Home Viral പ്രവർത്തനം നിലച്ച എടിഎമ്മുകൾ നാട്ടിലേക്ക് വരുന്നുണ്ട്

പ്രവർത്തനം നിലച്ച എടിഎമ്മുകൾ നാട്ടിലേക്ക് വരുന്നുണ്ട്

0

 

കുട്ടിക്കാലത്തു നാട്ടിലെ കല്യാണങ്ങൾക്കൊക്കെ പങ്കെടുക്കുമ്പോൾ പലരും പറയുന്നത് കേൾക്കാറുണ്ട് “കുട്ടിന്റെ ബാപ്പക്ക് ഗൾഫില് ബിസിനസാ, പണ്ട് സാമ്പത്തികായിട്ട് വല്ലാതെ പ്രയാസപ്പെട്ടിരുന്നോരാ” എന്നൊക്കെ.

കാലം കഴിഞ്ഞു 2002 ൽ ഗൾഫിൽ എത്തിയപ്പോഴാണ് നാം അവിടെ വലിയ ബിസിനസുകാർ എന്നൊക്കെ പട്ടം നൽകിയവരുടെ ജീവിതങ്ങൾ നേരിട്ട് അറിയാൻ തുടങ്ങിയത്. ശരിയാണ്, ആ തലമുറയുടെ മക്കൾ ജീവിതത്തിന്റെ പ്രയാസങ്ങൾ അറിയാതെ നല്ല വിദ്യാഭ്യാസം നേടി. നല്ല ഭക്ഷണം കഴിച്ചു, കല്യാണങ്ങളും ആഘോഷങ്ങളും ആസ്വദിച്ചു.

തനിക്ക് ലഭിക്കാത്തത് മക്കൾക്ക് ലഭിച്ച സന്തോഷം മാത്രമാണ് അപ്പോഴും പ്രവാസി അനുഭവിച്ചിട്ടുണ്ടാവുക. ആ ആത്മ സംതൃപ്തിക്കും നാട്ടിലെ കുടുംബങ്ങൾ അനുഭവിച്ച സൗഭാഗ്യങ്ങൾക്കും പതിയെ തിരശീല വീഴുന്നതാണ് പുതിയ കാഴ്ച. ബക്കാലയിലും ബൂഫിയയിലും, മറ്റു കടകളിലുമൊക്കെ നാലും അഞ്ചും കൊല്ലം അധ്വാനിച്ചിട്ടും ബാക്കിയൊന്നും തടയുന്നില്ല എന്ന് വരുമ്പോഴാണ് ഉള്ളത് ഒരുക്കൂട്ടിയും, കുറി വിളിച്ചും, കടം വാങ്ങിയുമൊക്കെ പലരും ഒരു ചെറിയ ഏർപ്പാട് തട്ടിക്കൂട്ടിയിരുന്നത്. അത്തരം ആളുകളുടെ വിയർപ്പായിരുന്നു നാട്ടിൽ ആസ്വദിച്ചിരുന്ന അത്തറിന്റെ മണം.

വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതിരുന്നിട്ടും കഠിനാധ്വാനം കൊണ്ട് കുടുംബത്തിന് സൗഭാഗ്യങ്ങൾ സമ്മാനിച്ച പലരും ഇന്ന് പ്രതിസന്ധിയുടെ തീരാക്കയത്തിലാണ്. ആയ കാലത്തു മൂന്ന് ബക്കാലകൾ നടത്തിയിരുന്ന ഒരു സഹോദരൻ ഇവിടെ നിൽക്കാനും, നാട്ടിൽ പോകാനും കഴിയാത്ത കടുത്ത പ്രതിസന്ധിയിൽ കഴിയുന്നത് ഈയിടെ ഒരു സാമൂഹ്യ പ്രവർത്തകൻ സൂചിപ്പിക്കുകയുണ്ടായി. തന്റെ നല്ല കാലത്തു കുടുംബത്തിന് മാത്രമല്ല, മറ്റുള്ളവർക്കും താങ്ങും തണലുമായി നിന്ന മനുഷ്യൻ. കമ്പനികളിൽ ജോലി ചെയ്യുന്നവരിലുമുണ്ട് പൊടുന്നനെ ജോലി നഷ്ടപ്പെട്ട് സ്തംഭിച്ചു നിൽക്കുന്നവർ.

പുതിയ തലമുറയിൽ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പണ്ടത്തെ പോലെ ഗൾഫിലെ ബക്കാലയിലും ബൂഫിയയിലും നിന്ന് ജീവിതം തീർക്കാൻ അവർ തയ്യാറുമാവില്ല. അപ്പോഴും ചിലരെയെങ്കിലും അലട്ടുന്ന ചോദ്യം, മാറിയ കാലത്തെ വലിയ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രം വരുമാനം വന്നു ചേരുന്നുണ്ടോ എന്നതാണ്. പഠന കാലത്തും, ശേഷവും കുട്ടികളുടെയും കുടുംബത്തിന്റെയും വിലകൂടിയ ആവശ്യങ്ങൾ നിറവേറ്റിയ പ്രവാസികൾ ഇന്ന് തിരിച്ചുപോക്കിന്റെ വഴിയിലാണ്.

നിങ്ങളുടെ കച്ചവടമൊക്കെ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് “കുഴപ്പമില്ലാതെ പോകുന്നു” എന്നായിരുന്നു ഒരു വർഷം മുമ്പ് വരെ കൂടുതലും കേട്ട മറുപടി. എന്നാൽ ചെറിയ സംരംഭങ്ങൾ തകർന്ന്, എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയാതെ ഉഴലുന്നതാണ് പലരുടെയും ഇപ്പോഴത്തെ അവസ്ഥ. രാജ്യത്തിന്റെ നിയമങ്ങളിൽ വരുന്ന പരിഷ്കാരത്തിൽ പ്രവാസിക്ക് പ്രത്യേകിച്ച് റോൾ ഇല്ല. ജനതയുടെ ശാക്തീകരണവും ഉന്നതിയും ലക്ഷ്യം വെച്ചുള്ളതാണ് ഇവിടെയുള്ള പരിഷ്‌കാരങ്ങൾ. ആ രീതിയിൽ അതിന്റെ ഗുണഫലങ്ങളും അതിനുണ്ടാവും. (അല്ലെങ്കിലും എവിടെ നിന്നോ വന്ന, വിരുന്നുകാരായ നമുക്ക് ഒരു പാട് സൗഭാഗ്യങ്ങൾ ഈ നാട് തന്നില്ലേ? അതിന് നന്ദിയുള്ളവരാകുക).

[ad_1]
പ്രവാസത്തിന്റെ നല്ല കാലത്തു ഗൃഹനാഥൻ വെറും എടിഎം ആയിരുന്നു പല കുടുംബങ്ങൾക്കും. പ്രതിസന്ധി കാരണം തിരിച്ചു പോകുന്നതോടെ “INR 25000 is credited to your account” എന്ന നാട്ടിലെ ബാങ്കിൽ നിന്നുള്ള മെസേജ് ഇനി അപൂർവ കാഴ്ചയാവാം. ഭാഗികമായോ പൂർണ്ണമായോ പ്രവർത്തനം നിലച്ച എടിഎമ്മുകൾ ഗൾഫിൽ നിന്ന് നാട്ടിലെത്തുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടും എന്നതിനെ ആശ്രയിച്ചാണ് പ്രവാസിയുടെ തുടർന്നുള്ള ജീവിതവും സന്തോഷവുമെല്ലാം. പണമുള്ള കാലത്തു കുടുംബത്തിലുള്ളവർ, എല്ലാം അവനെ അറിയിച്ചായിരുന്നു നടത്തിയിരുന്നത്.

എല്ലാം അറിയിച്ചില്ലെങ്കിലും അറിയിക്കേണ്ടത് അറിയിച്ചും ചർച്ച ചെയ്തും, പരിഗണിച്ചും പതിറ്റാണ്ടുകൾ ത്യജിച്ച ജീവിതത്തിന് കുടുംബം ഇനി പകരം നൽകണം. ഇവിടെ അനുഭവിച്ച ചൂടും, തണുപ്പും, 14 ഉം 16 ഉം മണിക്കൂർ ജോലിയിൽ നഷ്ടപ്പെട്ട ഉറക്കുമെല്ലാം കണക്കെടുത്താൽ അത്രയല്ല, അതിനുമൊരുപാട് കൂടുതൽ അവർ അർഹിക്കുന്നു. പുതുതലമുറയിലെ പ്രിയപ്പെട്ട മക്കൾ ഓർക്കുക, തിരിച്ചു വരുന്നത് പ്രവർത്തനം നിലച്ച എടിഎം അല്ല. നിനക്ക് വേണ്ടി ജീവിച്ച, നിന്നെ സ്വപ്നം കണ്ടുറങ്ങിയ നിന്റെ ഉപ്പയാണ്. നിങ്ങളുടെ പ്രിയപ്പെട്ട പിതാവ്. പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തെ നീന്തി ജയിച്ച അവർ, അവസാനം തോറ്റു പോകരുത്. അവരെ ജയിപ്പിക്കേണ്ടത് നിങ്ങളാണ്.

ഷബീർ ചാത്തമംഗലം
ദമ്മാം, സൗദി അറേബ്യ

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here