Home Sreejith നമ്മളെക്കാൾ സാമ്പത്തികം വളരെ കുറവാ മോനെ അവർക്ക്…

നമ്മളെക്കാൾ സാമ്പത്തികം വളരെ കുറവാ മോനെ അവർക്ക്…

0

രചന : Sreejith

അമ്മയില്ലാതെ വളർന്ന പെണ്ണല്ലേ…അടക്കോം ഒതുക്കോം തീരെ ഉണ്ടാവില്ല ഉണ്ണിയെ…പോരാത്തതിന് ബാംഗ്ലൂരിൽ ജോലിയും..സ്വഭാവം ഒക്കെ എന്താണെന്ന് നമുക്ക് അറിയാൻ പറ്റില്ലല്ലോ എന്ന അമ്മയുടെ വാക്ക് കേട്ടിട്ട് മറുത്തൊന്നും ഞാൻ പറഞ്ഞില്ല ..

അമ്മയുടെ വാക്കിനെ ശരി വെച്ചു ചേച്ചിയും സംസാരിച്ചതോടെ മനസ്സിൽ ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാൻ ഞാൻ കൂട്ടാക്കിയില്ല..

നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇനി ഈ ബന്ധം മതി..അല്ലെങ്കിൽ കല്യാണമേ വേണ്ടെന്നുള്ള എന്റെ വാക്കുകൾ കേട്ടത് കൊണ്ടാകും ഒടുവിൽ മനസ്സില്ലാ മനസ്സോടെ അമ്മയും ചേച്ചിയും ഇതിനു സമ്മതിച്ചതും..

ബാങ്കിൽ ജോലി ചെയ്യുന്ന എനിക്ക് മൂന്നാല് ആലോചന വന്നെങ്കിലും ജാതകത്തിലെ പൊരുത്തവും ചൊവ്വാദോഷവും കാരണം ഓരോന്നായി മുടങ്ങി പോവുകയായിരുന്നു…

ഉണ്ണിയ്ക്ക് വയസ്സ് 30 ആയി…ഇനി എപ്പോഴാ എന്റെ മോനൊരു മംഗല്യ യോഗം ഉണ്ടാകുന്നത് എന്ന അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ…ഞാൻ എന്നാ ഇനി കെട്ടുന്നില്ല പ്രശ്നം തീർന്നില്ലേ എന്ന് പല തവണ അമ്മയുടെ മുഖത്തു നോക്കി പറയാൻ തോന്നിയെങ്കിലും…ചെറുപ്പത്തിലേ അച്ഛൻ മരിച്ച ഞങ്ങളെ വളർത്തി വലുതാക്കാൻ അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ ആലോചിക്കുമ്പോൾ ദേഷ്യവും സങ്കടവും എല്ലാം ഞാൻ മനസ്സിൽ തന്നെ ഒതുക്കുകയായിരുന്നു

ഒടുവിൽ അകന്ന ബന്ധത്തിൽ ഉള്ളൊരു അമ്മാവൻ ആണ് ലെച്ചുന്റെ ആലോചന കൊണ്ട് വന്നത്…ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം ഉണ്ടെങ്കിലും…അമ്മയ്ക്കും ചേച്ചിക്കും ഒരു കുറവായി തോന്നിയത് ലെച്ചു പാവപ്പെട്ട കുടുംബത്തിലെ ആയിരുന്നു എന്നുള്ളതാണ്…

നമ്മളെക്കാൾ സാമ്പത്തികം വളരെ കുറവാ മോനെ അവർക്ക്…ഈ ബന്ധം നമുക്ക് വേണ്ടാ ഉണ്ണിയെ എന്ന് ഓരോ ദിവസം അമ്മ പറയുമ്പോൾ…അതെല്ലാം വലത്തേ ചെവിയിലൂടെ കേട്ടു ഇടത്തേ ചെവിയിലൂടെ കളയുകയാണ് ഞാൻ ചെയ്തത്…

നിനക്ക് നല്ല സാമ്പത്തികം ഉള്ള വീട്ടിൽ നിന്നും പെണ്ണ് കിട്ടില്ലെടാ…എന്തിനാ വെറുതെ പോകുന്ന വയ്യാവേലിയൊക്കെ തലയിൽ എടുത്തു വെക്കുന്നത് എന്ന് ചേച്ചിയും പറഞ്ഞു തുടങ്ങിയതോടെ അവർക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ലെന്നു എനിക്കേറെക്കുറെ മനസ്സിലായി കഴിഞ്ഞിരുന്നു…

ഇനിയും പെണ്ണാലോചിച്ചു മറ്റുള്ളവരുടെ മുൻപിൽ ഒരു സഹതാപ കഥാപാത്രം ആയി നിൽക്കാൻ വയ്യാത്തത് കൊണ്ടാണ്…. ലെച്ചുവിനെ തന്നെ മതിയെന്ന് ഞാൻ വാശി പിടിച്ചതും….

പെണ്ണ് കാണാൻ പോയി…തിരികെ വീട്ടിൽ വന്നു കയറിയതും…നമ്മുടെ വീടിന്റെ അടുക്കളയുടെ അത്ര പോലുമില്ല അവരുടെ വീട്….നിനക്ക് നിന്റെ അമ്മ പറയുന്നത് പോലെ അനുസരിച്ചുടെ എന്ന്…അഭിമാനിമാരായ അമ്മാവന്മാർ ഉപദേശം തുടങ്ങിയതോടെ….എന്റെ മനസ്സ് മാറാൻ അവരെ വിട്ടതും അമ്മ തന്നെയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു..

ആവശ്യത്തിൽ കൂടുതൽ സ്വത്തും പണവും നമുക്കില്ലേ അമ്മാവാ…ഇങ്ങനെയൊക്കെ സമ്പാദിച്ചു കൂട്ടിയിട്ട് മരിക്കുമ്പോൾ നമ്മൾ ഒന്നും കൂടെ കൊണ്ടു പോകുന്നില്ലല്ലോ എന്ന് ഞാൻ പറഞ്ഞു നിർത്തിയപ്പോൾ…അവൾ ഇവന് എന്തോ കൈ വിഷം കൊടുത്തു എന്നാണ് അമ്മാവൻ മറുപടി പറഞ്ഞതും…

പണത്തിന്റെ കാര്യം പറഞ്ഞു എന്റെ മനസ്സ് മാറ്റാൻ കഴിയില്ല എന്നവർക്ക് മനസ്സിലായതോടെ…പെണ്ണിന് നിറമില്ല, പൊക്കമില്ല, മുടിയില്ല,ബാംഗ്ലൂരിൽ താമസിക്കുന്നത് കൊണ്ട് സ്വഭാവം കൊള്ളില്ല എന്നുള്ള വാക്കുകൾ ആയി പിന്നീടങ്ങോട്ട്..

ചെറുപ്പത്തിലേ അമ്മ മരിച്ചു പോയതല്ലേ….ഒരു കുടുംബം എങ്ങനെ നോക്കണം എന്ന് അവൾക്കു അറിയില്ലെടാ ഉണ്ണിയെ..നമുക്ക് മറ്റേതെങ്കിലും ആലോചന നോക്കിയാൽ പോരെ എന്ന്.. എന്റെ മനസ്സ് മാറാൻ അവസാനമായി ഒരു ശ്രമം കൂടി അമ്മ നടത്തിയെങ്കിലും…ഞാൻ അമ്മ പറയുന്നത് പോലെ അനുസരിക്കാം…ഈ വിവാഹത്തിൽ നിന്നും പിന്മാറാം..പക്ഷെ മറ്റൊരു വിവാഹത്തിന് എന്നേ ഇനി നിർബന്ധിപ്പിക്കരുത് എന്നാണ് ഞാൻ മറുപടി കൊടുത്തതും…

നീ എന്നാ നിന്റെ ഇഷ്ട്ടം പോലെ ചെയ്തോ എന്ന് ദേഷ്യപ്പെട്ടു അമ്മ മുൻപിൽ നിന്നും എഴുന്നേറ്റ് പോയപ്പോൾ… എനിക്ക് പേടി മുഴുവൻ.. വന്നു കേറാൻ പോകുന്ന ലെച്ചുവിന്റെ കാര്യം മാത്രം ആലോചിച്ചായിരുന്നു

അവരുടെ വാക്കിനെ മറി കടന്നു ലെച്ചുവിനെ കെട്ടിയാൽ എന്നോടുള്ള ദേഷ്യം അവളോട്‌ തീർക്കും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് അമ്പല നടയിൽ വെച്ചു താലി ചാർത്തി ലെച്ചുനെ എന്റെ ജീവിതത്തിന്റെ ഭാഗം ആക്കിയതും..

ആദ്യ രാത്രിയിൽ തന്നെ വീട്ടുകാർക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലാതെയാണ് ഞാൻ ലെച്ചുനെ കെട്ടിയത് എന്നുള്ള സത്യം ഞാൻ തുറന്നു പറഞ്ഞപ്പോൾ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുക മാത്രമാണ് അവൾ ചെയ്തത്…

എന്നും ഈ ചിരി അവളുടെ മുഖത്തു തന്നെയുണ്ടാകണേ എന്ന് പ്രാർത്ഥിച്ചു ഓരോ ദിവസം തള്ളി നീക്കുമ്പോഴും കാരണം കിട്ടുമ്പോൾ ഒക്കെ അമ്മ ലെച്ചുവിനെ ശകാരിക്കുക്കുമായിരുന്നു.

ഭക്ഷണം ഉണ്ടാക്കുമ്പോൾ…വായിൽ വെക്കാൻ കൊള്ളത്തില്ലല്ലോടി ഇതൊക്കെ എന്ന് പറയാനും…ഡ്രെസ്സുകൾ കഴുകുമ്പോൾ അഴുക്കൊന്നും പോയിട്ടില്ല…മര്യാദയ്ക്ക് തേച്ചു കഴുകേടി എന്ന് ദേഷ്യത്തോടെ അമ്മ പറയുന്നതൊക്കെ കാണുമ്പോഴും…കുറെയൊക്കെ ഞാൻ കണ്ടില്ല എന്ന് തന്നെ നടിച്ചു…

എങ്കിലും…ലെച്ചുവിന്റെ കഷ്ടപ്പാടുകൾ കാണുമ്പോൾ അവൾ എന്റെ ഭാര്യയാണ്..അല്ലാതെ വീട്ടു ജോലിക്കാരിയല്ല എന്ന് ഒരിക്കൽ സഹികെട്ടപ്പോൾ ഞാൻ അമ്മയോട് പറഞ്ഞതിന്…ഞാൻ അവൾക്ക് അല്ലെങ്കിലും ജോലിക്കാരിയുടെ പരിഗണന മാത്രമേ കൊടുക്കു എന്നുള്ള മറുപടിയാണ് അമ്മ തിരിച്ചു പറഞ്ഞതും…

പൊതുവെ അയൽവാസികളോട് അധികം സംസാരിക്കാത്ത ഞങ്ങൾ.. ലെച്ചുവിന്റെ വരവോടെ…അവൾ ചുറ്റു വട്ടത്തുള്ള വീട്ടുകാരുമായി നല്ല സൗഹൃദം ഉണ്ടാക്കിയതോടെ…പെണ്ണ് ബാംഗ്ലൂരിൽ ഉള്ള സ്വഭാവം ഇവിടെയും കാണിച്ചു തുടങ്ങി എന്നാണ് അമ്മ പറഞ്ഞത്

ഒരു ദിവസം ജോലി കഴിഞ്ഞു വന്ന ഞാൻ കണ്ടത് ലച്ചുവിന്റെ കവിളത്ത് തിണർത്തു കിടക്കുന്ന കൈ വിരൽ പാടുകളായിരുന്നു

ഡ്രസ്സ്‌ തേക്കുന്നതിന്റെ കൂട്ടത്തിൽ അമ്മയുടെ ഒരു സാരി കുറച്ചു കത്തി പോയി…അതിന്റെയാ ഈ സമ്മാനം എന്ന് തമാശ രൂപേന ലെച്ചു പറഞ്ഞെങ്കിലും.. കൺപീലികളിൽ ഉണ്ടായിരുന്നു അവളുടെ കണ്ണീരിന്റെ നനവ്..

ഉണ്ണിയേട്ടൻ ഇത്‌ പോലെ ഉള്ള കാര്യങ്ങൾക്കൊന്നും അമ്മയോട് വഴക്കിടരുത്..തെറ്റ് എന്റെ ഭാഗത്തു തന്നെയല്ലേ എന്ന് തോളിൽ തലവെച്ചവൾ പറയുമ്പോഴും നീ എന്താ ലെച്ചു ഇത്ര പാവമായി പോയത്‌ എന്നാണ് ഞാൻ ചോദിച്ചത്…

ഞാൻ പറഞ്ഞത് പോലും കേൾക്കാതെ.. ചായ അടുപ്പത്തു വെച്ചിരിക്കുവാ…തിളച്ചു പോയോ ആവോ എന്ന് പറഞ്ഞു വേവലാതി പെട്ട് അടുക്കളയിലേക്ക് ഓടുന്ന
അവളെ കാണുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..

അമ്മയുടെ മനസ്സ് മാറും…എല്ലാം വിധി പോലെ തന്നെ വരട്ടെ എന്ന് കരുതി ജീവിതം മുന്നോട്ടു പോകുമ്പോഴാണ്…വീടിനു വെളിയിൽ വെച്ചു കാലു തെന്നി അമ്മ വീഴുന്നത്…

നടുവിനും കാലിനും സാരമായി പരുക്കേറ്റ അമ്മയ്ക്ക് കുറച്ചു നാൾ ഡോക്ടർ വിശ്രമം പറഞ്ഞതോടെ.. അമ്മയുടെ കാര്യങ്ങൾ നോക്കാൻ ചേച്ചിയെ കുറച്ചു നാൾ വീട്ടിൽ കൊണ്ട് നിർത്താം എന്ന് പറഞ്ഞ എന്നേ ലെച്ചു തടയുകയായിരുന്നു…

എന്തിനാ വെറുതെ ഇനിയും അമ്മയെ ദേഷ്യം പിടിപ്പിക്കുന്നത് ലെച്ചുവെ.. എന്ന് സഹതാപം നിറഞ്ഞ വാക്കുകളോടെ ഞാൻ പറയുമ്പോഴും…അമ്മയ്ക്ക് എന്നോട് അല്ലേ ദേഷ്യം..ഇത്‌ പോലെ ഒരു സമയത്ത് അമ്മയെ ശുസ്രൂഷിക്കാതെ ഞാനും ദേഷ്യം കാണിച്ചാൽ പിന്നേ അമ്മയും ഞാനും തമ്മിൽ എന്താണ് വ്യത്യാസം ഉള്ളത് ഉണ്ണിയേട്ടാ എന്നാണ് ലെച്ചു പറഞ്ഞതും

കിടന്നിടത്തു നിന്നു എഴുന്നേൽക്കാൻ പര സഹായം വേണ്ടി വന്നതോടെ…ഞാൻ ജോലിക്ക് പോകുമ്പോൾ… ഗത്യന്തരം ഇല്ലാതെ അമ്മ സഹായത്തിനു വിളിച്ചത് ലെച്ചുവിനെ ആയിരുന്നു…

ഭക്ഷണത്തിനു രുചി പോരാ എന്ന് എപ്പോഴും കുറ്റപ്പെടുത്തിയ അമ്മയെ…ഭിത്തിയോട് ചാരി കിടത്തി…സാവകാശം കഞ്ഞി കോരി അവൾ കൊടുക്കുമ്പോൾ….ഒന്നും മിണ്ടാതെ അമ്മ അതെല്ലാം കഴിക്കുന്നത് റൂമിനു വെളിയിൽ മറഞ്ഞിരുന്നു ഞാൻ കാണുമായിരുന്നു…

അമ്മയ്ക്ക് വേദന കലശലാകുമ്പോൾ കുഴമ്പുമെടുത്തു നടുവും കാലും തിരുമ്മി കൊടുക്കാൻ ഞാൻ പോകുമ്പോൾ… അടുക്കളയിൽ ചെയ്തു കൊണ്ടിരിക്കുന്ന പണികൾ തീർന്നില്ലെങ്കിലും..ഇതൊക്കെ ഞാൻ ചെയ്തോളാം…ഉണ്ണിയേട്ടൻ പോയി ഓഫീസിൽ ഉള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്തു തീർക്കാൻ പറഞ്ഞു സ്നേഹത്തോടെ ലെച്ചു എന്നേ ശാസിക്കുമായിരുന്നു…

മതിവരുവോളം അമ്മയ്ക്ക് കാലു തടവി കൊടുക്കാനും…മെല്ലെ തോളിലൂടെ കൈ ഇട്ടു പതിയെ പതിയെ അമ്മയെ ലെച്ചു നടത്തുന്നത് കാണുമ്പോൾ…പലപ്പോഴും എന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള മടി കൊണ്ട് അമ്മ മുഖം താഴ്ത്തി കളയുകയാണ് ചെയ്തിരുന്നത്..

ഒരുപാട് വേദനിപ്പിച്ചിട്ടും തനിക്കൊരു ആപത്തു വന്നപ്പോൾ…ലെച്ചു തന്ന സ്നേഹവും കരുതലും കണ്ടത് കൊണ്ടാകണം…ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും മോൾക്ക്‌ എന്നോട് ദേഷ്യം ഒന്നുമില്ലേ എന്ന് അമ്മ അവളോട്‌ ഒരു നിമിഷത്തിൽ ചോദിച്ചതും…

അതിനു മറുപടിയെന്നോണം പുഞ്ചിരിച്ചു കൊണ്ട് ലെച്ചു പറഞ്ഞു…ചെറുപ്പത്തിലേ അമ്മ മരിച്ചു പോയാൽ പെണ്മക്കളുടെ സ്വഭാവം കൊള്ളില്ല, പക്വത ഉണ്ടാവില്ല എന്നുള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണമ്മേ…

അമ്മയുടെ കാഴ്ചപ്പാട് ആണ് ശരിയെങ്കിൽ…കുട്ടിക്കാലത്തു അച്ഛൻ മരിച്ചു പോയ ഉണ്ണിയേട്ടനും ഇപ്പൊ വഴി തെറ്റി പോകേണ്ടതായിരുന്നില്ലേ എന്ന ലെച്ചുവിന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ അമ്മ തല താഴ്ത്തി…

അമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് അച്ഛൻ എന്നേ വളർത്തിയത്..പക്ഷെ എത്രയൊക്കെ ആയാലും അച്ഛന്റെ സ്നേഹവും അമ്മയുടെ സ്നേഹവും രണ്ടും രണ്ടു തന്നെയല്ലേ….

അമ്മയിൽ നിന്നും കേൾക്കേണ്ട ഒരുപാട് നല്ല ഉപദേശങ്ങൾ അച്ഛൻ പകർന്നു നൽകിയത് ഇന്നും മായാതെ തന്നെ മനസ്സിൽ കിടപ്പുണ്ട്….ആ ഒരു വിശ്വാസം അച്ഛന് ഉള്ളത് കൊണ്ടാണ് ജോലി ചെയ്യാൻ നിറഞ്ഞ മനസ്സോടെ തന്നെ എന്നേ അനുഗ്രഹിച്ചു അയച്ചതും..നാടിനല്ല കുഴപ്പം…സ്വഭാവം കൊള്ളില്ലെങ്കിൽ എവിടെ പോയാലും ഒരേ ഗതി ആയിരിക്കും..അതിനു ബാംഗ്ലൂർ തന്നെ പഠിക്കണം ജോലി ചെയ്യണം എന്നൊന്നും ഇല്ലമ്മേ എന്ന് ചിരിയോടെ തന്നെ കാലു തടവി കൊടുത്തു ലെച്ചു പറയുമ്പോൾ അമ്മയുടെ കണ്ണുകൾ സാവധാനം നിറഞ്ഞിരുന്നു…

നമുക്കൊരാപത്തു സമയത്തോ..അത്യാവശ്യ സമയത്തോ…ബന്ധുക്കളെക്കാൾ കൂടുതൽ ഒരു പക്ഷെ ഉപകരിക്കുന്നത് അയൽവാസികൾ ആയിരിക്കും എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ടാണ്…അടുത്തുള്ളവരുമായി ഞാൻ നല്ല സൗഹൃദം സ്ഥാപിച്ചത്….അല്ലാതെ ഞാൻ മോശക്കാരി ആയത് കൊണ്ടല്ലമ്മേ…

കേറി വരുന്ന പെണ്ണിന്റെ പൊന്നോ പണമോ നോക്കി മാത്രം സ്നേഹം കൊടുക്കാതെ മനസ്സറിഞ്ഞു കൊടുക്കുമ്പോളാണ് യഥാർത്ഥത്തിൽ അതൊരു കുടുംബമായി മാറുന്നത്…

ഉണ്ണിയേട്ടന്റെ വധുവായി ഈ വീട്ടിലേക്കു കയറി വരുമ്പോഴും ഞാൻ ആഗ്രഹിച്ചത്…ഉണ്ണിയേട്ടനെക്കാൾ കൂടുതൽ അമ്മയുടെ സ്നേഹം തന്നെയായിരുന്നു…അതൊരു പക്ഷെ അമ്മയില്ലാതെ വളർന്ന എനിക്ക്.. അതെങ്ങനെ ആയിരിക്കും എന്നുള്ളത് അറിയാൻ ഉള്ള ആഗ്രഹം കൊണ്ടായിരിക്കാം…

ഇനിയെങ്കിലും സ്നേഹത്തെ ..മറ്റു പലതിനോടും താരതമ്യം ചെയ്തു മാത്രം കൊടുക്കാൻ നിൽക്കരുത് എന്ന് അമ്മയോട് പറയുമ്പോഴും ലെച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

അവളുടെ കൈകൾ മുറുകെ പിടിച്ചു കരയുന്ന അമ്മയെ കണ്ടപ്പോൾ…അവളോടുള്ള ദേഷ്യവും വെറുപ്പും ആ കരച്ചിലിലൂടെ ഇല്ലാതാകുകയാണെന്നു എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു..

അമ്മ പറയാറുള്ളത് പോലെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചവർക്ക് ഒരു കുടുംബം എങ്ങനെയാണു നോക്കേണ്ടത് എന്നറിയില്ലെങ്കിൽ..നമുക്കിന്നൊരുമിച്ചു ഇന്ന് സ്നേഹത്തോടെ ഇങ്ങനെ സംസാരിക്കാൻ കൂടി കഴിയുമായിരുന്നില്ല എന്ന് ലെച്ചു പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു കഴിഞ്ഞിരുന്നു അമ്മ….

കണ്ണുകൾ തുടച്ചു ഇറങ്ങി വന്ന ലെച്ചു…റൂമിനു വെളിയിൽ നിൽക്കുന്ന എന്നേ കണ്ടതോടെ…ഉണ്ണിയേട്ടനു ചായ ഇപ്പൊ കൊണ്ടു വരാമെന്നു പറഞ്ഞു ധൃതിയിൽ അടുക്കളയിലേക്ക് നടന്ന അവളുടെ കൈയിൽ പിടിച്ചു എന്റെ നെഞ്ചിലേക് ഞാൻ അവളെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു…

ലോകത്തു സ്ത്രീയേക്കാളും വലിയ ധനം വേറെ ഒന്നുമില്ലെന്ന്…

#sreejith

LEAVE A REPLY

Please enter your comment!
Please enter your name here