Home Latest ന്നും വേണ്ട തന്റെ മനസ്സിൽ തോന്നിയ ദുരാഗ്രഹങ്ങളെ, അവിടെ തന്നെ കുഴിച്ച് മൂടുന്നതാ ബുദ്ധി…

ന്നും വേണ്ട തന്റെ മനസ്സിൽ തോന്നിയ ദുരാഗ്രഹങ്ങളെ, അവിടെ തന്നെ കുഴിച്ച് മൂടുന്നതാ ബുദ്ധി…

0

“ഡോക്ടർജീ.. ചൂട് ചായ ഉണ്ട്, ഒന്ന് എടുക്കട്ടെ?”

ഓപറേഷൻ തീയറ്ററിൽ നിന്നിറങ്ങിയ, Dr: ഷാനവാസിനോട് സിസ്റ്റർ ജെയ്സി ചോദിച്ചു.

“എന്താ സിസ്റ്റർ, ചായ ഫ്ലാസ്കിൽ ഇട്ടോണ്ട് വരുമോ?

ഡോകടർ ചെറുചിരിയോടെ ചോദിച്ചു .

“യെസ് ഡോക്ടർ എനിക്ക് കാന്റീനിലെ ചായ ഇഷ്ടമല്ല അത് കൊണ്ട്, ഞാൻ പോരുമ്പോൾ ഡിന്നറിനൊപ്പം ചായ ഫ്ളാസ്ക്കും മറക്കാതെയെടുക്കും”

ഡോക്ടറുടെ, സമ്മതത്തിന് കാത്ത് നില്ക്കാതെ സിസ്റ്റർ ജെയ്സി ഗ്ളാസ്സിലേക്ക് ചൂട് ചായ പകർന്ന് ഡോക്ടർക്ക് കൊടുത്തു.

അപ്പോഴേക്കും ഹെഡ് നേഴ്‌സ് സൂസനും നഴ്സിങ്ങ് അസിസ്റ്റൻറ് സറീനയും അങ്ങോട്ട് കടന്നു വന്നു.

“ആങ്ഹാ, ഞങ്ങൾക്കൊന്നും ചായ ഇല്ലേ?”

സൂസന്റെ ചോദ്യം

“ഉം, എല്ലാർക്കും കുറേശ്ശേ തരാനേ കാണു, ദാ ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് ”

അനിഷ്ടം മുഖത്ത് പ്രകടിപ്പിക്കാതെ ,ജയ് സി, ഡിസ്പോസിബിൾ ഗ്ളാസ്സിന്റെ ചുവട്ടിൽ എല്ലാവർക്കും തൊണ്ടനനയ്ക്കാനുള്ളത് ഒഴിച്ച് കൊടുത്തു.

“അല്ലാ നിങ്ങളാരും വീട്ടിൽ പോകുന്നില്ലേ? ഡ്യൂട്ടി കഴിഞ്ഞല്ലോ ? പിന്നെന്താ കറങ്ങിത്തിരിഞ്ഞ് നില്ക്കുന്നത്.?

ജയ്സി, സൂസനോടും, സറീനയോടുമായി ചോദിച്ചു .

“ഓഹ് ഞങ്ങള് പോയ്ക്കൊളാമേ, നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഞങ്ങള് നില്ക്കുന്നില്ലേ ”

ഒരു പ്രത്യേക താളത്തിൽ ഉള്ളിലെ കുശുമ്പ് പുറത്ത് കാട്ടാതെ, സൂസൻസിസ്റ്റർ ,ജയ് സിയോട് ചേർന്ന് നിന്ന്, അവളുടെ ചെവിയിൽ മാത്രമായി പറഞ്ഞിട്ട് ,സറീനയെ വിളിച്ച് കൊണ്ട് പുറത്തേക്ക് പോയി.

അത് കേട്ട് ജയ്സിക്ക് വല്ലാത്ത ജാള്യത തോന്നി.

ശ്ശെ! തന്റെ ഉള്ളിലിരുപ്പ് എല്ലാവർക്കും മനസ്സിലായിരിക്കുന്നു.
അർഹതയില്ലാത്തതാണെന്നും ആഗ്രഹിക്കാൻ പാടില്ലാത്തതാണെന്നുമറിയാം ,എന്നാലും ഡോക്ടർ ഷാനവാസി നോട് അവൾക്ക് ഒരു തരം ആരാധനയാണ്.

നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ഹോസ്പിറ്റലിൽ മൂന്ന് വർഷമായി ജയ്സി, നഴ്സാണ് .

അവിടേക്ക് സുമുഖനും ഹാൻഡ്‌സവുമായ, ഡോക്ടർ ചാർജ്ജെടുത്തിട്ട് ഒരു മാസമേ ആയിട്ടുള്ളു.

പക്ഷേ, കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ,ഷാനവാസ് ഡോ: എല്ലാവരുടെയു പ്രിയങ്കരനായി.

വെളുത്ത് തുടുത്തിരിക്കുന്ന, ആ മുഖത്തെ നിഷ്കളങ്കമായ ചിരിയാണ് ,ജെയ്സിയെ ഡോ :ഷാനവാസിലേക്ക് ആകർഷിച്ചത്.

ഒരു കാര്യമില്ലെങ്കിലും ഡോക്ടറോട് ,എന്തെങ്കിലും സംശയവുമായി അവൾ ഓടിച്ചെല്ലും

അത് മറ്റൊന്നിനുമല്ല ,അദ്ദേഹം സംസാരിക്കുമ്പോൾ അത് കണ്ടിരിക്കാൻ നല്ല രസമാണ് .

“മോളേ നിന്റെയീ പോക്ക് അപകടത്തിലേക്കാണ് ,നീയെന്തറിഞ്ഞിട്ടാ, ഡോക്ടർജിയെ ഇങ്ങനെ ആരാധിച്ച് നടക്കുന്നെ, ഏതോ വലിയ കുടുംബത്തിലെ ,ഡോക്ടർ ദമ്പതികളുടെ ഒറ്റ മകനാണെന്നാ പറഞ്ഞ് കേട്ടത് ,നിനക്ക് കൈയ്യെത്തി പിടിക്കാവുന്നതിലുമൊക്കെ ഒരു പാട് ഉയരത്തിൽ, അത് കൊണ്ട് എന്റെ പൊന്നുമോള് വേണ്ടാത്ത വിചാരങ്ങളൊന്നും കൊണ്ട് നടക്കണ്ട ”

ഒരിക്കൽ സൂസൻസിസ്റ്റർ തന്നെ ഉപദേശിച്ചു.

ശരിയാ ,തന്റെ മാതാപിതാക്കൾ ഡോക്ടേഴ്സ്, ആയിരുന്നില്ല, അച്ഛൻ ഓട്ടോ ഓടിക്കാനും, അമ്മ തൊഴിലുറപ്പിനും പോയി കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് അവർക്ക് തന്നെ, ഒരു നഴ്സ് ആക്കാനെ കഴിഞ്ഞുള്ളു.

ഓരോന്നാലോചിച്ച് ജെയ്സി ,ചൂട് ചായ ഊതി കുടിക്കുന്ന ഷാനവാസിനെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുകയായിരുന്നു.

ഇടയ്ക്ക് ഡോ: തിരിഞ്ഞ് നോക്കിയപ്പോൾ, തന്നെ നോക്കിയിരിക്കുന്ന, ജയ്സിയോട്, അദ്ദേഹം ചോദിച്ചു.

“സിസ്റ്റർ സ്വപ്നം കാണുകയാണോ?

പെട്ടെന്നവൾ മുഖം വെട്ടിച്ചു.

“ഇല്ല ഡോ: ഞാനെന്തോ ഒന്ന് മറന്നു, അതാലോചിക്കുകയായിരുന്നു “.

ഈശ്വരാ.. അദ്ദേഹം എന്ത് കരുതിക്കാണും തന്നെ കുറിച്ച്, തന്റെ ഉള്ളിലിരിപ്പ് എങ്ങാനും അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം ,ചിലപ്പോൾ അദ്ദേഹത്തിന് പുച്ഛമായിരിക്കും തന്നോട്.

അവൾക്ക് സ്വയം അവജ്ഞതോന്നി .

വേണ്ട ഒന്നും വേണ്ട
തന്റെ മനസ്സിൽ തോന്നിയ ദുരാഗ്രഹങ്ങളെ, അവിടെ തന്നെ കുഴിച്ച് മൂടുന്നതാ ബുദ്ധി ,ഇല്ലെങ്കിൽ ചിലപ്പോൾ ഒത്തിരി ആഴിച്ചത് കിട്ടാതെ വരുമ്പോൾ, നിരാശ മൂത്ത് താനൊരു ഭ്രാന്തിയായി പോകും.

അവൾ, സ്വയം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.

“ഡോക്ടർ, കാഷ്വാലിറ്റിയിൽ ,ഒരു ആക്സിഡന്റ് കേസ് വന്നിട്ടുണ്ട് ”

അറ്റൻറർ ബാബു, വന്ന് പറഞ്ഞു.

ഡോക്ടർ വേഗമെഴുന്നേറ്റ് കാഷ്വാലിറ്റിയിലേക്ക് പോയി.

“സിസ്റ്ററെ സുഖം തന്നെയല്ലേ ?

ഒരു വഷളൻ ചിരിയോടെ ബാബു, ജെയ്സിയെ നോക്കി ചോദിച്ചു.

ഹും ..

അവൾ വെറുപ്പോടെ അവനെ ചുണ്ട് വക്രിച്ച് കാണിച്ചു.

അവനൊരു ഫ്രോഡാണെന്ന്, സൂസൻസിസ്റ്റർ ഇടയ്ക്കിടെ പറയാറുണ്ട്.

തനിക്കും അത് ചിലപ്പോഴൊകെ തോന്നിയിട്ടുണ്ട്.

ആവശ്യമില്ലാതെ, ഇടനാഴിയിലൂടെ നടക്കുമ്പോഴും, ലിഫ്റ്റിൽ വച്ചുമൊക്കെ തന്റെ ദേഹത്ത് മുട്ടിയുരുമാറുണ്ട്.

ജെയ്സിയും ഡോക്ടറുടെ പിന്നാലെ കാഷ്വാലിറ്റിയിലേക്ക് പോയി .

#######$#######

ദിവസങ്ങൾ കടന്ന് പോയ് കൊണ്ടിരുന്നു,
ജെയ്സിയുടെ മനസ്സിലെ ,ഡോക്ടറോടുള്ള പ്രണയം കൂടിക്കൂടി വന്നു, എത്ര ശ്രമിച്ചിട്ടും മറക്കാനാവാതെ, ആ വൺവേ പ്രേമം അവളുടെ മനസ്സിൽ ദൃഢമായി കഴിഞ്ഞിരുന്നു.

ഒടുവിൽ ഗത്യന്തരമില്ലാതെ ഡോക്ടർ ഷാനവാസി നോട്, രണ്ടും കല്പിച്ച് തന്റെ ഹൃദയവികാരം തുറന്ന് പറയാൻ തന്നെ അവൾ തീരുമാനിച്ചു.

അന്ന് ഡോക്ടറുടെ ഓ പി ദിവസമാണ് .

ജെയ്സിക്ക് കാഷ്വാലിറ്റി ഡ്യൂട്ടിയും.

ഡോ: ഷാനവാസിനെ അസിസ്റ്റ് ചെയ്യുന്നത് സിസ്റ്റർ സറീനയാണ്.

ഇടയ്ക്ക് ജെയ്സി, കാഷ്വാലിറ്റിയിൽ നിന്ന് തല പുറത്തേക്കിട്ട്, ഷാനവാസ് ഡോക്ടറുടെ റൂമിന് മുന്നിലേക്ക് നോക്കി.

ഇനി ഒന്ന് രണ്ട് പേഷ്യന്റ് കുടിയേ ഉള്ളു, പരിശോധനയ്ക്ക്.

അത് കഴിഞ്ഞാൽ ഡോക്ടർ പോകും

ഇന്ന് നാട്ടിലേക്ക് പോകുന്നുണ്ടെന്ന്, പറഞ്ഞിരുന്നു.

അതിന് മുമ്പ് അദ്ദേഹത്തോട് കാര്യങ്ങൾ തുറന്ന് പറയണം.

ചിലപ്പോൾ പുച്ഛത്തോടെയുള്ള ഒരു പൊട്ടിച്ചിരിയായിരിക്കും പ്രതികരണം.

എന്ത് തന്നെയായാലും തനിക്കത് പറഞ്ഞേ പറ്റു.

ഇല്ലെങ്കിൽ ഓരോ ദിവസവും താൻ അദ്ദേഹത്തെ കുറിച്ച് ഓർത്ത് നീറിപ്പുകഞ്ഞ് കൊണ്ടിരിക്കും.

പിന്നെ താമസിച്ചില്ല.

ജെയ്സി, ഓടിച്ചെന്ന്, ഷാനവാസ് ഡോക്ടറുടെ റൂമിന്റെ വാതിൽ തുറന്ന് സറീനയെ വിളിച്ച്, പുറത്ത് നിർത്തിയിട്ട് പറഞ്ഞു.

“സറീനാ.. നീ കുറച്ച് നേരം കാഷ്വാലിറ്റിയിൽ ഒന്ന് അഡ്ജസ്റ്റ് ചെയ്യുമോ ,അവിടെ ഒരു മേജർ ആക്സിഡൻറ് കേസ് അറ്റൻറ് ചെയ്യുവാ ,എനിക്കെന്തോ ,അയാളുടെ ബ്ളീഡിംഗ് കണ്ടിട്ട് വല്ലാതെ തല കറങ്ങുന്നു ,ഇനി രണ്ട് പേരല്ലേയുള്ളു, ഇവിടെ ഞാൻ നോക്കിക്കൊള്ളാം, പ്ളീസ് .

ജയ്സിയുടെ അപേക്ഷ പ്രകാരം സറീന, കാഷ്വാലിറ്റിയിലേക്ക് പോയി.

അവസാനത്തെ പേഷ്യന്റിനെയും നോക്കി കഴിഞ്ഞപ്പോൾ ,നെഞ്ചിടിപ്പോടെ ജെയ്സി, ഡോക്ടറുടെ മുന്നിൽ വന്ന് എന്തോ പറയാനുള്ളത് പോലെ നിന്നു.

മേശപ്പുറത്ത് നിന്ന്, സ്റ്റെതസ്കോപ്പ് എടുത്ത് തോളിൽ ഇട്ടു കൊണ്ട്, ഡോ: കസേരയിൽ നിന്നെഴുന്നേറ്റ് അവളോട് ചോദിച്ചു.

“എന്താ സിസ്റ്റർ എന്ത് പറ്റി. ”

ഡോക്ടറുടെ, ചോദ്യത്തിൽ അവളൊന്ന് പരുങ്ങിയെങ്കിലും ,മനസ്സിലുള്ളത് അവൾ തുറന്ന് പറഞ്ഞു.

അത് കേട്ട് കുറച്ച് നേരം ഡോ: സ്തബ്ധനായി നിന്നു.

പിന്നെ ,മേശവലിപ്പ് തുറന്ന് ഒരു മടക്കിയപേപ്പർ, അവളുടെ കയ്യിലേക്ക് നീട്ടി .

“ഇതൊന്ന് വായിച്ച് നോക്കു ”

അവൾ, ആ പേപ്പർ വാങ്ങി, നിവർത്തി നോക്കി.

പരിചയമുള്ള കൈപ്പടയിൽ എഴുതിയിരിയുന്നത് അവൾ വായിച്ചു.

പ്രിയപ്പെട്ട ഡോക്ടർ,

എങ്ങനെ ഇത് പറയും എന്നെനിക്കറിയില്ല ,അതിനുള്ള യോഗ്യതയും എനിക്കില്ല എന്നറിയാം,
പക്ഷേ ,ഞാനിത് പറയാതിരുന്നാൽ എന്റെ ഹൃദയമിടിപ്പ് കൂടി എനിക്ക് ചിലപ്പോൾ, അറ്റാക്ക് വരെ വന്നേക്കാം.

തെറ്റാണെങ്കിൽ, എന്റെ അറിവില്ലായ്മയായി കരുതി എന്നോട് ക്ഷമിക്കണേ ഡോക്ടർ

വേറൊന്നുമല്ല, ഞാൻ ഡോക്ടറെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ,പാടില്ലാത്തതാണെന്ന് അറിയാം ,അതിനുള്ള യോഗ്യതയുമില്ല.

അനാഥയായൊരു, പെണ്ണിനെ കെട്ടണ്ട ,ഗതികേട് ഒന്നും, ഡോക്ടർക്കി ല്ലന്നുമറിയാം.

പിന്നെ, ദയവ് ചെയ്ത് എന്നെ ഇഷ്ടമല്ലെങ്കിലും ,പഴയത് പോലെ തന്നെ എന്നെ കാണാൻ ശ്രമിക്കണം.

മാത്രമല്ല ഇത് പോലെ തന്നെ ഡോക്ടറുടെ ഒപ്പം, എന്നും ഈ മുറിയിൽ തന്നെ ഡ്യൂട്ടി ചെയ്യാനും എന്നെ അനുവദിക്കണം.

ഒന്നുമില്ലെങ്കിലും, എന്നുമെനിക്ക് ഡോക്ടറെ കാണാമല്ലോ?

ആ ,സംസാരവും ,ചിരിയുമൊക്കെ കണ്ടും കേട്ടും ഞാൻ സമാധാനിച്ചോളാം.

മതി, ഇത്രയും തുറന്ന് പറഞ്ഞപ്പോൾ, എന്റെ മനസ്സിന് ഒത്തിരി ആശ്വാസം കിട്ടി.
നിർത്തട്ടെ.
സ്നേഹത്തോടെ
സറീന.

കത്ത് വായിച്ച് കഴിഞ്ഞപ്പോൾ ,
ജയ്സിക്ക് തല കറങ്ങുന്ന പോലെ തോന്നി .

എന്ത് പറയണമെന്നറിയാതെ അവൾ, ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

“ഞാൻ വന്ന നാൾ മുതൽ, സറീനയെ, ശ്രദ്ധിക്കുന്നുണ്ടായിരുന്നു ,അവളുടെ ആ നിഷ്കളങ്കതയും ,
ചോദിക്കുമ്പോൾ മാത്രമുള്ള, പതിഞ്ഞ സംസാരവും, നിങ്ങളിൽ നിന്നൊക്കെ,
എന്തോ ഒരു വ്യത്യസ്തത അവളിലുണ്ടെന്ന്, എനിക്ക് പലപ്പോഴും തോന്നിയിരുന്നു.

അങ്ങനെ ഒരു കൗതുകത്തിന് അവളെ കുറിച്ച് ഞാൻ ബാബുവിനോട് തിരക്കിയിരുന്നു.

അവനാ പറഞ്ഞത് ,ഉമ്മയും ബാപ്പയുമില്ലാത്ത ഒരു അനാഥപെൺകുട്ടിയാണ് അവളെന്നും ,ഒര കന്ന ബന്ധുവിന്റെ വീട്ടിൽ ,ദുഷ്കരമായ ജീവിതമാണ്, നയിക്കുന്നത് എന്നും ,

ആദ്യമൊക്കെ അവളോട്, ഒരു തരം സിമ്പതിയായിരുന്നു.

പിന്നീട് ,എന്റെ വീട്ടിൽ വിവാഹാലോചന നടക്കുന്നു, എന്നറിഞ്ഞപ്പോൾ, ഞാൻ സറീനയെ കുറിച്ചാണ് ചിന്തിച്ചത്.

എനിക്കവളോട് തോന്നിയ സിമ്പതി പിന്നീട് എന്റെ മനസ്സിൽ ഒരിഷ്ടമായി മാറുകയായിരുന്നു.

എങ്ങനെ ഇത് അവതരിപ്പിക്കുമെന്ന് കൺഫ്യൂഷനിലിരിക്കുമ്പോഴാ, ഇന്ന് രാവിലെ അവളീ കത്ത് എനിക്ക് തരുന്നത്.

ഇത് വരെ ഞാനവളോട് ഒന്നും പറഞ്ഞിട്ടില്ല.

അവൾ ഒരു പാട് പ്രതീക്ഷിക്കന്നുണ്ടെന്ന് എനിക്കറിയാം, ജെയ്സി തന്നെ പറയൂ ഞാനെങ്ങനെ അവളോട്, ഒരു “നോ ” പറയും ”

നിന്ന നില്പിൽ, താൻ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ, എന്ന് ജെയ്സി ,വല്ലാതെ ആഗ്രഹിച്ച് പോയി.

താനൊരു പാട് വൈകിപ്പോയല്ലോ എന്നോർത്ത് അവൾക്ക് കടുത്ത നിരാശ തോന്നി.

കുനിഞ്ഞ ശിരസ്സോടെ തളർന്ന കാലുകൾ വേച്ച് വേച്ച് അവൾ പുറത്തിറങ്ങി.

ഇടനാഴിയിലൂടെ, നടക്കുമ്പോൾ, ലജ്ജാവതിയായി ,
എതിരെ നടന്ന് വരുന്ന, സറീനയുടെ മുഖം , നിറഞ്ഞ കണ്ണ്കളാൽ അവൾ അവ്യക്തമായി കണ്ടു.

രചന ,
സജിമോൻ ,തൈപറമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here