Home സജയൻ ഞാറേകാട്ടിൽ  അമ്മയുടെ കല്യാണത്തിന് ഉപ്പ് വിളമ്പുന്ന മകൻ നാട്ടുകാരിൽ പലരും കളിയാക്കാൻ തുടങ്ങി…

അമ്മയുടെ കല്യാണത്തിന് ഉപ്പ് വിളമ്പുന്ന മകൻ നാട്ടുകാരിൽ പലരും കളിയാക്കാൻ തുടങ്ങി…

0

രചന : സജയൻ ഞാറേകാട്ടിൽ

നാളെ അഖിലിന്റെ അമ്മയുടെ കല്യാണമാണ്
അമ്മയുടെ കല്യാണത്തിന് ഉപ്പ് വിളമ്പുന്ന മകൻ
നാട്ടുകാരിൽ പലരും കളിയാക്കാൻ തുടങ്ങി

പക്ഷെ അതൊന്നും ശ്രദ്ധിയ്ക്കാതെ ഒരു പെങ്ങളുടെ കല്യാണം എന്ന പോലെ സന്തോഷത്തോടെയാണ് അഖിൽ അമ്മയുടെ കല്യാണത്തിന്റെ അവസാന ഒരുക്കങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നത്

ഒരു വാഹന അപകടത്തിൽ പെട്ടാണ് അഖിലിന്റെ അച്ഛൻ മരിച്ചത്
ചെറുപ്രായത്തിൽ അമ്മയെ അച്ഛൻ വിവാഹം ചെയ്തതിനാൽ ഇന്നും അഖിലിന്റെ അമ്മ ചെറുപ്പമാണ്
ഭർത്താവില്ലാത്ത ചെറുപ്പക്കാരിയും അത്യാവശ്യം സുന്ദരിയുമായ ഒരു സ്ത്രീയുടെ ശരീരത്തിലേക്ക് സമൂഹത്തിലെ ചില ദുഷ്ട ചിന്തകളുടെ കണ്ണുകൾ പതിക്കുന്നത് പേടിയോടെ മാത്രമേ ആ അമ്മയും മകനും നോക്കി കണ്ടിട്ടുള്ളൂട്7

ഭർത്താവ് മരിച്ചതിന് ശേഷം ഒരു ചെറിയ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് തന്റെ മകന്റെ സന്തോഷത്തിനും സുഖത്തിനും മാത്രം പ്രാധാന്യം നല്കിയാണ് ആ അമ്മ ജീവിയ്ക്കുന്നത്
ആരേയും ആശ്രയിക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് മകന് അത്യാവശ്യം വിദ്യാഭ്യാസം നല്കി വിദേശത്തേക്ക് പറഞ്ഞയക്കുവാനുള്ള എല്ലാ കാര്യങ്ങളും തയ്യാറാക്കി വച്ചിരിക്കുകയാണ് ആ അമ്മ
എന്നാൽ വിദേശത്ത് പോകുന്നതിന് മുമ്പ് അമ്മയെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കണമെന്ന ഉത്തരവാദിത്വത്തിലായിരുന്നു അഖിൽ

സ്കൂൾ അദ്ധ്യാപകനായ വാസുദേവൻ മാഷ് ഒരിക്കൽ അഖിലിനോട് പറഞ്ഞു
അമ്മയെ വിവാഹം കഴിയ്ക്കാൻ എനിക്കിഷ്ടമാണ്
ഒരു ദിവസം ഞാൻ അമ്മയോട് സൂചിപ്പിരുന്നു പക്ഷെ അമ്മ മറുപടിയൊന്നും പറഞ്ഞില്ല
എന്താണ് അഖിലിന്റെ അഭിപ്രായം ?
ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപകൻ
വീട്ടിൽ അത്യാവശ്യം സാമ്പത്തികം
ദുശ്ശീലങ്ങളൊന്നുമില്ല
സമൂഹത്തിൽ മാനിക്കപ്പെടുന്ന വ്യക്തി
അമ്മയേക്കാളും അല്പം പ്രായക്കൂടുതൽ
സഹോദരിമാരുടെ വിവാഹം കഴിഞ്ഞപ്പോഴേക്കും മാഷിന്റെ കല്യാണപ്രായം കഴിഞ്ഞിരുന്നു എന്ന് മാത്രം
കാണാനും തരക്കേടില്ല
അമ്മയ്ക്ക് ചേരും

മാഷിന് മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച് അമ്മയ്ക്ക് നല്ലൊരു വരനെ കണ്ട് പിടിച്ച സന്തോഷത്തിൽ അഖിൽ വീട്ടിലേയ്ക്ക് ഓടി
അഖിൽ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അച്ഛന്റെ ഫോട്ടോയുടെ മുമ്പിൽ നിന്ന് ആ അമ്മ പൊട്ടിക്കരഞ്ഞു
ആ കരച്ചിലിനിടയിലും അമ്മയുടെ കണ്ണുകളിൽ പുതിയൊരു ദാമ്പത്യ ജീവിതത്തിന്റെ പൊൻതിളക്കം കാണുവാൻ ആ മകന് കഴിഞ്ഞു

പിന്നെയെല്ലാം പെട്ടന്നായിരുന്നു
കല്യാണ തിയ്യതി കുറിച്ചു
അടുത്ത ബന്ധുക്കളെ ക്ഷണിച്ചു
അഖിൽ ആരിൽ നിന്നൊക്കെയോ കടം വാങ്ങിയ കുറച്ച് പൈസ കൊണ്ട് അമ്മയ്ക്കുള്ള കല്യാണ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോൾ അമ്മ അച്ഛന്റെ ഫോട്ടോ നെഞ്ചോട് ചേർത്ത് കരയുകയായിരുന്നു
അഖിൽ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ച് കിടന്നു
എപ്പഴോ ഉറങ്ങിപ്പോയി

ഇന്നാണ് കല്യാണം

അഖിൽ നേരത്തേ ഉണർന്നു
ചായയും പലഹാരങ്ങളും ഉണ്ടാക്കി
അമ്മയെ ഉണർത്തി കുളിയ്ക്കാൻ പറഞ്ഞയച്ചു
കുളിച്ച് തോർത്തി വന്ന അമ്മയ്ക്ക് ചായയും പലഹാരങ്ങളും വിളമ്പി
എന്നും അഖിൽ രാവിലെ എഴുന്നേറ്റ് വരുമ്പോൾ അമ്മ അവന് വേണ്ടി ചെയ്തിരുന്ന എല്ലാ കാര്യങ്ങളും അവൻ ഇന്ന് അമ്മയ്ക്ക് വേണ്ടി ചെയ്തു
ചായ കഴിച്ച് കഴിഞ്ഞപ്പോൾ അഖിൽ അമ്മയ്ക്ക് കല്യാണ ആഭരണങ്ങളും വസ്ത്രങ്ങളും നല്കി
വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് വന്ന അമ്മയുടെ മുടിയിൽ മുല്ലപ്പൂ ചൂടിച്ച് അമ്മയുടെ നെറ്റിയിൽ ആ മകൻ ചന്ദനക്കുറി തൊട്ടു

കൃത്യ മുഹൂർത്തത്തിൽ വിവാഹം നടന്നു
വധുവും വരനും ഭക്ഷണം കഴിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ അഖിൽ മാഷിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു
എന്റെ അമ്മയെ സ്നേഹിക്കണം
സങ്കടപ്പെടുത്തരുത്
അതിന് മറുപടിയായി മാഷ് അഖിലിന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് തന്റെ ഭാര്യയെ നെഞ്ചോട് ചേർത്ത് കാറിനടുത്തേക്ക് നടന്നു

കാറിലിരുന്ന് ആ അമ്മ നിറ കണ്ണുകളോടെ തന്റെ മകനെ നോക്കി
കാറ് മുമ്പോട്ട് പോകും തോറും പുറകോട്ട് പോകുന്ന വേലിപ്പടർപ്പുകളോടൊപ്പം തന്നിൽ നിന്ന് അകലുന്ന മകനെ നോക്കുന്ന അമ്മയെ ആ മകൻ പുഞ്ചിരിയോടെ യാത്രയാക്കി

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ വിവാഹ ചടങ്ങിന് വേണ്ടി കൊളുത്തിയ നിലവിളക്കും നിറച്ച് വച്ച പറയും അഖിൽ അകത്തേയ്ക്ക് എടുത്ത് വച്ചു
അച്ഛന്റെ ഫോട്ടോയുടെ മുമ്പിൽ അഖിൽ കൈകൂപ്പി നിന്നു
അഖിൽ കരഞ്ഞില്ല പക്ഷെ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി
സന്തോഷത്തിന്റെയാണോ സങ്കടത്തിന്റെയാണോ എന്നറിയാത്ത കണ്ണുനീർ പ്രവാഹം…

LEAVE A REPLY

Please enter your comment!
Please enter your name here