Home Article പ്രസവ റൂമില്‍ കിടക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന്‍ ആഗ്രഹിക്കുന്നത് ഇതാണ്..

പ്രസവ റൂമില്‍ കിടക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന്‍ ആഗ്രഹിക്കുന്നത് ഇതാണ്..

0

പ്രസവ റൂമില്‍ കിടക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവില്‍
നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്…

എണീക്ക് വീനൂട്ടാ
നിയ്ക്ക് ഛർദ്ദിക്കണം…” ഉണ്ണിമായ കുലുക്കി വിളിച്ചപ്പോഴാണ് വിനു കണ്ണു തുറന്നത്. ഉറക്കച്ചടവിൽ എണീറ്റ് വരുമ്പോഴേയ്ക്കും അവൾ കതക് തുറന്ന് പുറത്തേക്കോടി. വിനു ചെന്നപ്പോഴേക്കും അടുക്കളയുടെ വാതിൽപ്പടിയിൽ അവൾ തളർന്നിരിക്കുന്നു… വിനു അവളുടെ അടുത്ത് ചെന്നിരുന്നു അവൾ അവൻെറ കെെകളിലേക്ക് ചാരി ഇരുന്നു. ഞാൻ പറഞ്ഞതല്ലേ വെെകിട്ട് ഒന്നും കഴിക്കണില്ലാന്ന്.. കഴിച്ചാൽ ഛർദ്ദിക്കും.. കണ്ടില്ലേ..എന്നും പറഞ്ഞ് കഴിക്കാണ്ട് ഇരിക്കാൻ പറ്റുമോ??.. നീ എണീക്ക് നമുക്ക് കിടക്കാം.. വിനു അവളെ താങ്ങിപ്പിടിച്ച് മുറിയിലേക്ക് പോയി.. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് അവൾ കുലുക്കി വിളിക്കുന്നത്.. ആദ്യമൊക്കെ ദേഷ്യം തോന്നിയാരുന്നെങ്കിലും വയറും താങ്ങിപ്പിടിച്ചുള്ള ഛർദ്ദിൽ കണ്ടാൽ ഒന്നും പറയാൻ തോന്നില്ല…

അവൾക്കിത് നാലാം മാസമാണ്.. ആദ്യത്തെ രണ്ടു മാസം ഛർദ്ദിൽ ഒന്നുമില്ലാരുന്നു… മൂന്നാം മാസം കയറിയത് മുതൽ പെണ്ണ് ഒാരോരോ ആഹാരത്തിനെ വെറുത്ത് തുടങ്ങി
നാരങ്ങാ അച്ചാർ കൂടുതൽ കൂട്ടിയാൽ പെൺകുട്ടി ഉണ്ടാവുമെന്ന് എവിടുന്നോ കിട്ടിയ അറിവുള്ളതു കൊണ്ട് കല്ല്യാണത്തിന് മുന്നേ തന്നെ നാരങ്ങാ അച്ചാർ ഇഷ്ടപ്പെട്ട് കഴിച്ച് തുടങ്ങിയതാണവൾ. പക്ഷേ പാവത്തിന് ഈ സമയത്ത് നാരങ്ങാ അച്ചാർ തൊട്ടുകൂട്ടാൻ പോലുമുള്ള യോഗമില്ലായിരുന്നു.

അവിയൽ ഉണ്ടെങ്കിൽ രണ്ട് തവണ ചോറുണ്ണുന്നവൾ അതൊക്കെ ഞാൻ കൂട്ടുന്നത് കണ്ട് തൃപ്തതിപ്പെട്ടു.. മീൻ കറിയുടെ മണം അടിച്ചാലേ അവൾ വായും പൊത്തി ഓടും… അതു കൊണ്ടെന്താ.. മീൻ ഉണ്ടെങ്കിലേ ചോറിറങ്ങൂ എന്ന് വാശിയുണ്ടായിരുന്ന തൻെറ കാര്യത്തിൽ തീരുമാനമായി.. ഇറച്ചിയൊന്നും വീടിൻെറ പരിസരത്തു പോലും അടുപ്പിക്കാൻ പറ്റാതെയായി.. ആകെപ്പാടെ അവൾ കൂട്ടുന്നത് കഞ്ഞിയും ഒരിത്തിരി ചമ്മന്തിയും…. അതും താൻ തന്നെ അരച്ചു കൊടുക്കേണ്ട അവസ്ഥ…

കുഴിമടിയനായിരുന്നിട്ടും അവളുടെ അവസ്ഥ പല ജോലികളും തനിയെ ചെയ്യാൻ തന്നെ പ്രാപ്തനാക്കി. ഏതെങ്കിലും മാസിക വായിച്ച് അതിൽ ഗർഭസ്ഥ കാലത്ത് കുഞ്ഞിൻെറ ആരോഗ്യത്തിനായി കഴിക്കേണ്ട എന്തെങ്കിലും കണ്ടാൽ വാശി പിടിച്ച് തന്നെക്കൊണ്ടത് വാങ്ങിപ്പിക്കും.. പക്ഷേ അര മണിക്കൂറിൽ കൂടുതൽ അവളുടെ വയറിൽ കിടക്കാനുള്ള ഭാഗ്യം ആ ആഹാരസാധനങ്ങൾക്കൊന്നും ഇല്ലായിരുന്നു. പിന്നെ കാശ് കൊടുത്ത്് വാങ്ങിയതല്ലേ എന്നോർത്ത് ബാക്കിയൊക്കെ താൻ കഴിക്കും.

അമ്മ കഴിക്കേണ്ടത് അച്ഛൻ കഴിച്ചാലും മതിയല്ലോ.. ആ സമയത്ത് മുഖം കുത്തിവീർപ്പിച്ച് അവൾ ഇരിക്കണ കാണുമ്പോൾ ചിരി വരുമായിരുന്നു.. ഛർദ്ദിൽ പതിവായതോടെ ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിപ്പ് പതിയെ അവൾ തന്നെ നിർത്തി.. വിളിച്ചാലും കഴിക്കാൻ വരില്ല,.. എല്ലാരും കഴിച്ച് കഴിഞ്ഞേ അവൾ ഇരിക്കൂ.. ്അഞ്ചാം മാസമായപ്പോഴേക്കും അവളുടെ കാലിൽ നീര് വെയ്ക്കാൻ തുടങ്ങി.. കാലിൻെറ വേദനയെക്കാൾ അവൾക്ക് സങ്കടം നീരുള്ളതു കൊണ്ട് കാലിലെ കൊലുസ് ഊരേണ്ടി വന്നതിനാലാണ്.. വയറ് വലുതായതോടെ പെണ്ണ് ചുരിദാറിൽ നിന്ന് നെെറ്റിയിലേക്ക് രംഗപ്രവേശനം ചെയ്തു. ആദ്യത്തെ ദിവസം നെെറ്റിയിട്ട് വീടിന് വെളിയിലിറങ്ങാൻ അവൾക്ക് ചമ്മലായിരുന്നു.

പിന്നീട് അതൊക്കെ തനിയെ മാറി.. കാലിൻെറ നീര് കൂടും തോറും രാത്രി അവൾ തന്നെക്കൊണ്ട് കാലു തിരുമ്മിക്കാൻ തുടങ്ങി… പിന്നെ പിന്നെ അവൾ മുറിയിലേക്ക് കയറും മുന്നേ ഉറക്കം നടിച്ചു കിടന്നു. ഏഴാം മാസം വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതിന് മുന്നേയുള്ള രാത്രിയിൽ മുറിയിലെ വെട്ടം കണ്ട് കണ്ണു തുറന്ന് നോക്കിയപ്പോൾ കട്ടിലിൽ ഇരുന്ന് കാലു തിരുമ്മുന്ന അവളെയാണ് കണ്ടത്.. കാലിലെ ഞരമ്പോക്കെ പിടച്ച് നിൽക്കുന്നു.. അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത കുറ്റബോധം തോന്നി…. അവളുടെ അടുത്തേക്കിരുന്ന് കാലെടുത്ത് മടിയിൽ വെച്ച് തിരുമ്മി കൊടുത്തു.. വാവേനേം എന്നേം കാണാണ്ട് വിനുവേട്ടന് നിക്കാൻ പറ്റുവോ ഇവിടെ.. ഞാൻ പോണില്ലാന്ന് പറയട്ടേ??

അവളുടെ ചോദ്യത്തിന് ഇതൊക്കെ നാട്ടുനടപ്പല്ലേ ഉണ്ണീ.. പോകാണ്ട് ഇരിക്കാൻ പറ്റുവോ എന്ന തൻെറ മറുപടി അവളെ വേദനിപ്പിച്ചിട്ടുണ്ടാവും.. ചടങ്ങുകളൊക്കെ കഴിഞ്ഞ് അവൾ വീട്ടിലേക്ക് പോയി.. അവൾക്ക് വേണ്ടി നിരോധിച്ചിരുന്ന ആഹാരങ്ങളൊക്കെ കൂട്ടി കഴിക്കാൻ ഇരുന്നെങ്കിലും കഴിഞ്ഞില്ല… എന്തൊക്കെയോ അസ്വസ്ഥത മനസിനെ അലട്ടി.. പിന്നീട് അവളുടെ പ്രസവം വരെ ഓരോ കാരണങ്ങളുണ്ടാക്കി അവളുടെ അടുത്ത് പോയി നിന്നു.

എല്ല് നുറുങ്ങുന്ന വേദനയുമായി തൻെറ കുഞ്ഞിന് അവൾ ജന്മം നൽകിയപ്പോൾ കണ്ണു നിറഞ്ഞൊഴുകി.പ്രസവശേഷം അവളെകാണാൻ മുറിയിൽ കയറിയപ്പോൾ പതിയെ അവൾ ചിരിച്ചുകൊണ്ട് കാതിൽ പറഞ്ഞു. ” നാരങ്ങാ അച്ചാർ കൂട്ടിയില്ലേലും നമുക്ക് പെൺകുട്ടിയാട്ടോ വിനുവേട്ടാ…”.. ഒൻപത് മാസം അവളനുഭവിച്ച പ്രയാസങ്ങളും പ്രസവത്തിൻെറ വേദനയും ആ കുരുന്നു മുഖം കണ്ടപ്പോൾ അലിഞ്ഞില്ലാതായെന്ന് അവളുടെ ചിരിയിൽ വ്യക്തമായിരുന്നു. അവളുടെ അടുത്ത്കിടന്ന മാലാഖകുഞ്ഞിനെ നോക്കി താനും ചിരിച്ചു….

LEAVE A REPLY

Please enter your comment!
Please enter your name here