Home Viral കുടുംബജീവിതത്തിനു വേണ്ടി പഠിപ്പുനിർത്തുന്നതും ജോലി ഉപേക്ഷിക്കുന്നതും സ്ത്രീകൾ മാത്രമാണ്

കുടുംബജീവിതത്തിനു വേണ്ടി പഠിപ്പുനിർത്തുന്നതും ജോലി ഉപേക്ഷിക്കുന്നതും സ്ത്രീകൾ മാത്രമാണ്

0

[ad_1]

ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ നമുക്ക് നല്ലത്.അല്ലാത്തപക്ഷം ആലുവാപ്പുഴയിൽ നിന്ന് ചേതനയറ്റ ശരീരങ്ങൾ ഇനിയും കണ്ടുകിട്ടിയേക്കും.

ആൻലിയയ്ക്ക് സംഭവിച്ചത് നോക്കുക.ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹിതയായി.ബാംഗ്ലൂരിലെ ജോലി അതോടെ ഉപേക്ഷിക്കേണ്ടിവന്നു.വിവാഹശേഷം ഭർത്താവും അയാളുടെ വീട്ടുകാരും ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു.അവസാനം ആൻലിയയെ മരിച്ച നിലയിൽ കണ്ടെത്തി.ഭർത്താവ് ജസ്റ്റിൻ കീഴടങ്ങുകയും ചെയ്തു.

കുടുംബജീവിതത്തിനു വേണ്ടി പഠിപ്പുനിർത്തുന്നതും ജോലി ഉപേക്ഷിക്കുന്നതും സ്ത്രീകൾ മാത്രമാണ്.വർഷങ്ങൾ പഴക്കമുള്ള സ്വപ്നങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ട് കുഴിച്ചുമൂടണമെന്ന് സമൂഹം പെണ്ണിനോട് മാത്രമേ ആവശ്യപ്പെടാറുള്ളൂ.

നഴ്സറി മുതൽക്കുള്ള കഠിനാദ്ധ്വാനവും ഉറക്കമില്ലാത്ത രാത്രികളും മത്സരപ്പരീക്ഷകളും പഴങ്കഥയാക്കിക്കൊണ്ട്,പല പെൺകുട്ടികളും ഭർത്താവിൻ്റെ വീട്ടിലെ പാത്രങ്ങൾ കഴുകും.

വിവാഹം കഴിക്കുന്നതിൽ അത്ര തല്പരയായിരുന്നില്ല ആൻലിയ.”എന്നെ എന്തിനാ ഇപ്പോഴേ കെട്ടിക്കുന്നത് ” എന്ന് അവൾ അച്ഛനോട് ചോദിച്ചിരുന്നു.

മാതാപിതാക്കൾ ആരോഗ്യത്തോടെയിരിക്കുമ്പോൾ മക്കളുടെ വിവാഹം നടക്കണമെന്ന മറുപടിയാണ് ആൻലിയയ്ക്ക് ലഭിച്ചത്.അച്ഛനമ്മമാരെ വേദനിപ്പിക്കണ്ട എന്ന് കരുതിയാവണം ആൻലിയ വിവാഹത്തിന് സമ്മതംമൂളിയത്.

നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം മാതാപിതാക്കളും ആൻലിയയുടെ അച്ഛനെപ്പോലെ ചിന്തിക്കുന്നവരാണ്.മക്കൾക്ക് നല്ലതുവരണമെന്ന് മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ.പക്ഷേ ആ ചിന്താഗതിയ്ക്ക് ചില ഗുരുതരമായ പോരായ്മകളുണ്ട്.

പെൺകുട്ടിയുടെ വിവാഹം നമുക്ക് ഇന്നും ഭാരവും ബാദ്ധ്യതയുമാണ്.18 വയസ്സ് തികഞ്ഞ ദിവസം മുതൽക്ക് നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾ ആരംഭിക്കും.തുടർന്ന് നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ മകളെ കെട്ടിച്ചുവിട്ടില്ലെ­ങ്കിൽ അച്ഛൻ്റെയും അമ്മയുടെയും മനഃസമാധാനം തന്നെ നഷ്ടപ്പെടും.

പണ്ട് സ്ത്രീകൾ പൂർണ്ണമായും ഭർത്താവിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.പെൺകുട്ടികളുടെ വിവാഹം എത്രയും വേഗം നടത്തി അവരെ സുരക്ഷിതരാക്കണമെന്ന ചിന്ത ഇതിൻ്റെ ഭാഗമായി ഉണ്ടായതുതന്നെയാണ്.

ഇപ്പോൾ കാലം മാറി.പല തൊഴിൽമേഖലകളിലും സ്ത്രീകൾ പുരുഷൻമാരെ പിന്തള്ളിക്കഴിഞ്ഞു.സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു.ഇന്നത്തെ പെണ്ണിന് നട്ടെല്ലുണ്ട്.താൻ ആരുടെയും പുറകിലല്ല എന്ന ബോദ്ധ്യവുമുണ്ട്.ഭർത്താവ് പണം തന്നാൽ മാത്രം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അവസ്ഥയൊക്കെ ഇപ്പോൾ കുറച്ചുപേർക്കേയുള്ളൂ.

അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു സംഭവമായി പെൺകുട്ടിയുടെ വിവാഹം മാറരുത്.വിവാഹം ആവശ്യമാണ്.സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെയ്ക്കാൻ ഒരു പങ്കാളിയുണ്ടാവണമെന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കും.മനുഷ്യൻ്റെ സന്തോഷത്തിനും നിലനില്പിനും ലൈംഗികജീവിതം ഒഴിച്ചുകൂടാനാവാത്തതുമാണ്.

പക്ഷേ ഇഷ്ടമുള്ള പ്രായത്തിൽ,ഇഷ്ടമുള്ള ഒരാളോടൊപ്പം വേണം വിവാഹം.അത്രയും ലളിതമാണ് കാര്യം.ഭാരം,ബാദ്ധ്യത,നെഞ്ചിലെ കനൽ മുതലായ പദപ്രയോഗങ്ങളിലൂടെ പെൺകുട്ടിയുടെ വിവാഹത്തെ സങ്കീർണ്ണമാക്കുന്നത് തീർത്തും അനാവശ്യമാണ്.

ഭർത്താവ് ഉപദ്രവിക്കുന്ന വിവരമൊന്നും ആൻലിയ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നില്ല.എന്താവും അതിൻ്റെ കാരണമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

ഗാർഹികപീഡനത്തെക്കുറിച്ച് പരാതിപ്പെടുന്ന പെൺകുട്ടികൾക്ക് വേണ്ടത്ര പിന്തുണ കിട്ടാറുണ്ടോ? “ആണുങ്ങളാവുമ്പോൾ ഇത്തിരി തല്ലും വഴക്കും ഒക്കെ ഉണ്ടാവും.ഭാര്യമാർ വേണം അതെല്ലാം സഹിക്കാൻ…” എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയല്ലേ ആളുകൾ ചെയ്യാറുള്ളത് ?

ഭർത്താവിൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഒരു സ്ത്രീ വിവാഹമോചനം നേടിയാൽ അവളെ ഈ സമൂഹം വെറുതെവിടുമോ? പരമാവധി സഹിച്ചതിനുശേഷം,വേറൊരു വഴിയും ഇല്ലാതെ വരുമ്പോൾ മാത്രമേ ഒരു സ്ത്രീ ഡിവോഴ്സ് ആവശ്യപ്പെടാറുള്ളൂ.അതിനെ മാനിക്കാൻ നാം ഇതുവരെ പഠിച്ചിട്ടുണ്ടോ?

ഇത്തരം വിഷയങ്ങളിൽ സമൂഹം എപ്പോഴും പുരുഷനോടൊപ്പം നിൽക്കും.ആൻലിയയുടെ ഭർത്താവിൻ്റെ കാര്യം ശ്രദ്ധിക്കുക.ഇങ്ങനെയൊക്കെയാണെങ്കിലും അയാൾക്കുവേണ്ടി സംസാരിക്കാനും അയാൾക്ക് അനുകൂലമായി മൊഴിനൽകാനും ആളുകളുണ്ട് ! ആൻലിയയ്ക്ക് അവിഹിതബന്ധമുള്ളതുകൊണ്ടാണ് ഭർത്താവ് ഉപദ്രവിച്ചത് എന്നുവരെ പറഞ്ഞുകളയും ! ഇതാണ് ആണായിപ്പിറന്നാലുള്ള ആനുകൂല്യം !

ഈ അസമത്വം ചൂണ്ടിക്കാണിക്കുന്ന സ്ത്രീകളെയാണ് കേട്ടാൽ അറപ്പുതോന്നുന്ന തെറികൾ വിളിച്ച് അപമാനിക്കുന്നത് !

ആൻലിയ ഒരു നഴ്സായിരുന്നു.ബാംഗ്ലൂരിൽ താമസിച്ചിരുന്നു.കാഴ്ച്ചയ്ക്ക് ബോൾഡായിരുന്നു.കപടസദാചാരം പുഴുങ്ങിത്തിന്ന് ജീവിക്കുന്ന മനുഷ്യർക്ക് വായിൽത്തോന്നിയതെല്ലാം വിളിച്ചുപറയാൻ ഇത്രയൊക്കെ പോരേ?

ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്ത് എല്ലാവർക്കും നഴ്സുമാർ മാലാഖകളാണ്.അല്ലാത്ത സമയങ്ങളിലെല്ലാം അവരെക്കുറിച്ച് കുത്തുവാക്കുകൾ പറയും.

ഈ നാട്ടിലെ അച്ഛനമ്മമാരോട് ഇത്രയേ പറയാനുള്ളൂ.നിങ്ങളുടെ പെൺകുട്ടികൾക്ക് പരമാവധി നല്ല വിദ്യാഭ്യാസം നൽകുക.തൊഴിൽ നേടാനുള്ള മോഹത്തെ പ്രോത്സാഹിപ്പിക്കുക.മറ്റു കഴിവുകളുണ്ടെങ്കിൽ പിന്തുണയ്ക്കുക.അവരിൽ ആത്മാഭിമാനവും ആദർശങ്ങളും വളർത്തുക.ബാക്കി നന്മകളെല്ലാം പുറകെ വന്നുകൊള്ളും…

Written by-Sandeep Das

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here