Home Samuel George “എന്ത് വൃത്തികേടാ നിങ്ങളീ കാണിക്കുന്നത്? എനിക്കിഷ്ടമല്ല ഇതൊന്നും..”

“എന്ത് വൃത്തികേടാ നിങ്ങളീ കാണിക്കുന്നത്? എനിക്കിഷ്ടമല്ല ഇതൊന്നും..”

0

രചന : Samuel George

ഒന്നും സമ്മതിക്കാത്ത ഭാര്യ

ഒരു സുന്ദരിയെത്തന്നെ കല്യാണം കഴിക്കണം എന്നത് സൌന്ദര്യം പേരിനു പോലുമില്ലാത്ത എന്റെ അരക്കിട്ടുറപ്പിച്ച അതിമോഹമായിരുന്നു.

“ടാ ചെക്കാ.. നിന്റെ മോന്തയ്ക്ക് ചേരുന്ന ഒരു പെണ്ണ് മതി നിനക്ക്. വല്യ സുന്ദരിമാരെ കെട്ടാന്‍ പോയാ അവള്‍ടെ കൂടെ ഓരോത്തിടത്ത് പോകുമ്പോ നിനക്ക് കൊറച്ചിലു തോന്നും” എന്റെ ആഗ്രഹം അറിഞ്ഞ അമ്മ നല്‍കിയ നിര്‍ദ്ദേശമാണ്. ഞാനതിനെ ഒരു വക്രിച്ച ചിരിയിലൂടെ തള്ളിക്കളഞ്ഞു.

“അളിയാ നിനക്ക് ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ് ഉണ്ടാകും. നിനക്ക് ചേരുന്ന ഒരു സാധാരണ പെണ്ണിനെ കെട്ടിയാല്‍ മതി. വെറുതെ ഓരോ അവളുമാരുടെ ജാഡ ജീവിതകാലം മൊത്തം എന്തിനാ അനുഭവിക്കുന്നത്” ഉറ്റ സുഹൃത്തിന്റെ ഉപദേശമാണ്.

“നിനക്ക് പറ്റിയ അബദ്ധം എനിക്ക് പറ്റില്ല മോനെ” അതായിരുന്നു എന്റെ മറുപടി. കാരണം അവന്‍ കാണാന്‍ സുമുഖനാണ് എങ്കിലും ഭാര്യയെ കാണാന്‍ ഗുണമില്ല.

അങ്ങനെ ഞാന്‍ പാറപോലെ ഉറച്ച തീരുമാനത്തില്‍ത്തന്നെ ആയിരുന്നു. കെട്ടിയാല്‍ അതൊരു വെളുത്തു സുന്ദരിയായ പെണ്ണിനെത്തന്നെ ആയിരിക്കും. വെറുതെ അല്ലല്ലോ, ഒന്നാന്തരമൊരു സര്‍ക്കാര് ജോലിയല്ലേ എനിക്കുള്ളത്?

ഞങ്ങളുടെ നാട്ടിലെ കാണാന്‍ ഗുണമില്ലാത്ത എന്നെപ്പോലെയുള്ളവരുടെ മോഹങ്ങള്‍ പൂവണിയിപ്പിച്ചു തരുന്ന ഒരു മഹാത്മാവുണ്ട്. ദല്ലാള്‍ മണിയന്‍ എന്നാണ് അദ്ദേഹത്തിന്റെ നാമധേയം. ദല്ലാള്‍ എന്നത് പേരല്ല, സ്ഥാനപ്പേരാണ്. അവസാനം അതിയാന്‍ തന്നെ എന്റെ രക്ഷകനായി. ഞാന്‍ മനസ്സില്‍ കരുതിയിരുന്നതിനേക്കാള്‍ സുന്ദരിയായ ഒരു പെണ്ണിനെ മണിയന്‍ തപ്പിയെടുത്തു കൊണ്ടുവന്നു. ഒരൊറ്റ പ്രശ്നം മാത്രമേ ഉള്ളു; പെണ്ണിന് പ്രായവും പഠിപ്പും കുറവാണ്. പ്രായം പത്തൊന്‍പതും, പഠിപ്പ് പ്ലസ് ടു തൊപ്പിയും (തോറ്റവര്‍ ഇടുന്ന സാധനം). എനിക്ക് ഇരുപത്തിയെട്ട് കഴിഞ്ഞിരുന്നതിനാല്‍ പ്രായത്തിലുള്ള അന്തരം ഒരു പ്രശ്നം ആയേക്കാം എന്ന് പലരും പറഞ്ഞെങ്കിലും, ഒരു സാധാരണ പെണ്ണ് പോലും ഇഷ്ടപ്പെടാന്‍ ഇടയില്ലാത്ത എന്റെ തിരുമോന്ത ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ സുന്ദരിയായ അവളെ വിട്ടുകളയാന്‍ തല പോയാലും ഞാന്‍ ഒരുക്കമായിരുന്നില്ല.

അങ്ങനെ നയന എന്ന് പേരുള്ള ആ സുന്ദരി എന്റെ ഭാര്യയായി മാറി.

ആദ്യരാത്രി!

ജീവിതത്തില്‍ അന്നേവരെ ഒരു പെണ്ണിനെ പ്രേമിക്കുകയോ തൊടുകയോ എന്തിന്, തൊട്ടടുത്ത് നിന്ന് നേരാംവണ്ണം കാണുകയോ പോലും ചെയ്തിട്ടില്ലാത്ത ഞാന്‍ ആസന്നമായിരിക്കുന്ന നിമിഷങ്ങളെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ സിരകളില്‍ പടര്‍ത്തിവിട്ട താപത്തിലുരുകി കൂട്ടിലടച്ച വെരുകിനെപ്പോലെ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു മണിയറയുടെ ഉള്ളില്‍. ഏതു നിമിഷവും അവള്‍ ഉള്ളിലേക്ക് വരാം. ഓര്‍ക്കുന്തോറും എനിക്ക് പരവേശം കൂടുകയും, ഏറെക്കുറെ തണുപ്പുള്ള കാലാവസ്ഥ ആയിരുന്നിട്ടും ശരീരം വിയര്‍ക്കുകയും ചെയ്തു. ആധിയും സംഭ്രമവും ആകാംക്ഷയും കൂടി ഒത്തൊരുമിച്ച് എന്നെ ഞെരിച്ചുടച്ചപ്പോള്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ ഘട്ടം ഘട്ടമായി ഉള്ളിലേക്ക് പോയത് ഞാന്‍ അറിഞ്ഞതേയില്ല.

അങ്ങനെ എന്റെ പിരിമുറുക്കത്തെ അതിന്റെ പാരമ്യതയിലേക്ക്‌ തള്ളിവിട്ടുകൊണ്ട് നയന മുറിയിലെത്തി. കൈയില്‍ പഴയ മാമ്മൂലുകള്‍ക്കനുസരിച്ച് ഒരു ഗ്ലാസ് പാലുമുണ്ട്. എന്റെ നേരെ അവള്‍ നിറഞ്ഞ പുഞ്ചിരിയോടെ അത് നീട്ടിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ആ പുഞ്ചിരിയില്‍ എന്റെ ആധി കുറെയേറെ ഇല്ലാതായി. എങ്കിലും ശരീരത്തിന്റെ വിറയല്‍ എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവളുടെ പക്കല്‍ നിന്നും പാല് വാങ്ങി ഞാന്‍ ചുണ്ടോട് അടുപ്പിച്ചപ്പോള്‍ അവള്‍ വേഗം ഗ്ലാസില്‍ പിടിച്ചു.

“പകുതിയേ കുടിക്കാവൂ..ബാക്കി ഞാന്‍ കുടിക്കണംന്നാ അമ്മ പറഞ്ഞെ”

നാണം കലര്‍ന്ന ചിരിയോടെ അവള്‍ എന്നെ ഓര്‍മ്മപ്പെടുത്തി. ആക്രാന്തം പിടിച്ചു ഞാന്‍ മൊത്തം കുടിക്കുമോ എന്നൊരു ശങ്ക അവള്‍ക്കുണ്ടായിരുന്നിരിക്കണം. അങ്ങനെ പാലുകുടി കര്‍മ്മം ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. ഗ്ലാസ് വാങ്ങി മേശപ്പുറത്ത് വച്ച നയന വീണ്ടും എന്നെ നോക്കി ചിരിച്ചു; ഇനിയെന്ത് എന്ന മട്ടില്‍. അടുത്ത നടപടി എന്താണ് എന്ന് വ്യക്തമായി അറിയാമായിരുന്ന ഞാന്‍ ചിരിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ട് അവള്‍ക്ക് മുഖം കൊടുക്കാതെ ചെന്ന് ലൈറ്റ് അണച്ച ശേഷം കതകും അടച്ചു. മുറിയില്‍ നൈറ്റ് ലാമ്പിന്റെ നീല വെളിച്ചം മാത്രം.

“കിടക്കാം..” ശബ്ദത്തിന്റെ വിറയല്‍ നിയന്ത്രിച്ച് ഞാന്‍ ചോദിച്ചു; നയന തലയാട്ടി.

അങ്ങനെ ഞങ്ങള്‍ രണ്ടാളും ഏഴടി നീളവും അഞ്ചടി വീതിയുമുള്ള വിശാലമായ തേക്കിന്‍ കട്ടിലില്‍ കിടന്നു. നയനയുടെ ശരീരത്തില്‍ നിന്നും പ്രസരിക്കുന്ന ഗന്ധം എന്നിലെ കാമാഗ്നി ആളിക്കത്തിക്കാന്‍ തുടങ്ങിയ സമയം; ഞാന്‍ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങിക്കിടന്നു. അത്തരത്തിലുള്ള രണ്ടുമൂന്നു ശ്രമം കൊണ്ട് ഞാന്‍ അവളുടെ തൊട്ടടുത്തെത്തി. അടുത്തതായി ഞാന്‍ എന്റെ കൈയെടുത്ത് അവളുടെ തുടുത്ത കൈമേല്‍ വച്ചു. അവള്‍ ചോദ്യഭാവത്തില്‍ എന്നെയൊന്നു നോക്കി. പിന്നെ കൈ എന്റെ കൈയില്‍ നിന്നും മാറ്റി സ്വന്തം നെഞ്ചില്‍ പിണച്ചു വച്ചു. അതോടെ എന്റെ കൈ അവളുടെ നെഞ്ചിലേക്ക് കയറി.

“എന്തിനാ എന്നെ പിടിക്കുന്നത്? മുട്ടിമുട്ടി കിടന്നാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല..”

അവള്‍ എന്റെ കൈ പിടിച്ചു മാറ്റിയിട്ട് ചോദിച്ചു. എനിക്കുണ്ടോ അതൊക്കെ കേള്‍ക്കാന്‍ താല്പര്യം? അടിമുടി കത്തി നില്‍ക്കുകയാണ് ഞാന്‍. ആവേശത്തോടെ അവളെ ചേര്‍ത്തുപിടിച്ച് ആ പൂങ്കവിളില്‍ ഞാനൊരു ഉമ്മ പാസാക്കി. അതോടെ എന്റെ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്നു പ്രത്യേകം പറയണ്ടല്ലോ. അവളുടെ മൃദുത്വവും സുഗന്ധവും എന്നെ എന്നില്‍ നിന്നും അടര്‍ത്തിമാറ്റി എവിടേക്കോ വലിച്ചെറിഞ്ഞു. ആര്‍ത്തിയോടെ അവളെ വാരിപ്പുണരാന്‍ ഞാന്‍ ശ്രമിക്കവേ നയന ചാടി എഴുന്നേറ്റ് നിലത്തിറങ്ങി ഒരു ശത്രുവിനെ നോക്കുന്നത് പോലെ എന്നെ നോക്കി കിതച്ചു.

“എന്ത് വൃത്തികേടാ നിങ്ങളീ കാണിക്കുന്നത്? എനിക്കിഷ്ടമല്ല ഇതൊന്നും..” അവള്‍ ചീറി.

ഞെട്ടിത്തരിച്ചുപോയ എന്റെ ഗ്യാസ് എതിലെകൂടിയാണ് ചോര്‍ന്നു പോയത് എന്നെനിക്ക് മനസിലായില്ല. കാരണം എന്നിലെ സമസ്ത വികാരങ്ങളും ആ ഒരൊറ്റ വാചകത്തില്‍ കെട്ടണഞ്ഞു പോയിരുന്നു. ഞാന്‍ എന്തോ നഷ്‌ടമായ അണ്ണാനെപ്പോലെ ഇളിഭ്യനായി അവളെ നോക്കി ഇളിക്കാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി. എനിക്ക് മനസിലാകാഞ്ഞത് പക്ഷെ മറ്റൊന്നാണ്; നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ലൈസന്‍സ് നല്‍കി ഇവളെയും കൂട്ടി ഈ മുറിയിലേക്ക് പറഞ്ഞു വിട്ടത് എന്തിനാണെന്ന് ഇവള്‍ക്ക് അറിയില്ലേ എന്നതായിരുന്നു അത്.

“അങ്ങോട്ട്‌ മാറി കിടക്ക്‌. ഇല്ലേല്‍ ഞാന്‍ പോയി അമ്മയോട് പറയും..” എന്നെ നോക്കി ഭീഷണിച്ചുവയോടെ അവള്‍ കല്‍പ്പിച്ചു.

ഞാനെന്ത് ചെയ്യാന്‍? എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ ജീവിതത്തിലാദ്യമായി തൊട്ട പെണ്ണിന്റെ ഭാവമാറ്റം എന്റെ എല്ലാ ധൈര്യങ്ങളും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. ഇനി വല്ലതും ചെയ്‌താല്‍ ഈ നശൂലം ചെന്ന് അവളുടെ തള്ളയോട് പരാതി പറഞ്ഞാല്‍ ആകെ നാണക്കേടാകും. തലയാട്ടിക്കൊണ്ട് ഞാന്‍ കട്ടിലിന്റെ ഇങ്ങേയറ്റത്തേക്ക് മാറിക്കിടന്നു. ഇങ്ങനെയാണോ എല്ലാവരുടെയും ആദ്യരാത്രികള്‍ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇക്കാര്യത്തില്‍ തീരെ മുന്‍പരിചയം ഇല്ലല്ലോ? ഒന്നാമത്തെ ആദ്യരാത്രി അല്ലെ. കട്ടിലിന്റെ മറ്റേ അറ്റത്ത് അങ്ങോട്ട്‌ തിരിഞ്ഞു കിടക്കുന്ന സ്വന്തം ഭാര്യയെ നോക്കി കൊതിച്ചുകൊണ്ട് ഞാന്‍ നിദ്രാദേവിയെ മനസ്സില്‍ ധ്യാനിച്ചു.

അടുത്ത ദിവസം എന്നോട് വളരെ സ്നേഹത്തോടെ തന്നെ നയന പെരുമാറി. പക്ഷെ രാത്രിയില്‍ പഴയ പരിപാടി വീണ്ടും ആവര്‍ത്തിച്ചു. പരിചയമില്ലാത്ത എന്നെ പെട്ടെന്ന് സ്വീകരിക്കാന്‍ അവള്‍ക്ക് മാനസികമായ ഒരു തയ്യാറെടുപ്പ് ആവശ്യമാകാം എന്നൊക്കെയുള്ള തത്വങ്ങള്‍ സ്വയം പറഞ്ഞു ഞാന്‍ സമാധാനിച്ചു. പക്ഷെ സുഹൃത്തുക്കളെ, ആഴ്ചകള്‍ രണ്ടു കഴിഞ്ഞിട്ടും എന്റെ ഭാര്യ അവളെ എന്തെങ്കിലും ചെയ്യാനോ, ഒന്ന് തൊടാനോ പോലും സമ്മതിച്ചില്ല എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഈയുള്ളവന്റെ അവസ്ഥ. ഈ വിവരം ആരോടെങ്കിലും പറയണം എന്നെനിക്കുണ്ടായിരുന്നു എങ്കിലും ആരോട് പറയും? സുന്ദരിമാരെ കെട്ടണ്ട എന്ന് എല്ലാവരും എന്നെ ഉപദേശിച്ചതാണ്. അങ്ങനെ പറഞ്ഞവരെ ഒക്കെ പുച്ഛത്തോടെ തള്ളിക്കളഞ്ഞ ഞാന്‍ അവരുടെ പക്കലേക്ക് തന്നെ പരാതിയുമായി എങ്ങനെ ചെല്ലും? എന്നോട് വലിയ സ്നേഹം പകല്‍ കാണിക്കുന്ന നയന പക്ഷെ രാത്രിയായാല്‍ ആലുവാ മണപ്പുറത്ത് വച്ചു കണ്ട സൗഹൃദം പോലും കാണിക്കാത്തത് എന്നെ പലതരത്തില്‍ കുഴക്കി.

എന്തായാലും ഇതിനൊരു പരിഹാരം കാണണമല്ലോ? പ്രത്യേകിച്ച് ആരോടും പറയാനും പറ്റാത്ത സാഹചര്യത്തില്‍.

അങ്ങനെ ചിലതൊക്കെ പ്ലാന്‍ ചെയ്ത് ഞാന്‍ അല്‍പം അകലെയുള്ള ഒരു നഗരത്തില്‍ അവളെയും കൊണ്ട് പോകാന്‍ തീരുമാനിച്ചു. അവിടെ സാമാന്യം നല്ലൊരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ആദ്യ രാത്രിയില്‍, ഞാന്‍ അവളെ വീണ്ടും സമീപിച്ചു. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തവണ പോലും ഒരു പെണ്ണിനേയും തൊടുകപോലും ചെയ്തിട്ടില്ലാത്ത എന്റെ ആക്രാന്തം എത്രമേല്‍ കാണും എന്ന് നിങ്ങള്‍ ഓര്‍ക്കണം. പക്ഷെ ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ കട്ടിലില്‍ നിന്നും ഒരു അഭ്യാസിയെപ്പോലെ ചാടി താഴെയിറങ്ങി.

“ദേ..ഇവിടെ വീട്ടുകാര്‍ ആരുമില്ലെന്ന് കരുതി തോന്ന്യാസം കാണിക്കാന്‍ വന്നാലുണ്ടല്ലോ..ഉം…” അവള്‍ വിരല്‍ ചൂണ്ടി എന്നെ ഭീഷണിപ്പെടുത്തി. ഇത്തവണ പക്ഷെ അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അതുകൊണ്ട് മുന്‍‌കൂര്‍ സംഭരിച്ചു വച്ചിരുന്ന ധൈര്യത്തിന്റെ ബലത്തില്‍ ഞാനിങ്ങനെ ചോദിച്ചു.

“എങ്കീപ്പിന്നെ നീ എന്തിനാടി കല്യാണം കഴിച്ചത്?”

“അയ്യട..കല്യാണം കഴിക്കുന്നത് വൃത്തികേട്‌ കാണിക്കാനാണോ. അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ആണുങ്ങളെ ദേഹത്ത് തൊടാന്‍ സമ്മതിക്കരുതെന്ന്. എന്നെ വല്ലോം ചെയ്യാന്‍ വന്നാല്‍ ഞാന്‍ വിളിച്ചുകൂവി ആളെ കൂട്ടും പറഞ്ഞേക്കാം” അവള്‍ ശബ്ദം കടുപ്പിച്ചു.

അത് ശരി. അപ്പോള്‍ അമ്മ എന്നോ പറഞ്ഞുകൊടുത്ത ഉപദേശം അക്ഷരംപ്രതി അനുസരിക്കുന്നതാണ് ഇവളുടെ പെരുമാറ്റത്തിനു പിന്നിലെ മനശാസ്ത്രം. പക്ഷെ ആ പരട്ട തള്ള കല്യാണം കഴിക്കുന്ന ആളുമായി എന്തും ചെയ്യാമെന്ന് ഈ മന്ദബുദ്ധിക്ക് എന്താണ് പറഞ്ഞു കൊടുക്കാഞ്ഞത്? അതോ അതൊക്കെ സ്വയം മനസിലാക്കാന്‍ അവള്‍ക്ക് കഴിവുണ്ട് എന്ന് അവര്‍ ചിന്തിച്ചു കാണുമോ? എന്തായാലും തന്ത്രപരമായ സമീപനമാണ് വേണ്ടത് എന്ന് ഞാന്‍ മനസിലാക്കി. മനസ്സില്‍ ഗുണനഹരണങ്ങള്‍ ദ്രുതഗതിയില്‍ നടന്നു.

“ശരി…നീ വന്നു കിടക്ക്‌..ഞാനൊന്നു പുറത്ത് പോയിട്ട് വരാം..” മെല്ലെ എഴുന്നേറ്റ് വസ്ത്രം ധരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“എവിടെ പോവ്വാ? എനിക്ക് പേടിയാ തനിച്ച്..” അവള്‍ ചിണുങ്ങി.

“എങ്ങും പോന്നില്ല; ഉടനെ വരാം. ഒരു ചായ കുടിക്കാനാ..നിനക്ക് വേണ്ടല്ലോ?”

“എനിക്ക് രാത്രീല്‍ ചായ വേണ്ട. നിങ്ങള്‍ക്കത് ഇവിടെ വരുത്തിക്കൂടെ?”

“പറ്റില്ല..നീ തല്‍ക്കാലം കിടക്ക്‌..ഞാനുടനെ വരാം”

മറുപടിക്ക് കാക്കാതെ ഞാന്‍ നേരെ പുറത്തിറങ്ങി താഴെ ഒരു ഒഴിഞ്ഞ സ്ഥലത്തെത്തി നേരെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെ വിളിച്ചു. മറ്റാരോടും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അവനുമായിട്ടാണ് ഞാന്‍ പങ്ക് വയ്ക്കാറുള്ളത്. പക്ഷെ ഇത് ഇത്രനാളും സങ്കോചം കാരണം ഞാന്‍ പറയാതെ വിട്ടതായിരുന്നു. അങ്ങനെ അവനോട് രണ്ടും കല്‍പ്പിച്ച് ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്റെ ഗതികേട് കേട്ട് ആ മഹാപാപി തലയറഞ്ഞു ചിരിച്ചെങ്കിലും എന്നെ സഹായിക്കുന്ന കാര്യം അവസാനം അവന്‍ സ്വയം ഏറ്റു.

“നീ ഒരു അരമണിക്കൂര്‍ കഴിഞ്ഞു ചെന്ന് അവളെ കാണുക. അതോടെ നിന്റെ പ്രശ്നം സോള്‍വ് ആയിരിക്കും.” അവന്‍ പറഞ്ഞു.

“പക്ഷെ എങ്ങനെ?”

“ജസ്റ്റ് ഈറ്റ് ദ അപ്പം..ഡോണ്ട് കൌണ്ട് ബ്ലഡി ഹോള്‍സ്..ഒകെ..” അത്രയും പറഞ്ഞിട്ട് അവന്‍ ഫോണ്‍ വച്ചു.

ഞാന്‍ മൊബൈലില്‍ നോക്കി. സമയം ഒമ്പത് കഴിഞ്ഞു പത്ത് മിനിറ്റ്. ഇനി മുപ്പത് മിനിറ്റ് അവന്‍ പറഞ്ഞ പ്രകാരം കാത്തിരിക്കണം. ഞാന്‍ കാത്തിരുന്നു. ഓരോ സെക്കന്റുകള്‍ക്കും ഓരോ വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ട് എന്നെനിക്ക് തോന്നിയ നിമിഷങ്ങള്‍. എണ്ണിയെണ്ണി കാത്തിരുന്ന് സമയം ഒമ്പത് നാല്‍പ്പതില്‍ എത്തിയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ഹോട്ടലിനുള്ളില്‍ കയറി ലിഫ്റ്റ്‌ വഴി എന്റെ മുറി വാതില്‍ക്കല്‍ എത്തി. മുറിക്കുള്ളില്‍ കയറിയപ്പോള്‍ പ്രിയതമ കണ്ണാടിയുടെ മുന്‍പില്‍ നിന്നുകൊണ്ട് മുടി കെട്ടുകയാണ്. എന്നെ കണ്ടപ്പോള്‍ അവള്‍ വശ്യമായി ചിരിച്ചുകൊണ്ട് അരികിലേക്ക് വന്നു.

“ചായ കുടിച്ചോ?”

“ഇല്ല..അവിടെ ചെന്നപ്പോള്‍ വേണ്ടെന്നു തോന്നി”

“എങ്കില്‍ വരൂ..നമുക്ക് കിടക്കാം”

എന്റെ കൈയില്‍ പിടിച്ച് അവള്‍ തന്നെ കട്ടിലിന്റെ അരികിലേക്ക് നയിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. ലവന്‍ പറഞ്ഞത് ശരിയായിരിക്കുന്നല്ലോ? എന്ത് കൂടോത്രമാണ് അവന്‍ ചെയ്തത്? എനിക്ക് പക്ഷെ ആലോചിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ കട്ടിലിലും നയനയുടെ ചുണ്ടുകള്‍ എന്റെ കവിളിലൂടെ ഉരസി മുകളിലേക്ക് നീങ്ങുകയുമായിരുന്നു. അവളെ ചേര്‍ത്തുപിടിച്ച്, എടാ കൂട്ടുകാരാ നീയാണെടാ യഥാര്‍ത്ഥ കൂട്ടുകാരന്‍ എന്ന് മനസ്സില്‍ ഉറക്കെ പറഞ്ഞുകൊണ്ട് വര്‍ഷങ്ങളായുള്ള മോഹസാഫല്യത്തിലേക്ക് ഞാന്‍ പതിയെ പ്രവേശിച്ചു.

അടിക്കുറിപ്പ്:

ലവന്‍ ഞാന്‍ പറഞ്ഞ പ്രശ്നം അവന്റെ ഭാര്യയോട്‌ പറയുകയും അവന്റെ ഭാര്യ എന്റെ അമ്മായിയമ്മയെ ഫോണില്‍ വിളിച്ച് നന്നായി ഒന്ന് പെരുമാറുകയും ചെയ്തു. അനന്തരം അമ്മായിയമ്മ മകളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. അതോടെ ഞാന്‍ നേരിട്ടിരുന്ന വന്‍ പ്രതിസന്ധി ഒഴിവാകുകയായിരുന്നു. അമ്മ പറയുന്നതെന്തും അക്ഷരംപ്രതി അനുസരിക്കുന്ന എന്റെ ഭാര്യയുടെ ദുശ്ശീലം പക്ഷെ മാറ്റാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല; കാരണം സുന്ദരനല്ലാത്ത എനിക്ക് സുന്ദരിയായ അവളെ കിട്ടിയതും ആ ദുശ്ശീലത്തിന്റെ ഫലം കൊണ്ട് മാത്രമായിരുന്നു. എന്നെ വിവാഹം ചെയ്‌താല്‍ മതി എന്നുള്ള അവളുടെ അമ്മയുടെ താല്‍പര്യം അവള്‍ അതേപടി അനുസരിച്ചു. തള്ളയുടെ കണ്ണ് എന്റെ സര്‍ക്കാര്‍ ജോലിയില്‍ ആയിരുന്നു എന്ന് മാത്രം; ഞാന്‍ ചത്താലും മോള്‍ക്ക് ജോലിയോ പെന്‍ഷനോ കിട്ടുമല്ലോ? പക്ഷെ ഒരു നൂറു വയസ്സെങ്കിലും ആകാതെ ചാകാന്‍ എനിക്കൊരു പ്ലാനുമില്ല എന്ന് തള്ളയ്ക്ക് അറിയില്ല എന്ന് മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here