Home Article പൂർവ്വ കാമുകി

പൂർവ്വ കാമുകി

0

പൂർവ്വ കാമുകി

“ചേട്ടാ എന്നോടെന്തിനായിരുന്നു ഈ ഒളിച്ചുകളി?” ..

പ്രതീക്ഷിക്കാതെയുളള അവളുടെ ആ ചോദൃം കേട്ട് ഞാനൊന്നു പകച്ചു..

“എന്താ മോളൂ.. എന്താ കാരൃം?” വിറയലോടെ ഞാൻ ചോദിച്ചു…

“ഏട്ടനെന്നോട് ഒന്നും ഒളിക്കുന്നില്ലേ? അവളെന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…

ആ കണ്ണുകളിലെ തീഷ്ണതയിൽ ഞാൻ ചൂളിപ്പോയിരുന്നു..

ഒന്നും മിണ്ടാതെ ഞാൻ പതിയെ ബെഡ്ഡിലേക്കു ചുരുണ്ടു കൂടി… അവളുടെ ഈ ദേഷൃത്തിന്റെ കാരണം എനിക്കേകദേശം പിടികിട്ടിയിരുന്നു… കുഞ്ഞു കുട്ടികളുടെ മനസ്സാണ് അവൾക്ക് എന്നത് എന്റെ ഭയം ഇരട്ടിപ്പിച്ചു.. തൽക്കാലം ഒന്നും മിണ്ടാതെ കിടക്കുന്നതാണ് നല്ലതെന്നു എനിക്കു തോന്നി…

പിന്നീട് അവളുടെ തേങ്ങൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്..

“എന്താ മോളേ ഇത്..ഇങ്ങിനെ കരഞ്ഞാലോ.. ഇതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്?. ഞാൻ ചോദിച്ചു..

“ഏട്ടാ…ഏട്ടനിത് വലിയകാരൃമല്ലായിരിക്കാം..
പക്ഷെ ഏട്ടന്റെ എല്ലാ കാരൃങ്ങളും അറിയാമെന്നു വീമ്പടിച്ചിരുന്ന എനിക്കിത് വലിയകാര്യം തന്നെയാണ്..എന്റെ അടുത്ത് പറയാൻ മടിക്കേണ്ട കാര്യമുണ്ടായിരുന്നോ ഏട്ടാ..അത്രക്ക് ബന്ധമേ നമ്മൾ തമ്മിലുണ്ടായിരുന്നുളളൂ?… അവൾ സങ്കടത്തോടെ പറഞ്ഞു…

ഇപ്പോഴാ കാര്യത്തിന്റെ സീരിയസ്നെസ്സ് എനിക്കു മനസ്സിലായത്..

സംഭവം ഞാനൂഹിച്ചതു തന്നെ “നിഷ” തന്റെ പൂർവ്വ കാമുകി..എങ്ങിനെയെങ്കിലും ഇവൾ അറിഞ്ഞു കാണും.. ഇത്രയും നാൾ ഞാൻ ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു..ഒരു പെണ്ണിനോട് ഞാൻ സംസാരിക്കുന്നതിനുപോലും എന്നോട് തട്ടികയറിയിരുന്ന ഇവൾ അതറിഞ്ഞാലുളള അവസ്ഥ ആലോചിച്ചാണ് ഇതു വരെ ഒന്നും പറയാതിരുന്നത്..ഇന്നത്തോടെ എല്ലാം തീർന്നു… എന്തായാലും ഇനി കീഴടങ്ങുകയേ നിവൃത്തിയുളളൂ..

“നീയറിഞ്ഞത് ശരിയാണ്..കല്യാണത്തിനു മുമ്പ് പറയണമെന്നു കരുതിയതാണ്..എന്തു കൊണ്ടോ എനിക്കതിനു കഴിഞ്ഞില്ല..കാരണം നിന്നെയെനി ക്ക് നഷ്ടപെടുമോ എന്നുവരെ ഞാൻ ഭയപ്പെട്ടിരുന്നു.. എല്ലാം എന്റെ തെറ്റാണ്..ഞാനത് മറച്ചു വയ്ക്കരുതായിരുന്നു… “മാപ്പ്” ഞാനപേക്ഷിച്ചു…

“പിന്നീടായാലും ഏട്ടനെന്നോട് പറഞ്ഞിരുന്നെങ്കി ൽ എനിക്കൊരു പ്രശ്നവുമില്ലായിരുന്നു..എല്ലാ കാര്യങ്ങളും എന്നോട് പറയുന്നതല്ലേ… ഇതിപ്പോ സുധമ്മായി പറഞ്ഞു കേട്ടപ്പോ ഞാനാകെ ചൂളിപ്പോയി..” അവൾ സങ്കടത്തോടെ പറഞ്ഞു.

അപ്പോ അമ്മായിയാണ് എല്ലാം തകർത്തത്.. അമ്മായിക്കു പണ്ടേ ഒരു വിരോധം ഉളളതാ എന്നോട്..ഞാനോർത്തു…

“ഇപ്പോഴും ചേട്ടന് പഴയ പ്രശ്നങ്ങളുണ്ടോ? എന്നമ്മായി ചോദിച്ചപ്പോ എന്റെ തൊലിയുരിഞ്ഞു പോയി..നമ്മളിത്ര ഇടപഴകിയിട്ടും ചേട്ടനെന്നോട് പറയാനോ എനിക്കത് മനസ്സിലാക്കാനോ കഴിഞ്ഞില്ലല്ലോ?..”

“പോട്ടെ മോളൂ വിട്ടു കള..നാറ്റക്കേസ്..ആ സമയത്ത് വേദന തോന്നിയെങ്കിലും പിന്നീട് അത് മാറി.. കല്ല്യാണം കഴിഞ്ഞേപ്പിന്നെ ഒരിക്കലും ഞാനാ വഴിക്കു ചിന്തിച്ചിട്ടില്ലാ..എനിക്കു നീ തരുന്ന സ്നേഹം മാത്രം മതി മോളൂ” ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“ശരി..ഞാൻ വിട്ടുകളയാം..ഇനി ഇങ്ങനെ ഒന്നും മറയ്ക്കരുത്..എന്തായാലും ഒഴിഞ്ഞു പോയല്ലോ അതു തന്നെ ഭാഗൃം..എത്രയോ ആളുകൾ ഇക്കാരണം കൊണ്ട് ജീവിതത്തിൽ വിഷമിക്കുന്നു കഷ്ടപ്പെടുന്നു..”അവൾ പറഞ്ഞു..

“ശരിയാണ്..ഞാൻ നിന്നോട് പറയേണ്ടതായിരുന്നു എന്തായാലും നീ എന്നെ മനസ്സിലാക്കിയല്ലോ അതു തന്നെ വലിയകാര്യം..” ഞാനതു പറഞ്ഞതും അവളെന്നെ കെട്ടിപിടിച്ചു..

“സോറി ചേട്ടാ!.. ദേഷ്യപെട്ടതിന്..ഇനിയൊരിക്കലും ഈക്കാര്യം ചോദിച്ച് ഞാൻ ചേട്ടനെ ബുദ്ധിമുട്ടിക്കി ല്ലാട്ടോ സതൃം..”

ഇത്രേയുണ്ടായിരുന്നുളളൂ ഇവൾ..വെറുതെ കുറച്ചു നാൾ ടെൻഷനടിച്ചു..ഞാനോർത്തു…

**** നിങ്ങളിത് ഒന്നു കൂടെ വായിക്കുമെന്ന് എനിക്കു തോന്നുന്നു..ചിലസമയത്ത് ചില പ്രശ്നങ്ങൾ അങ്ങിനെയാണ് ദൈവത്തിന്റെ അദൃശ്യമായ കരങ്ങളാൽ ഒഴിവായി പോകും.. ഇവിടേയും അങ്ങിനെയൊന്ന് സംഭവിച്ചു..

“അയാൾ സംസാരിച്ചിരുന്നത് “പൂർവ്വ കാമുകി” യെക്കുറിച്ചും അവൾ സംസാരിച്ചിരുന്നത് അയാൾക്കുണ്ടായിരുന്ന”മൂലക്കുരു”
എന്ന അസുഖം അമ്മായി പറഞ്ഞ് അവൾ അറിഞ്ഞതിനെ കുറിച്ചുമാണ്…ഇനിപ്പോ രണ്ടും ഒരുപോലായതോണ്ടാവോ?****

രചന ; പ്രവീൺ ചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here