Home Latest എന്റെ കിതപ്പ് മാറുന്നവരെ അയാളെന്നെ നോക്കി ചിരിക്കുകയായിരുന്നു.

എന്റെ കിതപ്പ് മാറുന്നവരെ അയാളെന്നെ നോക്കി ചിരിക്കുകയായിരുന്നു.

0

രചന : സാഹിർ അഹമ്മദ്

തുഷാരം

രാത്രി കുളീം കഴിഞ്ഞ് അർദ്ധനഗ്നയായി റൂമിൽ അടച്ചിട്ട് ഡ്രസ്സ് മാറുന്ന സമയം.,

മിക്ക പെണ്ണുങ്ങളെയും പോലെ പലപ്പോഴും കണ്ണാടിക്ക് മുൻപിൽ ശരീര സൗന്ദര്യം നോക്കി സ്വയം ഗമ കാണിച്ചും അടിവയറിൽ അമർത്തി തലോടി സൈഡ് തിരിഞ്ഞ് അംഗലാവണ്യം നോക്കി നാണിക്കുന്ന പതിവ് എനിക്കും ഉണ്ട്.,

കാരണം എനിക്ക് കത്തെഴുതിയ ആ രാക്ഷസൻ തന്നെയാ,

മഴക്കാടിന്റെ കുഞ്ഞു കഷ്ണങ്ങൾ പോലുള്ള അയാളുടെ കണ്ണുകളിൽ നിറയുന്ന നിഗൂഢമായ വികാരവും ,
വിയർപ്പിന്റെ മണവും എന്നെ ഇന്നും അജ്ഞയക്കുന്നുണ്ട്

* * * * *

തുറന്ന് വച്ച ഒരു കുട പോലെയാണ് ഞങ്ങളുടെ മലഞ്ചെരുവിലെ ഗ്രാമം..,

പണ്ട് മുഴുവൻ കാടായിരുന്നു.,
കശുമാവും കാട്ടു മുല്ലയും നായ്ക്കുരണ വള്ളികളും നിറഞ്ഞു നിന്നിരുന്ന നാട്
കുരങ്ങന്മാരും ,മയിലും, കാട്ട് പന്നിയും ,മുയലും ,മെരുവും ,പുലിയും കാട്ടാനയും രാജകീയമായി ജീവിച്ചിരുന്ന മയിലാടിക്കുന്ന് ..,

ഇപ്പോൾ മൈലാടിക്കുന്നിന്റെ മൂന്ന്
ഭാഗവും റബ്ബർ കാടാണ്.,
,ഒരു ഭാഗം മാത്രമാണ് കാട്ടുവള്ളികളും, കശുമാവും, തേക്കും, ഈട്ടിയും ,മറ്റുമായി ഉള്ളത് ,

മഞ്ഞു പെയ്യുന്ന തണുത്തുറഞ്ഞ നാട്ടുവഴികളിലൂടെ കോളേജിലേക് എക്സാമിന് പോകുമ്പോൾ ,
മഞ്ഞിൽ നനഞ്ഞുലർന്ന് ആലസ്യപ്പച്ചയിലങ്ങനെ വെയിലു നോക്കി നിൽക്കുന്ന കശുമാവിൻ മരങ്ങൾക്കിടയിലൂടെ റോഡിലേക് നോക്കിയപ്പോൾ അന്ത്രുക്കാന്റെ ചായക്കടയുടെ മുന്നിൽ ഒരു വെളുത്ത
Ritz കാറിൽ ചാരി നിന്ന് സിഗററ്റ് വലിക്കുന്ന അയാളെ ഞാനാദ്യമായി കാണുന്നത്.,

ഷേവ് ചെയ്യാത്ത മുഖത്ത് കറുത്ത്
മിനുത്ത രോമപ്പൊടിപ്പുകൾ..,
വെളുത്ത നിറം മഴക്കാടിന്റെ കുഞ്ഞു കഷ്ണങ്ങൾപ്പോലെ രണ്ട് കണ്ണുകൾ.,
മെലിഞ്ഞു ഉയരം കുറഞ്ഞ കണ്ണട വെച്ച
ഒരു മനുഷ്യൻ,

കലാകാരിയായത് കൊണ്ടാവും പ്രകൃതി ആസ്വദിച്ച് നടന്ന് അവിടെ എത്തിയപ്പോഴേക്കും 7.15 ന്റ
സൂപ്പർ കിംഗ് ബസ്സ് പോയിരുന്നു.,

അന്ത്രുക്ക എന്നെ കണ്ടതും,
വട്ടത്തിപ്പെണ്ണേ കല്ലിനോടും മരങ്ങളോടും കഥ പറഞ്ഞ് നടന്നാൽ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞ് ചിരിച്ചതും ,
തല ചെരിച്ച് അയാളെ ഞാൻ ഇടംകണ്ണിട്ട് നോക്കി .,

ഊതി വിടുന്ന സിഗറേറ്റിന്റെ പുക മേഘങ്ങൾക്കിടിയിലൂടെ അയാളെന്ന നോക്കി,
ആ മഴക്കാട് പോലുള്ള കണ്ണിൽ മാത്രം
ഒരു ഭാവം വിരിഞ്ഞു,
നവരസങ്ങളൊന്നുമില്ലാത്തൊരു ഭാവം !

അതിന്റെ അർത്ഥം മനസ്സിലായില്ലങ്കിലും
ആ ഭാവം എനിക്കിഷ്ടായി..
പിന്നെ സിഗറേറ്റിന്റെ കറ പുരണ്ട ഇരുണ്ട് തടിച്ച ആ ചുണ്ടുകളും.,

മാഷെ ഇങ്ങള് ഈ കാന്താരിയെ ആ കാറിൽ അത്രടം വരെ കൊണ്ടോയി വിടോ?
ഇല്ലേൽ ഈ കട മുയ്മനും ഓള് നുള്ളി തീർക്കും എന്ന് പറഞ്ഞതും
അന്ത്രുക്കാനെ നോക്കി അയാൾ ഒരു രാക്ഷസ ചിരി ചിരിച്ചു തലയാട്ടി.,

ആ മത്ത് പിടിപ്പിക്കുന്ന ചിരിയിൽ ഭയം തോന്നിയെങ്കിലും കൊണ്ട് വിട്ടോളാം ടാക്സി ചാർജ് തരാൻ പറയണമെന്ന് പറഞ്ഞപ്പോൾ ആ ശബ്ദവും ഭാഷയിലെ വൈവിധ്യവും ആ ചിരിയും എല്ലാം എന്നെ വല്ലാതെ ആകർഷിച്ചു.

യാത്രയിലുടനീളം ആ കാറിനകത്ത് എന്നോട് ഒന്നും ഉരിയാടാതെ ഏതോ പെണ്ണുമായി ഫോണിൽ ഫിലോസഫി ക്ലാസും രാക്ഷസച്ചിരിയും മറ്റും മാത്രമായിരുന്നു.,

എന്നാൽ ശെരി ,വണ്ടി ഓടിക്കുവാ എന്നൊക്കെ രാക്ഷസൻ പറയുന്നുണ്ടങ്കിലും ആ പെണ്ണ് ഫോൺ വെക്കുന്നില്ലന്ന് മനസ്സിലായി.,

അവളെ തല്ലി കൊല്ലാനുള്ള ദേഷ്യം എനിക്ക് വന്നുവെങ്കിലും ഈ രാക്ഷസന്റെ ചിരിയും ,ശബ്ദവും സംസാര രീതിയും ആർക്കും ഇഷ്ടപ്പെടും എന്ന് എനിക്കും തോന്നിയിരുന്നു..!

എങ്കിലും ഇടംകണ്ണിട്ട് അയാളെ നോക്കിയും, ഇടക്ക് ഗിയർ മാറ്റാൻ വരുന്ന അയാളുടെ ഇടത്തേ കയ്യിൽ കാല് മുട്ടു കൊണ്ട് സ്പർശിച്ചും ഞാൻ അയാളെ ആസ്വദിക്കുന്നുണ്ടായിരുന്നു.,

രാവിലെ കുളിച്ചിട്ടില്ലന്ന് മനസ്സിലായിരുന്നു.,
കാരണം ഏഴാം മൈലിൽ ഹെയർ പിൻ ബെന്റ് വളവിൽ അയാളുടെ ഷോൾഡറിലെക്ക് തല ചായ്ച്ച് വെച്ചപ്പോൾ വിയർപ്പിന്റെ രൂക്ഷഗന്ധം എന്നെ മത്ത് പിടിപ്പിക്കുന്നത് ഞാനറിഞ്ഞിരുന്നു.,

ഈശ്വരാ ഈ യാത്ര അവസാനിക്കരുതേ….
കാലമാടൻ ഫോണിൽ കിന്നരിക്കുവാണേലും എന്തൊരു സ്പീഡിലാവണ്ടി ഓടിക്കുന്നത്,
പയ്യെ പോയാൽ പോരെ എന്റെ സുഖം കളയാൻ ഇത്ര തിടുക്കമോ.,
അയാൾക്ക് വഴിതെറ്റണേ കോളേജ് എത്തരുതെ എന്ന് മനസ്സിൽ പ്രാർത്ഥിച്ച്
കണ്ണ് തുറന്നതും കോളേജ് ഗേറ്റ് എത്തിയിരുന്നു.,

അല്ലേലും ദൈവത്തിന് എന്നോട് ഒരു സ്നേഹവുമില്ലന്ന് മനസ്സിൽ പ്രാകി ഞാൻ അയാളെ നോക്കി ഡോറ് തുറന്ന് വെളിയിലിറങ്ങി രാക്ഷസാ താങ്ക്സ് എന്ന് പറഞ്ഞതും ഒരു പൊട്ടിച്ചിരിയും കണ്ണിറുക്കി കാണിക്കലും മാത്രം തന്നു ,ടാക്സി ചാർജ് വാങ്ങാതെ ആ രഥം വന്നതിനേക്കാൾ സ്പീഡിൽ തിരികെ പോയി..!

പിറ്റേന്ന് ഞായറാഴ്ച
കോളേജില്ലാത്ത ദിവസങ്ങളിൽ ഞാനും തൊട്ടപ്പുറത്തെ വീട്ടിലെ ശാരദ അമ്മായിയും അവരുടെ മരുമകൾ അപർണ്ണയും ,
കുട്ടിപ്പട്ടാളവും ചേർന്ന് കശുവണ്ടി പെറുക്കാൻ കാട്കയറാറുണ്ട് ,
ശാരദ അമ്മായിയും കുട്ടിപ്പട്ടാളവും
ഒരു ഭാഗത്ത് ,
ഞാനും അപർണ്ണയും മറ്റൊരു ഭാഗത്തുമായി ആ കാട്ടിൽ അങ്ങനെ നടക്കും,

നട്ടുച്ച നേരത്തും തണുത്ത മലയോരക്കാറ്റിൽ ശീവോതി പാട്ടുകൾ പോലെ കുരങ്ങിന്റെ കടി പിടി ശബ്ദങ്ങളും കാട്ടാന പിണ്ഡങ്ങളിലെ മണവും ആസ്വദിച്ച് ഞങ്ങളങ്ങനെ കശുവണ്ടി പെറുക്കും.,

അപർണ്ണയുടെ ഭർത്താവ് ആദർഷ് ഗൾഫിലാട്ടോ.,
അവന്റെ ചൂട് പറ്റി കിടക്കാൻ കഴിയാത്ത ദേഷ്യമാണ് അവളുടെ കാട് നിരങ്ങാനുള്ള മുഖ്യ കാരണവും.,

ആദ്യരാത്രിയുടെ കഥ പറഞ്ഞും
പിന്നീടുള്ള നീലരാവിന്റെ സുഖങ്ങളെ കുറിച്ചും വാതോരാതെ സംസാരിച്ച് എന്റെ കൺട്രോള് കളയലാണ് ആ പിശാഷിന്റെ മുഖ്യ ഹോബി.,

ഞാനും അവളും അവൾടെ കെട്ട്യോന്റെയും അമ്മായിയമ്മയുടെയും മറ്റുള്ളവരുടെയും കുറ്റം പറഞ്ഞും സ്വഭാവ സുവിശേഷതകളെ പോസ്റ്റുമോർട്ടം ചെയ്തും കശുവണ്ടി പെറുക്കി നടക്കുമ്പോൾ സമയം

ആനത്തൊട്ടാവാടികൾ അടക്കി പൂത്ത കുന്നിൻ ചെരുവിൽ ഫോറസ്റ്റ് എസ്റ്റേറ്റ് വഴിയിലൂടെ ഒരു തോൾസഞ്ചിയും കുറച്ച് പുസ്തകളും പിടിച്ച് റോഡ് ലക്ഷ്യമാക്കി അയാളെന്നെ ഗൗനിക്കാതെ
കടന്നു പോയി..,
അപ്പോഴും ആ ദശരസം കണ്ണുകളിൽ
നിറച്ച് അയാൾ എന്നെ നോക്കിയിരുന്നു ,

മനസ്സിലും ശരീരത്തിലുള്ള ധൈര്യമൊക്കെയും സംഭരിച്ച് പിറകെ ഓടിച്ചെന്നതും വഴുതി വീഴാൻ പോയി അയാളുടെ കൈപിടിച്ചു ,

എന്റെ കിതപ്പ് മാറുന്നവരെ അയാളെന്നെ നോക്കി ചിരിക്കുകയായിരുന്നു.,
കിതപ്പ് മാറിയതും കൈവിട്ട് ഞാൻ ചോദ്യങ്ങളുടെ കെട്ടഴിച്ചു.,

കുറെ നാളായല്ലോ രാക്ഷസൻ ഇവിടെ ഒരു ചുറ്റിക്കറങ്ങൽ ?
എന്താഭാവം..?

ഞാൻ ഒരു കാട്ട് പെണ്ണിനെ തേടി വന്നതാ
ചോര കുടിക്കാൻ.,
കണ്ടത് നിന്നെയാ കാട്ടുപോത്തിനെ,
കള്ളച്ചിരിയോടെ പതിഞ്ഞ സ്വരത്തിൽ അദ്ധേഹം പറഞ്ഞു.,

ദേ രാക്ഷസാ എനിക്ക് ദേഷ്യം വരുംട്ടോ.,
കാര്യം പറ മനുഷ്യാ

അയാളൊന്ന് പൊട്ടിച്ചിരിച്ച് എന്റെ കവിളിൽ പിടിച്ച് കിളളി കൊണ്ട് പറഞ്ഞു തുടങ്ങി.,

ടോ കാട്ട് പോത്തെ ഞാൻ മൈലാടിക്കുന്നിന് അപ്പുറത്തുള്ള ആദിവാസി കോളനിയിലെ കുട്ടികൾക്ക് ക്ലാസടുക്കാൻ വരുന്നതാടൊ.,

ആണോ
എവിടെയാ നാട്..?

നാട് മലപ്പറും തിരൂർ ഇടക്കിടക്ക് വരാറുണ്ട് ഇവിടെ ഇന്നത്തോടെ ക്ലാസ് തീർന്നു ,

മാഷിന്റെ പേരെന്താ

ഒരു പേരിലെന്തിരിക്കുന്നു .?

പറയില്ലെ?
”ഇല്ല”
എന്നാൽ ഞാൻ രാക്ഷസൻ എന്ന് തന്നെ വിളിക്കും.,

വിളിച്ചോളൂ !

മാഷിന് പേടിയാവില്ലേ രാത്രിയിലൊക്കെ ഈ വഴി തിരിച്ച് വരാൻ.,

എന്തിന് പേടിക്കണം ,ഞാനും കാടും നീയും എല്ലാം പ്രകൃതിയല്ലേ,
നാച്വർ ഈസ് ദ ഇനോർഗനിക്ക് ബോഡി ഓഫ് ഹ്യൂമൺ എന്നല്ലേ പിന്നെന്തിന് പേടി.,

(ആ മഴക്കാടിന്റെ കുഞ്ഞ് കഷ്ണങ്ങൾ പോലുള്ള കണ്ണിലേക്ക് നോക്കി ഞാനൊന്ന് മൂളി ,ശേഷം ചോദ്യം തുടർന്നു )

ഇനി എന്നാ നമ്മൾ കാണുക..?

നമ്മൾ ഇനി നമ്മുടെ കല്യാണത്തിന് കണ്ടാൽ പോരെ എന്ന് പറഞ്ഞ് ഒരു വല്യ രാക്ഷസച്ചിരി ചരിച്ചു രക്ഷസൻ.,

(അടിവയറ്റിൽ മഞ്ഞ് പെയ്യുന്ന സുഖം പോലെ എന്റെ ശരീരം മുഴുവൻ രോമം എഴുന്നേറ്റ് നിന്നത് ഞാനറിഞ്ഞിരുന്നു,
മരം കോച്ചുന്ന ഈ തണുപ്പിൽ അയാളെ കെട്ടി വരിഞ്ഞ് നിന്ന് കരയാൻ എന്റെ മനസ്സ് വല്ലാതെ മോഹിക്കുന്നുണ്ടന്ന് തോന്നി!)

ചിന്തയിൽ നിന്നും ഉണരുമ്പോഴേക്കും അദ്ധേഹം ആ മഞ്ഞ് മൂടി കിടന്ന വെളുത്ത Ritz കാറ് ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു.,

അതിന് കല്യാണം കഴിക്കാൻ എന്റെ പേരറിയോ രാക്ഷസന്.,
എന്ന് ഉറക്കെ വിളിച്ച് ചോദിച്ചു.,

ഇല്ല
പക്ഷേ നിന്നെ ഞാൻ തുഷാരം എന്ന് വിളിക്കും,
കുറച്ചു കൂടി അലങ്കാരമായി പറഞ്ഞാൽ മഞ്ഞ് പോലെ ഒരു പെൺകുട്ടി.,

തുഷാരം !
എനിക്ക് തുഷാരമെന്ന് പേരിട്ട രാക്ഷസനും ആ വെളുത്ത Ritz കാറും എന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ നിറകണ്ണുകളോടെ നോക്കി നിന്നു.,

* * * *

അയാളോട് എനിക്ക് ബഹുമാനമാണോ സൗഹൃദമാണോ പ്രണയമാണോ എന്നറിയില്ല,
കാരണം അന്ന് കാറിൽ വെച്ച് കണ്ട ശേഷം വൈകിട്ട് ബസ്സിറങ്ങി അന്ത്രുക്കയുടെ കടയിൽ ചെന്നപ്പോഴാണ് അയാളെ കുറിച്ചറിഞ്ഞത്,

ഒരുപാട് ചിരിക്കുന്ന ആ മനുഷ്യൻ ആദിവാസി കുട്ടികൾക്കുള്ള വസ്ത്രങ്ങളും മറ്റുമായി ഇടക്കിടക്ക് വരാറുണ്ടത്രേ,
ആ കുട്ടികളെ 4 അക്ഷരം പഠിപ്പിക്കാൻ വേണ്ടി ആഴ്ചകളോളം കാട്ടിലെ മരങ്ങൾക്കിടയിലും ,അന്ത്രുക്കാന്റെ ചായക്കടയുടെ ‘ കോലായിലും രാത്രി കാലങ്ങൾ കഴിച്ചുകൂട്ടും,

വളരെ വിചിത്രമായ കഥകൾ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കും ,
ആരുമില്ലാത്തവർക്ക് എല്ലാമെല്ലാമാവാൻ പറഞ്ഞ് ആ നാട്ടിലെ ചെറുപ്പക്കാരെ ഒന്ന് ചേർക്കലുമായി ഇടക്കിടക്ക് വന്ന് പോകുന്ന ഒരു ജിന്നാണ് അദ്ധേഹമെന്ന്.,

* * * *

കാട്ടു മുല്ലയും നായ്ക്കുരണ വള്ളിയും കെട്ടിപ്പിടിച്ച് വളരുന്ന പേരറിയാത്ത ഒരുപാട് പൂക്കൾ ആർത്തി പിടിച്ചു പൂത്ത ആ കാട്ടിനുള്ളിൽ ഇലഞ്ഞിമരത്തെ ചാരിനിന്നു അയാളും കാറും മറഞ്ഞ വഴിയിലേക്ക് നോക്കി ലേഡി ചാറ്റർലിയുടെ കാമുകനെ ഓർത്ത് നിന്നു പോയി
ചിലപ്പോഴൊക്കെ അങ്ങനെയാണ്
ഒരു ലഹരിയും ഇല്ലാതെ തന്നെ നാം ഉന്മാദത്തിലാകും,

പറങ്കിമാവിൻ കാട്ടിനുള്ളിൽനിന്നും ഇരുട്ട് റബ്ബർ കാട്ടിലേക്കും പടർന്നപ്പോളായിരുന്നു അപർണ്ണ ചേച്ചി വന്ന് എന്നെ വഴക്ക് പറഞ്ഞത്,

ചേച്ചിയോട് രാക്ഷസനെ കുറിച്ച് പറഞ്ഞതും,
എങ്ങനെയുള്ള ആളാന്ന് ആർക്കറിയാം ഇനി അയാൾടെ അടുത്തേക്ക് ഒറ്റക്കൊന്നും പോകണ്ടട്ടോനീയ്യ്.,
വല്ലോം ചെയ്തിട്ടാലോ.

രാക്ഷസൻ പാവാണേച്ചീ.,
ഹും പാവം! ആണുങ്ങളെ പറ്റി അനക്കെന്തറിയാം.?

പിന്നെ ഞാനൊന്നും പറഞ്ഞില്ല.,

ആ ചെറിയ ചാക്കെടുത്തോ
കശുവണ്ടി നിറച്ച ചാക്ക് ചൂണ്ടി അമ്മായി കണ്ണുരുട്ടി..,

വലിയ കശുവണ്ടി ചാക്കുകൾ തലയിലേറ്റി അമ്മായിയും അപർണ്ണയും അനായാസേന കുന്നിറങ്ങിപ്പോകുമ്പോൾ.,
പിറകിൽ ചെറിയ ചാക്കും കയ്യിൽ പിടിച്ച് ഞാൻ തപ്പി തപ്പിയിറങ്ങുമ്പോഴും പകലിന്റെ അവസാന ശ്വാസം പോലെ പടിഞ്ഞാറുനിന്നു വന്ന കാറ്റിൽ അയാളുടെ വിയർപ്പിന്റെ മണമുണ്ടായിരുന്നു.,

പെണ്ണേ…
അരിച്ചരിച്ച് നടക്കാതെ ഒന്നുവേഗം വരണ് ണ്ടോ..?
നേരം പാതിരയാവാറായി എന്ന് അമ്മായിയുടെ ശബ്ദം ദൂരെന്ന് കേട്ടപ്പോഴാണ് ഞാൻ തല ഉയർത്തി അവരെ നോക്കിയത് അവരൊക്കെ വളരെ മുമ്പിലെത്തിയിരിക്കുന്നു.,

ഞാൻ വേഗം നടന്നു.,
നിലാവ് കലർന്ന ഇരുട്ടിന് നല്ല തണുപ്പ് !
നക്ഷത്രങ്ങളുടെ നിർവികാരമുഖവും നോക്കി
നടക്കുമ്പോൾ എനിക്ക് ചുറ്റും ഒരു ലോകവും ‘ ഇല്ലാതാകുന്ന പോലെ തോന്നി,
അപ്പോൾ യുഗാന്തരങ്ങളായി മനുഷ്യർ ചോദിച്ചു മടുത്ത ആ ചോദ്യങ്ങൾ ഞാനും അറിയാതെ എന്നോട് ചോദിച്ചു പോയി,
ഈ ഒന്നുമില്ലായ്മയിൽ എനിക്കീതോന്നുന്നതൊക്കെ എന്താണ്.!

* * * *

അദ്ധേഹം പോയ പിറ്റേ ദിവസം അന്ത്രുക്കയുടെ ചായ കടയുടെ മുന്നിൽ കോളേജിലേക്ക് പോകാൻ ബസ്സ് കാത്ത് നിൽക്കുമ്പോൾ അന്ത്രുക്ക അയാൾ എനിക്കായ് എഴുതിയ ഒരു കത്ത് നൽകിയിരുന്നു.,

( എൻ പ്രിയ തുഷാരമേ നിന്നിൽ ഞാൻ എന്നെ തന്നെ കാണുന്നു.,
എന്നെ നിരാശപ്പെടുത്തില്ലന്ന് വിശ്വസിക്കുന്നു,
നൂറ്കാട്ട് ചുംബനത്തോടെ നിന്റെ സ്വന്തം രാക്ഷസൻ )

മുല്ലമൊട്ടുകൾ കോർത്തിണക്കിയ പോലെയുള്ള കയ്യക്ഷരത്തിൽ തലോടി അറിയാതെ എന്നിൽ ഒരു നൊമ്പരച്ചിരി പടർന്ന് കയറിയിരുന്നു.,

ഒരാഴ്ച കഴിഞ്ഞപ്പോൾ മൈലാടിക്കുന്നിന്റെ മുതലാളി ബാക്കിയുള്ള ആകാടിന്റെ കഷ്ണവും മാന്തി കീറി റബ്ബർ വെച്ചു.,

ഒരാഴ്ചകൊണ്ട് മൈലാടിക്കുന്നിലെ മഞ്ഞും, ആനത്തൊട്ടാവാടികളും പൂക്കളുമെല്ലാം ഇന്നലെകൾ മാത്രമായി,
മഞ്ഞ് കാലം കഴിഞ്ഞു വേനൽ വന്നു ,വീണ്ടും മഞ്ഞുകാലവും വേനലും മഴക്കാലവും മാറി മാറി വന്നു,
ഋതു മാറ്റങ്ങൾ ഞാൻ അറിഞ്ഞില്ല,

(ഇന്ന് ഞാനും ഒരു ടീച്ചറമ്മയാട്ടോ ,
ആരാരുമില്ലാത്ത നൂറോളം കുഞ്ഞുങ്ങൾക്ക് എല്ലാം എല്ലാമായി നിന്ന് അറിവ് പകർന്ന് കൊടുത്തും ജാതിയും മതവും നോക്കി സംസാരിക്കുന്നവരുടെ മുഖം നോക്കി തുപ്പണം എന്ന് പഠിപ്പിക്കുന്ന ടീച്ചർ,)

എനിക്ക് തുഷാരമെന്ന് പേരിട്ട രാക്ഷസൻ പിന്നെ വന്നില്ല !

ഒരു പക്ഷേ അന്ന് റബ്ബറിന് തടം ഒരുക്കുമ്പോൾ കരഞ്ഞോടിയ കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കുമിടയിൽ എന്റെ രാക്ഷസനും ഉണ്ടായിരുന്നോ.,
അറിയില്ല ,

എങ്കിലും റോഡിൽ വെളുത്ത Ritz കാറ് കാണുമ്പോൾ ഞാനിന്നും ആർത്തിയോടെ അതിനകത്തേക്ക് നോക്കാറുണ്ട് എന്റെ രാക്ഷസനെ കാണുമോ എന്ന് ഓർത്ത്.,

മെരുകുന്നിന്റെ ചോര കുടിച്ച് റബ്ബർ വളർന്നത് കാണുമ്പോൾ ഇന്നും എന്റെ കണ്ണ് നിറയാറുണ്ട്,

പിന്നീട് എന്റെ രാക്ഷസൻ എനിക്കിട്ട
ആരും ഇന്നേവരെ വിളിക്കാത്ത തുഷാരമെന്ന പേര് എന്റെ പഴയ ഡയറിയിൽ സ്ഥാനം പിടിച്ചു മച്ചിൻ പുറത്ത് ചിതലരിച്ച് ഉരുകി മാഞ്ഞു തുടങ്ങി..!!

ശുഭം,

രചന
സാഹിർ അഹമ്മദ്.,

LEAVE A REPLY

Please enter your comment!
Please enter your name here