Home Article പെണ്ണുകാണൽ

പെണ്ണുകാണൽ

0

പെണ്ണുകാണൽ

പെണ്ണ് കാണാൻ വേണ്ടി കുളിച്ചൊരുങ്ങി കുട്ടപ്പനായി കൂട്ടത്തിൽ അത്യാവശ്യം ഗ്ലാമർ ഇല്ലാത്തൊരുത്തനെയും കൂട്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്…..
മറ്റു കൂട്ടുകാരെ ആരെയും അറിയിക്കാതെ അതീവ രഹസ്യമായാണ് പദ്ധതി പ്ലാൻ ചെയ്തത്…

മറ്റവന്മാർ അറിഞ്ഞാൽ വേറെ സീൻ ഉണ്ട്…
കൂടെ വരാൻ പലരും വാശി പിടിക്കും..
എല്ലാരേയും കൂട്ടിപ്പോയാൽ പെണ്ണ് കിട്ടില്ലെന്ന് മാത്രമല്ല നല്ല തല്ലും കിട്ടാനുള്ള സാധ്യതയുള്ളതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ആരോടും പറയാതിരുന്നത്….

വണ്ടിയെടുത്ത് സ്ഥിരം സങ്കേതത്തിനടുത്തെത്തിയപ്പോൾ എല്ലാരും അവിടെത്തന്നെയുണ്ട്….
ആകെ മൊത്തം സീൻ കോൺട്ര…
മിണ്ടാതെ പോകാൻ പറ്റില്ല
മൈൻഡ് ചെയ്യാതെ പോയാൽ പിന്നെ അതുവഴിയുള്ള ഒരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട….

മിണ്ടിയാലും സീനാണ്…
എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞില്ലെങ്കിൽ അവിടുന്നും റിലീസ് ആവില്ല…
ഒരു കള്ളം പറഞ്ഞു രക്ഷപ്പെടണമെന്ന് വച്ചാൽ അവരെ കൂട്ടാതെ പോകാൻ പറ്റിയ സ്ഥലങ്ങളെക്കുറിച്ചു യാതൊരു ഐഡിയയും കിട്ടുന്നുമില്ല…

സിനിമ കാണാൻ അവന്മാരെ കൂട്ടാതെ പോകാനേ പറ്റില്ല…
ഡ്രെസ്സെടുക്കാനോ ബീച്ചിലോ മരണവീട്ടിലോ കല്യാണവീട്ടിലോ ഹോസ്പിറ്റലിലേക്കോ ആറ്റിൽ ചാടാനോ…
യാത്ര എങ്ങോട്ടാണെങ്കിലും കൂടെ വരാൻ അവന്മാർ അര മണിക്കൂർ മുൻപേ റെഡിയാണ്….

ആകെക്കൂടി ചക്കവിളഞ്ഞിയിൽ പറ്റിയ ഈച്ചയുടെ അവസ്ഥ…
അടുത്തുള്ള കട വരെ പോകാനാണെന്നും പെട്ടെന്ന് തിരിച്ചു വരാമെന്നും പറഞ്ഞാൽ അവന്മാർ ചിലപ്പോൾ വിട്ടെന്ന് വരും…
പക്ഷേ അപ്പോഴുള്ള ഞങ്ങളുടെ വേഷവും ഭാവവും കണ്ടാൽ ആ ഒരു നുണ അവന്മാർ വിശ്വസിക്കാൻ യാതൊരു സാധ്യതയുമില്ല…..

അവസാനം കൂടെയുള്ളവന്റെ അമ്മാവന്റെ വീട്ടിൽ പൈസ കടം വാങ്ങാൻ വേണ്ടി പോവുകയാണ് ആരെങ്കിലും കൂടെ വരുന്നുണ്ടോന്നു ചോദിച്ചു…
ആ നമ്പർ ശരിക്കും ഏറ്റു…
എല്ലാരും സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി…

അങ്ങനെ വലിയൊരു കടമ്പ ചാടിക്കടന്നു ഞങ്ങൾ പെണ്ണ് വീട്ടിലെത്തി….
വഴിയിൽ വച്ചു ബ്രോക്കറെ പൊക്കിയതിനാൽ വീട് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല….

കയറുന്നതിനു മുൻപ് തന്നെ ആ വീടിന്റെ പാതി തുറന്നൊരു ജനൽപാളിക്കിടയിലൂടെ രണ്ട് കരിംകൂവളക്കണ്ണുകൾ എന്റെ നേരെ നോക്കുന്നത് ശ്രദ്ധയിൽ പെട്ടു…
എന്റെ നോട്ടം അങ്ങോട്ടേക്ക് പതിഞ്ഞ അതേ മൈക്രോ സെക്കൻഡിൽ തന്നെ ആ കണ്ണുകൾ അവിടുന്നും പിൻവലിക്കപ്പെടുകയും ചെയ്തു……

പിന്നെ വീട്ടുകാരന്റെ വകയും വീട്ടുകാരിയുടെയും ഉമ്മൂമ്മയുടെയും വലിഞ്ഞുകേറി വന്ന ഏതോ ഒരു ബന്ധുവിനെയും വക ചോദ്യം ചെയ്യൽ സ്കാനിങ് എക്സ്റേ etc…
നുമ്മക്ക് പിന്നെ പണ്ടേ സഭാകമ്പം ഒട്ടുമില്ലാത്തതിനാൽ പെട്ടെന്ന് തന്നെ അവരെയെല്ലാം ഒടിച്ചു മടക്കി കീശയിലാക്കി…

കക്ഷി ഞാനായതിനാൽ ബ്രോക്കർക്ക് കാര്യമായി ജോലിയൊന്നും ഇല്ലായിരുന്നു…
മൂപ്പര് രാവിലെ ഇറച്ചിക്കറിയാണ് കൂട്ടിയതെന്ന് തോന്നുന്നു…
ഒരു സൈഡിൽ മാറിനിന്നു പാലിന്റിട തോണ്ടുന്ന വളരെ ശ്രമകരമായ ജോലിയിൽ വ്യാപൃതനായി നിന്ന ബ്രോക്കർ കൃത്യ സമയത്ത് തന്നെ ഇടയിൽ ചാടി വീണു…

ഞാൻ എങ്ങനെ ചോദിക്കും എന്ന് കരുതി നിന്ന കാര്യം മൂപ്പര് വളരെ കൂളായി അവതരിപ്പിച്ചു…

പുറത്തുനിന്നും കണ്ണുകൾ കണ്ട അതെ മുറിയിലേക്ക് തന്നെയാണ് അവർ വിരൽ ചൂണ്ടിയത്…

ഏതായാലും ഞാൻ കൂളായി അകത്തേക്ക് കേറിചെന്നു…
ആദ്യ പെണ്ണുകാണലിന്റെ ചങ്കിടിപ്പ് തുടങ്ങിയ നിമിഷങ്ങൾ…

നാണിച്ചു മടിച്ചു മുറിയുടെ മൂലയിൽ തലയും താഴ്ത്തിനിന്ന കരിംകൂവളക്കണ്ണുകാരിയിൽ എന്റെ ദൃഷ്ടി പതിഞ്ഞു…
കാൽപ്പെരുമാറ്റം കേട്ട അവൾ തലയുയർത്തി എന്റെ നേരെ നോക്കി….

മൊഞ്ച് എന്ന് പറഞ്ഞാൽ അതാണ് മൊഞ്ച് നല്ല പാലപ്പത്തിന്റെ നിറവും ചാമ്പക്കാ ചുണ്ടുകളും ചന്ദനക്കവിളുകളും എന്നൊക്കെ പറയണമെന്നുണ്ട്…
പക്ഷേ അത്രക്കൊന്നും ഇല്ല..

ഒരു സാധാ നാടൻ പെൺകുട്ടി… ഇരു നിറത്തിൽ അധികം തടിച്ചിട്ടോ മെലിഞ്ഞിട്ടോ ഒന്നുമല്ലാത്ത വിടർന്ന കണ്ണുകളുള്ള അത്യാവശ്യത്തിന് മാത്രം മൊഞ്ചുള്ളൊരു കുട്ടി…
ഏതായാലും ഒറ്റ നോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി…

മുഖവുരയില്ലാതെ ഞാൻ കാര്യങ്ങൾ ഓരോന്നോരോന്നായി ചോദിച്ചു…
പേര് വിദ്യാഭ്യാസം etc..
അവളെന്നോട് ഒന്നും ചോദിച്ചില്ലെങ്കിലും എന്റെ കാര്യങ്ങൾ ഞാൻ തന്നെ പറഞ്ഞു കൊടുക്കുകയും ചെയ്തു…
അവസാനം ഇഷ്ടമായോ എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടില്ലെന്ന് കരുതിയിരുന്നെങ്കിലും എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇഷ്ടമായെന്നുള്ള മറുപടിയും വന്നു….

പിന്നൊന്നും ചോദിക്കാൻ നിന്നില്ല…
കരയണോ ചിരിക്കണോ തുള്ളിചാടണോ എന്നറിയാതെ കൂട്ടുകാരനെയും കൂട്ടി പുറത്തിറങ്ങിയപ്പോഴും ജനൽ വിടവിൽ ആ കരിംകൂവള കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…

നാട്ടുകാരുടെ ആത്മാർത്ഥ സഹകരണം കൊണ്ട് മുടങ്ങിപ്പോയെങ്കിലും ആദ്യ പെണ്ണുകാണൽ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നൊരു ഓർമ്മയാണ്

LEAVE A REPLY

Please enter your comment!
Please enter your name here