Home Solo-man എന്റെ ചേട്ടായി പത്താം ക്ലാസീന്ന് പഠിപ്പ് നിർത്തീത് പഠനത്തിൽ മോശമായത് കൊണ്ടായിരുന്നില്ല…

എന്റെ ചേട്ടായി പത്താം ക്ലാസീന്ന് പഠിപ്പ് നിർത്തീത് പഠനത്തിൽ മോശമായത് കൊണ്ടായിരുന്നില്ല…

0

രചന : Solo – man

ഇച്ചായൻ മാസാണു

എന്റെ ചേട്ടായി പത്താം ക്ലാസീന്ന് പഠിപ്പ് നിർത്തീത് പഠനത്തിൽ മോശമായത് കൊണ്ടായിരുന്നില്ല..

ചിട്ടിക്കമ്പനി പൊട്ടി പൊളിഞ്ഞു പാളീസായ എന്റെ അപ്പച്ചൻ അമ്മച്ചിയേയും കൂട്ടി കാണാമറയത്തേയ്ക്ക് പോയപ്പൊ എനിക്ക് വയസ്സ് പത്തായിരുന്നു..

പപ്പ കൊടുക്കാനുള്ള പണത്തിന്റെ കണക്കുകളുമായി മുറ്റത്ത് തടിച്ചു കൂടിയ നാട്ടുകാരോട് അന്ന് ചേട്ടായി നെഞ്ചും വിരിച്ചോണ്ട് പറഞ്ഞത് ഞാനിന്നും ഓർക്കുന്നു..

“എന്റപ്പൻ ജോസഫ് പോകുമ്പൊ എന്നെ ഇവിടെ ഇട്ടേച്ച് പോയത് നിങ്ങക്കൊരു ഉറപ്പിനു വേണ്ടിയിട്ടാണു..

എന്റപ്പൻ വാങ്ങിയ പണം ഞാൻ തരും..എന്റെ കൊക്കിനു ജീവനുണ്ടേൽ അത് തന്നു തീർത്തിട്ടേ എന്റപ്പനു കല്ലറ തീർക്കുള്ളൂന്ന്..”

പള്ളിക്കാരുടെ എതിർപ്പ് കാരണം അപ്പന്റെ ദേഹം തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യുമ്പൊ ഒരു തൂമ്പായിൽ മണ്ണ് കോരിയിടാൻ പോലും സഹായത്തിനു ആരുമുണ്ടായിരുന്നില്ല..

അന്ന് വാവിട്ടു കരഞ്ഞ എന്നെയും ചേർത്തു പിടിച്ച് ചേട്ടായി പറഞ്ഞു..

“ഇനിയെന്റെ മോൾ ഒരിക്കലും കരയുന്നത് ഇച്ചായൻ കാണരുതെന്ന്..”

പത്താം ക്ലാസിൽ നൂറിൽ നൂറു ശതമാനത്തിൽ ജയിച്ചു കേറിയ ഇച്ചായന്റെ പഠനം അന്നു തീർന്നതാണു..

എന്റിച്ചായൻ കാലത്ത് റബറു വെട്ടാൻ പോകും..

സ്കൂളിലേയ്ക്ക് പോകാൻ ഞാനൊരുങ്ങി നിക്കുമ്പൊഴേയ്ക്കും മുണ്ടും മടക്കിക്കുത്തി വിയർത്തൊലിച്ച് കയ്യിലൊരു പാൽക്കുപ്പിയുമായി ഓടിക്കിതച്ച് വരണുണ്ടാകും എന്റിച്ചായൻ..

ഒരു ഗ്ലാസു മുഴുക്കെ ചൂടുള്ള പാലും,ബന്നും കയ്യിലേയ്ക്ക് തന്ന് ഇച്ചായൻ പറയും..

“മുഴുവൻ കുടിക്കണം ട്ടോ റോസി മോളേന്ന്..”

കവല വരെ എന്നെ കൊണ്ടു വിട്ടേച്ചും ഞാൻ പോണതും നോക്കി ഒരു നിൽപ്പുണ്ട്..പിന്തിരിഞ്ഞ് നോക്കുമ്പൊഴൊക്കെയും പുഞ്ചിരിക്കുന്ന അൽഭുതം..

എന്റിച്ചായൻ മരം വെട്ടും..എന്റിച്ചായൻ കല്ലു ചുമക്കും..

എല്ലാം കഴിഞ്ഞൊടുക്കം തളർന്നവശനായി ഇച്ചായൻ നടന്നു വരുന്നതു കാണുമ്പൊ എനിക്ക് ശരിക്കും സങ്കടം തോന്നാറുണ്ട്..

ഇച്ചായനന്ന് പറഞ്ഞ പോലെ പിന്നീടിതുവരെ ഞാൻ കരഞ്ഞിട്ടില്ല..കരയാൻ വേണ്ടി മാത്രം ഒരു കാരണം പോലും എന്നിലുണ്ടായിരുന്നില്ല എന്നതാണു സത്യം..

അപ്പന്റെ പേരിലുള്ള എല്ലാ ബാദ്ധ്യതകളും ഓരോന്നായ് തീർക്കും വരെയും സ്വന്തം ശരീരമൊ ജീവിതമോ നോക്കാതെ രാപ്പകൽ അദ്ധ്വാനിച്ചു..

അതേ അപ്പന്റെ പേരിൽ ആ നാട്ടിൽ തന്നെ മറ്റൊരു ചിട്ടിക്കമ്പനി തുടങ്ങുമ്പൊഴേയ്ക്കും എന്റെ ചേട്ടായി ഒരു കൊച്ചു പ്രമാണിയായ് മാറിയിരുന്നു..

തെമ്മാടിക്കുഴിയിൽ അടക്കം ചെയ്ത അപ്പന്റെയും അമ്മച്ചീടേയും കുഴിമാടത്തിനു മുകളിൽ കല്ലറ പണിയുമ്പൊ ലോകം തന്നെ കീഴടക്കിയ ഭാവമായിരുന്നു ആ മുഖത്ത് ഞാൻ കണ്ടത്..

എന്റെയിഷ്ടങ്ങൾ പറയാതെ തന്നെ കാണാൻ കഴിയുന്ന ചേട്ടായി എന്നെയൊരു രാജകുമാരിയെ പോലെയാണു വളർത്തിയത്..

റാഗിങ്ങെന്നും പറഞ്ഞ് കോളജിൽ നിന്നും എന്നെ ശല്ല്യം ചെയ്തിരുന്ന ചെക്കന്മാരെ നടുറോഡിലിട്ട് തല്ലി മീശേം പിരിച്ച് ചേട്ടായി നടന്നപ്പൊ എന്നെക്കാൾ ഭാഗ്യം ലഭിച്ചൊരു പെങ്ങളൂട്ടിയും ഈ ലോകത്ത് വേറെയുണ്ടാവില്ല എന്നത് എന്റെയൊരു അഹങ്കാരമായി തന്നെ നിന്നു..

കുറച്ച് കാലമായി പിന്നാലെ നടക്കുന്ന അർജ്ജുനോട് ഇഷ്ടം മനസ്സിൽ വെച്ചും ഞാൻ പറഞ്ഞത് ചേട്ടായിയെ കാണാൻ വേണ്ടിയാണു..

അത്രയൊക്കെ വേണോ, അതിലും ഭേദം സ്വയം ചാകുന്നതല്ലെ എന്നായിരുന്നു അപ്പോഴുള്ള അവന്റെ മുഖഭാവം..

ഞങ്ങളെ പോലെ തന്നെ അനാഥനായി വളർന്ന അർജ്ജുൻ മടിച്ചാണെങ്കിലും ചേട്ടായിയോട് കാര്യം പറഞ്ഞു..

നിനക്കവനെ വേണോയെന്ന് മാത്രമേ ചേട്ടായി എന്നോട് ചോദിച്ചുള്ളൂ..

അവനെ ചെന്ന് കണ്ട് കാര്യങ്ങളുറപ്പിച്ചാണു പിന്നെ ചേട്ടായി എനിക്കു മുന്നിൽ നിന്നത്..

കാര്യങ്ങളൊക്കെ നാട്ടാരറിഞ്ഞപ്പോൾ ഓടി വന്നവരിൽ മുൻ നിരയിൽ പള്ളിക്കാരും പട്ടക്കാരുമായിരുന്നു..

അന്യ മതക്കാരനു പെങ്ങളെ കെട്ടിച്ചു കൊടുക്കുന്ന നീയെന്ത് നസ്രാണിയാണെടോ എന്നായിരുന്നു ചോദ്യ ശരങ്ങൾ..

അപ്പൊ ചേട്ടായി പറഞ്ഞൊരു ഡയലോഗുണ്ട്..എന്റെ രോമം പോലും എഴുന്നേറ്റ് നിന്നിട്ടുണ്ട്..

“അച്ചോ..കടം കേറി കുത്തുപാളയെടുത്ത എന്റപ്പൻ ജോസഫ് ഈ കണ്ട പള്ളിക്കാർടേം നാട്ടാർടേം മുന്നിൽ കെഞ്ചീട്ടുണ്ട്..

അന്നീ പറഞ്ഞ പള്ളിക്കാരൊക്കെ കനിഞ്ഞിരുന്നെങ്കിൽ എന്റപ്പനു എലിവിഷം വാങ്ങേണ്ടി വരില്ലായിരുന്നു..

അന്നെന്റെയപ്പനെ തെമ്മാടിക്കുഴീൽക് മണ്ണിട്ടു മൂടുമ്പൊ അതിനു മീതെ ഒരുപിടി മണ്ണു വാരിയിടാൻ ഒരു മതക്കാരേം ഞാൻ കണ്ടില്ല..

ഇന്നിപ്പൊ ജോസഫിന്റെ മോൻ ജോമോനു അങ്ങനൊരു പള്ളിക്കാരെയും ആവശ്യമില്ല..

ഈശോയെ എനിക്കിഷ്ടമാണച്ചോ,കൃഷ്ണനേയും എനിക്കിഷ്ടമാണു..

നിക്ക് കൂട്ടിനു ദൈവങ്ങൾ മതിയച്ചോ..അവരെ വെച്ച് ജീവിക്കുന്ന,തരം പോലെ മാറിക്കൊണ്ടിരിക്കുന്ന മനുഷ്യരെ വേണ്ട..”

ഇച്ചായന്റെ വാക്കു കേട്ട് ചൂളിക്കൊണ്ട് പള്ളിക്കാരു പിരിഞ്ഞു പോയപ്പൊ ചേട്ടായി എന്നോട് ഒന്നു കൂടി പറഞ്ഞു..

“നിന്റെ ഇഷ്ടങ്ങളൊക്കെ എന്റേയും ഇഷ്ടങ്ങളാണു..പക്ഷെ! അതിനുമപ്പുറം ഞാൻ കണ്ടത് മറ്റു പലതുമാണു..

ഒരു അനാഥനായ് ജീവിച്ച അർജ്ജുനു മറ്റെല്ലാവരേക്കാളും ബന്ധത്തിന്റെ വില മനസ്സിലാകും..

അനാഥരെ ചേർത്തു നിർത്തുമ്പൊഴാണു ഈ ലോകം നന്മയുടേതാകുന്നത്..

ഇപ്പൊ നമ്മൾ അനാഥരല്ല..നമുക്കൊരു കുടുംബമുണ്ട്..നമ്മൾ ചേർന്ന കുടുംബം..

മാത്രമല്ലെടീ നിന്നെ കെട്ടിച്ചു വല്ല പുളിമേട്ടിലോട്ടും വിട്ടാൽ ഇച്ചായനു പിന്നെ ആരാ ഉള്ളത്..അങ്ങനിപ്പൊ എന്റെ പെങ്ങളൂട്ടി വല്ലവന്റേം പറമ്പിലെ കപ്പ പുഴുങ്ങണ്ട..

ഇവിടെ ഇണ്ടാകണം..ഇച്ചായന്റെ കൂടെ എന്നും..”

ഇച്ചായനത് പറയുമ്പൊ എന്നെ ചേർത്തു പിടിക്കുന്നുണ്ടായിരുന്നു..ആ കൈകളിലെ സുരക്ഷിതത്വം എത്രമേൽ വലുതാണെന്ന് അനുഭവിച്ചറിയുകയായിരുന്നു ഞാൻ..

ഞങ്ങളിപ്പൊ ഹാപ്പിയാണു..

അപ്പച്ചനും,അമ്മച്ചീം ഹാപ്പിയായിരിക്കാം..

ഇനി നിങ്ങളു പറ എന്റിച്ചായനെ,,ഇച്ചായനാളു മാസല്ലെ..?

(അപ്പൊ പിന്നെ എയ്തണ സോളൊ ഇച്ചായനോ..😇..)

*ശുഭം*🙏..

*സോളൊ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here