Home Viral അന്നെനിക്ക് നിന്റെ മിഠായി സ്നേഹത്തിലെ നന്മ കാണാന്‍ കഴിഞ്ഞില്ല കണ്ണീര്‍ക്കുറിപ്പ്

അന്നെനിക്ക് നിന്റെ മിഠായി സ്നേഹത്തിലെ നന്മ കാണാന്‍ കഴിഞ്ഞില്ല കണ്ണീര്‍ക്കുറിപ്പ്

0

[ad_1]

കണ്ണുനനയിച്ചും ചിന്തിപ്പിച്ചും മമ്മൂട്ടിയുടെ പേരന്‍പ് ചിത്രം ഹൃദയങ്ങള്‍ നെഞ്ചോടു ചേര്‍ക്കുകയാണ്. സൈബര്‍ ലോകത്തെല്ലാം ‘അമുദന്റെ’ അനുഭവക്കുറിപ്പുറിപ്പുകളും നിറയുകയാണ്.

പേരന്‍പ് കാണാത തന്നെ റെസില ലെത്തീഫ് ഹൃദയത്തില്‍തട്ടി കുറിച്ചിട്ട വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. നഴ്‌സായി ജോലി ചെയ്യുന്ന സമയത്ത് അഡ്മിറ്റായിരുന്ന ഓട്ടിസം ബാധിച്ച ജലീലിനെ കുറിച്ചാണ് റെസില പറയുന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് അവനെ അവഗണിക്കേണ്ടിവന്നതും, അവന്റെ നിഷ്‌കളങ്കമായ സ്‌നേഹത്തെ തിരിച്ചറിഞ്ഞതിനെയും കുറിച്ചാണ് റെസിലയുടെ ഹൃദ്യമായ കുറിപ്പ്.

”പേരന്‍പ് ഞാന്‍ കണ്ടില്ല. കണ്ടവരുടെ അനുഭവക്കുറിപ്പുകളായും റിവ്യൂ ആയുമാണ് അതെന്റെ മുന്നിലുള്ളത്. എന്നാല്‍, ഓരോ തവണ ആ സിനിമയെക്കുറിച്ച് വായിക്കുമ്പോഴും മനസ്സ് വല്ലതെ മുറുകുകയാണ്. ഓര്‍മ്മകള്‍ ഒരാശുപത്രിയില്‍ ചെന്നു നില്‍ക്കുന്നു. മനസ്സ് കൊണ്ട് ഒരാത്മാവിനോട് മാപ്പ് ചോദിക്കാതെ ഉറക്കമുണ്ടാവില്ലെന്ന തോന്നല്‍ പടരുന്നു.

ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പടി കടന്നു ചെല്ലുമ്പോള്‍ ഒരുപാടൊരുപാട് ആശങ്കകള്‍ ആയിരുന്നു. ആദ്യമായി ഉദ്യോഗം പിന്നെ വീടും നാടും വിട്ട് നില്‍ക്കുന്നു, വലിയൊരു ആശുപത്രി അങ്ങനെയങ്ങനെ.

ലാബിലെ മുതിര്‍ന്നയാള്‍ ശാന്തമ്മ ചേച്ചി. അവര്‍ കാര്യങ്ങളൊക്കെ വിശദമാക്കി തന്നു. കൂട്ടിന് ഒരു അനിയത്തികുട്ടി- പ്രിന്‍സി. താമസം ഹോസ്പിറ്റല്‍ വക ക്വാര്‍ട്ടേഴ്സില്‍. നൈറ്റ് ഡ്യൂട്ടി തുടങ്ങിയതോടെ, കാലത്ത് റൂമിലും വാര്‍ഡിലും പോയി കിടപ്പുരോഗികളുടെ ബ്ലഡ് എടുത്തു വരാന്‍ തുടങ്ങി.

ഒരു ദിവസം രാവിലെ പതിവ് സൂചികുത്തല്‍ പരിപാടിയുമായി വാര്‍ഡില്‍ എത്തിയപ്പോള്‍ പുതിയൊരാള്‍. ഭിന്നശേഷിയുള്ള ആളാണ്. പൊതുവെ ഇത്തരക്കാരുടെ ഞരമ്പ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതു കൂടാതെ ഇദ്ദേഹത്തിന്റെ കൈകളില്‍ നീര്‍വീക്കവും. ആദ്യത്തെ തവണയും രണ്ടാം തവണയും ബ്ലഡ് കിട്ടാതെ അടുത്ത ആളെ പറഞ്ഞു വിടാമെന്ന് പറഞ്ഞു ഞാന്‍ തടിയൂരാന്‍ നോക്കി.

അടിയോ ചീത്തവിളിയോ പ്രതീക്ഷിച്ച എന്നോട്, എനിക്ക് അവ്യക്തമായ സ്വന്തം ഭാഷയില്‍, ‘ഇനിയും കുത്തിക്കോ’ എന്ന് പറഞ്ഞ് അയാള്‍ അടുത്ത കൈ കാട്ടിത്തന്നു. മനസ്സിലാകാതെ നിന്ന എന്നോട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍ പറഞ്ഞു, ‘ജലീല്‍ നമ്മുടെ ആളാണ് അവന്‍ കാണിക്കുന്ന കയ്യില്‍ കുത്തിക്കോ, അതില്‍ കിട്ടും’.

അന്ന് മുതല്‍ ജലീലും ഞാനും മിണ്ടാന്‍ തുടങ്ങി. ഇടയ്ക്കിടെ ലാബില്‍ വരും. അയാള്‍ക്കു ശാന്തമ്മ ചേച്ചിയെയും ചേച്ചിക്ക് അയാളെയും ഇഷ്ടമാണ് . ഇടയ്ക്കിടെ ജലീല്‍ എനിക്ക് മിഠായി ഒക്കെ കൊണ്ടുവന്ന് തരും. ഞങ്ങള്‍ തമാശയായി അയാളെ കളിയാക്കും. വീട്ടില്‍ നിന്നും മനഃപൂര്‍വം വന്ന് നില്‍ക്കുന്നതാണത്രേ. ഒരുപക്ഷെ അയാള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിഗണനയും കിട്ടുന്നത് ഇവിടെയാകാം.

ഒരു ദിവസം ഞങ്ങളുടെ സംസാരത്തില്‍ ജലീലും വന്നു. എനിക്ക് ഇടയ്ക്കിടെ മിഠായി കൊണ്ടുതരുന്ന കഥ ഞാനും പറഞ്ഞു. പ്രിന്‍സി കളിയാക്കി, ‘ചേച്ചി മുസ്ലിം അല്ലേ, ജലീലിന് ഇഷ്ടമായിക്കാണും!’ ഉച്ചയൂണിനു പോയ ശാന്തമ്മ ചേച്ചി ഒരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തു- ‘മനസ്സ് മാത്രമേ അവന്‍ ചെറുതായിട്ടുള്ളൂ, പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ തന്നെയാ അവന്‍. ഒറ്റക്കിരിക്കുമ്പോള്‍ അവന്‍ വന്നാല്‍ ഡോര്‍ തുറക്കണ്ട’.

കാണാനും മിണ്ടാനുമൊക്കെ അവന്‍ വന്നപ്പോള്‍, സഹപ്രവര്‍ത്തകനായ അനിച്ചേട്ടനും പറഞ്ഞു, ‘മിണ്ടിക്കൊ അവന്‍ പാവമാ, പക്ഷെ ഒറ്റക്കുള്ളപ്പോള്‍ വന്നാല്‍ മിണ്ടണ്ട’.

ഒരു വൈകുന്നേരം ആ പാവം കുറേനേരം വാതിലിനപ്പുറം വന്നു നിന്നു. ഞാന്‍ കാണുന്നുണ്ട് അവന്‍ വിളിക്കുന്നത്. വാതിലില്‍ മുട്ടുന്നത്. കുറെ വിളിച്ചു പാവം വാതിലില്‍ മുഖം ചേര്‍ത്ത് നിന്നു കുറേനേരം. ഞാന്‍ തുറന്നില്ല.

കുറെ സമയം കഴിഞ്ഞു. അയാളവിടെ ഉണ്ടോ എന്ന് നോക്കി പിന്നെയും കുറെ കഴിഞ്ഞു ഞാന്‍ പതിയെ വാതില്‍ തുറന്നു. ജലീല്‍ പോയിരുന്നു. വാതിലിനു മുന്‍പില്‍ ഒരു കുഞ്ഞു മിഠായി വച്ചിരുന്നു.

ജലീല്‍ പതിവുപോലെ വീട് സന്ദര്‍ശനത്തിന് പോയതായിരുന്നു. ഞാന്‍ താമസിയാതെ മറ്റൊരു ജോലി കിട്ടി അവിടം വിട്ടു.

അനിച്ചേട്ടനോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ജലീല്‍ മരണപ്പെട്ടു എന്നറിഞ്ഞു. അയാള്‍ക്കു എന്നോട് തോന്നിയത് തെറ്റായ സ്നേഹമല്ല എന്ന് ഇപ്പോള്‍ മനസ്സിലാകും. പക്ഷെ ജലീലിന്റെ മിഠായി സ്നേഹത്തില്‍ ഒരു നന്മ കാണാന്‍ അന്നെനിക്ക് കഴിഞ്ഞില്ല.

ഇന്നിപ്പോള്‍ അമ്മയില്ലാത്ത, 10 വയസ്സുകാരന്റെ മനസ്സും 35കാരന്റെ ശരീരവും ഉണ്ടായിരുന്ന ഒരു അനിയന്‍ കുഞ്ഞിനെ ഒക്കെ മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സ് കൊണ്ട് ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു, ജലീല്‍. അന്ന് ഞാന്‍ മനഃപൂര്‍വം അടച്ചിട്ട വാതിലില്‍ മുഖം ചേര്‍ത്ത് നീ നിന്നത് പോലെ മേഘങ്ങള്‍ക്കിടയിലൂടെ നിന്റെ ചിരിവാതില്‍ തുറന്ന് കാണാന്‍ ഞാനും കാത്തു നില്‍ക്കുന്നു. അനാഥമായിപ്പോവാത്ത ഒരു മിഠായിത്തുണ്ട്.

ഓട്ടിസം ഉള്ള കുഞ്ഞുമായി സ്‌കൂളില്‍ വന്ന സ്മിത ടീച്ചര്‍, എന്നിലെ അമ്മയോട് പുച്ഛം തോന്നിപ്പിച്ച ഇട്ടുവിന്റെ അമ്മക്കിളി സുമ്മു, പൊന്നുപോലെ രാജകുമാരനെപ്പോലെ ഞങ്ങളുടെ സച്ചൂനെ നോക്കുന്ന അമ്മാവന്‍ ഇവരൊക്കെ കണ്‍മുന്നിലുള്ള അമുദവന്മാരാണ്. കണ്‍മുന്നില്‍ ജീവിക്കുന്ന പാഠപുസ്തകങ്ങള്‍.

ഒന്ന് മാത്രം പറയാം ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്നിടങ്ങളില്‍ മാത്രമേ ഈ വിത്തുകള്‍ മുളയ്ക്കുന്നുള്ളു. തങ്ങള്‍ക്കു കിട്ടിയ പൊന്നോമനകളെ ക്ഷമയോടെ അതിലേറെ സ്നേഹത്തോടെ പരിചരിക്കുന്നവര്‍ക്ക് മാത്രം. അവരല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ മാലാഖമാര്‍”.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here