Home Latest ആദ്യമായിട്ടാ, ഭർത്താവിന്റെ വീട്ടിലേക്ക് ഒറ്റയ്ക്കൊരു യാത്ര പോകുന്നത്…

ആദ്യമായിട്ടാ, ഭർത്താവിന്റെ വീട്ടിലേക്ക് ഒറ്റയ്ക്കൊരു യാത്ര പോകുന്നത്…

0

രചന : സജിമോൻ

ആദ്യമായിട്ടാ, ഭർത്താവിന്റെ വീട്ടിലേക്ക് ,ഒറ്റയ്ക്കൊരു യാത്ര പോകുന്നത് .

ദുബായീന്ന്, ഇന്നലെയാ ,വിനുവേട്ടൻ വിളിച്ച് പറയുന്നത്, ഗീതേച്ചിയും, ഭർത്താവും ഉത്രാളികാവിലെ പൂരം മഹോത്സവത്തിനായി പോയെന്നും ,തറവാട്ടിലിപ്പോൾ അമ്മ തനിച്ചാണെന്നും.

ഉത്സവം കഴിഞ്ഞ്, അളിയനും പെങ്ങളും തിരിച്ച് വരുന്നത് വരെ, അമ്മയ്ക്ക് കൂട്ടായി താനവിടെ ചെന്ന് നില്ക്കണമത്രെ.

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ, വിനുവേട്ടൻ ദുബായിക്ക് തിരിച്ച് പോകുമ്പോൾ, അദ്ദേഹത്തിന്റെ അമ്മയ്ക്ക് കൂട്ടായി, താൻ അവിടെത്തന്നെയുണ്ടാവണമെന്ന് പറഞ്ഞിട്ടാണ് പോയത്.

പക്ഷേ ,ഗീതേച്ചിയുടെ ഹസ്ബന്റിന്റെ ബിസിനസ് തകർന്ന്, ഉള്ള കിടപ്പാടം വരെ വില്ക്കേണ്ടി വന്നപ്പോൾ, വിനുവേട്ടനാ, അവരോട് പറഞ്ഞത്, തറവാട്ടിൽ വന്ന് നിന്നോളാൻ.

താനും, ഒരു പാട് സന്തോഷത്തിലായിരുന്നു, അവരെ സ്വീകരിച്ചത്.

കാരണം ,അമ്മയും താനും മാത്രമായിട്ട് , ആ തറവാട്ടിൽ ‘ ശരിക്കും വിരസത തോന്നി തുടങ്ങിയിരുന്നു.

ഗീതേച്ചിയുടെ മക്കളുമായി, കളിച്ച് ചിരിച്ച് ഓരോ പകലും തീരുന്നതറിയില്ലായിരുന്നു.

എന്ത് രസമായിരുന്നു ആ കാലം.

പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്.

ജോലിയും കൂലിയുമില്ലാതെ ഏത് നേരവും വീട്ടിൽ തന്നെ കുത്തിയിരിക്കുന്ന, ശിവേട്ടനെ കുറിച്ച് ഗീതേച്ചിക്ക് സംശയം തോന്നി തുടങ്ങി.

ഭർത്താവ് അടുത്തില്ലാതെ, കഴിയുന്ന താനായിരുന്നു,
ഗീതേച്ചിയുടെ സംശയത്തിന് പ്രധാന കാരണം.

മദ്ധ്യവയസ്കയായ ഗീതേച്ചിയോട് ,ശിവേട്ടൻഅകൽച്ച കാണിക്കുന്നത് ,തന്റെ സാന്നിദ്ധ്യമുള്ളത് കൊണ്ടാണെന്ന് അവർ വിശ്വസിച്ചു.

അന്ന് മുതൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റപ്പെടുത്തലും കുത്ത് വാക്കുകളുമായി .

അവസാനം സഹികെട്ടാണ്, ഇനി അങ്ങോട്ട് ഒരു തിരിച്ച് പോക്കില്ലെന്ന് ശപഥം ചെയ്ത് , തന്റെ വീട്ടിലേക്ക് തിരിച്ച് വന്നത്.

പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ട് ശപഥം പിൻവലിക്കേണ്ടി വന്നു.

ആലുവ റെയിൽവേ സ്റ്റേഷനിൽ വന്ന്, അച്ഛനാണ് കണ്ണൂരേക്കുള്ള ട്രെയിനിൽ കയറ്റി വിട്ടത്.

കയ്യിലിരുന്ന ടിക്കറ്റ് നോക്കി, സീറ്റ് നമ്പർ പരതുമ്പോഴാണ് ,അടുത്ത സീറ്റിൽ നിന്നൊരാൾ ശാലിനീ എന്ന് വിളിക്കുന്നത്.

വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ വിളിച്ച ആളെക്കണ്ട് അക്ഷരാത്ഥത്തിൽ ഞെട്ടിപ്പോയി.

ശ്യാംലാലായിരുന്നു അത്.

ഒരിക്കൽ തന്റെ എല്ലാമായിരുന്ന ശ്യാം.

തന്റെ വീട്ടിൽ വിവാഹാലോചന ,കൊടും പിരിക്കൊണ്ട് നില്ക്കുമ്പോൾ താൻ കൂടെയിറങ്ങി ചെല്ലാമെന്ന് പറഞ്ഞ് ശ്യാമിനെ സമീപിച്ചതാണ്.

പക്ഷേ ,ഒരു ജോലിയില്ലാതെ തന്നെ കൊണ്ട് പോയാൽ ജീവിതം ദുഷ്കരമാകുമെന്നു0,അത് കൊണ്ട് ,താൻ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കണമെന്നും, ഉപദേശിച്ച് തന്നെ തിരിച്ചയച്ചു.

അന്ന് താൻ ഒരുപാട് ശപിച്ചിരുന്നു, ശ്യാമിനെ.

പ്രണയിച്ചിട്ടൊടുവിൽ തന്നെ വഴിയിൽ ഉപേക്ഷിച്ച് പോയ,നയവഞ്ചകനായിട്ടാണ് ശ്യാമിനെ, താനന്ന് കണ്ടത്.

“എന്താ,ശാലു.. ഇങ്ങനെ തുറിച്ച് നോക്കുന്നത് ,തന്റെ സീറ്റ് കണ്ടില്ലേ?

ശ്യാമിന്റെ ചോദ്യം കേട്ടവൾ, അവനിരിക്കുന്ന സീറ്റിലെ ഒഴിഞ്ഞ് കിടക്കുന്ന ഭാഗത്തെ, നമ്പർ നോക്കി.

അതെ, അവന്റെ തൊട്ടടുത്ത സീറ്റ് തന്നെയാണ് തന്റേത്.

മനസ്സില്ലാ മനസ്സോടെ അവൾ ,അവനരികിലായിരുന്നു.

“ശാലിനിക്ക് എന്നോട് ഇപ്പോഴും വെറുപ്പാണോ?

അവന്റെ ചോദ്യം കേട്ടെങ്കിലും മറുപടി പറയാതെ അവൾ പറത്തേക്ക് നോക്കിയിരുന്നു.

“ഞാനന്ന് അങ്ങനെ, നിന്നെ ഉപദേശിച്ച് തിരിച്ചയച്ചത് കൊണ്ട്, നിനക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടിയില്ലേ, അതിന് നീ എന്നോട് നന്ദി പറയുകയല്ലേ വേണ്ടത് ”

ശ്യാം വീണ്ടും അവളുടെ മുഖത്തേയ്ക്ക് നോക്കി.

“ഹും, കല്യാണം കഴിഞ്ഞു എന്നത് നേരാ, പക്ഷേ നല്ല കുടുംബ ജീവിതം, അതെന്താണെന്ന് കഴിഞ്ഞ അഞ്ച് വർഷമായി ഞാനറിഞ്ഞിട്ടില്ല”.

അവൾ, വെട്ടിത്തിരിഞ്ഞ് അവന്റെ മുഖത്ത് നോക്കി പറഞ്ഞു.

“ങ്ങ് ഹേ അതെന്താ ശാലു?

അയാൾ ജിജ്ഞാസയോടെ ചോദിച്ചു.

“കല്യാണം കഴിഞ്ഞ പിറ്റേ മാസം, ലീവ് തീർന്നെന്ന് പറഞ്ഞ് ഗൾഫിലേക്ക് തിരിച്ച് പോയ ഭർത്താവ്, പിന്നിത് വരെ തിരിച്ച് വന്നിട്ടില്ല.
പക്ഷേ എനിക്ക് കൃത്യമായി ചെലവിനുള്ള കാശ് അയച്ച് തരുന്നുണ്ട് കെട്ടോ?
ഒരു പക്ഷേഭാര്യയ്ക്ക് അത് മാത്രം മതിയെന്ന് അദ്ദേഹം കരുതി കാണും”

അത് പറയുമ്പോൾ, അവളുടെ കണ്ണ് നിറഞ്ഞ് വരുന്നത് ശ്യാം ശ്രദ്ധിച്ചു.

അയാളുടെ മനസ്സിൽ ചില പ്രതീക്ഷകൾ ചിറക് വിരിച്ചു.

പഴയ ശാലിനിയിൽ നിന്ന് അവളിന്ന് ഒരു പാട് മാറിയിരിക്കുന്നു.

പണ്ട്, ഒരു നരന്ത് പോലിരുന്ന അവളോട്, തനിക്ക് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല, പക്ഷേ ഇന്നിപ്പോൾ അവൾക്ക് അടിമുടി മാറ്റം വന്നിരിക്കുന്നു.

ആര് കണ്ടാലും ,ഒന്ന് കൂടി നോക്കി പോകുന്ന, ഒരു മാദക സൗന്ദര്യം അവൾക്കുണ്ട് .

അവളുടെ മേനിയിൽ നിന്ന് വമിക്കുന്ന വിദേശ സുഗന്ധദ്രവ്യത്തിന്, വശ്യമായ അനുഭൂതി പകരാൻ കഴിയുന്നുണ്ട്.

അയാൾ ഒന്ന് കൂടി അവളിലേക്ക് ചേർന്നിരുന്നു.

എന്നിട്ട് ചോദിച്ചു.

“നിനക്കിപ്പോഴും എന്നോടാ പഴയ സ്നേഹമുണ്ടോ ശാലു?

ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നു.

“ഉണ്ടെങ്കിൽ?

അവൾ തിരിച്ച് ചോദിച്ചു.

“എങ്കിൽ ഞാൻ വിളിച്ചാൽ, എന്റെ കൂടെ പോരുമോ നീ?

അവന്റെ കണ്ണിലെ തിരയിളക്കം അവൾ കണ്ടു.

“അപ്പോൾ, നീലിമയോ ?

ആ, ചോദ്യത്തിൽ തെല്ലൊന്ന് പതറിയെങ്കിലും ,അത് പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു.

“ഓഹ് അവൾ ഉള്ളതും, ഇല്ലാത്തതും കണക്കാ ,എനിക്കിപ്പോൾ ആവശ്യത്തിന് പണവും സൗകര്യങ്ങളുമൊക്കെയുണ്ട് ,നിനക്ക് ഞാൻ മറ്റൊരു വീടെടുത്ത് അവിടെ താമസിപ്പിക്കാം,
പ്രത്യക്ഷത്തിൽ ,നമ്മൾ തികച്ചും അന്യരായിരിക്കും.
പക്ഷേ ,ഒറ്റ രാത്രി പോലും നീ ഒറ്റയ്ക്കാവില്ല ,നീ ആഗ്രഹികുന്നതെന്തും ഞാൻ നിനക്ക് തന്നിരിയ്ക്കുo “.

അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് ശ്യാം പറഞ്ഞു.

“ഹും എനിക്ക് വേണ്ടത് രാത്രിയിൽ കൂടെ കിടക്കാൻ ഒരു പുരുഷനെയല്ല ,എല്ലാ സമയത്തും എന്റെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്ന, ഏത് പ്രതിസന്ധിയിലും കൂടെ നില്ക്കുന്ന, എന്റെ കണ്ണ് നിറഞ്ഞാൽ, ഒരു തലോടലായി ഒപ്പമുണ്ടാവുന്ന ജീവിത പങ്കാളിയെയാണ് ”

അല്ലാതെ നിന്നെപ്പോലെ ഭാര്യയെ മടുക്കുമ്പോൾ, പുതുമ തേടി നടക്കുന്ന, രണ്ടും കെട്ടവനെയല്ല ,മനസ്സിലായോ?”

രോഷാകുലയായ അവളെ കണ്ടപ്പോൾ അവൻ ശരിക്കും ഭയന്ന് പോയി.

ഇനിയുമവിടിരുന്നാൽ ,അവൾ തന്റെ തൊലി ഉരിക്കുമെന്ന് മനസ്സിലായ ശ്യാം, അവിടെ നിന്ന് പതിയെ, എഴുന്നേറ്റ്, അടുത്ത കമ്പാർട്ട്മെന്റിലേക്ക് നടന്നു നീങ്ങി.

രചന
സജിമോൻ ,തൈപറമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here