Home Viral 18 വയസായാല്‍ പെണ്മക്കള്‍ക്ക് വേണ്ടി ചിന്തിച്ചു തുടങ്ങേണ്ട കോഴ്സ് അല്ല വിവാഹം ചിന്തിപ്പിച്ച് ഒരച്ഛന്റെ കുറിപ്പ്

18 വയസായാല്‍ പെണ്മക്കള്‍ക്ക് വേണ്ടി ചിന്തിച്ചു തുടങ്ങേണ്ട കോഴ്സ് അല്ല വിവാഹം ചിന്തിപ്പിച്ച് ഒരച്ഛന്റെ കുറിപ്പ്

0

[ad_1]

ആന്‍ലിയ എന്ന നഴ്‌സ് യുവതി മരണപ്പെട്ടതിനു പിന്നാലെ ബന്ധങ്ങളെ അടിസ്ഥാനമാക്കി നിരവധി കുറിപ്പുകളും ചോദ്യങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതിനു പിന്നാലെ മാതാപിതാക്കളെ ഇരുത്തി ചിന്തിപ്പിക്കുകയാണ് രാഹുല്‍ നാരായണന്‍ എന്ന ഒരച്ഛന്‍ പങ്കുവെച്ച വാക്കുകള്‍. എട്ടുവയസുകാരിയുടെ പിതാവാണ് രാഹുല്‍.

ചെറുപ്രായമാണെങ്കിലും മകളൊരിക്കല്‍ തനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞതിനെ എങ്ങനെ സമീപിച്ചിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. സംഭവം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരുന്ന ലോകത്തിനു മുന്‍പില്‍ വളരാത്ത ചില ശൈലികളും അദ്ദേഹം തുറന്നടിക്കുന്നുണ്ട്.

18 വയസ് തികയാന്‍ നോക്കി നില്‍ക്കുകയാണ് കുടുംബം. മകളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍, ആ ചിന്തയാണ് ഇന്നത്തെ ലോകത്ത് നിന്ന് മാറേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വിവാഹം, അല്ലെങ്കില്‍ ഒരു പങ്കാളിയോടൊത്തുള്ള ജീവിതം എന്നത് ഒരാളുടെ വ്യക്തിപരമായ ‘ഒരു’ കാര്യമാണ്. ജീവിതത്തിലെ പല കാര്യങ്ങളിലൊന്നു മാത്രമാണ് വിവാഹവും ദാമ്പത്യവും.

ഒരു ഓപ്ഷന്‍. വേണമോ വേണ്ടയോ, വേണമെങ്കില്‍ ഏത് പ്രായത്തില്‍, ആരെ, ഏത് ലിംഗത്തിലുള്ളവരെ എന്നൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അത് തനിക്ക് വേണ്ട എന്നാണെങ്കില്‍ അതിന് പ്രത്യേകിച്ചൊരു കാരണം പോലും ആവശ്യമില്ലെന്നും അദ്ദേഹം കുറിക്കുന്നു.

കല്യാണം വേണ്ടെങ്കില്‍ വേണ്ട, പക്ഷേ പ്രണയം അറിയാതിരിക്കരുതെന്നും രാഹുല്‍ കുറിക്കുന്നു. പ്രണയിച്ചും പ്രണയ തകര്‍ച്ചയുടെ നൊമ്പരവും അറിഞ്ഞു തന്നെ വേണം വളരാന്‍ എന്ന് അദ്ദേഹം തുറന്നടിക്കുന്നു. ഇതിലൂടെ തോന്നിവാസിയായും മിടുക്കിയായും ജീവിക്കാന്‍ അവസരം ഒരുങ്ങുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

സ്വന്തം ജീവിതത്തില്‍ ഏറ്റവും പ്രധാനം അവനവന്‍, അല്ലെങ്കില്‍ അവളവള്‍ തന്നെയാണ്. മക്കളോ പങ്കാളിയോ അച്ഛനമ്മമാരോ ഒക്കെ അതിന് ശേഷം മാത്രമേ വരുന്നുള്ളൂ. സ്വന്തം സമാധാനവും സന്തോഷവും മാറ്റി വെച്ചു കൊണ്ട് ഇപ്പറഞ്ഞ ആര്‍ക്കും വേണ്ടി ജീവിച്ചു സ്വയം തുലയ്ക്കരുതെന്നും രാഹുല്‍ കുറിക്കുന്നു.

സ്വന്തം വിദ്യാഭ്യാസം, ജോലി, സ്വന്തം സന്തോഷം ഇതെല്ലാം ഉപേക്ഷിച്ച് മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കരുത്. അങ്ങനെ ത്യാഗം ചെയ്യുന്നവരെ ആരും ബഹുമാനിക്കുകയോ തിരിച്ച് ഇതേ ത്യാഗമനോഭാവം അങ്ങോട്ട് കാണിക്കുകയോ ചെയ്യില്ല. മറിച്ച് ഈ ‘ത്യാഗം’ അവര്‍ തുടര്‍ന്നും പ്രതീക്ഷിക്കുമെന്നും അദ്ദേഹം വളര്‍ന്നു വരുന്ന കുട്ടികളോടായി പറയുന്നുണ്ട്.

സ്വന്തം ജീവിതത്തില്‍ ഇങ്ങനൊരു പരിപാടി വേണോ, വേണമെങ്കില്‍ എപ്പോള്‍, ആരെ എന്നൊക്കെയെങ്കിലും തീരുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പെണ്‍കുട്ടി എന്ന പേരില്‍ എന്ത് യന്ത്രത്തെയാണ് നാം വളര്‍ത്തിക്കൊണ്ടു വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒരിക്കല്‍ അരു പറഞ്ഞു, എനിക്ക് കല്യാണം കഴിക്കേണ്ട.

കാര്യം എട്ട് എട്ടര വയസുള്ള കൊച്ചു കുട്ടിയാണ്, അരുന്ധതി. ഭാവിയില്‍ ചിന്താഗതികള്‍ മാറിയേക്കാം. എങ്കിലും അവളോട് ഞാന്‍ കുറച്ചു പറഞ്ഞിട്ടുള്ളതും ഇനി പറയാന്‍ ആഗ്രഹിക്കുന്നതും ഇതാണ്.

(ലിംഗഭേദമെന്യേ എല്ലാ കുട്ടികളോടും, അവരുടെ അച്ഛനമ്മമാരോടും)

വിവാഹം, അല്ലെങ്കില്‍ ഒരു പങ്കാളിയോടൊത്തുള്ള ജീവിതം എന്നത് ഒരാളുടെ വ്യക്തിപരമായ ‘ഒരു’ കാര്യമാണ്. ജീവിതത്തിലെ പല കാര്യങ്ങളിലൊന്നു മാത്രമാണ് വിവാഹവും ദാമ്പത്യവും. ഒരു ഓപ്ഷന്‍. വേണമോ വേണ്ടയോ, വേണമെങ്കില്‍ ഏത് പ്രായത്തില്‍, ആരെ, ഏത് ലിംഗത്തിലുള്ളവരെ എന്നൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അത് തനിക്ക് വേണ്ട എന്നാണെങ്കില്‍ അതിന് പ്രത്യേകിച്ചൊരു കാരണം പോലും ആവശ്യമില്ല!

സ്വന്തം ജീവിതത്തില്‍ ഏറ്റവും പ്രധാനം അവനവന്‍, അല്ലെങ്കില്‍ അവളവള്‍ തന്നെയാണ്. മക്കളോ പങ്കാളിയോ അച്ഛനമ്മമാരോ ഒക്കെ അതിന് ശേഷം മാത്രമേ വരുന്നുള്ളൂ. സ്വന്തം സമാധാനവും സന്തോഷവും മാറ്റി വെച്ചു കൊണ്ട് ഇപ്പറഞ്ഞ ആര്‍ക്കും വേണ്ടി ജീവിച്ചു സ്വയം തുലയ്ക്കരുത്.

താല്പര്യമുള്ള രീതിയിലുള്ള വിദ്യാഭ്യാസം, ഇഷ്ടപ്പെട്ട കരിയര്‍, സാമ്പത്തികമായ സ്വയംപര്യാപ്തത, സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള കഴിവ് – ഇതൊക്കെ കൈവരിക്കലാണ് ആദ്യം വേണ്ടത്.

വിവാഹപ്രായം എന്നൊന്നില്ല. ശൂന്യാകാശത്തു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ചന്ദ്രന്മാര്‍ക്കും അവയെ ‘ശാസ്ത്രീയമായി’ വിറ്റ് ജീവിക്കുന്ന ജ്യോല്‍സ്യന്മാര്‍ക്കും അടിയറ വെക്കേണ്ട ഒന്നല്ല ജീവിതം.

വിവാഹപ്രായം എന്നൊന്നില്ല. ഭരണഘടന വിധിക്കുന്ന മിനിമം പ്രായമുണ്ട്. എന്ന് കരുതി 18 വയസായാല്‍ അച്ഛനമ്മമാര്‍ പെണ്മക്കള്‍ക്ക് വേണ്ടി ചിന്തിച്ചു തുടങ്ങേണ്ട കോഴ്സ് അല്ല വിവാഹം.

വിവാഹപ്രായം എന്നൊന്നില്ല. അത് സ്വന്തം ഇഷ്ടപ്രകാരം ഏത് വയസിലും ആകാവുന്നതാണ്. 45 വയസ്സായി ഇനിയെന്ത് കല്യാണം എന്ന് ചിന്തിക്കുന്നത് വിവാഹം കഴിക്കുന്നത് ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് എന്ന് കരുതുന്ന ചിന്താദാരിദ്ര്യം ഉള്ളവരാണ്.

അറുപതോ എഴുപതോ വയസായിട്ടും വിവാഹിതരാവുന്ന ആളുകളെക്കുറിച്ച് കേട്ടിട്ടില്ലേ. ഇതിനങ്ങനെ ഒരു പ്രായമൊന്നുമില്ല. പ്രണയത്തിന് തീരെയില്ല.

ഇനി മകള്‍ക്ക് വിവാഹം വേണ്ടെങ്കില്‍ അതവളുടെ തീരുമാനമാണ്. എനിക്ക് അതില്‍ അവളോട് ആദരവും. ഇനി വേണമെങ്കില്‍ അതും അവളുടെ തീരുമാനം.

പക്ഷെ പ്രണയം. അതറിയുന്നതാണ് നല്ലത്. കുറഞ്ഞത് ഒരിക്കലെങ്കിലും. പ്രണയിച്ചും അതു പൊട്ടുമ്പോഴുള്ള വേദനയും പുതിയൊരു പ്രണയവും ഒക്കെ അവള്‍ (അവള്‍ മാത്രമല്ല, മക്കള്‍ രണ്ടു പേരും) അറിഞ്ഞു തന്നെ ജീവിക്കട്ടെ. മിടുക്കികളും തോന്ന്യവാസികളുമായി തന്നെ വരട്ടെ.

എങ്കിലും, അച്ഛനമ്മമാര്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ തന്നെ അത് നടക്കേണ്ടെ മോളെ എന്ന് ഞാനൊരിക്കലും പറയുകയോ ചിന്തിക്കുകയോ ചെയ്യില്ല. പ്രായമാകുമ്പോള്‍ ഒരു കൂട്ട് എന്നൊക്കെ പറയുന്നത് മണ്ടത്തരമാണെന്നുറപ്പ്. ഇപ്പോള്‍ പല വീടുകളിലും പ്രായമേറിയ ഭര്‍ത്താവ് മരിച്ച് ഒറ്റയ്ക്കാവുന്ന ഭാര്യമാര്‍ കണ്ടേക്കും. മക്കളില്‍ നിന്ന് പോലും അഭയം കിട്ടാത്തവരും. അല്ലെങ്കില്‍ മക്കളുടെ വീടുകളില്‍ മാസാമാസം ശമ്പളം കൊടുക്കേണ്ടാത്ത ‘ഉദ്യോഗസ്ഥകളാ’യിട്ടും.

എന്തിന്. സമൂഹം ഇങ്ങനൊരു നാട്ടുനടപ്പ് വിധിച്ചിട്ടുള്ളത് കൊണ്ട് വിവാഹം കഴിച്ചേ തീരൂ, കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടായേ തീരൂ എന്നൊക്കെ കരുതുന്നത് മൗഢ്യമാണ്.

എന്റെ ‘ഭാരമിറക്കി വെക്കാന്‍’ വേണ്ടി ഞാന്‍ മക്കളെ ആരുടെയും തലയില്‍ വെച്ചിട്ട് ‘ഊരാന്‍’ ഉദ്ദേശിക്കുന്നില്ല.

പലരും പറയുന്ന ഒരു വാദം കുട്ടികള്‍ക്ക് പലപ്പോഴും സ്വന്തമായി തീരുമാനിക്കാന്‍ കഴിയില്ലെന്നാണ്. 20 വയസില്‍ ആ പ്രാപ്തി ആയിട്ടില്ലെങ്കില്‍ ഉടനെ പിടിച്ചു ‘കെട്ടിക്കല്‍’ ആണോ പരിഹാരം! എന്തൊരു വൈരുദ്ധ്യം!

‘കെട്ടിക്കാ’നെന്താ പശുവാണോ. കെട്ടിച്ച’യയ്ക്കാന്‍’ പെണ്‍കുട്ടികള്‍ എന്താ പാഴ്സലോ. കെട്ടിച്ചു ‘കൊടുക്കാന്‍’ അവരെന്താ വസ്തുക്കളോ. അവളെ അയച്ചു, കൊടുത്തു മുതലായ പ്രയോഗങ്ങള്‍ അച്ഛനമ്മമാരില്‍ നിന്ന് കേള്‍ക്കുമ്പഴേ എനിക്ക് കലി കേറും.

പത്തിരുപത് വയസ്സ് വരെ അന്യരോട് സംസാരിക്കരുതെന്നൊക്കെ പറഞ്ഞു വളര്‍ത്തിയിട്ട് പെട്ടെന്നൊരു ദിവസം അന്യപുരുഷനെ കാട്ടിക്കൊടുത്ത് കല്യാണം കഴിപ്പിച്ച് ഒരു മുറിയിലടച്ചിട്ട് ‘ഉം… ഇനി രണ്ടു പേരും സ്‌നേഹിച്ചോ…’ എന്നു പറഞ്ഞ് തടി തപ്പുന്ന രീതി ഞാനെന്റെ മക്കളോട് കാണിക്കുന്നതിലും ഭേദം അവരെ സ്‌നേഹിക്കാതെ ഇരിക്കുന്നതല്ലേ.

ഞാനറിയുന്ന കുട്ടികളോട്:

സ്വന്തം വിദ്യാഭ്യാസം, ജോലി, സ്വന്തം സന്തോഷം ഇതെല്ലാം ഉപേക്ഷിച്ച് മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കരുത്. അങ്ങനെ ത്യാഗം ചെയ്യുന്നവരെ ആരും ബഹുമാനിക്കുകയോ തിരിച്ച് ഇതേ ത്യാഗമനോഭാവം അങ്ങോട്ട് കാണിക്കുകയോ ചെയ്യില്ല. മറിച്ച് ഈ ‘ത്യാഗം’ അവര്‍ തുടര്‍ന്നും പ്രതീക്ഷിക്കും, അത്ര തന്നെ.

സ്വന്തം ജീവിതത്തില്‍ ഇങ്ങനൊരു പരിപാടി വേണോ, വേണമെങ്കില്‍ എപ്പോള്‍, ആരെ എന്നൊക്കെയെങ്കിലും തീരുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പെണ്‍കുട്ടി എന്ന പേരില്‍ എന്ത് യന്ത്രത്തെയാണ് നാം വളര്‍ത്തിക്കൊണ്ടു വരുന്നത്!

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here