Home Adhya Thulasi കുഞ്ഞ് വെളിയില്‍ വന്നപ്പോള്‍ ഒരു ടാപ്പ് തുറന്ന് വിട്ടത് പോലെ രക്തം താഴേക്ക് ഒഴുകി….

കുഞ്ഞ് വെളിയില്‍ വന്നപ്പോള്‍ ഒരു ടാപ്പ് തുറന്ന് വിട്ടത് പോലെ രക്തം താഴേക്ക് ഒഴുകി….

0

രചന : Adhya Thulasi

കാണാകാഴ്ചകൾ

ആശുപത്രിയില്‍ ഉച്ചക്ക് പാതി ഉറക്കത്തില്‍ ഇരിക്കുന്ന നേരത്താണ് ഞാന്‍ അവളെ ശ്രദ്ധിക്കുന്നത്. മുഖം എല്ലാം ചുവന്നു തുടുത്ത്, കണ്ണും നിറഞ്ഞ് അവള്‍ എന്നെ തന്നെ നോക്കുന്നു. ” എന്താടി?” ഞാന്‍ അവളുടെ അടുത്തേക്ക് ചെന്ന്
ചോദിച്ചു. ” എനിക്ക് നിക്കുന്നു…” എന്നാണ് ഞാന്‍ അവള്‍ പറഞ്ഞത് കേട്ടത്. ” എന്താന്ന്?” ഞാന്‍ ഒന്ന് കൂടെ ചോദിച്ചു. ” എനിക്ക് വേദനിക്കുന്നു മനുഷ്യ !….” ഒരു അലര്‍ച്ചയായിരുന്നു എന്റെ ആ ചോദ്യത്തിന് എന്റെ ഭാര്യ തന്ന മറുപടി. ആദ്യത്തെ പ്രസവത്തിന് അവളെ ഒന്ന് ആശുപത്രിയില്‍ കൊണ്ട് വന്നതാണ്. അലര്‍ച്ച കേട്ട് എന്റെ അമ്മ നേരെ നേഴ്സ്സിനെ വിളിക്കാന്‍ ഓടി. അവളുടെ അമ്മ സാരമില്ല കരയരുത് എന്ന് പറഞ്ഞു. ഞാനും അതൊകെ തന്നെ പറഞ്ഞു. ഒരു നേഴ്സ് എന്റെ അമ്മ എത്തുന്നതിനു മുന്‍മ്പേ ഞങ്ങളുടെ മുറിയില്‍ എത്തി. അപ്പോഴേക്കും അവള്‍ ആകെ വിയര്‍ത്തു കഴിഞ്ഞു. “ഉഹു..ഉഹു..” എന്ന ശബ്ദം ഇടാനും തുടങ്ങി. നേഴ്സ് ഒരു വീല്‍ ചെയര്‍ കൊണ്ട് വന്നു. അവളോട്‌ അതില്‍ കയറി ഇരിക്കാന്‍ പറഞ്ഞു . അവള്‍ ഇരുന്നില്ല പകരം എന്റെയും അവളുടെ അമ്മയുടെയും കൈ വിട്ടു കൊണ്ട് അവള്‍ കട്ടിലിന്റെ ഇരുമ്പ് കമ്പികളില്‍ പിടിച്ചു. ” ചേട്ടന്‍ കൂടെ വരണം ലേബര്‍ റൂമിന് അകത്ത്..എന്നാലെ ഞാന്‍ പ്രസവിക്കൂ…” അവള്‍ കമ്പികളില്‍ ഇറുക്കി പിടിച്ച് ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങ് കിളി പറന്നത് പോലെയായി.

” ഞാനോ…!!!???”
ഇങ്ങനെ ഒരു വാക്ക് മാത്രമെ വായില്‍ നിന്ന് വന്നോളു. ആശുപത്രിയില്‍ ചേര്‍ക്കും മുന്പ് അവള്‍ എന്നോട് ഈ ആവശ്യം പറഞ്ഞതു ഞാന്‍ നല്ല രീതിയില്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറിയതുമാണ് അന്നേ അവള്‍ പറഞ്ഞിരുന്നു ” ഞാന്‍ ആണ് പ്രസവിക്കുന്നത് എങ്കില്‍ എന്റെ കൂടെ നിങ്ങളും കാണും ” എന്ന് അന്ന് ഞാന്‍ ആ വെല്ലുവിളിയെ ഒരു “ഉവ്വ” കൊണ്ട് ഒതുക്കി. എന്നാല്‍ ഇന്ന് അതെ
ആവശ്യം വീണ്ടും.” അവസരവാദി” ഞാന്‍ അവളെ മനസ്സില്‍ പറഞ്ഞു.

ഒടുവില്‍ നേഴ്സ് പറഞ്ഞു ലേബര്‍ റൂമിന്റെ നട വരെ വന്നാല്‍ മതി പിന്നെ അവര്‍ ഏറ്റു എന്ന്. ഒടുവില്‍ അവളുടെ കൂടെ വീല്‍ ചെയറിന് ഒപ്പം ഞാനും നടന്നു. ലേബര്‍ റൂം എത്തും മുന്പ്
അവള്‍ എന്റെ ഷര്‍ട്ടിന്റെ തുമ്പില്‍ ഇറുക്കി പിടിച്ചു. അപ്പോഴും ആ നേഴ്സ് എന്നെ നോക്കി സാരമില്ല എന്ന രീതിയില്‍ കണ്ണുകള്‍ അടച്ചു കാണിച്ചു. പക്ഷേ പ്രസവ മുറി എത്തിയതും അവര്‍ കുറച്ച് പുറകിലേക്ക് മാറി. ഗര്‍ഭിണികള്‍ കടന്നു പോകുന്ന ആ മുറിയുടെ വാതില്‍ മെല്ലെ തുറന്നതും ആ നേഴ്സ് എന്നെ മെല്ലെ അകത്തേക്ക് തള്ളി. ഞാന്‍ അകത്തേക്ക് കയറിയതും വാതില്‍ അടഞ്ഞതും ഒരേ സമയം. ” ചതിച്ചതാണ് അല്ലേ?…” എന്ന രീതിയില്‍ ഞാന്‍ വരെ നോക്കി എങ്കിലും എന്നെ അല്പം പോലും വക വയ്ക്കാതെ അവര്‍
അവളെ കൊണ്ട് അകത്തേക്ക് നീങ്ങി.

ഏതോ ഒരു നേഴ്സ് എനിക്ക് ഒരു തൊപ്പിയും ഒരു ഉടുപ്പും തന്നു. അത് ഇട്ട് കൊണ്ട് വേഗം വരാന്‍ പറഞ്ഞു . ഞാന്‍ അവരോടു ചോദിച്ചതാണ് “സിസ്സ്ടരെ ഞാന്‍ ഒന്ന് പുറത്ത് പോയിട്ട് വന്നോട്ടെ ” എന്ന്. “ഒരിടത്തും പോകണ്ട ” എന്ന് പറഞ്ഞു കൊണ്ട് അവര്‍ പോയി. ഞാന്‍ ആകെ പെട്ടു എന്ന അവസ്ഥയിലായി. ഞാന്‍ തൊപ്പിയും ഉടുപ്പും എല്ലാം ഇട്ട് അവളുടെ അടുത്തേക്ക് ചെന്നു.അവള്‍ അപ്പോഴേക്കും നിലവിളി തുടങ്ങിയിരുന്നു. ഞാന്‍ ഡോക്ടറെ നോക്കി. ” അങ്ങോട്ട്‌ ചെല്ലൂ വിജയ്‌..അവളുടെ അരികില്‍ നില്‍ക്കൂ” അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ അവളുടെ അടുത്ത് ചെന്നു. അവുടെ മുഖം എല്ലാം വലിഞ്ഞു മുറുകിയിരുന്നു. എനിക്ക്
സങ്കടം തോന്നി. എന്റെ കൈയില്‍ പിടിച്ച് അവള്‍ പറഞ്ഞു ” എനിക്ക് വേദനിക്കുന്നു …ചേട്ടാ…. അയ്യോ…” . “സാരമില്ല വീണേ ..സാരമില്ല ..ഇപ്പോള്‍ കഴിയും …” എന്ന് ഞാന്‍ പറഞ്ഞതും എന്റെ കൈകള്‍ അവള്‍ വലിച്ച് അങ്ങ് എറിഞ്ഞു . ” കോപ്പാണ് ….അയ്യോ..”അവള്‍ വീണ്ടും അലറി വിളിച്ചു.

ഡോക്ടര്‍ അവളോട്‌ കരയരുത് എന്ന് എല്ലാം പറയുന്ന് ഉണ്ട്. അവള്‍ കരയുന്നത് കണ്ട് എനിക്കും ശെരിക്കും കരച്ചില്‍ വന്നു. ഞാന്‍ അവളുടെ തലയില്‍ തലോടി. “വിജയ്‌ താന്‍ കരയാതെ ഇരിക്കൂ..ആ കുട്ടിക്ക് ധൈര്യം കൊടുക്കു” അവര്‍ എന്നോട് പറഞ്ഞു. ആ നിമിഷമാണ് ഞാന്‍ തിരിച്ച് അറിഞ്ഞത് ഞാനും കരയുകയാണ് എന്ന് അതും കണ്ണീര്‍ ഒലിപ്പിച്ചു
കൊണ്ട്. ഒരു കൈ കൊണ്ട് ഞാന്‍ കണ്ണീര്‍ തുടച്ചു. ഏതോ ഒരു നിമിഷം അവള്‍ എന്റെ കൈകളെ വീണ്ടും മുറുകെ പിടിച്ചു. എനിക്ക് വേദനിക്കാന്‍ തുടങ്ങി പക്ഷേ ഞാന്‍ സഹിച്ചു. ഡോക്ടര്‍ പുഷ് എന്ന് ഓക്കേ പറയുന്ന് ഉണ്ട് . അവള്‍ അവളുടെ
സര്‍വ്വ ശക്തിയും എടുക്കുന്നുമുണ്ട്. “പാവം ” ഞാന്‍ ഒരുപാട് തവണ മനസ്സില്‍ പറഞ്ഞു.

“പ്രസവം ഓക്കേ ചുമ്മാ ചീളു കേസാണ് “എന്ന് പറഞ്ഞവനനാണ് ഞാന്‍ . അതും പറഞ്ഞു ഞാന്‍ അവളെ ഒരുപാട് കളിയാക്കിയിട്ടുമുണ്ട്. ആ എനിക്ക് സഹിക്കാന്‍
ആകുന്നതില്‍ അപ്പുറമാണ് ഇപ്പോള്‍ അവള്‍ അനുഭവിക്കുന്നത്. എനിക്ക് എന്റെ അമ്മയെ കാണാന്‍ തോന്നി.

ഇങ്ങനെ ചിന്തകള്‍ ഒരു വണ്ടി കണക്ക് ഓടി കൊണ്ട് ഇരിക്കെ അവള്‍ എന്റെ കൈകളെ ശക്തിയായി ഞരിച്ചു പിന്നെ അവളുടെ ശക്തി സര്‍വതും ഉപയോഗിച്ച് കൊണ്ട് അവള്‍ എന്റെ കുഞ്ഞിനെ പുറത്ത് കൊണ്ട് വന്നു. കുഞ്ഞ് വെളിയില്‍ വന്നപ്പോള്‍ ഒരു ടാപ്പ് തുറന്ന് വിട്ടത് പോലെ രക്തം താഴേക്ക് ഒഴുകി. ” പെണ്‍കുട്ടി” ആ ഡോക്ടര്‍ എന്റെ കുഞ്ഞിനെ പൊക്കി കൊണ്ട് പറഞ്ഞു.അവളുടെ പൊക്കിള്‍ കൊടി മുറിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു ” പതിയെ ..പതിയെ . രക്തം എന്റെ കുഞ്ഞിന്റെ ദേഹത്തും ഉണ്ട്.
ഞാന്‍ കരഞ്ഞു.

എന്റെ ഭാര്യ അപ്പോഴേക്കും തളര്‍ന്നു പോയിരുന്നു. നേഴ്സ് എന്റെ കുഞ്ഞിനെ ആദ്യം എന്റെ കൈയില്‍ തന്നു വിറയ്ക്കുന്ന കൈകളില്‍ ഞാന്‍ അവളെ വാങ്ങി. ഒന്ന് നോക്കി. കരയുന്നു അവള്‍. മനസ്സ് നിറഞ്ഞു. വീണയ്ക്ക് കുഞ്ഞിനെ ഞാന്‍ കൈയില്‍ കൊടുക്കുമ്പോള്‍ അവളുടെ തളര്‍ച്ച എവിടെയോ പോയിരുന്നു. കുഞ്ഞിനെ കൈയില്‍ വാങ്ങി മാറോട് ചേര്‍ത്ത്
പിടിച്ച് അവള്‍ കരഞ്ഞു. ഞാനും.

പ്രസവ മുറിക്ക് വെളിയില്‍ സകല ഈശ്വരന്മാരെയും വിളിച്ച് കൊണ്ട് ഞങ്ങളുടെ രണ്ടു പേരുടെയും അച്ഛന്‍ അമ്മമാര്‍ ഉണ്ടായിരുന്നു. മോളെയും കൊണ്ട് ഞാന്‍ ആ മുറിക്ക് പുറത്ത് വന്നു. എന്റെ പുറകെ എന്നെ ഉന്തി തള്ളി അകത്ത് ഇട്ട നേഴ്സ്സും ഉണ്ടായിരുന്നു. ഞാനലുടെ അമ്മമാര്‍ ഓടി എന്റെ അടുത്ത് വന്നു. കുഞ്ഞിനെ എന്റെ അമ്മ കൈയില്‍ വാങ്ങി ” മോളാണ്” ഞാന്‍ പറഞ്ഞു. മൂന്ന് ആണ്മക്കള്‍ ഉള്ള എന്റെ അമ്മക്ക് ഓമനിക്കാന്‍ എന്റെ രണ്ടു ചേട്ടന്മാര്‍ക്കും പെണ്മക്കള്‍ ഇല്ലാതെ പോയി.

അങ്ങനെ ഞങ്ങളുടെ കുടുംബം ഒരു സംമ്പൂര്‍ണ ആണ്‍ കുടുംബം എന്ന രീതിയില്‍ മുന്നോട്ട് പോകെ എന്റെ അമ്മയുടെ സകല പ്രാര്‍ഥനകളും ഈശ്വരന്‍ കേട്ട് കനിഞ്ഞു നല്‍കിയ പെണ്‍ക്കുട്ടിയാണ് എന്റെ മകള്‍. കുഞ്ഞിനെ നേഴ്സ്സിന് തിരിച്ച്
ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ അവരുടെ മുഖത്ത് നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു ” താങ്ക്സ് “. അവര്‍ കുഞ്ഞിനെ വാങ്ങി പറഞ്ഞു ” മോളുടെ ജനന സമയം വൈകിട്ട് 4: 20″ . ഞാന്‍ കണ്ണുമിഴിച്ചു പോയി. ഉച്ചക്ക് ഒരു മണിയോടെ അവളെ അകത്ത് കേറ്റിയതാണ്. മനസ്സില്‍ കോടി തവണ എന്റെ അമ്മയെ ഞാന്‍ നമസ്കരിച്ചു.

അവളെ മുറിയില്‍ ഒരു ഏഴ് മണിയോടെ കൊണ്ട് വന്നു. തളര്‍ന്ന മുഖത്തോടെ എന്നാല്‍ ഒരു പൂര്‍ണ്ണ പ്രസന്നതയോടെ അവളുടെ മുഖം തെളിഞ്ഞു നിന്നു. എല്ലാവരും ഒന്ന് മാറി എനിക്കും അവള്‍ക്കും എന്ന കുറച്ച് നേരം കിട്ടിയപ്പോള്‍ അവള്‍ എന്നെ അടുത്ത് വിളിച്ചു. ഞാന്‍ അടുത്ത് ചെന്ന് ഒരു കസേര വലിച്ച് ഇട്ട് ഇരുന്നു. ” എങ്ങനെ ഉണ്ടായിരുന്നു പ്രസവം ?”
അവള്‍ എന്നോട് ചോദിച്ചു. ഒരു വളിച്ച ചിരിയോടെ ഒരു വലിയ നെടുവീര്‍പ്പ് ഇട്ട് ഞാന്‍ അവളെ നമിച്ചു. അല്ലാതെ എനിക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു. എന്റെ സകല അഹങ്കരവും ആ പ്രസവ മുറിയില്‍ ഒലിച്ചു പോയിരുന്നു. എന്നെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ ഇരുന്നു. അവളോട്‌ ചേര്‍ന്ന് ചൂട് പറ്റി എന്റെ കണ്മണിയും ഉറക്കം പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here