Home Shanavas Jalal ചെയ്യുന്നത് തെറ്റാണെന്നു അറിയാം , എങ്കിലും എനിക്ക് നിന്നെ ഒന്ന് കാണണമെന്നുണ്ട്…

ചെയ്യുന്നത് തെറ്റാണെന്നു അറിയാം , എങ്കിലും എനിക്ക് നിന്നെ ഒന്ന് കാണണമെന്നുണ്ട്…

0

രചന : Shanavas Jalal

“ചെയ്യുന്നത് തെറ്റാണെന്നു അറിയാം , എങ്കിലും എനിക്ക് നിന്നെ ഒന്ന് കാണണമെന്നുണ്ട് , നമ്മൾ എന്നും കണ്ടിരുന്ന ആ പാർക്കിൽ നാളെ ഉച്ച കഴിഞ്ഞു നിനക്കൊന്ന് വരാൻ കഴിയുമോ ” എന്നവന്റെ ചോദ്യത്തിന് , പറ്റില്ലെന്ന് പറയാനാണ് വന്നതെങ്കിലും പെട്ടെന്ന് അവന്റെ നിഷ്ക്കളങ്കമായ മുഖവും ചിരിയും മനസിലേക്ക് ഓടി വന്നത് കൊണ്ടാണ് വരാമെന്ന് സമ്മതിച്ചു ഫോൺ വെച്ചത് ..

റൂമിലെത്തി ബെഡിലേക്ക് കിടന്നപ്പോഴും മനസ്സിൽ എന്തിനായിരിക്കും അവൻ കാണാൻ വരുന്നതെന്ന ചോദ്യമായിരുന്നു , ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ അത് തങ്ങി നിന്നത് കൊണ്ടാകണം സ്വപ്നത്തിൽ പോലും അവന്റെ മുഖമായിരുന്നു നിറഞ്ഞു നിന്നത് …

കോളേജ് ലൈഫിലെ ആദ്യ ദിനത്തിൽ തന്നെ കണ്ണിലുടക്കിയിരുന്നു റാഷിയെ , പൂച്ചക്കണ്ണും , നല്ല ചിരിയും ഞങ്ങൾ പെൺകുട്ടികൾക്കിടയിൽ അവനൊരു സംസാരവിഷയമാകാൻ ഇത് തന്നെ ധാരാളമായിരുന്നു ..

മനസ്സിൽ തോന്നിയ ഇഷ്ടം അവനോട് പറയാൻ കൊതിച്ചുവെങ്കിലും , ഫ്രണ്ട്സിനൊപ്പം അല്ലാതെ അവനെ തനിച്ചു കിട്ടാൻ വളരെ പ്രയാസമായിരുന്നു , എങ്കിലും ഇനി വരെ ആരെങ്കിലും പൂച്ചക്കണ്ണനെ തട്ടികൊണ്ട് പോകുമോന്ന് ഭയന്നാണ് , അവൻ വരുന്ന വഴിയിൽ കയറി നിന്നിട്ട് , അവന്റെ മുഖത്തു നോക്കാതെ , എനിക്ക് റാഷിയെ ഇഷ്ടമാ , അല്ല എന്റെ ജീവനണന്ന് പറഞ്ഞു അവിടെ നിന്ന് തിരിഞ്ഞു നടന്നത് ..

ആദ്യമൊക്കെ അവൻ ഒഴിഞ്ഞു മാറിയെങ്കിലും , ഞാൻ വിടാതെ കൂടെ കുടിയിട്ടാകണം പൂച്ചക്കണ്ണനും ഇഷ്ടം അറിയിച്ചത് , ഒരുപക്ഷേ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ , പിന്നെ പിന്നെ അവനായിരുന്നു എന്റെ ചിന്തകളിൽ എപ്പോഴും ..

” ഹേയ് നിന്റെ റിങ്ങ് മൂക്കുത്തി എവിടെ “, എന്നവന്റെ ചോദ്യത്തിന് , ഇന്നലെ എവിടെയോ ഊരി വെച്ചതാ പിന്നെ നോക്കിയിട്ട് കണ്ടില്ല എന്നെന്റെ മറുപടിക്ക് മുഖം മങ്ങുന്നത് കണ്ടിട്ടാ എന്താ റാഷി എന്ന് ഞാൻ തിരിച്ചു ചോദിച്ചത് , പെണ്ണെ നീ എന്നോട് ചോദിക്കില്ല എന്താണ് എന്നിൽ ഏറ്റവും കൂടുതൽ ഇഷ്ടമായതെന്ന് , അതിൽ ഒന്നാം സ്ഥാനമായിരുന്നു ആ മൂക്കുത്തിക്ക് എന്ന അവന്റെ മറുപടി കേട്ടിട്ട് , വീട് മൊത്തം അരിച്ചു പെറുക്കിയെങ്കിലും അത് മാത്രം തിരിച്ചു കിട്ടിയില്ല …

“നീ എന്താണ് ആദ്യം എന്നോട് ഇഷ്ടം പറയാതെ ഒഴിഞ്ഞു മാറിയത് റാഷി ” എന്നവനോട് ആദ്യം ഞാൻ ചോദിച്ചത് ഞങ്ങൾ രണ്ടും ഒരുമിച്ച് ആ പാർക്കിൽ എത്തിയ ദിനമായിരുന്നു …

ആര് പറഞ്ഞു ഇഷ്ടമില്ലാതിരുന്നുവെന്നു , നീ മറ്റൊരാണിനോട് സംസാരിക്കുന്നത് പോലും എനിക്ക് പിടിക്കാതെ ആയപ്പോഴാണ് സത്യത്തിൽ നിന്നോട് എനിക്ക് മുടിഞ്ഞ പ്രണയമാണെന്ന് അറിഞ്ഞത് , പിന്നെ കോളേജിലെ വാനമ്പാടിക്ക് ഒരുപാട് ആരാധകരുണ്ടെന്ന് അറിഞ്ഞപ്പോൾ ആ ഇഷ്ടം മനസ്സിൽ തന്നെ ഒതുക്കി നീ വന്ന് പറയും വരെയും എന്നവന്റെ വാക്കിനു സമ്മാനമായി ആദ്യമായി അവനൊരു ചുംബനം നൽകി …

ആദ്യം ആദ്യം എല്ലാം എനിക്ക് മനസിലാകുമായിരുന്നുവെങ്കിലും , എങ്ങോട്ടു ഇറങ്ങിയാലും, അപരിചതരോട് ഞാൻ മിണ്ടുന്നതുമൊക്കെ ഞങ്ങൾക്കിടയിലെ ചെറിയ ചെറിയ പൊട്ടിത്തെറികൾക്ക് വഴി വെച്ചുവെങ്കിലും , ഒരിക്കലും അകലാൻ കഴിയില്ലെന്ന ഞങ്ങളുടെ വിശ്വാസം വീണ്ടും ഞങ്ങളെ ഒന്നാക്കി ചേർക്കുമായിരുന്നു …

പക്ഷേ പ്രണയത്തിന്റെ രസങ്ങൾക്കിടയിൽ അവന്റെ സ്വാർത്ഥത കൂടി വന്നപ്പോൾ അവനിൽ നിന്നും മാറി നടക്കാൻ ഞാൻ ശ്രമിച്ചു തുടങ്ങിയിരുന്നു , ആദ്യം ആദ്യം അവൻ പുറകിൽ വരുവാൻ ശ്രമിക്കുമായിരുന്നുവെങ്കിലും എന്റെ അവഗണന മനസ്സിലായിട്ടാകണം അവനും പിന്നെ അവന്റെ ജീവിതവുമായി മുന്നോട്ട് നീങ്ങി …

കോളേജ് ലൈഫിൽ അവസാന ദിനം അവനെയൊന്ന് കാണണമെന്നുണ്ടായിരുന്നവെങ്കിലും , കാത്തിരുന്ന് വൈകിയപ്പോഴാണ് ആ ആഗ്രഹവും ഉപേക്ഷിച്ചു ഞാൻ വീട്ടിലേക്ക് തിരിച്ചത് , ക്ലാസ് കഴിഞ്ഞത് കൊണ്ടാകണം പെട്ടെന്ന് വന്ന ഒരാലോചനയിൽ വീട്ടുകാർ സമ്മതം നൽകി എന്റെ വിവാഹം നടന്നപ്പോഴേക്കും പതിയെ റാഷിയെയും ഞാൻ മറന്നു തുടങ്ങിയിരുന്നു
………………

മൂന്ന് വർഷങ്ങൾക്ക് ശേഷം അവനെ കാണാൻ വേണ്ടി , ആ പാർക്കിലേക്ക് ഞാൻ തിരിക്കും മുമ്പേ അവൻ വിളിച്ച നമ്പരിൽ ഒന്നുടെ വിളിച്ചു ഞാൻ ഇറങ്ങിയെന്ന പറഞ്ഞപ്പോഴും ഞാൻ ഇവിടെയുണ്ടെന്ന് അവൻ മറുപടി നൽകിയിരുന്നു .. പാർക്കിൽ എത്തി സ്ഥിരം ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നടുത്തപ്പോഴേക്കും എനിക്ക് കാണാൻ കഴിഞ്ഞരുന്നു എന്റെ ഇഷ്ട കളർ ലൈറ്റ് ബ്ലൂ ഷർട്ടിൽ ചിരിച്ചു നിൽക്കുന്ന റാഷിയെ ..

“എന്തെ കാണണമെന്ന് പറഞ്ഞതെന്ന് ” ചോദിച്ചു ഇടയിലുണ്ടായിരുന്ന നിശ്ശബ്ദതയെ മുറിച്ചത് ഞാൻ ആയിരുന്നു .. “ഒന്നും ഇല്ലെടോ , കഴിഞ്ഞ മാസം ജോലിയിൽ കയറിയിരുന്നു .. ആദ്യം കിട്ടിയ ശമ്പളം ഇഷ്ടമുള്ളവർക്ക് ചിലവാക്കാൻ തോന്നിയത് കൊണ്ട വീട്ടിൽ എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സ് എടുത്തു , ഇഷ്ടമുള്ളതെന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് നിന്റെ മുഖമായിരുന്നു , അത് കൊണ്ട് തന്നെ ആദ്യം വാങ്ങിയ സമ്മാനവും നിനക്ക് തന്നെയായിരുന്നു “എന്ന പറഞ്ഞു കയ്യിൽ കരുതിയ പൊതി തുറന്നപ്പോഴേക്കും ഒരു റിങ്ങ് മൂക്കുത്തി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു …

“ഇഷ്ടമാകുമോന്ന് അറിയില്ല , എങ്കിലും നീ ഇതൊന്ന് ഇട്ട കാണാണമെന്ന് ഒരു ആഗ്രഹമുണ്ട് “എന്നവന്റെ വാക്ക് കേട്ട് അത് വാങ്ങി ഇട്ടിട്ട് ഊരി അവന്റെ കയ്യിലേക്ക് കൊടുക്കാൻ നേരം , അവിടെ കിടന്നോട്ടെ എനിക്ക് കാണാൻ തോന്നുമ്പോൾ ദൂരെ നിന്നെങ്കിലും ഞാൻ കണ്ടിട്ട് പൊക്കോളാം എന്നവന്റെ വാക്കിൽ കണ്ണ് നിറഞ്ഞിരുക്കുന്നത് കണ്ടിട്ടാണ് ഞാൻ വീണ്ടും ആ മൂക്കുത്തി ഇട്ടത് …

“ഞാൻ പൊക്കോട്ടെന്ന ചോദ്യത്തിന് , ചിരിച്ചു കൊണ്ട് തലയാട്ടിയിട്ട് , ഞാനൊരു പാവമായി പോയി അല്ലിയോടി .. ശപിക്കല്ലേ പെണ്ണെ ഒത്തിരി ഇഷ്ടം കൂടിയിട്ട് തന്നെയാ ഞാൻ നിന്റെ കാര്യങ്ങളിൽ അത്രത്തോളം സ്വാർത്ഥത കാണിച്ചതെന്ന് അവൻ പറഞ്ഞപ്പോഴും “, നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ മനസ്സിലാക്കി തരുന്നുണ്ടായിരുന്നു ,

“ആത്മാർത്ഥമായ സ്നേഹമുള്ളിടത്തെ സ്വാർത്ഥതയും ഉണ്ടാകാറുള്ളൂ എന്നത് ….”

LEAVE A REPLY

Please enter your comment!
Please enter your name here