Home വൈദേഹി വൈഗ “അറിഞ്ഞോ…. തെക്കേലെ ശാരദേടെ മൂത്ത കൊച്ചിന് വയറ്റിൽ ഉണ്ടത്രേ… “

“അറിഞ്ഞോ…. തെക്കേലെ ശാരദേടെ മൂത്ത കൊച്ചിന് വയറ്റിൽ ഉണ്ടത്രേ… “

0

രചന : വൈദേഹി വൈഗ

“അറിഞ്ഞോ…. തെക്കേലെ ശാരദേടെ മൂത്ത കൊച്ചിന് വയറ്റിൽ ഉണ്ടത്രേ… ”

“ആർക്ക് പഞ്ചമിക്കോ….”

“അതെന്നെ… എന്തൊരു പാവം കൊച്ചായിരുന്നു… ഇങ്ങനെ ഒരു പണി പറ്റിക്കും ന്ന് ആരേലും കരുതിയോ… ഒപ്പം പഠിക്കുന്ന ഏതേലും ചെറുക്കൻ ആവും.. കാര്യം അറിഞ്ഞപ്പോൾ അവൻ മുങ്ങിയത് ആണ് എന്നൊക്കെയാ പറയുന്ന കേള്ക്കുന്നെ… ”

“എന്ത് പറയാനാ.. കലികാലം… ആ ശാരാദേടെ പ്രതിക്ഷ അവളിലായിരുന്നു… ഒക്കെ പോയില്ലേ… കെട്ടിയോനെ കൊണ്ട് കാൽക്കാശിനു ഉപയോഗവും ഇല്ല.. ഏത് നേരവും കള്ള് കുടി… ”

ചായക്കടയിൽ ഇതായിരുന്നു സംസാരം… ഇതിൽ കൂടുതൽ കേൾക്കാൻ കെൽപ്പ് ഇല്ലാത്തതു കൊണ്ട് ഞാൻ പെട്ടന്ന് എഴുനേറ്റ് പുറത്തേക്കു നടന്നു…

അമ്പല നടയിൽ ആൽത്തറയിൽ മലർന്നു കിടക്കുമ്പോഴും ചിന്ത മുഴുവൻ പഞ്ചമിയെ കുറിച്ചായിരുന്നു… കേട്ടതൊന്നും സത്യം ആവല്ലേ എന്നൊരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു…

ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല അവളെ… ഓർമ്മ വച്ച നാൾ മുതൽ എന്റെ കൈയിൽ തൂങ്ങി നടക്കുന്ന ഒരു പാവാടക്കാരി.. അയൽക്കാരി എന്നതിലുപരി അവള് എനിക്ക് ആരൊക്കെയെയോ ആയിരുന്നു…

എന്റടുത്തു അല്ലാതെ മറ്റൊരു പുരുഷന്റെ അടുത്ത് അവള് ഇതുവരെ അടുത്ത് ഇടപെഴുകുന്നത് ഞാൻ കണ്ടിട്ടില്ല… ശെരിക്കും പറഞ്ഞാൽ ഒരു മിണ്ടാ പൂച്ച… വളർന്നു വലുതായപ്പോഴും അതിനൊരു മാറ്റം ഉണ്ടായിട്ടില്ല…. കോളേജിൽ അവൾക്കൊരു പ്രണയം ഇല്ലാതായി എനിക്ക് അറിയില്ല… അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവള് മറ്റാരോടു പറഞ്ഞില്ലെങ്കിലും എന്നോട് പറയുമായിരുന്നു… ഇതിപ്പോ….

എങ്ങനെ അവളുടെ മുന്നിലേക്ക് ചെല്ലും… ഇല്ല എനിക്കതിനു പറ്റില്ല….

“സുധീ…. എടാ സുധീ.. നി ഇവിടെ വന്നു കിടക്കുവാണോ…. ”

എഴുനേറ്റ് നോക്കിയപ്പോൾ രാമേട്ടൻ ആയിരുന്നു…

“എന്താ രാമേട്ടാ…. ”

“എടാ നി വല്ലതും അറിഞ്ഞോ… പഞ്ചമി….”

“അറിഞ്ഞു… നാട്ടുകാർ പറയുന്നത് കേൾക്കാൻ വയ്യ… അതാ ഇവിടെ വന്നു കിടന്നത്…. ”

“എടാ ആ കൊച്ചിനെ ശാരദ വീട്ടിൽ നിന്ന് ഇറക്കി വിട്ടുത്രേ… ”

അത്‌ കേട്ടപ്പോൾ കുറച്ചൊന്നുമല്ല ഞാൻ ഞെട്ടിയത്….

“അതേടാ …. ഞാൻ ഇപ്പൊ അത് വഴിയാ വന്നേ…. ”

പിന്നൊന്നും എന്റെ ചെവിയിൽ കയറിയില്ല… ഒരോട്ടം ആയിരുന്നു ശാരദേടത്തിടെ വീട്ടിലേക്ക്….

എനിക്കുറപ്പുണ്ട്.. എന്തോ ചതിയാ ഇത്.. ആരോ അവളെ ചതിച്ചതാ… അല്ലാതെ അറിഞ്ഞു കൊണ്ട് ഇങ്ങനൊരു തെറ്റ് അവള് ചെയ്യില്ല….

അവിടെ ചെന്നു കയറിയപ്പോൾ തന്നെ കണ്ട കാഴ്ച എന്റെ മനസിനെ ചുട്ടു പൊള്ളിച്ചു….

ശാരദേടത്തീടെ കാലിൽ വീണ് പൊട്ടിക്കരയുകയാണ് പഞ്ചമി…. പക്ഷെ ഏടത്തി അവളെ തലങ്ങും വിലങ്ങും തല്ലുന്നു…

“പഞ്ചമി… മോളേ…. ”

എന്നെ കണ്ടതും പൊട്ടിക്കരഞ്ഞു അവളെന്റെ നെഞ്ചിലേക്ക് വീണു….

“സുധിയേട്ടാ…. ”

“എന്താ മോളേ ഇതൊക്കെ… ന്താ ണ്ടയെ… ”

“എന്നോടൊന്നും ചോദിക്കരുത്… പറയാൻ.. പറയാൻ എനിക്ക് പറ്റില്ലേട്ടാ… ”

“ഹ്മ്മ്… ഇനി എന്തിനാടാ അവളെ നി ചേർത്ത് പിടിക്കുന്നെ… നിന്നെ കൂടെ ചതിച്ചില്ലേ അവള്… ഏതോ ഒരുത്തന്റെ കൂടെ കിടന്നു വയറ്റിൽ ആക്കിയിട്ടു വന്നേക്കുന്നു… ”

“ശാരദേടത്തി… മനഃപൂർവ്വം അവൾ ഇങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ… ”

“എന്തൊക്കെ ആയാലും ശരി.. ഇനി എനിക്ക് ഇങ്ങനൊരു മോളില്ല ”

“അമ്മേ…. ”

“മിണ്ടരുത് നി… ഇനി എന്നെ അങ്ങനെ വിളിക്കാൻ ഒരൊറ്റ മോളേ ഉള്ളു.. എന്റെ പാർവണ…. ഇറങ്ങിക്കോണം ഈ മുറ്റത്തു നിന്ന്…. ”

എന്ത് പറയണം ഞാൻ ഇവരോട്…. ശാരദേടത്തി പറയുന്നത് കേൾക്കണോ.. അതോ പഞ്ചമിയുടെ കൂടെ നിൽക്കണോ…. ഒരു തുണ ഇപ്പോൾ അത്യാവശ്യം അവൾക്കാണ്….

ഞാൻ അവൾ നേരെ തിരിയും മുന്നെ തന്നെ അവൾ ഗേറ്റ് കടന്നിരുന്നു….

“പഞ്ചമി… എവിടെക്കാ നി… ”

” അറിയില്ലേട്ടാ…. ഇനി ഞാൻ എന്തിനു ജീവിക്കണം.. ഇത്രയും അഭമാനം പേറി.. ഇനി വയ്യ.. എങ്ങനെയെങ്കിലും ഈ ജീവിതം മതിയാക്കണം.. ”

“പൊട്ടത്തരം പറയാതെ എന്റെ ഒപ്പം വാ… ”

അവളുടെ കൈയ്യിൽ പിടിച്ചു ഞാൻ നടന്നു…

തോട്ടിന്റെ കരയിൽ ഞങ്ങള് സ്ഥിരമായി ഇരിക്കാറുള്ള പേരമരത്തിനു താഴെ ഇരുന്നു…

“മോളേ.. ഇനിയെങ്കിലും നി ഒന്ന് തുറന്നു പറ…. എന്താ ണ്ടായെ… ”

“ഇല്ല.. ഞാൻ പറയില്ല…. ”

എനിക്ക് ഉപ്പൂറ്റി മുതൽ തല വരെ പെരുത്ത് കയറി…. കരണം മുറിയെ ഒന്ന് കൊടുത്തു…

“ന്താ ണ്ടായേ ന്ന് വായ തുറന്നു പറയടി…. ”

എന്റെ ഭാവ മാറ്റം അവളെ നന്നായി പേടിപ്പിച്ചു….

ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് വീണു…

“സുധിയേട്ടാ… അച്ഛൻ.. അച്ഛനാ എന്നെ…. ”

“പഞ്ചമി… എന്താ നി പറഞ്ഞേ….”

“കഴിഞ്ഞ മാസം വീട്ടിൽ ഞാൻ തനിച്ചായിരുന്നപ്പോ കള്ള് കുടിച്ചു വന്ന് അയാളെന്നെ….. ”

“മോളേ… ”

എന്ത് പറയണം എന്നറിയാതെ ഞാൻ തളർന്നു പോയി…

“അതെങ്ങനെയാ ഏട്ടാ ഞാൻ അമ്മയോട് പറയുവാ…. എന്റെ അനിയത്തിയുടെ ജീവിതം…”

“ഇത് വെറുതെ വിട്ടാൽ പറ്റില്ല…. കേസ് കൊടുക്കണം… കൊടുത്തേ പറ്റു… ”

“വേണ്ട സുധിയേട്ടാ… ഇത് എന്റെ പേരിൽ തന്നെ ഇരുന്നോട്ടെ.. എന്റെ ദുർനടപ്പ് കരണം ഉണ്ടായതാ എന്ന് കരുതിക്കോട്ടെ എല്ലാവരും… അങ്ങനെ എങ്കിലും എന്റെ അനിയത്തിക്ക് ഒരു ജീവിതം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടേ… ”

” അപ്പൊ നിന്റെ അനിയത്തി നിന്റെ വീട്ടിൽ സുരക്ഷിത ആയിരിക്കുമോ… ”

“അത്‌.. അതെനിക്ക് അറിയില്ല.. എന്റെ ഗതി അവൾക്കു വരാതിരുന്നാൽ മതി… ”

“മ്മ് അതിനുള്ള വഴി ഞാൻ നോക്കിക്കോളാം… നി വാ… ”

പഞ്ചമിയെയും കൊണ്ട് എന്റെ വീടിന്റെ മുറ്റത്തു നിൽക്കുമ്പോൾ എനിക്ക് ഭയം ഇല്ലായിരുന്നു… അമ്മയുടെ പ്രതികരണം എന്തായാലും അത്‌ ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും…. എന്ത് വന്നാലും പഞ്ചമിയെ ഞാൻ ചേർത്ത് പിടിച്ചിരിക്കും…

അമ്മ അവളെ അകത്തേക്ക് കയറ്റിയപ്പോഴാണ് എനിക്ക് ആശ്വാസം ആയതു…. അനിയത്തിയും അവളുടെ പ്രീയ സുഹൃത്തിനെ തള്ളി പറഞ്ഞില്ല…

പിറ്റേന്ന് ദേവീടെ നടയിൽ വച്ച് പഞ്ചമിയുടെ കഴുത്തിൽ ഞാൻ താലികെട്ടുമ്പോ എന്റെ മനസ്സ് നിറഞ്ഞിരുന്നു അതേ സമയം അവളുടെ കണ്ണും… സീമതരേഖയിൽ സിന്തൂരം ചാർത്തി അവളെയും ചേർത്ത് പിടിച്ചു അവിടെ നിന്ന് നേരെ പോയത് അവളുടെ അമ്മയുടെ അടുത്തേക്കാണ്… അതും അവളുടെ വാശി കരണം…

“അമ്മേ… അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിരുന്നു.. എങ്കിലും എനിക്ക് വിളിക്കാതിരിക്കാൻ പറ്റില്ലലോ… പിന്നെ.. എന്റെ വിവാഹം കഴിഞ്ഞു.. അനുഗ്രഹിക്കില്ല എന്നറിയാം.. എങ്കിലും ഒരു കാര്യം പറയാൻ ആണ് വന്നത്… എന്റെ വയറ്റിൽ വളരുന്ന ഈ ജീവനെ ഞാൻ വളർത്തും…. പക്ഷെ നാളെ അതിനു എന്റെ അച്ഛന്റെ ചായ വന്നാൽ….”

അത്‌ മുഴുവിപ്പിക്കാൻ അവൾക്കു പറ്റിയില്ല…

“മോളേ… എന്താ.. എന്താ പറഞ്ഞെ നി.. ”

“അതേ അമ്മേ… പാർവണ.. അവളെ കരുതിയാ ഞാൻ പറയാതിരുന്നത്.. പക്ഷെ ഇന്നലെ ഞാൻ ഒരുപാട് ആലോചിച്ചു… സുധിയേട്ടനും പറഞ്ഞു എല്ലാം അമ്മയോട് എങ്കിലും തുറന്നു പറയുന്നതാ നല്ലത് എന്ന്.. കരണം ഇനി അയാൾ ഈ വീട്ടിൽ ഉണ്ടെങ്കിൽ ഒരുപക്ഷെ എന്റെ അനിയത്തിക്കും…. ”

“പൊറുക്കണം മോളേ… ഈ അമ്മയോട്… ഒന്നും അറിയാതെയാ ഞാൻ എന്റെ മോളേ ഇവിടുന്നു ഇറക്കി വിട്ടത്… ”

“സാരില്ലമ്മേ… ”

അവളുടെ അമ്മയുടെ അനുഗ്രഹത്തോടെ അവൾ എന്റെ വീട്ടിലേക്ക് വലതു കാൽ വച്ച് കയറി …

പിറ്റേന്ന് നേരം പുലർന്നത് പഞ്ചമിയുടെ അച്ഛന്റെ മരണ വാർത്ത അറിയിച്ചു കൊണ്ടായിരുന്നു…

അമിതമദ്യപാനം കൊണ്ട് ഹൃദയസ്തംഭനം സംഭവിച്ചു എന്നാണ് നാട്ടുകാരെല്ലാം പറയുന്നത്…പക്ഷെ അമ്മയുടെ മുഖത്തെ നിസ്സംഗഭാവവും നീലിച്ചു കിടക്കുന്ന അച്ഛന്റെ കൈകാലുകളും കണ്ടപ്പോൾ വിഷം ഉള്ളിൽ ചെന്ന് മരിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്…

പഞ്ചമിയോട് കാര്യം പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വിരിഞ്ഞു.. ഒപ്പം ഒരു വാക്കും.. ‘അമ്മ ‘

🖋വൈദേഹി വൈഗ

LEAVE A REPLY

Please enter your comment!
Please enter your name here