Home Nafiya Nafi ഞാനിന്നുമോർക്കുന്നുണ്ട് അന്നാദ്യമായിട്ട അവനെ ചേർത്ത് നിർത്തിയ ദിവസം…

ഞാനിന്നുമോർക്കുന്നുണ്ട് അന്നാദ്യമായിട്ട അവനെ ചേർത്ത് നിർത്തിയ ദിവസം…

0

രചന : Nafiya Nafi

രണ്ടു വർഷത്തിന് ശേഷം നാളെ നാട്ടിലേക്കുള്ള മടക്കമാണ്..
നീണ്ട 28വർഷങ്ങൾ…
പ്രവാസം എന്റെ ജീവിതത്തിന്റെ ഒരേട് തന്നെ കവർന്നിരിക്കുന്നു..

ഇരുപതാo വയസ്സിൽ മമ്മദ്ക്ക കൊണ്ട് വന്ന വിസയിൽ പതിനായിരം രൂപ ശമ്പളത്തിന് ആദ്യമായി വിമാനം കയറുമ്പോൾ ബാപ്പയെന്റെ കൈകളിൽ ഏല്പിച്ച സഹോദരിമാരെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുക എന്നൊരു സ്വപ്നം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്..

നാല് വർഷത്തെ കഠിനധ്വാനം… വിശന്നപ്പോൾ മുണ്ട് മുറുകെ ഉടുത്തും പട്ടിണികിടന്നും ഉറക്കമൊഴിച്ചും സമ്പാദിച്ചു കൊണ്ട് ആ സ്വപ്നം നിറവേറ്റി നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ബാപ്പക്കു കൊടുത്ത വാക്ക് പാലിച്ച നിർവൃതി അല്ലാതെ മറ്റൊന്നും സമ്പാദ്യമായിട്ടില്ലായിരുന്നു.

ഇനിയീ മണ്ണിലേക്കില്ലെന്ന തീരുമാനവുമെടുത്താണ് നാട്ടിൽ പോയതെങ്കിലും ഗൾഫുകാരനെന്ന ലേബലിൽ വിവാഹം കഴിച്ചതോടെ വീണ്ടും ആ കുപ്പായം തന്നെ അണിയേണ്ടി വന്നു.

“നമുക്കൊരു കൊച്ചു വീട് വേണം ഇക്കാ ”
അടച്ചുറപ്പുള്ള ഒരു കുഞ്ഞ് വീട്…
അത് കഴിഞ്ഞാൽ പിന്നെ കൂലിപണി എടുത്തണേലും നമുക്ക് നാട്ടിൽ നിന്നാൽ മതി.. ”
അവളുടെ വാക്കുകൾ എന്റെ കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്.
വിവാഹശേഷം ഹൃദയം പകുത്ത വേദനയോടെ അവളെ പിരിഞ്ഞു പോരുമ്പോൾ അവളുടെ ഉദരത്തിൽ എന്റെ കുഞ്ഞ് ജന്മം എടുത്തിരുന്നു..

അന്ന് മുതലാണ് ഞാൻ എനിക്ക് വേണ്ടി സ്വപ്നം കാണാൻ തുടങ്ങിയത് വീട് വെക്കണം.. എന്റെ കുഞ്ഞിന് എനിക്ക് കിട്ടാത്ത എല്ലാ സുഖങ്ങളോടെയും വളർത്തണം. നല്ല വിദ്യാഭ്യാസം നൽകണം.. അവന്റെ സ്വപ്നങ്ങളെ നിറവേറ്റി കൊടുക്കണം…അങ്ങനെ അങ്ങനെ..

പാതിപൂർത്തിയായ വീട്ടിലേക്ക് രണ്ട വർഷം കഴിഞ്ഞ് ചെല്ലുമ്പോൾ എന്നെ വരവേറ്റത് രണ്ട വയസ്സുകാരനായ എന്റെ മോനായിരുന്നു.

മക്കളുടെ ഓരോ വളർച്ചയുടെ ഘട്ടവും ഫോട്ടോയിലൂടെയും അവളുടെ ഫോൺ വിളികളിലൂടെയും അറിയുന്നത് വല്ലാത്ത അവസ്ഥ തന്നെയാ.. എന്നെപോലെയുള്ള പ്രവാസികൾക്ക് മാത്രം മനസ്സിലാവുന്ന അവസ്ഥ. ഹൃദയം പിടയുമായിരുന്നു അവനെ ഒന്ന് നെഞ്ചോട് ചേർത്ത സ്നേഹിക്കാൻ.. മതിവരുവോളം ഉമ്മ വെക്കാൻ… ലാളിക്കാൻ..

ഞാനിന്നുമോർക്കുന്നുണ്ട് അന്നാദ്യമായിട്ട അവനെ ചേർത്ത് നിർത്തിയ ദിവസം. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ് മതിവരുവോളം ഉമ്മ വെച്ചപ്പോൾ ആരാന്ന് പോലും മനസ്സിലാവാതെ അവൻ കരഞ്ഞത്.. ഒന്നിടപഴകി വരുമ്പോഴേക്കും അനുവദിച്ച ലീവ് കഴിഞ്ഞ് തിരിച്ചു മടങ്ങേണ്ട സമയവും എത്തിയിരിക്കും. വർഷം കൂടുംതോറും വേർപിരിയലിന്റെ വേദന കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല…

വർഷങ്ങൾ പിന്നെയും നീങ്ങിയപ്പോൾ ഓരോ വരവും ഇനിയൊരു തിരിച്ചു പോക്കില്ലെന്ന തീരുമാനവുമായാണ് വരുന്നതെങ്കിലും ഉത്തരവാദിത്തങ്ങൾ.. ചോദ്യങ്ങൾ.. ചെയ്തു തീർക്കേണ്ട കടമകൾ എന്നെ വീണ്ടും വീണ്ടും കടൽ കയറാൻ പ്രേരിപ്പിച്ചു..

ദൈവം എനിക്ക് തണലെന്നോണം മൂന്ന് ആൺമക്കളെ തന്നെങ്കിലും അവർക്ക് ഞാൻ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വീട്ടിലേക്ക് സന്ദർശനത്തിന് വരുന്ന ഒരതിഥി മാത്രമാണ്.. അവരെ അടുത്തിരുത്തി സ്നേഹിച്ചിട്ടില്ല.. ആവശ്യങ്ങൾ പലതും ഭാര്യ മുഖേനെയാണ് അറിയാറുള്ളതും.. മക്കൾക്ക്‌ കൂട്ടുകാരനായിരിക്കണം അവരുടെ ഉപ്പമാർ എന്നറിയാമെങ്കിലും എനിക്കതിന് കഴിയാഞ്ഞത് ഒരുപക്ഷെ അവരുടെ വളർച്ച ദൂരെ നിന്ന് നോക്കിനിൽക്കാൻ മാത്രം കഴിഞ്ഞത് കൊണ്ടാകാം…..

അനുസരണക്കേട് കാണിക്കുമ്പോൾ മുഖം കനപ്പിച്ചാൽ “ബാപ്പ എന്നാ തിരിച്ചു പോകുന്നെ” എന്ന ഉമ്മയോടുള്ള ചോദ്യമാണ് പലപ്പോഴും എന്നെ വേദനിപ്പിച്ചിട്ടുള്ളത്. നാടെത്തി ദിവസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ
ബന്ധുക്കൾക്കും നാട്ടുകാർക്കും പുറമെ വീട്ടുകാരുടെയും “എന്നാ ഇനി മടക്കമെന്നുള്ള ചോദ്യം ശരിക്കും അരോചകം തന്നെയാണ്.

പക്വത കൈവരിക്കും മുൻപ് പ്രവാസത്തിലേക്ക് പറിച്ചു നടുന്നവരിൽ ഒരാൾ തന്നെയാണ് ഞാനും.. മുത്തും പവിഴവും വാരാനല്ലെന്നും എല്ലുമുറിയെ അധ്വാനിച്ചു തന്നെയാണ് പണമുണ്ടാക്കുന്നതെന്ന് മനസ്സിലാക്കാതെ വേണ്ടതും വേണ്ടാത്തതുമായ ആവശ്യങ്ങൾ വീട്ടുകാർ പറയുമ്പോൾ പലപ്പോഴും കേട്ടില്ലെന്ന ഭാവം നടിക്കുമെങ്കിലും ഞാനല്ലാതെ അവർക്കാരാ എന്ന് ചിന്ത കടം വാങ്ങിച്ചും അവരുടെ ആവശ്യങ്ങൾ നിറവേറ്റിയിട്ടേയുള്ളൂ..

എനിക്കൊരു കൈതാങ്ങെന്നോണം മൂത്തവനെ കൂടെ കൂട്ടുമ്പോൾ ഭാര്യയെ പിരിഞ്ഞിരിക്കാൻ വയ്യെന്ന് കാരണം പറഞ്ഞ് അവൻ മടങ്ങിയപ്പോൾ തടയാതിരുന്നത് എന്നെ പോലെ ജീവിതം നഷ്ടപെട്ടവൻ ആവരുത് അവനെന്നെ തോന്നൽ എനിക്കുള്ളതു കൊണ്ടായിരുന്നു.

“നിനക്ക് മൂന്നാൺ മക്കളെ പടച്ചോൻ തന്നിട്ടില്ലേ പിന്നെന്തിനാ നീ കഷ്ടപ്പെടുന്നേ “എന്നുള്ള സുഹൃത്തിന്റെ ചോദ്യത്തിന് മുമ്പിൽ ശരിക്കും എനിക്കുത്തരമില്ലായിരുന്നു.
സ്വന്തം ചുറ്റുപാടു നോക്കി ജീവിക്കുന്ന മക്കൾക്കു മുമ്പിൽ കൊടുത്തു മാത്രം ശീലമുള്ള എനിക്ക് കൈനീട്ടാൻ കഴിയില്ലായിരുന്നു. എല്ലാം ഉപേക്ഷിച്ചു തിരികെ ചെന്നാൽ എന്ത് ചെയ്യുമെന്നുള്ള വേവലാതിയും അതിനു കാരണം തന്നെ..

വീടിന്റെ ഭംഗികൂട്ടലും വാഹനം വാങ്ങലും കല്യാണങ്ങളും ഉള്ളതും ഇല്ലാത്തതുമായ ചടങ്ങുകളും അങ്ങനെ നീളുന്ന ആവശ്യങ്ങളുടെ നീണ്ട പട്ടികയുടെ കൂടെ ദിനംപ്രതി അസുഖങ്ങൾ ഓരോന്നായി എന്നെ പിടിപെടാനും തുടങ്ങി..

ഒരായുഷ്കാലം പ്രവാസത്തിന് ഉഴിഞ്ഞു വെച്ചെങ്കിലും നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ഒന്നും എഴുതപ്പെടാൻ ആഗ്രഹിക്കുന്നില്ല..
പ്രവാസം തന്നെയാണ് അടച്ചുറപ്പുള്ള വീടും സുഖസൗകര്യങ്ങളും എനിക്ക് തന്നത്.. ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റി കൊടുത്ത മക്കൾക്ക് കെട്ടുറപ്പുള്ള ഭാവി ഒരുക്കി കൊടുത്തത്..

തീർന്നില്ല… സമ്പാദ്യം ഒന്നുമില്ലാത്ത എന്നെ ഗൾഫുകാരൻ പ്രമാണിയെന്ന പേര് സമ്മാനിച്ചതും പ്രവാസം തന്നെ..

ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഉറച്ച തീരുമാനം പലയാവർത്തി ഭാര്യയെ അറിയിച്ചപ്പോഴും അവളുടെ മൗനവും സൂചിപ്പിച്ചത് പ്രവാസിയുടെ ഭാര്യ എന്നുള്ള കുപ്പായം അവളും അഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു.

ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു
ഇത്തവണയും മടക്കം പ്രതീക്ഷിച്ചുള്ള തിരിച്ചു പോക്കാണ്..
എങ്കിലും ആഗ്രഹിച്ചു പോകുന്നു….
“വിമാനമിറങ്ങുന്ന സമയത്തിനൊപ്പം എത്ര മാസം ലീവ് ഉണ്ടെന്നു ചോദിച്ച് കൊണ്ടുള്ള മൂത്ത മോന്റെ വാട്സ്ആപ്പ് മെസ്സേജിന് പകരം…
“ഇനിയൊരു തിരിച്ചു പോക്ക് വേണ്ടന്നും മക്കളായി ഞങ്ങളുള്ള കാലം ഇനി ബാപ്പ കഷ്ടപ്പെടേണ്ട എന്നൊരൊറ്റ വാക്ക് മതിയായിരുന്നു..
അന്നം തന്ന മണ്ണിനോട് നന്ദി പറഞ്ഞു കൊണ്ട് എനിക്ക് നഷ്ടപെട്ട ചെറിയ ചില ഇഷ്ടങ്ങളെ മാത്രം കൂട്ടുപിടിച്ചു ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ…

—————
നാഫിയ

LEAVE A REPLY

Please enter your comment!
Please enter your name here