Home Solo-man കാലത്ത് കയ്യിലേയ്ക്ക് കിട്ടുന്ന ബെഡ് കോഫിയിലൂടെയാണു അവളുടെ നഷ്ടത്തെ ഞാനാദ്യമായ് ഓർത്തത്..

കാലത്ത് കയ്യിലേയ്ക്ക് കിട്ടുന്ന ബെഡ് കോഫിയിലൂടെയാണു അവളുടെ നഷ്ടത്തെ ഞാനാദ്യമായ് ഓർത്തത്..

0

രചന : Solo-man

അവളില്ലാതിടങ്ങൾ

കാലത്ത് കയ്യിലേയ്ക്ക് കിട്ടുന്ന ബെഡ് കോഫിയിലൂടെയാണു അവളുടെ നഷ്ടത്തെ ഞാനാദ്യമായ് ഓർത്തത്..

നനഞ്ഞ കൈകൾ കൊണ്ടെന്നെ തട്ടി വിളിക്കുമ്പോൾ പുതപ്പിനിടയിലൂടെ എന്റെ കൈകളിലേയ്ക്ക് ചൂടുള്ള കാപ്പി അവൾ നൽകുമായിരുന്നു..

അതിനിടയിൽ ഞാനറിയാതെ അവൾ പലതും ചെയ്തു തീർക്കുമായിരുന്നു..

എഴുന്നേറ്റ് വരുമ്പോൾ എന്നും വരാന്തയിലെ ചാരു കസേരയിൽ ഉണ്ടാവാറുള്ള ന്യൂസ് പേപ്പർ കുന്നു കൂടി മുറ്റത്തു കിടപ്പുണ്ടായിരുന്നു..

മുറ്റം നിറയെ കുമിഞ്ഞു കൂടിയ കരിയിലകൾ എനിക്കൊരു പുതു കാഴ്ചയായിരുന്നു..

ഒരു കുറ്റിച്ചൂലിനാൽ അവളെത്ര പെട്ടെന്നായിരുന്നു അതൊക്കെ അടിച്ചു തൂത്തു കളഞ്ഞിരുന്നത്..

എന്റെ തോളിൽ തോർത്തു മുണ്ടും വെച്ചു തന്ന് എന്നെ ബാത്റൂമിലേയ്ക്ക് തള്ളി വിടുമ്പോൾ ആവി പറക്കുന്ന ചൂടുവെള്ളം പാത്രത്തിൽ റെഡിയായിട്ടുണ്ടാകുമായിരുന്നു..

ഇന്നാദ്യമായ് ഞാൻ തണുത്ത വെള്ളത്തിൽ കുളിച്ചു..വിറച്ചു കൊണ്ട് തോർത്തു മുണ്ടിനായ് പരതി..

അന്നൊരിക്കൽ ഒരു വാട്ടർ ഹീറ്റർ വാങ്ങുന്ന കാര്യം അവളെന്നോട് പറഞ്ഞിരുന്നത് ഞാനോർത്തു..

മുറിയുടെ മൂലയിലാകെ അങ്ങിങ്ങായ് കൂട്ടിയിട്ടിരിക്കുന്ന വിഴുപ്പു തുണികളിൽ നിന്നും ദുർഗന്ധം വമിക്കുന്നു..

ഓരോ ദിവസവും അവൾ എത്ര പെട്ടെന്നായിരുന്നു തുണികളൊക്കെ അലക്കി വൃത്തിയാക്കിയിരുന്നത്..

“നമുക്കൊരു വാഷിംഗ് മെഷീൻ വാങ്ങിക്കണം..”

സോപ്പു പത കൊണ്ട് വിണ്ടു കീറിയ കൈകൾ കാട്ടി അവളെന്നോട് പറഞ്ഞിരുന്നത് ഞാനോർത്തു..

അലമാര നിറയെ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ അന്നാദ്യമായ് ഞാൻ കണ്ടു..

എല്ലാം ചുക്കിച്ചുളുങ്ങിയിരിക്കുന്നു..

അന്നൊക്കെ ഇസ്തിരിയിട്ടു തേച്ചു മിനുക്കിയ ജോഡി വസ്ത്രങ്ങൾ പോകാൻ നേരം അവളെന്നെ അണിയിക്കുമായിരുന്നു..

അടുക്കളയിൽ കൂട്ടിയിട്ടിരിക്കുന്ന അഴുക്കു പുരണ്ട പാത്രങ്ങൾ..അതിൽ നിന്നും ഈച്ചയും പ്രാണിയും പാറിക്കളിക്കുന്നു..

എത്ര വൃത്തിയായാണു അവളിതൊക്കെ അടുക്കി വെക്കാറുള്ളത്..

അവളുണ്ടായിരുന്ന അടുക്കളയിൽ എന്നും അവളുടെ കൈപ്പുണ്യത്തിന്റെ മണമായിരുന്നു..

കനലുണങ്ങാത്ത അടുപ്പിൽ നിന്നും എപ്പൊഴും പുകക്കൂനകൾ ഉയരുമായിരുന്നു..

ഇന്നാ അടുപ്പിൽ ചാരം കുമിഞ്ഞു കൂടിയിരിക്കുന്നു..

ഉച്ചയൂണും നാലു കൂട്ടം കറികളും അവളൊരു മായാജാലക്കാരിയെ പോലെ ഒരുക്കുമായിരുന്നു..

ക്ഷീണം മടുപ്പിക്കുന്ന വൈകുന്നേരങ്ങളിൽ അവളിട്ടു തരുന്ന കട്ടൻ ചായയിൽ എന്റെ ക്ഷീണമകറ്റാനുള്ള പൊടിക്കൈകൾ ചേർന്നലിഞ്ഞിരുന്നു..

ഒടുവിൽ കിടപ്പറയിൽ അവളെയും കാത്ത് മുഷിഞ്ഞിരിക്കുമ്പോൾ വൈകിയെത്തുന്ന അവളെ ഞാൻ വഴക്കു പറയുമായിരുന്നു..

ക്ഷീണിതയായി വിയർപ്പിന്റെ മണവും ചേർത്ത് എന്റെ നെഞ്ചിൽ കിടക്കുമ്പോൾ ഞാനവളോട് ചോദിക്കാറുണ്ടായിരുന്നു..

ഇതിനു മാത്രം നിനക്കെന്ത് പണിയാ ഇവിടുള്ളതെന്ന്..

അപ്പൊഴൊക്കെ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയാലെ എന്നെയുറക്കും വരെയും അവളുറങ്ങാറില്ലായിരുന്നു..

ഇന്നു ഞാൻ തനിച്ചുറങ്ങുമ്പോൾ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും,അവളുടെ ആഗ്രഹങ്ങൾക്കു മുന്നിലുള്ള എന്റെ മൌനവും അവളുടെ നഷ്ടത്തിൽ ഞാനിന്ന് തിരിച്ചറിയുന്നു..

അന്നവൾ ചോദിച്ചതൊന്നും അവൾക്കു വേണ്ടിയായിരുന്നില്ല..എനിക്കു വേണ്ടിയായിരുന്നു..

അന്നവൾ ജീവിച്ചതും അവൾക്ക് വേണ്ടിയായിരുന്നില്ല..എനിക്കു വേണ്ടിയായിരുന്നു..

ലോകത്ത് ഒരു പെണ്ണും ജീവിക്കുന്നത് അവർക്ക് വേണ്ടിയായിരുന്നില്ല..ചുറ്റുമുള്ളവരുടെ ജീവിതത്തിനൊരു ചാലകമായിട്ടായിരുന്നു..

അവരുടെ വേഷങ്ങൾക്ക് നാം നൽകിയ പേരായിരുന്നു അമ്മയെന്നും,ഭാര്യയെന്നും..

അവളെ ലോകം ഒറ്റവാക്കിൽ വിളിക്കുന്ന പേരായിരുന്നു പെണ്ണെന്നും..

*ശുഭം*

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here