Home Article അനാഥൻ

അനാഥൻ

0

അനാഥൻ

ഇന്നും അച്ഛൻ എന്നെ ഒരുപാട് തല്ലി .

ഞാൻ എന്ത് തെറ്റാണ് ചെയ്തത് ?.

ശെരിയാണ് എന്തിന്റെ പേരിലായാലും ഒരു മകൻ ഒരിക്കലും തന്റെ അച്ഛനെ ചോദ്യം ചെയ്യാൻ പാടില്ല
കാരണം അച്ഛന്റെ ഒരു തുള്ളി രക്തത്തിലെ കോടാനു കോടി അണുക്കളിലെ ഒരു അണുവാണ്‌ ഞാനായി വളർന്ന് ഇന്ന് അച്ഛന് നേരെ നിന്ന് സംസാരിക്കുന്നത് .

അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നത് കാരണം എന്നെ ഗർഭം ധരിച്ചിരിച്ചപ്പോൾ ഈ കുട്ടി വേണ്ട എന്ന് വെക്കാൻ പലരും പറഞ്ഞിരുന്നത്രെ.

കല്യാണം കഴിയുമ്പോൾ അമ്മക്ക് വയസ് നന്നേ കുറവായിരുന്നു .

അച്ഛനും അമ്മയും സ്നേഹിച്ചു കല്യാണം കഴിച്ചതാണ് അതും രണ്ട് വീട്ടുകാരുടെയും പൂർണ്ണ സമ്മതപ്രകാരം .

എന്നെ ഗർഭത്തിലേ ഇല്ലായ്മ ചെയ്യാൻ കുടുംബക്കാർ പറയുമ്പോൾ അച്ഛൻ ഉത്തരമില്ലാതെ അമ്മയുടെ മുഖത്തേക്കൊന്ന് നോക്കുമത്രേ .

പക്ഷെ അമ്മയുടെ അതിനുള്ള മറുപടി……

“എനിക്കൊന്നും വരില്ല ഏട്ടാ .. എന്ന് മൗനമായി പറയും”

ഞാൻ ജനിച്ച് ഈ പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും അമ്മയെ വേദനിപ്പിച്ചിട്ടില്ല കാരണം അമ്മയുടെ വയറ്റിൽ ഞാൻ എല്ലാം കേട്ട് കിടക്കുകകയായിരുന്നില്ലേ ..

പക്ഷെ ഏത് മാത്രയിലാണ് അച്ഛന് അമ്മയെ വേണ്ടാതായത് ?..

എനിക്കുത്തരം കിട്ടാത്ത ഒരു സമസ്യ പോലെ ഞാൻ പലതവണ ആ ചോദ്യം എന്നോട് ചോദിക്കുമായിരുന്നു .

എനിക്കോർമ്മ വെച്ച കാലം മുതൽ കണ്ണുകൾ ഈറനണിഞ്ഞല്ലാതെ അമ്മയെ ഞാൻ കണ്ടിട്ടില്ല

പലപ്പോഴും അമ്മ എനിക്ക് പകർന്നു തന്നിരുന്ന പ്രാതലിൽ അമ്മയുടെ കണ്ണ് നീരിന്റെ കൈപ്പ് എനിക്ക് അനുഭവപെട്ടിട്ടുണ്ട് .

അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക് കേട്ടാണ് എന്നും എന്റെ ദിനങ്ങളുടെ തുടക്കം അതും ഏതോ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് .

കണ്ണ് തിരുമ്മി ഉറക്കമെഴുന്നേറ്റ് വരുന്ന എനിക്കായ് കരുതി വെച്ച ഒരു കണി പോലെ.

തന്റെ ആരോഗ്യ സ്ഥിതി മോശമായിട്ടും എന്നെ ഗർഭം ധരിച്ചത് മുതൽ എന്റെ ജനനം വരെ ദിന രാത്രങ്ങൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന എന്റെ അമ്മ ….

എന്നെ മുലയൂട്ടി ഞാൻ പിച്ച വെച്ചു നടക്കുമ്പോൾ അമ്മയുടെ കൈ വിരൽ കൊണ്ട് എന്റെ ഓരോ ചലനത്തിലും എനിക്ക് താങ്ങായി നിന്ന എന്റെ അമ്മ ..

പിന്നീടെപ്പഴോ എനിക്കോർമ്മ വെച്ച് തുടങ്ങിയ കാലത്ത് എന്നെ മടിയിലിരുത്തി താരാട്ട് പാടിയുറക്കുമ്പോൾ അമ്മയുടെ കണ്ണ് നീരാൽ എന്റെ മുഖം പൊള്ളിയിട്ടുണ്ട് .

പലപ്പോഴും ഒരു വാടിയ പനി നീർപ്പൂവു പോലെ ആയിരുന്നു എന്റെ അമ്മ .

ആദ്യമൊക്കെ അച്ഛന് വലിയ സ്നേഹമായിരുന്നു .

പക്ഷെ ഇപ്പോൾ അച്ഛൻ ….

ഇന്ന് പന്ത്രണ്ടു വയസുകാരനായ എനിക്ക് എന്നും എന്റെ അച്ഛനെ ചോദ്യം ചെയ്യേണ്ടി വരുന്നു .

മനപ്പൂർവമല്ല എന്റെ അമ്മയുടെ കണ്ണീരിനു മുന്നിൽ ഞാൻ നിസ്സഹായനായി ചെയ്തു പോകുന്നതാണ് .

വളരേ പേര് കേട്ട തറവാടാണ് അച്ഛന്റേത് കണക്കില്ലാത്ത സ്വത്ത് .

അമ്മയാണെങ്കിലോ ഒരു കൂലിപ്പണിക്കാരന്റെ മകൾ പക്ഷെ ആ അന്തരമൊന്നും അവരുടെ കല്യാണത്തിന് ഒരു വിലങ്ങു തടിയായിരുന്നില്ല .

നാട്ടിലെ പ്രമാണിമാർക്കെന്തും ആവാമല്ലോ എന്ന മട്ടിലാണ് അച്ഛന്റെ ഈ പ്രവർത്തി .

ഇന്ന് ഞാനൊന്നു തീരുമാനിച്ചിട്ടുണ്ട്

അച്ഛൻ പോകുമ്പോൾ അച്ഛന്റെ കൂടെ പോകുക തന്നെ ചെയ്യും . ആ സ്ത്രീയുടെ കാലിൽ വീണായാലും വേണ്ടില്ല എന്റെ അമ്മയുടെ കണ്ണീരിനൊരു അവസാനം കാണണം പാവം കരഞ്ഞു കരഞ്ഞു ആകെ വല്ലാണ്ടായിരിക്കുന്നു .

രാത്രി പതിനൊന്നു മണി .

അച്ഛൻ എന്നത്തേയും പോലെ പുറത്തിറങ്ങി .

ഞാൻ മെല്ലെ മുഖത്ത് നിന്ന് പുതപ്പ് മാറ്റി അമ്മയെ നോക്കി. ക്ഷീണം കൊണ്ട് അമ്മ ഉറങ്ങിയിരിക്കുന്നു .

അഗാധമായ ഉറക്കത്തിൽ ആ നിഷ്കളങ്ക മുഖത്തെ
തിളക്കമെല്ലാം മായ്ഞ്ഞിരിക്കുന്നു .

അമ്മ നന്നായി ഉറങ്ങട്ടെ . തിരിച്ചു വരുമ്പോൾ ആ വാർത്ത കേട്ട് എന്നെ പ്രസവിച്ചതിൽ അമ്മ അഭിമാനം കൊള്ളും അപ്പോളമ്മയുടെ മുഖത്തുണ്ടാവുന്ന സന്തോഷത്തിന്റെ ആ തിളക്കം എനിക്ക് കാണാൻ തിടുക്കമായി.

ഞാനൊന്നു മന്ദഹസിച്ചു മെല്ലെ വാതിൽ തുറന്നു പുറത്തിറങ്ങി .

അച്ഛൻ നടന്ന് കുറച്ചകലെ എത്തിയിരിക്കുന്നു .

ഞാൻ അച്ഛനെ പിന്തുടർന്നു

പാട വരമ്പത്ത്കുടെ നടക്കുന്ന സമയം അച്ഛൻ കാലിലെന്തോ പിണഞ്ഞത് പോലെ പെട്ടെന്ന് നിന്നു .

അച്ഛൻ എന്തൊ പരതുന്നുണ്ട് ചുറ്റും നോക്കുന്നുണ്ട്
ഞാൻ മെല്ലെ മറഞ്ഞു നിന്നു .

അച്ഛൻ വീണ്ടും നടന്ന് തുടങ്ങി .

പിന്തുടർന്ന് ഞാനും .

അവരുടെ വീട്ടിലേക്ക് കയറിയതും അച്ഛൻ വളരേ ഉച്ചത്തിൽ ഇപ്രകാരം പറഞ്ഞു .

” ഒരിക്കൽ എനിക്ക് ബോധം നഷ്ടപെട്ട ഒരു മാത്രയിൽ നിന്നെ പ്രാപിക്കേണ്ടി വന്നു പക്ഷെ അതിന് ശേഷം ഇന്നേ വരെ അറിഞ്ഞു കൊണ്ടോ അറിയാതെയോ നിന്നെ ഞാൻ തൊട്ടിട്ടില്ല .

എന്നിട്ടും എന്തിനു നീയെന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നു . നീ എന്നോട് ആവശ്യപ്പെട്ടതിൽ അധികം ഞാൻ തന്നു കഴിഞ്ഞു .

ഇനി നിന്റെ മുന്നിൽ ഞാൻ മുട്ട് മടക്കില്ല .

കാരണം ഇതിന്റെ പേരിൽ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ഭാര്യയും മകനും ഇന്നെനിക്ക് എതിരാണ് .

ഇനി ഞാനതിനു വഴി കൊടുക്കില്ല അത് ഞാൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു “.

അച്ഛന്റെ ഈ വാക്കുകൾ കേട്ട് വീടിന്റെ പിറകിൽ ഒളിഞ്ഞിരുന്ന എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി . എത്രയും പെട്ടെന്ന് ഇത്‌ അമ്മയെ അറിയിക്കണം .

ഞാൻ വേഗം അവിടെ നിന്ന് ഓടി .

ദൂരം കൂടിയത് പോലെ എനിക്ക് തോന്നി .

പാട വരമ്പത്തു കയറിയതും പെട്ടെന്ന് കാലു തെന്നി കാൽമുട്ട് കുത്തി വീണു .

അമ്മ എന്നെ മനു എന്ന് വിളിച്ചത് പോലെ തോന്നി .

കാൽ മുട്ടിൽ ചെറുതായി ചോര പൊടിയുന്നുണ്ട് .

സാരമില്ല കാരണം ഇപ്പോഴെനിക്കുള്ള സന്തോഷത്തിൽ എന്റെ ജീവൻ പോയാലും കുഴപ്പമില്ല .

വീടിന്റെ വാതിൽ തള്ളിത്തുറന്ന് അമ്മ കിടക്കുന്ന മുറിയിലേക്ക് കയറിയതും ..…..

എന്റെ തലയിൽ എന്തൊ തട്ടി .

ലൈറ്റ് ഇട്ടു നോക്കിയപ്പോൾ ഒരു പന്ത്രണ്ടു വയസ്സ് കാരന് ജീവിതത്തിൽ കാണാൻ കഴിയുന്നതിൽ ഏറ്റവും ഭയാനകരമായ കാഴ്ച .

സത്യം മനസ്സിലാക്കാൻ കാത്തു നിൽക്കാതെ ഒരു മുഴം കയറിൽ അമ്മ തന്റെ ജീവൻ അവസാനിപ്പിച്ചിരിക്കുന്നു .

ആ പുറത്തേക്കു തൂങ്ങി നിൽക്കുന്ന നാക്കും തുറിച്ച കണ്ണുകളും മുഷ്ടി ചുരുട്ടിയ കൈകളും എന്നെ വല്ലാതെ ഭയപ്പെടുത്തി .

ആ കാഴ്ച കണ്ട നടുക്കം മാറുന്നതിനു മുൻപ് ഉമ്മറത്തു ആംബുലൻസിന്റെ ശബ്ദം കേട്ട് അങ്ങോട്ട്‌ ചെന്നു .

വെള്ള പുതച്ച ഒരു മൃത ശരീരം ആരൊക്കെയോ താങ്ങിപിടിച്ചു അകത്തളത്തിൽ കൊണ്ട് വന്നു വെച്ചു .

വല്യമ്മാമ വന്നെന്നെ ചേർത്തു പിടിച്ചു .

ആരോ മുഖത്തെ തുണി മാറ്റിയതും….

അച്ഛൻ …

അച്ഛന്റെ വെളുത്ത ശരീരം മുഴുവൻ നീല വർണ്ണം പൂശിയത് പോലെ .

പാമ്പ് കടിയേറ്റാണത്രെ അച്ഛൻ മരിച്ചത് .

ഒരൊറ്റ രാത്രി കൊണ്ട് ഞാനീ ലോകത്ത് തീർത്തും അനാഥനായി .

എന്നോട് ഒരു വാക്ക് പോലും പറയാതെ ഒരു കയറിൻ തുമ്പിൽ ജീവനവസാനിപ്പിച്ച അമ്മയാണോ അതോ എന്തൊക്കെയോ മാനസ്സിലുറപ്പിച്ചു അമ്മയുമായുള്ള ഒരു പുതിയ ജീവിതത്തിന് അടിത്തറ പാകാനായി ഈ വീടിന്റെ പടിയിറങ്ങിപ്പോയിട്ട് അവസാനം ചേതനയറ്റു എന്റെ മുന്നിൽ കിടക്കുന്ന അച്ഛനാണോ എന്നെ തോല്പിച്ചത് ………..?

അമ്മയുടെ ആത്മഹത്യ കുറിപ്പ് ഇപ്രകാരമായിരുന്നു .

എന്റെ പ്രിയപ്പെട്ട രാജേട്ട..

ഞാൻ രാജേട്ടനോട് എന്നും വഴക്കിട്ടിരുന്നത് രാജേട്ടനോടുള്ള ദേശ്യം കൊണ്ടോ അല്ലെങ്കിൽ വെറുപ്പ്‌ കൊണ്ടോ അല്ല മറിച്ചു രാജേട്ടനെ എനിക്ക് നഷ്ടപെടുമെന്നുള്ള പേടി കൊണ്ടാണ് .

എവിടെയാ രാജേട്ടന് പിഴച്ചത് എന്നെ വെറുത്തത് . ഇത്രെയും കാലം ഞാൻ മനുവിന് വേണ്ടിയാണു ജീവിച്ചത്. എന്റെ കുട്ടി ഒരുപാട് സഹിച്ചു . പാവം അവന് പോലും ഒരു നല്ല അച്ഛനും അമ്മയുമാവാൻ നമുക്ക് കഴിഞ്ഞില്ലല്ലോ രാജേട്ടാ .

അവനെ നന്നായി നോക്കണം . ഇന്റെ കുട്ടി എന്നെയോർത്തു ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് . അവനെ വിഷമിപ്പിക്കരുത് .
ഞാൻ പോകുന്നു .

എന്ന് രാജേട്ടന്റെ സ്വന്തം ലക്ഷ്മി .

കത്തിന്റെ അവസാനം മനു എന്ന് നീട്ടിയെഴുതി അമ്മ എന്തോ എഴുതാൻ തുനിഞ്ഞിട്ടുണ്ട്. അത് എന്താണെന്നു അമ്മക്ക് മാത്രമറിയുന്ന സത്യം .

ഞാൻ ആ കത്ത് അച്ഛന്റെ ചെവിയിൽ ഒരിക്കൽ വായിച്ചു കേൾപ്പിച്ചു കാരണം ജീവിതമോ അവർക്ക് നഷ്ടപ്പെട്ടു. സ്വർഗ്ഗത്തിലെങ്കിലും അവർ പരസ്പരം മനസ്സിലാക്കി ഒന്നിച്ചു ജീവിക്കട്ടെ …

മനുവേട്ടാ ….

(പിന്നിൽ നിന്ന് എന്റെ ഭാര്യ സോബിയുടെ ശബ്ദം )

മനുവേട്ടൻ എന്തെടുക്കുവാ ഇവിടെ മോനിതാ അച്ഛനെ കാണാണ്ട് കരയുന്നു .

അയ്യോ ….. അച്ഛന്റെ കണ്ണനെന്തിനാ കരയുന്നത് അച്ഛനെങ്ങും പോയില്ലല്ലോ ഇനി പോകുകയും ഇല്ല .

അച്ഛൻൻൻ … കണ്ണന് അമ്പിളി മാമനെ കാണിച്ച് തരാട്ടോ ….

ഞാൻ മുറ്റത്തേക്കിറങ്ങി .

ഇന്നെന്താണാവോ ചന്ദ്രന് പ്രകാശം കുടുതലുണ്ടല്ലോ.

ചന്ദ്രന് കുറച്ചകലെയായി രണ്ടു നക്ഷത്രങ്ങൾ കൂടി നിൽക്കുന്നു .

അച്ഛൻ അമ്മ

അവർ പരസ്പരം എന്തൊ പറയുന്നുണ്ട് എന്നെ കണ്ടതും അവരൊന്ന് ചിരിച്ചു .

അവരെ ഒന്നിച്ചു കണ്ട സന്തോഷത്തിൽ ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അവനെയൊന്നു ചുംബിച്ചു എന്റെ കണ്ണനെ എന്റെ ഉണ്ണിക്കണ്ണനെ .

 

രചന ; Abdurahman

LEAVE A REPLY

Please enter your comment!
Please enter your name here