞു ഡോക്ടർ മരുന്ന് നിർദേശിക്കുമ്പോൾ പലപ്പോഴും പ്രതീക്ഷ അസ്തമിച്ചു തുടങ്ങിയിരുന്നു.. എങ്കിലും ക്ഷമയോട് കൂടിയുള്ള കാത്തിരിപ്പിന് പ്രാർത്ഥന ശക്തി തന്നു….കുറ്റപ്പെടുത്തലുകൾ പലപ്പോഴും എന്നിലേക്ക്‌ മാത്രമായി ഒതുങ്ങി.അതങ്ങനെ ആണല്ലോ.. പഴിയെന്നും പെണ്ണിന്..പഴിചാരൽ പരിഹാസത്തിലേക്ക് വഴി മാറി….

“അവൾ പഠിപ്പുകാരിയായിരുന്നെന്നും..മാസമുറ ശരിയായി ഇല്ലാത്തവളെന്നും..തടിച്ചി എന്നും… കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു..പലപ്പോഴും ഞാനൊരു മനുഷ്യൻ ആണെന്ന് പരിഗണന പോലും തരാതെ…കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും താരാട്ടു പാടാനും മാതൃത്വം നുകരാനും കൊതിക്കുന്നൊരു മനസ്സ് എനിക്കുമുണ്ടന്ന് മനസ്സിലാക്കാതെ പലരും ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിന്നു…

പ്രിയപ്പെട്ടവരുടെ സാന്ത്വന വാക്കുകൾ പോലും ചിലപ്പോഴൊക്കെ അലോസരമായി തുടങ്ങി..തടിച്ചി എന്ന പേര് മാറ്റാൻ പരസ്യങ്ങളിൽ കാണുന്ന മുറകളെല്ലാം പരീക്ഷിച്ചത് പലതും പട്ടിണി കിടന്നായിരുന്നു.മനസ്സിലെ ദുഃഖം സംസാരത്തിലും ശരീരിക ബന്ധത്തിലും നിഴലിച്ചു തുടങ്ങിയപ്പോൾ എന്നെ ഇക്ക വെറുത്തു തുടങ്ങുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു…തീർന്നില്ല. !

വിവാഹിതയായ അനിയത്തി പെണ്ണ് ഗർഭിണി ആയതും അവളുടെ ചടങ്ങുകളും അവൾക്ക് കിട്ടുന്ന ലാളനയും പരിഗണനയും കാണുമ്പോൾ ഞാനറിയാതെ തന്നെഎന്റെ വയറിൽ കൈവെച്ച് പോയിട്ടുണ്ട്. മനസ്സ് കൊണ്ട് ദൈവത്തോട് കലമ്പിയിട്ടുണ്ട്..

വിശേഷാവസരങ്ങളിലും കല്യാണവീടുകളിലും പോകാതെയായി തുടങ്ങിയത് ചോദ്യങ്ങൾ ഭയന്ന് മാത്രമല്ലായിരുന്നു..മറിച്ച് അറിയാതെ എന്റെ മുന്നിൽ വരുന്ന കുഞ്ഞുടലുകളെ എന്റെ ദൃഷ്ടി പതിയുമെന്ന ഭയന്ന് മാറ്റി നിർത്തുന്നത് കൂടി ഓർത്തായിരുന്നു…എല്ലാം ശപിക്കപ്പെട്ട നിമിഷങ്ങൾ…“ടീ പെണ്ണേ..നീയിത് ഏതു ലോകത്താ…ഹോസ്പിറ്റലെത്തി ഇറങ്ങുന്നില്ലേ..എന്റെ ചുമലിൽ തട്ടിയുള്ള ഇക്കയുടെ വിളികേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണരുന്നത്..“ഞാനെന്റെ ഇന്നലെകളെ കുറിച്ച് ആലോചിച്ചു പോയതാ ഇക്കാ..എന്നും പറഞ്ഞ് ചുണ്ടിൽ ചിരി വിടർത്തി ഞാൻ ഇറങ്ങിയപ്പോൾ ഓടിവന്നെന്റെ കൈകൾ മുറുകെ പിടിച്ച ആ കണ്ണുകളിൽ ഞാൻ കണ്ടതത്രയും ഒരച്ഛന്റെ കരുതലായിരുന്നു..

ഇനിയും കാത്തിരിപ്പിനു മുതിരാൻ വയ്യെന്ന് പറഞ്ഞ് വാതിൽക്കൽ നിൽക്കുന്ന നേഴ്സിനെ വിവരം ധരിപ്പിച്ചു കൊണ്ട് ഞാൻ പരിശോധന മുറിയിലേക്ക് കയറിയപ്പോൾ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നതായി തോന്നി…

ഇനി പിശക് സംഭവിച്ചതായിരിക്കുമോ..?എല്ലാം എന്റെ തോന്നലാണോ…?ഒരായുഷ്കാലത്തിന്റെ പ്രാർത്ഥനക്ക് ഉത്തരം കിട്ടിയെന്ന് വിചാരിച്ചു കുറച്ച് സമയം കൊണ്ട് ഞാൻ നെയ്ത സ്വപനങ്ങൾ അത്രയും വെറുതെയാകുമോ..?വീണ്ടും മച്ചി എന്ന പദത്തിന്റെ ഇരുണ്ട ഗർത്തത്തിലേക്ക് എത്തിപെടുമോ..?..ഒരു നൂറു സംശയങ്ങൾ കൊണ്ട് ഡോക്ടറുടെ മുന്നിൽ പരിശോധനക്കിരിക്കുമ്പോൾ വാതിലിനപ്പുറം ഞാൻ ചിരിച്ച മുഖമായിട്ടാണോ ഇറങ്ങി വരുന്നതെന്ന് അറിയാൻ മാറി നിന്ന് നോക്കുന്ന ഇക്കയുടെ മുഖത്തും വേവലാതി ഒട്ടും കുറവില്ലായിരുന്നു…വയറിൽ കൈവെച്ചു പരിശോധിക്കുന്ന ഡോക്ടറുടെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാകണം അവരൊന്നു പുഞ്ചിരിച്ചത്…..“ഇങ്ങനെ ഹൃദയം മിടിച്ചാൽ മാസം പത്തു കഴിയുമ്പോൾ കുഞ്ഞിന് തൊട്ടിൽ കെട്ടാൻ അമ്മയുണ്ടാകില്ലെന്ന് പറഞ്ഞ് അവരെന്നെ ആ സന്തോഷ വാർത്ത അറിയിക്കുമ്പോൾ…

ചിരിക്കണമെന്നോ കരയണമെന്നോ അറിയാതെ ഞാൻ മുഖം പൊത്തിയിരിക്കുകയായിരുന്നു… സന്തോഷം കണ്ണീരിന്റെ രൂപത്തിൽ പുറത്തു വന്നപ്പോഴാണ് മുന്നിലിരിക്കുന്ന ഡോക്ടറെ പോലും ഗൗനിക്കാതെ ഇക്കാടെ അടുത്തേക്ക് വാതിൽ തുറന്നു ചെന്നത്..എന്റെ തടിച്ച മുഖം ആ കൈക്കുള്ളിൽ ഒതുക്കി ആശുപത്രി വരാന്തയിലെ വെച്ച് മതിവരാതെ ചുംബിച്ചു കൊണ്ട് വാരിപുണരുമ്പോൾ ആൾകൂട്ടത്തിൽ നിന്നാരോ വിളിച്ചു പറയുന്നുണ്ടായിരുന്നു..
“കെട്ടിപിടിത്തവും ഉമ്മ വെക്കലും വീട്ടിൽ ചെന്ന് പോരേന്ന്…. !

രചന# നാഫി

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here