Home Latest രാത്രിയിൽ ,സൈലൻറ് അറ്റാക്കിന്റെ രൂപത്തിൽ, തൊട്ടടുത്ത് കിടന്ന താൻ പോലുമറിയാതെ , തന്നെയും മക്കളെയും പിരിഞ്ഞ്...

രാത്രിയിൽ ,സൈലൻറ് അറ്റാക്കിന്റെ രൂപത്തിൽ, തൊട്ടടുത്ത് കിടന്ന താൻ പോലുമറിയാതെ , തന്നെയും മക്കളെയും പിരിഞ്ഞ് അവൾ യാത്രയായി…

0

രചന : സജിമോൻ

#പകരമാവില്ല, മറ്റൊന്നും#

ഖബറടക്കം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയിട്ടും ,സുലൈമാൻ നനവ് മാറാത്ത ആ മണൽകൂനയുടെ അരികിൽ മൂകനായി ഇരുന്നു.

അയാളുടെ ഉള്ളുരുകി ഒലിച്ചിറങ്ങിയ, നൊമ്പരം കണ്ണുനീർ തുള്ളികളായി ആ ഖബറിടം പിന്നെയും നനച്ചു കൊണ്ടിരുന്നു.

“കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല കെട്ടാ”

തൊട്ടതിനുo, പിടിച്ചതിനുമൊക്കെ, താൻ സുലേഖയോട് ദേഷ്യപ്പെടുമ്പോൾ , അവൾ പറയുന്ന വാചകം, ഒരശരീരി പോലെ അയാളുടെ കാതുകളിൽ മുഴങ്ങി.

പ്രത്യേകിച്ച് ,ഒന്നുമില്ലായിരുന്നു.
ഇന്നലെ രാത്രിയിൽ വീട്ടുജോലികളെല്ലാം തീർത്ത്, അവൾ വന്ന് കിടക്കുമ്പോൾ ഏതാണ്ട് പാതിരാ കഴിഞ്ഞെന്ന് തോന്നുന്നു.

താൻ ടി വി യിൽ 11 മണിയുടെ ന്യൂസ് കണ്ടതിന് ശേഷമാ കിടന്നത്.

അപ്പോഴും അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേട്ടിരുന്നു.

പാവം ! ,
ഒരു മരുമോൾ ഉള്ളത് അത്താഴം കഴിച്ചിട്ട്, കുഞ്ഞിന് കുറുക്ക് കൊടുക്കണമെന്ന് പറഞ്ഞ്, എട്ട് മണിക്കേ മുറിയിൽ കയറി വാതിലടച്ചു.

മോളെ കെട്ടിച്ച് വിട്ടപ്പോൾ വീട്ട് ജോലിയിൽ ഉമ്മാനെ സഹായിക്കാനെന്ന് പറഞ്ഞാണ്, ഗൾഫിലുള്ള മോനെ നാട്ടിലെത്തിച്ച് ,അവനെ കൊണ്ട് പെണ്ണ് കെട്ടിച്ചത് .

കല്യാണം കഴിഞ്ഞ് ഒരു മാസത്തെ മധുവിധുവും കഴിഞ്ഞ്, അവൻ തിരിച്ച് ഗൾഫിലേക്ക് പോകുമ്പോൾ ,മരുമകൾ ഗർഭ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു.

പേറെടുക്കാൻ വന്ന വയറ്റാട്ടി ,രണ്ട് പെറ്റെന്ന് പറഞ്ഞ പോലെ ,ഉമ്മയെ സഹായിക്കാൻ വന്ന, മരുമോളുടെ ദൈനംദിന കാര്യങ്ങൾ കൂടി സുലേഖയുടെ ചുമലിലായി.

അങ്ങനെ ആ പാവം, അവസാന നിമിഷം വരെ കഷ്ടപ്പെട്ടിട്ടാണ് , ഉറങ്ങാനായി കട്ടിലിൽ വന്ന് കിടന്നത് .

രാത്രിയിൽ ,സൈലൻറ് അറ്റാക്കിന്റെ രൂപത്തിൽ, തൊട്ടടുത്ത് കിടന്ന താൻ പോലുമറിയാതെ ,
തന്നെയും മക്കളെയും പിരിഞ്ഞ് അവൾ യാത്രയായി.

“ഉപ്പാ … ഇതെന്ത് ഇരിപ്പാണ് ,എല്ലാവരും പോയി .വാ നമുക്കും പോകാം”

ശരിയാണ് ,മയ്യത്ത് നിസ്കാരവും ഖബറടക്കും കഴിഞ്ഞ് ചായയും പഴവും കഴിച്ച് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി .

അർക്കൊക്കെ അവിടെ കാത്തിരിക്കുന്ന ഒരു ഭാര്യയുണ്ട്.

പക്ഷേ! തനിക്കോ?

പുറത്ത് പോയിട്ട് തിരിച്ച് വീട്ടിലേക്ക് ചെല്ലുമ്പോൾ പഴയത് പോലെ ,ഒന്ന് കുളിക്കാൻ വെള്ളം ചൂടാക്കി വെയ്ക്കാനും ,വായ്ക്ക് രുചിയായിട്ട് തനിക്ക് ഇഷ്ടമുള്ളതൊക്കെ വെച്ച് വിളമ്പ് തരാനും, ഇനി മുതൽ തന്റെ ഭാര്യയുണ്ടാവില്ല.

തന്റെ രോഷവും ,അമർഷവും പിന്നെ ,BP കൂടുമ്പോൾ ഉണ്ടാകുന്ന പൊട്ടിത്തെറിക്കലുമൊക്കെ,താൻ ഇനി ആരോടാണ് തീർക്കുക.

അതോർത്തപ്പോൾ അയാൾ ഏങ്ങലടിച്ചു കരഞ്ഞു,

“ശ്ശെ എന്താ.. ഉപ്പാ .. ഇത് ,ഞങ്ങൾക്ക് ധൈര്യം തരേണ്ട ഉപ്പ ഇങ്ങനെ തളർന്നാലോ?

മകൻ ആശിക്ക്, ഉപ്പയെ താങ്ങിപ്പിടിച്ച് കൊണ്ട് വന്ന് കാറിലിരുത്തി.

പെങ്ങളുടെ ഭർത്താവിനെയും കയറ്റി കാർ ,
അമീന മൻസിലിലേക്ക് ഓടിച്ചു പോയി.

മൂന്നാം ഫാത്തിഹയും ,പതിനൊന്നും ,നാല്പതാം ഹത്തവും, ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ വിളിച്ച്, എല്ലാവർക്കും വയറ് നിറച്ച് ബിരിയാണി കൊടുത്ത് തന്നെ നടത്തി.

##############

ആശിക്കിന് ലീവ് തീർന്നിരുന്നു.

തിരിച്ച് ഗൾഫിലേക്ക് പോകുമ്പോൾ ഉപ്പായെ കെട്ടിപ്പിടിച്ച് കരയുന്നതിനിടയിൽ ,അവൻ പറഞ്ഞു.

“ഐശയും കുഞ്ഞും ,അവളുടെ വീട്ടിലേക്ക് പൊയ്ക്കോട്ടെ ഉപ്പ, ഉമ്മയില്ലാതെ അവളെങ്ങനാ, ഇനി ഇവിടെ തനിച്ച്?

ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ,അമീന ചോദിച്ചു.

“അപ്പോൾ ഉപ്പയ്ക്ക്, ആഹാരവും മറ്റും വെച്ച് വിളമ്പി കൊടുക്കുന്ന താരാ ?

“അതിനിപ്പോൾ ഈ കൈക്കുഞ്ഞിനെയും വച്ച് ഞാനെന്ത് ചെയ്യാനാ നാത്തൂനെ?

ഐശ ,അവളുടെ നിസ്സഹായ അവസ്ഥ വെളിവാക്കി .

“ശരിയാ ,കുഞ്ഞ് ഒന്ന് വളർന്ന് വല്ലതാകുന്നത് വരെ അവൾ ,സ്വന്തം വീട്ടിൽ നില്ക്കുന്നതാ, നല്ലത്, പിന്നെ നീയിവിടെ തൊട്ടടുത്ത് തന്നെയല്ലേ താമസിക്കുന്നത് ,ഏറിയാൽ ഒരഞ്ച് കിലോമീറ്റർ ,നിനക്ക് ദിവസവും ഇവിടെ വന്ന് ഉപ്പാടെ കാര്യങ്ങൾ നോക്കാവുന്നതല്ലേയുള്ളു”

ആശിഖ് ,ഒരഭിപ്രായം പറഞ്ഞു .

“അതെങ്ങനെ ശരിയാവും ,അവിടെ സലിമിക്കാന്റെ ഉമ്മാ യ്ക്ക് സുഖമില്ലാത്തത് കൊണ്ട് ഞാൻ വേണം എല്ലാ കാര്യങ്ങളും നോക്കാൻ, അതിനിടയ്ക്ക് എനിക്കിവിടെ വന്ന് ഉപ്പാന്റെ കാര്യങ്ങൾ കൂടി അന്വേഷിക്കാൻ പറ്റുമോ ”

അതും പറഞ്ഞ് അമീന, ആശിഖിനെ, അനിഷ്ടത്തോടെ നോക്കി.

ഇതെല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു, സുലൈമാൻ.

തലയിലും, താഴത്തും വയ്ക്കാതെ വളർത്തിയ മക്കളാണ്.

“ഞാൻ,വലുതാകുമ്പോൾ എന്റുപ്പയെ, ഒരു ജോലിക്കും വിടില്ല.
ഞാൻ ജോലി ചെയ്ത് ശബ്ബളംവാങ്ങി ഉപ്പയ്ക്ക് കൊണ്ട് തരും, കെട്ടോ ഉപ്പ ?

പണ്ട് താൻ കഷ്ടപ്പെട്ട് ക്ഷീണിതനായി വന്ന് ചാര് കസേരയിൽ കിടക്കുമ്പോൾ മോൻ മടിയിൽ വന്നിരുന്ന് പറയുമായിരുന്നു’

അത് കേട്ട് മോൾക്ക് കുശുമ്പ് കൂടും.

“ഉപ്പാ എന്നെ കല്യാണം കഴിച്ചയക്കണ്ട കേട്ട?

അമീന ഒരിക്കൽ പറഞ്ഞു ‘

“അതെന്താ മോളേ?

താൻ വാത്സല്യത്താൽ ചോദിച്ചു.

അതേ ,ഞാൻ വലുതാകുമ്പോൾ ഉപ്പയും ഉമ്മയും പ്രായമാകില്ലേ ,അപ്പോൾ നിങ്ങൾക്ക് രണ്ട് പേർ ക്കും ചോറും കറിയുമൊക്കെ വച്ച് തരാൻ ആരെങ്കിലും വേണ്ടേ ?അതാണുപ്പാ”

അത് കേട്ട് അന്ന് തന്റെയും, സുലൈഖയുടെയും കണ്ണ് നിറഞ്ഞു പോയി.

സ്നേഹനിധികളായ രണ്ട് പൊന്ന് മക്കളെയാണല്ലോ റബ്ബ് ഞങ്ങൾക്ക് തന്നത്, എന്നോർത്ത് , അന്ന് ഒരു പാട് സന്തോഷിച്ചിരുന്നു.

സുലൈമാൻ ഗതകാലമോർത്ത് കൊണ്ടിരുന്നപ്പോൾ
ഐശയുടെ ബാപ്പ, ഒരു സലൂഷൻ കൊണ്ട് വന്നു.

“അല്ല സുലൈമാനിക്ക, മക്കളൊക്കെ അവരുടെ ജീവിതവുമായി ഓരോരോ തിരക്കുള്ളവരാ, അവരെ അവരുടെ പാട്ടിന് വിട്ടേക്ക് ,തല്ക്കാലം നിങ്ങളുടെ ആവശ്യങ്ങൾക്കായി ഒരു ഹോം നഴ്സിനെ വയ്ക്കാം,
കൊല്ലമൊന്ന് കഴിഞ്ഞാൽ പിന്നെ നമുക്ക് സ്ഥിരമായിട്ട് ഇവിടെ ഒരാളെ കൊണ്ട് വരാം എന്താ?

പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നിരുന്നു.

“അല്ലാ… നിങ്ങളെന്താ ഉദ്ദേശിച്ചത്?

സുലൈമാൻ അത് ചോദിച്ചപ്പോൾ മുഖം വലിഞ്ഞ് മുറുകിയിരുന്നു.

“വേറൊന്നുമല്ല, അത് നാട്ട് നടപ്പാ ,നിങ്ങക്ക് അതിന് വലിയ പ്രായമൊന്നുമായില്ലല്ലോ ,ഒന്നാമത്തെ ആണ്ട് കഴിയുമ്പോൾ നിങ്ങള് വേറൊരു നിക്കാഹ് ചെയ്യണം ,എന്റെ അമ്മായീടെ മോള് സൈനബായെ അറിയില്ലേ ? ,
ഭർത്താവ് മരിച്ചിട്ട് ഇപ്പോൾ രണ്ട് മൂന്ന് കൊല്ലമായി ,നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ അവൾക്കും നിങ്ങൾക്കും ഒരു ജീവിതമാകും .

അയാൾ പറഞ്ഞ് തീരുന്നതിന് മുമ്പ് ,സുലൈമാൻ ചാടിയെഴുന്നേറ്റു.

ഫ്പാ… എറങ്ങടാ എന്റെ വീട്ടീന്ന് ,എന്റെ മോളുടെ മാമനായി പോയി ,ഇല്ലായിരുന്നെങ്കിൽ ഈ മാതിരി കന്നത്തരം പറഞ്ഞതിന് ചവിട്ടി പുറത്താക്കിയേനെ ഞാൻ ”

അപ്രതീക്ഷിതമായിരുന്നു, സുലൈമാന്റെ പ്രതികരണം.

നീയൊക്കെ എന്നെക്കുറിച്ച് എന്താ കരുതിയെ?
ഭാര്യ മരിച്ചാൽ പിന്നെ, ഭർത്താവിന് ജീവിക്കണമെങ്കിൽ മറ്റൊരു പെണ്ണ് കൂടിയേ തീരു എന്നോ?

അങ്ങനെയുള്ളവരുണ്ടാവാം ,പക്ഷേ ഈ സുലൈമാനെ അക്കൂട്ടത്തിൽ നിങ്ങള് കാണണ്ട.

എന്റെ സുലേഖയ്ക്ക് പകരമായി, ഈ ഭൂമിയിൽ മറ്റൊരു പെണ്ണും ഇത് വരെയുണ്ടായിട്ടില്ല.

അല്ലെങ്കിലും എന്നെ വിട്ട് അവൾ നേരത്തെ പോയപ്പോൾ ,എന്റെ മരണം വരെ ഓർക്കാനുള്ള നല്ല നല്ല മുഹൂർത്തക്കൾ ജീവിതത്തിൽ അവളെനിക്ക് സമ്മാനിച്ചിട്ടുണ്ട്.

ആ ഓർമ്മകൾ മാത്രം മതി അവളുടെ വിയർപ്പ് മണം തങ്ങി നില്ക്കുന്ന ഈ വീട്ടിൽ എനിക്ക് കഴിയാൻ

ഞാനൊറ്റയ്ക്കാണെന്ന വേവലാതി ആർക്കും വേണ്ട
പൊയ്ക്കോ,
എല്ലാവരും പൊയ്ക്കോ.

ഇനി എന്റെ മരണവാർത്ത അറിയുമ്പോല്ലാതെ, ഒരെണ്ണവും ഈ മുറ്റത്ത് കാല്കുത്തരുത് “.

എല്ലാവരെയും പുറത്താക്കി, ഗേറ്റിന്റെ ഓടാമ്പൽ വലിച്ചിട്ട് സുലൈമാൻ തന്റെ ചാരുകസേരയിൽ വന്ന് മലർന്ന് കിടന്നു.

എന്നിട്ട് അടുക്കളയിലേക്ക് നോക്കി വെറുതെ വിളിച്ച് പറഞ്ഞു.

“സുലേഖാ … ഒരു ചായ ”

അതും പറഞ്ഞ് , അയാൾ അകലേക്ക് നോക്കിയിരിക്കുമ്പോൾ, ചുടുകണ്ണീർ ധാരധാരയായി ,കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here