Home Latest ഉപ്പ ഉപ്പാടെ വീട്ടുകാർക് സമ്പാദ്യം കൊടുത്തത് തെറ്റാണെങ്കിൽ എന്റെ ഭർത്താവ് ഇനി ഈ കുടുംബം നോക്കാൻ...

ഉപ്പ ഉപ്പാടെ വീട്ടുകാർക് സമ്പാദ്യം കൊടുത്തത് തെറ്റാണെങ്കിൽ എന്റെ ഭർത്താവ് ഇനി ഈ കുടുംബം നോക്കാൻ പാടില്ല…

0

രചന : Nishida Shajahan

ഇനി ഒരക്ഷരം ഇവിടെ നിന്നു മിണ്ടിയാൽ നാത്തൂൻ അടിച്ചിറക്കി എന്നു നാട്ടുകാർ പറയും അതുകൊണ്ട് മിണ്ടാണ്ട് നിന്നോ നീ .

പെങ്ങൾക്ക് നേരെ കത്തിജ്വലിച്ചു നിക്കുന്ന സനയോടു എനിക്ക് ദേഷ്യം തോന്നിയെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല .

ഉപ്പയും ഞാനും എന്റെ മോൻ അജുവും കാഴ്ചക്കാരായി നിന്നു .ഉമ്മ കണ്ണുതുടച്ചും മൂക്കുപിഴിനും വാതിലും ചാരി നില്പുണ്ട് .

സന ഇങ്ങനെ പൊട്ടിത്തെറിക്കുമെന്ന് ആരും പ്രതീക്ഷിച്ചതുമല്ല .

പ്രവാസിയായ ഉപ്പ ഞങ്ങൾ മക്കൾക്കു എന്നും ഒരഥിതി മാത്രം ആയിരുന്നു .ഓര്മവെച്ചകാലം മുതൽ ഉമ്മയാണ് ഞങ്ങൾക്കെല്ലാം .ഉപ്പ സമ്പാദിച്ചതെല്ലാം ഉപ്പാന്റെ പെങ്ങമാരേ കെട്ടിച്ചും അനിയന്മാരുടെ കല്യാണം നടത്തിയും ഒക്കെ നശിപ്പിച്ചതും ,ഉമ്മ ഉമ്മാന്റെ വീട്ടിൽ ഞങ്ങൾ മക്കളേം കൊണ്ട് നിന്നതും ഒടുക്കം ഒരുപാട് നാളുകൾക്കുശേഷമാണ് ഉപ്പ സ്ഥലം വാങ്ങിയതും വീട് വെച്ചതും .പെൺമക്കളിൽ ഒരാളെ മാത്രം കെട്ടിച്ചയച്ചു പ്രവാസം മതിയാക്കി നാട്ടിൽ പണിയൊന്നുമില്ലാതെ വന്നു നിപ്പുതുടങ്ങിയേപ്പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യവും ഭക്ഷണത്തിനു കുറ്റവും ഒക്കെ ആയി ഉമ്മയെ അങ്ങേയറ്റം ഇടങ്ങേറാക്കുന്ന കഥകൾ മാത്രേ ഉമ്മാക് ഉപ്പാനെ പറ്റി പറയാനുണ്ടായിരുന്നുള്ളു .ഗൾഫിൽ നിന്നു ഉപ്പ വരുമ്പോ പെട്ടിപൊട്ടിക്കുന്നത്പോലും അമ്മായിമാരാണ് ഉമ്മാക്ക് വെറും കാഴ്ചക്കാരിയുടെ റോൾ .ഉമ്മ ഉപ്പാന്റെ നാട്ടിലെ ജീവിതം പറ്റാഞ്ഞിട്ടാണ് ഉപ്പ ഗൾഫിൽ പോയ അന്നുമുതൽ ഉമ്മാടെ വീട്ടിൽ നിന്നത് .ഞങ്ങൾ നാലു മക്കളെ വളർത്താനും പഠിപ്പിക്കാനും ഒക്കെ ഒരുപാടു ഇടങ്ങേറായി എന്ന് ഉമ്മ പറയുമ്പോൾ ഉമ്മാനോട് ഇഷ്ടം കൂടുകയായിരുന്നു .ഉമ്മ എന്ന സഹന കടലിനു മുന്നിൽ ഉപ്പ മൺതരിയോളം ചെറുതായിരുന്നു .

വിവാഹം കഴിഞ്ഞു എനിക്കൊപ്പം സനയും ഗൾഫിലേക്ക് വന്നത് മുതൽ പെങ്ങൾ ബഹളമാണ് ഉമ്മാക്ക് സഹായത്തിനു അവളെ നാട്ടിൽ നിർത്താൻ .ബിസിനസ്‌ മോശമാകുന്ന മാസങ്ങൾ പലതും സനയുടെ ശമ്പളം ആണു ഒന്നുമറിയാതെ എല്ലാം കൊണ്ടുനടക്കുന്നതെന്ന് അവരോട് പറഞ്ഞിട്ട് കാര്യവുമില്ല .ജോലി വേണ്ടന്ന് വെച്ച് നാട്ടിൽ നിക്കാൻ പറഞ്ഞാൽ സന അതു ചെയ്യുകയും ഇല്ല .

അവധിക്കു നാട്ടിലേക് ഇന്നലെ വന്നതേ ഉള്ളു .കാലത്തു പെങ്ങൾ എത്തിയപ്പോൾ തുടങ്ങിയതാണ് ഉമ്മയും അവളും കണ്ണീരും പതം പറച്ചിലും .ഇത്രനാളും ഉപ്പാനെ കൊണ്ടുള്ള ഇടങ്ങേറാരുന്നു ഉമ്മാക്ക് ഇപ്പോ വയസു കാലത്ത് ഉമ്മാക്ക് സഹായത്തിനു ആരുമില്ല കെട്ടിച്ചുവിട്ട പെണ്മക്കൾക് വന്നുനോക്കാൻ പറ്റുമോ ആൺമക്കൾ വേണം പെണ്ണുകെട്ടി ഉമ്മാനെ നോക്കാൻ എന്നൊക്കെ .ഉമ്മയും കരയണ കണ്ടെന്റെ നെഞ്ചുപൊട്ടി .

എന്തിനാ സുബൈദ നീ സന ജോലികളഞ്ഞു ഇവിടെ നിക്കാൻ പറയുന്നത്. രണ്ടാൾക്കും ജോലിയുണ്ടേൽ അധികനാൾ അവിടെ കിടന്നു കഷ്ടപെടാതെ നാട്ടിലേക് വേഗം വരാം അല്ലേൽ വയസാംകാലം വരെ അവിടെകിടന് കഷ്ടപെടണം .ഭാര്യയും മക്കളും കൂടുണ്ടേൽ അഫ്സലിന് അവിടതൊരു ആശ്വാസമാ .അതു നിങ്ങൾക് മനസിലാകില്ല .നിനക്കിപ്പോൾ അത്ര വയ്യായ്ക ഒന്നുമില്ലലോ .ഒറ്റക് പണിയെടുക്കാൻ കുഴപ്പമൊന്നുമില്ലലോ വേണേൽ പുറം പണിക് ഒരാളെ ആക്കിത്തരാം .ഉപ്പാടെ ആ വാക്കുകളിൽ ഉമ്മയും പെങ്ങളും ഉപ്പാന്റെ നേരെ തിരിഞ്ഞു .

വയസുകാലത് പേരക്കുട്ടിയെ കൂടെ നിർത്തി കൊഞ്ചിക്കാന് എനിക്ക് പൂതിയുണ്ട് നിങ്ങൾക് അതൊന്നുമില്ലന്നു കരുതി എനിക്കുണ്ട് .നിങ്ങൾക് ഗൾഫിന്നു വരണ കാശുമതി അതുകൊണ്ടാ ഇങ്ങനെ .

ഉമ്മാനെ ഏറ്റു പിടിച്ചു പെങ്ങളും ഉപ്പാക് നേരെ തിരിഞ്ഞു ഇത്രനാളും ഉമ്മാനെ ഇടങ്ങേറാക്കി മതിയായില്ലേ .ഇപ്പൊ മരുമകളും കൂടി കൂടെനിക്കാതെ ഇടങ്ങേറാക്കണത് കണ്ടു സന്തോഷിക് .

പെങ്ങളുടെ ഈ വാക്കുകൾ കേട്ടതും സന ഇടക്ക് കേറി .പിന്നെ ഉണ്ടായ സംഭാഷണങ്ങൾ ആയിരുന്നു അതൊക്കെ .

സന ഉമ്മാനോട് ഉപ്പന്റടുത്തേക് മാറിനിൽക്കാൻ പറഞ്ഞു .എന്റുമ്മാനോടു കൽപ്പിക്കാൻ നീ ആയിട്ടില്ല സന എന്നു പറഞ്ഞ എന്നെ അവൾ വാക്കുകൾ കൊണ്ട് ഒതുക്കി.

എനിക്ക് നിങ്ങടെ ഉമ്മാനോട് കുറച്ചു കാര്യങ്ങൾ ഉപ്പാടെ മുൻപിൽ ചോദിക്കണം എന്നിട്ട് നിങ്ങൾ എനിക്കുള്ള ശിക്ഷ വിധിച്ചോ അതുവരെ എന്റെ ചോദ്യങ്ങളും ഉമ്മയുടെ ഉത്തരങ്ങളും മാത്രം മതി .

സന ഉമ്മാനോട് ഓരോ ചോദ്യങ്ങളും ചോദിക്കാൻ തുടങ്ങി .ഉമ്മാന്റെ ഉത്തരങ്ങളും പിന്നാലെ എത്തി .

കല്യാണം കഴിഞ്ഞു 35കൊല്ലമായിട്ട് ഉമ്മാക്ക് ആരാ ചിലവിനു തരുന്നത് ?

ഉപ്പ

ഉമ്മാക് ഉണ്ടായ നാലുമക്കളെ വളർത്താനും പഠിപ്പിക്കാനും അവർക്ക് ഉണ്ണാനും ഉടുക്കാനും തന്നത് ആരാ ?

ഉപ്പ

ഈ വീട് വെക്കാൻ സ്ഥലം വാങ്ങിയതും വീടുവെച്ചതും ആരാ ?

ഉപ്പ

ഇപ്പോ ഇവിടെ നിന്നു പ്രസംഗിച്ച ഉമ്മാടെ മോളെ യോഗ്യനായ ഒരുത്തനു 50പവൻ സ്വർണം കൊടുത്ത് കെട്ടിച്ചയച്ചത് ആരാ ?

ഉപ്പ

ഉപ്പ ഗൾഫിന്നു പോന്നെപിന്നെ കുടുംബം നോക്കുന്നതാരാ ?

അഫ്സൽ

ചെറിയ പെങ്ങളെ കെട്ടിച്ചയച്ചത് ആരാ

അഫ്സൽ

അനിയനെ പഠിപ്പിക്കുന്നതാരാ ?

അഫ്സൽ

ഉമ്മ ജീവിച്ചത് ഉപ്പാടെ കുടുംബതാണോ ?

അല്ല

ഉപ്പാടെ ഉമ്മാടെ വയസ്സുകാലത് ഉമ്മ വല്ലിമാന്റെ അടുത്ത് ആരുന്നോ?

അല്ല

ഉമ്മ മക്കളെ ഉപ്പാടെ ഉമ്മാക് കൊഞ്ചിക്കാനും വളർത്താനും കൂടെ നിർത്തിയോ ?

ഇല്ല

ഇനി എന്റെ പുന്നാര നാത്തൂൻ ഇങ്ങു വാ .എന്നിട്ട് നീ പറ ,നിന്റുമ്മനോട് എന്നെങ്കിലും നീ പറഞ്ഞിട്ടുണ്ടോ ഉപ്പാന്റെ വീട്ടിൽ പോയി നിക്കാൻ ?

ഇല്ല

നീ നിന്റെ ഉപ്പാന്റെ വീട്ടിൽ പോയി നിന്നിട്ടുണ്ടോ ?

ഇല്ല

നിന്റെ കല്യാണം കഴിഞ്ഞു 10കൊല്ലത്തിനിടക് 10തവണ നീ നിന്റെ വല്ലിമ്മാനെ കാണാൻ പോയിട്ടുണ്ടോ ?

ഇല്ല

അപ്പോൾ കാര്യങ്ങൾ വ്യക്തമായി .ഇനി ഞാനും സമ്മതിക്കുന്നു നിങ്ങൾ ഒക്കെ പറയുന്നതാണ് ശെരി ആണ് .

ഉപ്പ ഉപ്പാടെ വീട്ടുകാർക് സമ്പാദ്യം കൊടുത്തത് തെറ്റാണെങ്കിൽ എന്റെ ഭർത്താവ് ഇനി ഈ കുടുംബം നോക്കാൻ പാടില്ല .ഉപ്പ ചെയ്ത തെറ്റുതന്നല്ലേ ഇപ്പോ അഫ്‌സൽക്ക ചെയ്യണത് .

ഉമ്മ ഉപ്പാടെ വീട്ടിൽ നിക്കാത്തത് ശെരിയാണെങ്കിൽ ഞാൻ നിക്കാത്തതും ശെരിയാണ്

നിങ്ങൾ പേരക്കുട്ടികൾ വല്യഉമ്മന്റടുത് നിക്കാത്തത് ശെരിയാണെങ്കിൽ അജുനെ നിർത്താത്തതും ശെരിയല്ലേ .

അവള്ടെ ചോദ്യങ്ങൾ തുടങ്ങിയപ്പോൾ മനസ്സിൽ കരുതിയിരുന്നു ,തീരുമ്പോൾ മുഖം അടച്ചു ഒന്നു കൊടുക്കണം എന്ന് .പക്ഷെ ഇപ്പോ അവളുടെ വാക്കുകൾക്കു മുന്നിൽ തല കുമ്പിട്ടു നിൽക്കാനേ കഴിഞ്ഞുള്ളു .

കൂട്ടുകാരും ജോലിത്തിരക്കും ഒക്കെയായി അഫ്‌സൽക്ക തിരക്കിട്ടു ജീവിക്കുന്നതിനിടക് പെട്ടെന്ന് ജോലിയില്ലാതെ വീട്ടിൽ ഇരുന്നാൽ എന്താണ് തോന്നുക ?എന്നോടവള് ചോദിച്ചു .

സത്യായിട്ടും ഭ്രാന്ത്‌ പിടിക്കും .

ആഹ് അതുതന്നെയെ ഉപ്പക്കും പറ്റിയുള്ളൂ .പത്തിരുപതുകൊല്ലം ഓടിനടന്നു അധ്വാനിച്ചു ,പെട്ടെന്ന് എല്ലാം മതിയാക്കി വന്നപ്പോൾ വീട്ടിൽ ഇരിപ്പു വിഷമം ഉണ്ടാക്കി .

ഉണ്ടാക്കി വെച്ച ഭക്ഷണം ഒപ്പമിരുന്നു വിളമ്പി കൊടുത്താൽ അതു കഴിക്കുമ്പോൾ ഉപ്പക്കും സന്തോഷം ആകും ഉമ്മാ .

സന പറഞ്ഞത് സത്യമാണ് .ഉമ്മ ഒരിക്കലും ഭക്ഷണം ഉണ്ടാക്കി വെക്കും എന്നല്ലാതെ ഉപ്പയ്ക്കൊപ്പമിരുന് വിളമ്പിക്കൊടുക്കാറില്ല .ആർക്കും ഉമ്മ അങ്ങനെ ചെയ്ത് കണ്ടിട്ടില്ല .അപ്പോ ഞാൻ സനയെ ഓർത്തു ഞാൻ എപ്പോ കഴിക്കാൻ ഇരുന്നാലും അവളും ഉണ്ടാകും ഒപ്പം .വിളമ്പി താരനും കൂടിരുത്തി കഴിപ്പിക്കാനും .ഏതൊരു ഭർത്താവും ആഗ്രഹിക്കും അതൊക്കെ .

എപ്പോഴും മക്കളോട് ഉമ്മാന്റെ ഇടങ്ങേറ് പറയാതെ ഉപ്പാന്റെ കഷ്ടപ്പാടുകളും പറയാൻ പഠിക്കണം .എല്ലാം പെണ്ണും ഭാര്യയാകുമ്പോഴും ഉമ്മയാകുമ്പോഴും ഒക്കെ ഒരുപാടു ഇടങ്ങേറ് അനുഭവിക്കും അതൊക്കെ എല്ലായിടത്തും അങ്ങനെതന്നാണ് അതൊക്കെ തന്റെമാത്രം ത്യാഗം ആണെന്ന് കരുതരുത് .ഭർത്താവിനും ഉപ്പയ്ക്കും ഉണ്ടു അതു പോലെ കഷ്ടപ്പാടുകൾ .ജീവിതത്തിന്റെ നല്ലഭാഗം അന്യനാട്ടിൽ ഭാര്യയും മക്കളും ഒപ്പമില്ലാണ്ട് നീറി കഴിഞ്ഞതുകൊണ്ട ഉപ്പ ഞാൻ അഫ്‌സൽക്കയ്‌ക്കൊപ്പം നിന്നോട്ടെ എന്നു പറഞ്ഞത് .അല്ലാതെ കാശിനു വേണ്ടിയല്ല .

അവളതു പറയുമ്പോൾ സോഫയിൽ തലകുനിച്ചു ഇരിക്കയായിരുന്നു ഉപ്പ .34കൊല്ലം ആ മനുഷ്യന്റെ മനസുകാണാൻ എനിക്കയില്ലലോ എന്നോർത്ത് ഞാൻ ആ കൈപിടിച്ച് എന്നോട് പൊറുക്കണം ഉപ്പാന്ന് പറഞ്ഞപ്പോൾ എന്റെ സ്വരം ഇടറിയിരുന്നു .

അഞ്ചുവയസുള്ള എന്റെ അജു എന്നെ ഓടിവന്നു കെട്ടിപിടിച്ചു കണ്ണു തുടച്ചു പറഞ്ഞു ഉപ്പച്ചി കരയല്ലേ ഞാൻ ഇല്ലേ ഉപ്പച്ചിക് .

അവന്റെ ആ മനസു ഞാൻ പഠിക്കേണ്ട ഏറ്റവും വല്യ പാഠം ആയിരുന്നെന്നും എന്റുമ്മ എന്നെ പഠിപ്പിക്കാത്ത ആ പാഠം സന അവനെ പഠിപ്പിച്ചു എന്നും ഓർത്തപ്പോൾ അവളോട് ഒരുപാടു ബഹുമാനം തോന്നി .

അന്നുവരെ മൺതരിയോളം മാത്രം ഉണ്ടായിരുന്ന ഉപ്പയുടെ സ്ഥാനം ആകാശത്തോളം വളർന്നത് ഞാൻ അറിഞ്ഞു .

എന്റെ കൈ പിടിച്ചു ഉപ്പ പറഞ്ഞു ഉപ്പാനെ മനസ്സിലാക്കിയപ്പോയേക്കും ഉമ്മാനെ സങ്കടപെടുത്തരുത് കേട്ടോ .പെറ്റ വയറല്ലേ ആ വേദന നമ്മൾ കാണാതിരിക്കരുത് .ഉമ്മാക്ക് കാര്യങ്ങളൊക്കെ മനസിലാകും .മക്കളു സന്തോഷമായി ജീവിക്കണം .

………………………………………………………….

ഉമ്മാക്ക് ഒരുപാട് മാറ്റങ്ങൾ പിന്നീട് ഉണ്ടായി .ഞങ്ങൾ തിരികെ പോകും മുൻപ് വീടിനടുത്തു ഉപ്പാക് ഒരു സ്റ്റേഷനറി കട തുടങ്ങി .വെറുതെ വീട്ടിൽ ഇരുന്നു ബോറടിക്കാതിരിക്കാൻ .ഉമ്മാക്ക് പുറം പണിക് ആളെയും ആക്കി ഞാനും സനയും അജുവും യാത്രയായി .ഉപ്പ പറഞ്ഞപോലെ എത്രയും വേഗം സ്വന്തം മണ്ണിൽ ജീവിക്കാനുള്ളത് ഉണ്ടാക്കി വേഗം മടങ്ങാനായി .

LEAVE A REPLY

Please enter your comment!
Please enter your name here