Home Article എനിക്കവളെ ഭയങ്കര ഇഷ്ടായിരുന്നു ചേച്ചീ.

എനിക്കവളെ ഭയങ്കര ഇഷ്ടായിരുന്നു ചേച്ചീ.

0

കഥയല്ലിത് ജീവിതം (ഇത് ഒരു കഥയല്ല യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് !)

“അവളെയൊന്നു പേടിപ്പിക്കാൻ വേണ്ടി ഇടിപ്പിച്ചതാ..ഇത്രേം പറ്റുമെന്ന് വിചാരിച്ചില്ല ചേച്ചീ..”

പ്രതീക്ഷിച്ച ഡയലോഗ് ആയതുകൊണ്ട് ഞാൻ ഒന്നും പറയാതെ അവനെത്തന്നെ നോക്കിയിരുന്നു..

എന്റെയൊരു കസിൻ ചേച്ചിയുടെ മകനാണവൻ..പ്ലസ് റ്റു തോറ്റതിന് ശേഷം അച്ഛന്റെ കൂടെ ആശാരിപ്പണി പഠിക്കാൻ പോയി..ഇപ്പോൾ സ്വന്തമായി വർക്കുകൾ ഏറ്റെടുത്തുതുടങ്ങി..

നാട്ടിലെത്തിയപ്പോൾ ആദ്യം കേട്ട വാർത്ത അവന്റെ ബൈക്ക് കാറിനിടിച്ചു ആക്സിഡന്റായി അവൻ കാലിന്റെ എല്ലു പൊട്ടി തലയിൽ ചെറിയൊരു ഓപ്പറേഷനും കഴിഞ്ഞു വിശ്രമത്തിൽ ആണെന്ന വാർത്ത ആയിരുന്നു..

എപ്പോളും കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും അവനെ എനിക്ക് നല്ലോണം അറിയാമായിരുന്നു..കാരണം ഞങ്ങളുടെ നാട്ടിലെ പരസ്യമായൊരു രഹസ്യപ്രണയത്തിലെ നായകൻ ആയിരുന്നു അവൻ..പെൺകുട്ടി പ്ലസ് റ്റു പഠിക്കുകയാണ്..പലയിടങ്ങളിലും അവർ നിന്ന് സംസാരിക്കുന്നതു പലരും പറഞ്ഞുകേട്ടിട്ടുണ്ട്…

സ്വാഭാവികമായും തേപ്പു കിട്ടിയതാണെന്ന് അവന്റെ കുറ്റസമ്മതം കേട്ടപ്പോൾ എനിക്ക് മനസിലായി..അതുകൊണ്ട് തന്നെ ഒരു ദയയും തോന്നിയില്ലെനിക്ക്..

“ഇത് പോരായിരുന്നു ..ഇത്തിരികൂടി ആവായിരുന്നു..അപ്പൊ അവൾ ഇത്തിരികൂടി സ്പീഡിൽ വന്നേനെ ”

“ഇല്ല ചേച്ചീ,..ഞാൻ ചത്താലും അവളിനി വരില്ല..അവസാനത്തെ ശ്രമം ആയിരുന്നു..
അതും തീർന്നു.അവന്മാർ അത് കൊളമാക്കി ”

അപ്പോളത്തെ അവന്റെ മുഖഭാവം കണ്ടപ്പോൾ എനിക്കും പാവം തോന്നി..

“സാരോല്ല..ലോകത്തു ലൈനടിച്ച പെണ്ണ് കൈവിട്ടുപോയ ആദ്യത്തെ കാമുകനൊന്നുമല്ല നീ..വിട്ടുകള..
ഓളല്ലേൽ ഓളെക്കാൾ വല്യൊള്..
അത്രേയുള്ളു കാര്യം “..

“എനിക്കവളെ ഭയങ്കര ഇഷ്ടായിരുന്നു ചേച്ചീ.
എന്നിട്ടാണവൾ..”

അവനിപ്പോ കരയുമെന്നു തോന്നിയെനിക്ക്
നല്ല ചുറുചുറുക്കുള്ള ആരോഗ്യവാനായ ചെറുപ്പക്കാരനായിരുന്നു അവൻ..ഇപ്പോൾ ആകെ കോലം കെട്ട് കണ്ണൊക്കെ ഇടുങ്ങിത്താണു മുഖത്തെ എല്ലുകൾ പൊങ്ങിനിന്നു…

“ചില പെൺകുട്ടികൾ മനസിന്‌ തൃപ്തിയില്ലാതെയാ പ്രേമം തുടങ്ങുക..ഒത്തുപോകാൻ പറ്റാതാവുമ്പോ തീർത്തും വിട്ടിട്ടുപോകും അതായിരിക്കും കാര്യം..നീ വിഷമിക്കാതിരിക്കൂ..

വേറൊന്നും പറയാൻ കിട്ടിയില്ലെനിക്കപ്പോൾ.
ഒന്നും മിണ്ടാതെ മുഖം തുടച്ചു അവൻ ഫോൺ ലോക്ക് ഓപ്പൺ മാറ്റി ഗാലറി എന്റെ നേർക്ക് നീട്ടി..അതിൽനിറയെ അവർ രണ്ടുപേരും ആയിരുന്നു..പല പോസിൽ
ചുമലിൽ കൈ ഇട്ടും..നെഞ്ചിൽ ചേർന്നും
വളരെ സന്തോഷത്തോടെ ആണവൾ പോസ് ചെയ്തിരിക്കുന്നത്..

അതിനേക്കാൾ എന്നെ അതിശയിപ്പിച്ചത് ചില ഫോട്ടോകൾ ബെഡ്‌റൂമിൽ വച്ച് രാത്രി എടുത്തതാണ് എന്നതാണ്…

“ഇതെന്താടാ ഇത്?ഇതേതു ബെഡ്‌റൂം ആണ് ?”

“അവളുടെ റൂം ആണ്..ഞാനവളെ
കാണാൻ പോകാറുണ്ടായിരുന്നു “..

ഒരു കൂസലുമില്ലാത്ത മറുപടി..

“അപ്പോ അവളുടെ വീട്ടുകാരൊന്നും അറിയില്ലേ ?”

“ഇല്ല..എല്ലാരും ഉറങ്ങിയാൽ അവളെനിക്ക് വാട്സാപ്പ് അയക്കും..ടെറസിലെ ഡോർ തുറന്നുവയ്ക്കും..പുറകിലെ ഏണിവഴി ടെറസിലൂടെ ഉള്ളിൽ കയറാം അവിടെ അവൾ വെയിറ്റ് ചെയ്യും..എന്നിട്ട് ഞങ്ങൾ അവളുടെ റൂമിലേക്ക് പോകും..
പുലരാറാവുമ്പോ ഞാൻ മിസ്കാൾ അടിക്കും മിത്തുവിനെയോ സുജിയെയോ, അവരെന്നെ വന്നു കൊണ്ടുപോകും..”

കടയിൽ സാധനം വാങ്ങാൻ പോകുന്ന ലാഘവത്തോടെയാണ് അവനത് പറഞ്ഞതെങ്കിലും..കണ്ണുകളിൽ കാണാമായിരുന്നു ഇണയെ
നഷ്ടപ്പെട്ടതിന്റെ തീവ്രവേദന..

“അവൾക്കായിരുന്നു എല്ലാത്തിനും വാശിയും നിര്ബന്ധവും..എത്ര സ്നേഹിച്ചാലും മതി വരില്ലായിരുന്നു അവൾക്ക്..
ശരിക്കും എന്റെ ഭാര്യ തന്നെ ആയിരുന്നു..
എന്നിട്ടിപ്പോ എൻട്രൻസ്
എഴുതിക്കിട്ടി
എന്ന ഒറ്റക്കാരണം പറഞ്ഞാ അവളെന്നെ തീർത്തും ഒഴിവാക്കിയത്…

“അവളറിഞ്ഞോ നിനക്കു ആക്സിഡന്റ് പറ്റിയത് “?

“അതല്ലേ ചേച്ചീ അവന്മാർ കൊളമാക്കിയത്.
അവളെ വിളിച്ചുപറഞ്ഞിട്ടു
ഒരാഴ്ച്ച ആയിട്ടും അവൾ വന്നില്ല..

അവമ്മാര് അവളെ വഴിയിൽ തടഞ്ഞിട്ട് കൊറേ ചീത്ത വിളിച്ചത്രേ അവസാനം..
അന്ന് അവളെന്നെ വിളിച്ചു..
കുറെ വഴക്കുപറഞ്ഞു..എന്നിട്ട്
എങ്ങനെയുണ്ട് എന്നുപോലും
ചോദിക്കാതെ ഫോൺ വച്ചു”..

ഇപ്പോ കരയും എന്ന മട്ടിൽ ആണ്
അവന്റെ ഇരിപ്പ്..പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല..ഇത്രയും ഫോട്ടോസും ചാറ്റ് ലിസ്റ്റും അവന്റടുത്തുണ്ട് എന്ന അറിവുണ്ടായിട്ടും അവനെ പുല്ലു പോലെ തള്ളിക്കളയാൻ മാത്രം ധൈര്യം ആ പെൺകുട്ടിക്ക് എങ്ങനെ വന്നു എന്നാണു ഞാൻ ചിന്തിച്ചത് ..എത്രയൊക്കെ വേദനിച്ചാലും അവൻ തന്നെ അപമാനിക്കില്ലെന്ന് അത്രയും വിശ്വാസമുണ്ടോ അവൾക്ക്?

രാത്രിയിൽ സ്വന്തം റൂമിലേക്ക് കാമുകനെ വിളിക്കാൻ മാത്രം തന്റേടം നാട്ടിൻപുറങ്ങളിലെ പെൺകുട്ടികൾക്ക് പോലും ഉണ്ടെന്ന അറിവും ഒരു ഞെട്ടൽ തന്നെ ആയിരുന്നു..മാറ്റങ്ങൾ നല്ലതുതന്നെ പക്ഷെ അത് അമിതമാവാതിരിക്കട്ടെ…

സ്വന്തം മക്കൾക്ക് മൊബൈലും നെറ്റും മറ്റു സൗകര്യങ്ങളും ഉണ്ടാക്കി..
അവർക്കായൊരു റൂമും കൊടുത്തു
സ്വയം പര്യാപ്തരാക്കാൻ ശ്രമിക്കുന്നതിനിടയിൽ
ഇതുപോലുള്ള പല ദുരന്തങ്ങളും
നാം അറിയുന്നില്ല..ഇന്നത്തെ കുട്ടികൾക്ക് അച്ഛമ്മയോ അമ്മമ്മയോ കൂടെയില്ല
ഉണ്ടെങ്കിലും അവരുടെകൂടെ കിടക്കാൻ കുട്ടികളിഷ്ടപ്പെടുന്നില്ല..കാരണം
അവരെ നമ്മളത് ശീലിപ്പിച്ചിട്ടില്ല..

ആധുനിക യുഗത്തിൽ പുരോഗമന ചിന്തകൾ വളരട്ടെ..സ്വാഭാവികം..
നമുക്കും സന്തോഷം തന്നെ..
എങ്കിലും ചിലതൊക്കെ ആഭാസം ആയിക്കൊണ്ടിരിക്കുകയാണ്

(100/ഇതൊരു യഥാർത്ഥ ജീവിതമാണ്
പേരുകൾ മാത്രം മാറ്റം വരുത്തിയെന്നുമാത്രം)

രചന – വിനീത അനിൽ

LEAVE A REPLY

Please enter your comment!
Please enter your name here