Home Reshma Bibin ലക്ഷ്മിയമ്മേ…. ഞാനെന്റെ അമ്മയെ കൊന്നിട്ടില്ല.എനിക്കതിനു കഴിയില്ല…

ലക്ഷ്മിയമ്മേ…. ഞാനെന്റെ അമ്മയെ കൊന്നിട്ടില്ല.എനിക്കതിനു കഴിയില്ല…

0

രചന : Reshma Bibin

പ്രായശ്ചിത്തം….

നീ ഇനി പഴയ പോലെ ഉണ്ണിടെ കൂടെ കളിക്കാനും കൂട്ടുക്കൂടാനൊന്നും പോവണ്ട.അറിയാലോ സ്വന്തം അമ്മയെ ചോറിൽ വിഷം കൊടുത്ത് കൊന്നവനാ അവൻ.
എന്നെ നോക്കി ഉച്ചത്തിലായിരുന്നു ലക്ഷ്മിയമ്മ അത് പറഞ്ഞത്.

ലക്ഷ്മിയമ്മേ….
ഞാനെന്റെ അമ്മയെ കൊന്നിട്ടില്ല.എനിക്കതിനു കഴിയില്ല. ഒരു വിധം ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.

പിന്നെ കൊന്നവരാരും അതെറ്റുപറഞ്ഞിട്ടില്ലടാ എന്ന് പരിഹാസത്തോടെ ആയിരുന്നു അവർ പറഞ്ഞത്..

ഒരു തെറ്റും ചെയ്യാത്ത എന്റെ ബാല്യം തലകുനിച്ചു നിന്ന നിമിഷമായിരുന്നു അത്.

കൂട്ടുകാർക്കിടയിൽ നിന്നും ഒരു കോമാളിയെ പോലെ ഞാൻ നടന്നു നീങ്ങി.
പരിഹാസം ഒട്ടും പുതുമയല്ലായിരുന്നു. എങ്കിലും അത് കേൾക്കുമ്പോൾ ചങ്ക് പൊട്ടി ചോരയൊലിക്കുന്ന എന്റെ വേദന ആരും കണ്ടിരുന്നില്ല.

ഇറ്റു വീഴാൻ തുടങ്ങിയ കണ്ണുനീർ തുള്ളികൾ അനുസരണയില്ലാതെ ഒഴുകി വന്നെന്റെ കാഴ്ച്ചയെ മറക്കുന്നുണ്ടായിരുന്നു.

തിരിച്ചു വീട്ടിലേക്ക്‌ നടക്കുമ്പോൾ മനസ്സു നിറയെ അമ്മയായിരുന്നു. ആൾക്കാരുടെ പരിഹാസം കെട്ടുമടുത്ത രണ്ടു ജീവിതങ്ങൾ അവസാനിപ്പിക്കാൻ അവസാന അത്താഴത്തിൽ വിഷം കലർത്തുമ്പോൾ പാവം എന്റെ അമ്മ കരുതികാണില്ല അതിന് എന്റെ ജീവൻ എടുക്കാനുള്ള യോഗമില്ലെന്ന സത്യം.
അതിനു ഞാൻ നന്ദി പറയേണ്ടത് മണിക്കുട്ടിയോടാണ്.എന്റെ പ്രിയ കൂട്ടുകാരിയോട്…

ലക്ഷ്മിയമ്മ കാണാതെ വാഴയിലയിൽ അവൾ പൊതിഞ്ഞു കൊണ്ടു തന്നെ ആ അഞ്ച് ഉണ്ണിയപ്പത്തിന് അന്നത്തെ എന്റെ വിശപ്പിനെ ശമിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു.പക്ഷെ ആ വിശപ്പിന്റെ ശമനം അന്നെനിക്ക് ഇല്ലാതാക്കിയത് എന്റെ ജീവനും ജീവിതവുമായിരുന്നു.എന്റെ അമ്മയെ ആയിരുന്നു.ആ ഉണ്ണിയപ്പം ഞാൻ കട്ടെടുത്താണെന്നു പറഞ്ഞു അതിനും കിട്ടി ലക്ഷ്മിയമ്മയുടെ വക വയറു നിറച്ച് പരിഹാസം.

പതിവില്ലാതെ ചോറു വിളമ്പി തരുമ്പോൾ ‘അമ്മ കരയുന്നുണ്ടായിരുന്നു. പതിവ് തെറ്റിച്ചു മോൻ കഴിച്ചോ ‘അമ്മ ഇപ്പൊ വരാമെന്നു പറഞ്ഞു ചോറു വാരിതരാതെ ‘കരഞ്ഞു കലങ്ങിയ കണ്ണുമായി ‘അമ്മപോയപ്പോഴും ഒന്നും തോന്നിയില്ല.

കണ്ണുനീര് ഞങ്ങൾക്കൊരു പുതുമയായിരുന്നില്ല. അമ്മയുടെ ഉപ്പുരസം നിറഞ്ഞ കണ്ണുനീർ തുള്ളികൾ വീഴാതെ ഒരൊറ്റ അരിമണി പോലും അടുക്കളയിൽ തിളച്ചു വെന്തിട്ടില്ലായിരുന്നു.

കഴിച്ചെന്ന് നുണ പറഞ്ഞു അമ്മ കാണാതെ ചോറ് തെങ്ങിൻ ചോട്ടിൽ തട്ടുമ്പോൾ മനസ്സിലൊരായിരം വട്ടം ഞാൻ അമ്മയോട് മാപ്പ്‌ പറയുന്നുണ്ടായിരുന്നു.

രാത്രി കിടക്കാൻ നേരം എന്നെ നെഞ്ചോട് ചേർത്ത് മൂർദ്ധാവിൽ ഉമ്മ വെച്ച് അമ്മ പറയുന്നുണ്ടായിരുന്നു അമ്മ ഒരു തെറ്റ് ചെയ്‍തു.. അമ്മയോട് ക്ഷമിക്കണം എന്ന്…

ഒരു ജന്മത്തെക്കുള്ള സ്നേഹം മുഴുവനും മുൻകൂറായി പകർന്ന് നൽകിയാണ് അമ്മ എന്നെ വിട്ട് പോയത്. ആ സ്നേഹത്തിന്റെ ഓർമ്മകൾ മാത്രം മതിയായിരുന്നു എനിക്ക് ശിഷ്ടകാലം ജീവിക്കാൻ.

കാലം കുതിച്ചു പാഞ്ഞു.. ജീവിതം മാറി മറഞ്ഞു. ഒടുവിൽ ജോലിയായി, ശമ്പളമായി…

നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മയുറങ്ങുന്ന മണ്ണിൽ തിരിച്ചെത്തിയപ്പോൾ ആ വീടിനിന്നും അമ്മയുടെ മണമായിരുന്നു.മാറാല പിടിച്ച അടുക്കളയിൽ അമ്മയുടെ അടക്കി പിടിച്ച തേങ്ങലുകൾ എനിക്കപ്പോഴും കേൾക്കമായിരുന്നു.

പിറ്റേന്ന് ഉച്ചക്ക് തെക്കേ തൊടിയിലെ അരളിമരചോട്ടിൽ ആരോ ഇരിക്കുന്ന കണ്ട് അതാരാ ചോദിച്ചപ്പോൾ മാധവേട്ടൻ ആണ് പറഞ്ഞത് നമ്മുടെ മണിക്കുട്ടി ടെ അമ്മയുണ്ടായിരുന്നില്ലേ ലക്ഷ്മിയമ്മ അവരാണെന്ന്…

എനിക്കെന്റെ കാതുകളിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ പഴയ ഐശ്വര്യം ഒക്കെ പോയി ആകെ എല്ലും തോലും ആയ ഒരു രൂപം.

മോനെ അവരിപ്പോ തലക്കു സുഖമില്ലാത്ത വരുടെ പോലെയാ …അവരുടെ ഒരു മകളുണ്ടായിരുന്നില്ലേ.. മണിക്കുട്ടി.. മോന്റെ കൂട്ടുകാരി… ആ കുട്ടി മരിച്ചു. മോൻ നാടുവിട്ട് പോയി രണ്ട് വർഷം കഴിഞ്ഞ്. അതിൽ പിന്നെയാ അവരിങ്ങനെ ആയെ..

ഒരു നിമിഷം മരിച്ചുപോയെങ്കിലെന്നു തോന്നി പോയി എനിക്ക്..

മണിക്കുട്ടി.. മണിക്കുട്ടി അവൾക്കെന്താ പറ്റിയെ?എങ്ങനെയാ മരിച്ചത്?

പനിയായിരുന്നു മോനെ… പട്ടണത്തിലെ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് മരിച്ചിരുന്നു.എന്നെ കാണുമ്പോഴൊക്കെ നിന്നെ പറ്റി ചോദിക്കാൻ മാത്രമേ ആ കുട്ടിക്ക് നേരം ഉണ്ടായിരുന്നുള്ളു.നിന്നെ അവൾക്ക്‌ ഒരുപാടിഷ്ട്ടായിരുന്നു.പറഞ്ഞിട്ടെന്താ കാര്യം ..എല്ലാം കഴിഞ്ഞില്ലേ…

കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ തോന്നി എനിക്ക്.

ഒന്നും മിണ്ടാതെ തിരിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ പറയുന്നുന്നുണ്ടായിരുന്നു..

പോവുന്നതിനു മുമ്പ് ലക്ഷ്‌മിയമ്മേ ഒന്നു കണ്ടോളു… ഇനി വരുമ്പോഴത്തെ കാര്യമൊന്നും നമ്മടെ കയ്യിലല്ലലോ…

“ഈശ്വരൻ കാക്കട്ടെ”…എന്നും പറഞ്ഞ് മാധവേട്ടൻ നടന്നകലുന്നത് ദൂരെ നിന്നും ഞാൻ കണ്ടു.

എത്ര നേരമങ്ങനെ ആ പഴയ ഓർമ്മകളിൽ ഇരുന്നുപോയെന്നറിയില്ല.
കുറച്ചു നേരത്തിനു ശേഷം പുറത്തേക്കിറങ്ങി. വർഷങ്ങൾക്കു ശേഷം ആ തറവാട്ടു മുറ്റത്തെത്തി…
ആ പഴയ തറവാട്ടമ്മയെ കാണാൻ…
ലക്ഷിയമ്മയെ കാണാൻ…
എല്ലാറ്റിനുമുപരി എന്റെ മണിക്കുട്ടി ഉറങ്ങുന്ന പാരിജാതചോട്ടിലെത്താൻ മനസ്സ് വെമ്പൽ കൊണ്ടു.

എത്ര നേരം അങ്ങനെ അവിടെ നിന്നുവെന്നറിയില്ല.. കാതിലങ്ങനെ അവളുടെ പരാതിയും പരിഭവവും അലയടിക്കുന്നുണ്ടായിരുന്നു. പെട്ടന്നാരോ ചുമലിൽ കൈ വെച്ചപ്പോഴാണ് ഞാൻ സ്വബോധം വീണ്ടെടുത്തത്.

ലക്ഷിയമ്മ…
അനുസരണയില്ലാതെ നാവ്‌ മന്ത്രിച്ചു.

ആരാ?

എവിടന്നാ?

മറുപടി ഒന്നും കിട്ടാതായപ്പോൾ ആ രൂപം എന്നെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

എന്നെ ഓർമ്മയുണ്ടോ?

ഒന്നും മിണ്ടാതെ ലക്ഷ്മിയമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…

“ഞാൻ ഉണ്ണിയാണ്.. മണിക്കുട്ടിയുടെ ചങ്ങാതി”

അപ്പോഴും അവർ തിരിഞ്ഞു നോക്കാതെ നടക്കുന്നുണ്ടായിരുന്നു.

അതിലും ഉറക്കെ ഞാൻ വിളിച്ചു പറഞ്ഞു..

ഞാൻ അല്ല ട്ടോ ലക്ഷ്മിയമ്മേ എന്റെ അമ്മയെ കൊന്നത്!

അപ്പോഴും അവർ തിരിഞ്ഞു നോക്കാതെ നടന്നകലുന്നുണ്ടായിരുന്നു..

പിന്നീടെപ്പോഴോ മണിക്കുട്ടിയുടെ ഓർമ്മകളിൽ ഒന്നു മയങ്ങിയുണർന്നപ്പോഴാണ് ആരോ തേങ്ങി കരയുന്ന ശബ്ദം കേട്ടത്..
തിരിഞ്ഞു നോക്കിയപ്പോൾ ലക്ഷ്മിയമ്മയായിരുന്നു.

എനിക്കറിയാമായിരുന്നു നിനക്ക് നിന്റെ അമ്മയെ എന്നല്ല ഒരുറുമ്പിനെ പോലും കൊല്ലാൻ കഴിയില്ല എന്ന്..അതും പറഞ്ഞവർ തിരികെ നടന്നു.

ശേഷം തിരികെ വന്നെന്റെ കൈകളിൽ ഒരു വാഴയില പൊതി വെച്ച് തന്നു..അത് തുറന്നു നോക്കുന്നതിനു മുമ്പേ അവർ എന്തൊക്കെയോ പിറുപിറുത്തു നടന്നകലുന്നുണ്ടായിരുന്നു.

പൊതി തുറന്നു നോക്കിയപ്പോൾ അതിൽ ഉണ്ണിയപ്പമായിരുന്നു.. നെയ്യിൽ വറുത്തെടുത്ത അഞ്ച് ഉണ്ണിയപ്പം.

അതിൽ നിന്നും ഒന്നെടുത്ത് വായിൽ വെച്ചപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി… അമ്മയുടെ രുചി ഓർത്തു പോയി…

അതെ… എന്റെ അമ്മയുടെ കണ്ണുനീർ വീണ ഉപരസമായിരുന്നു ആ ഉണ്ണിയപ്പത്തിന്…പക്ഷേ ഇന്നാ കണ്ണീർ ലക്ഷ്മിയമ്മയുടേതാണെന്ന വ്യത്യാസം മാത്രം.

ഞാനത് കഴിക്കുന്നതും നോക്കി അങ്ങകലെ ലക്ഷ്മിയമ്മ ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

ആ ചിരിയിൽ ഒരു പ്രായശ്ചിത്തം ഉണ്ടായിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള ഒരു തിന്മയുടെ നന്മയുള്ള പ്രായശ്ചിത്തം.

രേഷ്മ ബിബിൻ

LEAVE A REPLY

Please enter your comment!
Please enter your name here