Home സജിമോൻ “സുമാ ,നിന്റെ മനസ്സിലിപ്പോഴും പ്രവീൺ തന്നെയാണോ “

“സുമാ ,നിന്റെ മനസ്സിലിപ്പോഴും പ്രവീൺ തന്നെയാണോ “

0

രചന : സജിമോൻ, തൈപറമ്പ്

“സുമാ ,നിന്റെ മനസ്സിലിപ്പോഴും പ്രവീൺ തന്നെയാണോ ”

കല്യാണം കഴിഞ്ഞ ആദ്യരാത്രിയിൽ, ദാസിനോട് ഒരു വാക്ക് പോലുമുരിയാടാതെ, ജനൽ കമ്പിയിൽ പിടിച്ച് അകലേക്ക് കണ്ണയച്ച് നില്ക്കുന്ന , ഭാര്യയോട് അയാൾ ചോദിച്ചു.

“അത് നിങ്ങൾക്കിനിയും മനസ്സിലായില്ലേ ”

അപ്രതീക്ഷിതമായിരുന്നു അവളുടെ മറുചോദ്യം

തെല്ലൊന്ന് പകച്ചെങ്കിലും അയാൾ അത് പ്രകടിപ്പിച്ചില്ല.

“സുമേ… പ്രവീണിനെ കുറിച്ച് നിനക്കറിയാഞ്ഞിട്ടാ ,ഒരിക്കലും അവന് നിന്നോട്, പ്രേമമുണ്ടായിട്ടല്ല ,അവൻ അന്ന് നിന്നെ വിളിച്ചിറക്കി കൊണ്ട് പോയത്, അത് നിന്റെ അച്ഛന്റെ അളവറ്റ സ്വത്തിനോടുള്ള പ്രണയമായിരുന്നു.”

അയാൾ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.

“ഛീ ! ,നാണമില്ലേ നിങ്ങൾക്കിത് പറയാൻ ,സ്വത്തിനോടുള്ള പ്രണയവും ആക്രാന്തവും ആർക്കാണെന്ന്, എല്ലാവർക്കുമറിയാം ,അത് കൊണ്ടാണല്ലോ ,മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപോയി, തിരികെ പിടിച്ചോണ്ട് വന്നവളെ, ഒരു ഉളുപ്പുമില്ലാതെ, രണ്ട് കൈയ്യും നീട്ടി നിങ്ങൾ സ്വീകരിച്ചത് ”

ഉരുളയ്ക്കുപ്പേരിപോലെ ആയിരുന്നു, അവളുടെ മറുപടി.

ആ വാക്കുകൾ അയാളെ കുത്തിനോവിച്ചെങ്കിലും അയാൾ ഒട്ടും രോഷാകുലനായില്ല.

“നീ പറഞ്ഞതും ശരിയാണ്.
എന്നെ പഠിപ്പിച്ച് എൻജിനീയറാക്കാനുള്ള തത്രപ്പാടിൽ കെട്ടിച്ച യക്കാൻ മറന്ന് പോയ പെങ്ങന്മാരുടെയും ,ജപ്തി നടപടി നേരിടുന്ന ഈ വീടിന്റെയും ബാധ്യത എന്നെ ഏല്പിച്ച്, മൺമറഞ്ഞ അച്ഛന് ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ, എനിക്ക് നിന്റെ അച്ഛന്റെ പണം ആവശ്യമായിരുന്നു.

പക്ഷേ അതിനുമൊക്കെ അപ്പുറം, നീ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ, എനിക്ക് നിന്നോട് തോന്നിയ പ്രണയത്തിനൊപ്പം വരില്ലായിരുന്നു, നിന്റെ അച്ഛന്റെ സ്വത്തുക്കളൊന്നും.

നീ മറ്റൊരാളുമായി ” പ്രണയത്തിലാണെന്നറിഞ്ഞിട്ടും ,നിന്നോടുള്ള സ്നേഹത്തിന് എനിക്ക് ഒട്ടും കുറവുണ്ടായില്ല

നീ, പ്രവീണുമായി ഒളിച്ചോടി എന്നറിഞ്ഞപ്പോൾ ആകെ തകർന്ന് പോയ ഞാൻ, അന്ന് രാത്രി തന്നെ ,നിന്റെ അമ്മാവൻമാർ ,നിന്നെ തിരിച്ച് കൊണ്ട് വന്നു എന്നറിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത് .

വീണ് കിട്ടിയ അവസരം മുതലാക്കാനായിരുന്നു പിന്നെ എന്റെ ശ്രമം.

നീ ഒളിച്ചോടിയ വിവരം നാട് മുഴുവൻ പാട്ടായ സ്ഥിതിക്ക്, നിനക്ക് നല്ലൊരു ആലോചന ഉടനെയെങ്ങും വരില്ലെന്ന് മനസ്സിലാക്കിയ ഞാൻ ,എന്റെ എഞ്ചിനിയറിങ് ബിരുദം ഒരു പിടിവള്ളിയാക്കി നിന്റെ അച്ഛനെ സമീപിക്കുകയായിരുന്നു.
അയാൾ ,അത്രയും പറഞ്ഞ് നിർത്തിയിട്ട്, മേശപ്പുറത്തിരുന്ന ജഗ്ഗിലെ ചൂടുവെള്ളമെടുത്ത് കുടിച്ചു.

“ങ്ഹും, പാവം എൻറച്ച നെ പറഞ്ഞ് പറ്റിച്ച് എന്നെ സ്വന്തമാക്കിയെന്ന് നിങ്ങളിപ്പോൾ അഹങ്കരിക്കുന്നുണ്ടാവും പക്ഷേ,ഒന്നോർത്തോ? നിങ്ങൾക്കൊരിക്കലും എന്റെ മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിയില്ല,
നിങ്ങളീ പറഞ്ഞ പ്രണയമെന്നോട് ഉണ്ടായിരുന്നെങ്കിൽ, എന്ത് കൊണ്ട് അന്നൊന്നും എന്നോട് പറഞ്ഞില്ല, ഇതൊക്കെ വല്ല മന്ദബുദ്ധികളോടും പറഞ്ഞാൽ മതി ,ഞാനിതൊന്നും കേട്ട് കുലുങ്ങാൻ പോകുന്നില്ല.”

സുമ അയാളോട് പരിഹാസ രൂപേണ ചോദിച്ചു.

“ശരിയാണ് ,അന്നത് പറയാനുള്ള ധൈര്യം ,ദരിദ്ര നാരായണന്റെ മോനായത് കൊണ്ട് എനിക്കില്ലായിരുന്നു.
പിന്നെ ഇപ്പോൾ ആ ധൈര്യം വന്നത് എൻജിനീയർ ആയി എന്ന ആത്മ വിശ്വാസവും ,നിനക്ക് പറ്റിയ വീഴ്ചയുമായിരുന്നു ”

അതും പറഞ്ഞ് അയാൾ സുമയുടെ തോളിൽ കൈവച്ചു.

ഛീ ,കയ്യെടുക്ക് ഇതൊക്കെ കേട്ട് എന്റ മനസ്സിളകില്ല, ഒരു കാര്യം ഞാൻ പറയാം എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതെന്റെ പ്രവീണിനൊപ്പമായിരിക്കും ,നിങ്ങൾക്കു് എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ, എന്നെ എന്റെ പ്രവീണിനൊപ്പം വിട്ടേക്ക്.

പകരം എന്റെ മുഴുവൻ സ്വർണ്ണാഭരണങ്ങളും, അച്ഛൻ തന്ന പോക്കറ്റ് മണിയുമൊക്കെ നിങ്ങൾക്കെടുക്കാം ,ഒരപേക്ഷയേയുള്ളു, ഞങ്ങളെ പിന്തുടരരുത്. ദൂരെ, എവിടെയെങ്കിലും പോയി ഞങ്ങൾ ജീവിച്ചോളാം ,പ്ലീസ് ”

അവൾ അതും പറഞ്ഞ് അയാളുടെ മുന്നിൽ കൈകൂപ്പിയപ്പോൾ, അയാൾ തരിച്ചിരുന്നു പോയി.

എന്ത് പറയണമെന്നറിയാതെ അയാൾ മൗനത്തിലാണ്ടു .

സുമ, അവളുടെ ദേഹത്തുണ്ടായിരുന്ന നൂറ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളെല്ലാം അഴിച്ച് മേശപ്പുറത്ത് വച്ചു.

“ദാ ഇതെവിടാണെന്ന് വച്ചാൽ എടുത്ത് ഭദ്രമായിച്ചോളു.
എന്നിട്ട് എന്നെ പോകാൻ അനുവദിക്കു”

അവളുടെ ആ ദയനീയത അയാളുടെ നെഞ്ചകം തകർത്തു.

“ഉം. ശരി ,സുമയുടെ തീരുമാനം അങ്ങനെയാണെങ്കിൽ, ഞാൻ എതിർക്കുന്നില്ല ,പക്ഷേ ഇവിടുന്ന് നീ ഒറ്റയ്ക്ക് പോകണ്ട, മാത്രമല്ല നീയില്ലാതെ ഈ സ്വർണ്ണാഭരണങ്ങളും സ്വത്തുക്കളുമൊന്നും എനിക്കും വേണ്ട,

ആദ്യം നമുക്ക് നിന്റെ വീട്ടിൽ ഒന്ന് പോകാം, എന്നിട്ട് നിന്റെ ആഭരണങ്ങൾ അച്ഛനെ ഏല്പിച്ചിട്ട്, അദ്ദേഹത്തോട് പറയണം ,നമ്മളൊരു ടൂർ പോകുകയാണെന്നും പെട്ടെന്നെടുത്ത തീരുമാനമാണെന്നും ,

ഇവിടെ സുരക്ഷിതമല്ലാത്തത് കൊണ്ടാണ് ,സ്വർണ്ണം അച്ഛനെ ഏല്പിക്കുന്നതെന്നും ,പറയാം”

അത് പറയുമ്പോൾ അയാളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.
“ഉം ശരി നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കെന്താ ,എന്നിട്ട് പിന്നെന്താ ചെയ്യാൻ പോകുന്നെ ”

അവൾ ഉദ്വേഗത്തോടെ ചോദിച്ചു ‘

“എന്നിട്ട് പ്രവീണിനെ നീ വിളിച്ച് പറയണം, അമ്പലത്തിന് മുന്നിൽ വരാൻ , ഞാൻ താലി കെട്ടിയ, ആ തിരു മുന്നിൽ വച്ച് തന്നെ, നിന്നെ ,ഞാൻ അവന് തിരിച്ച് നല്കാം ”

അത് അവൾക്ക് സമ്മതമായിരുന്നു.

ദാസ് പറഞ്ഞത് പോലൊക്കെ പ്രവർത്തിച്ച് അവർ ,അമ്പലത്തിന് മുന്നിലെത്തി.

പറഞ്ഞത് പ്രകാരം, പ്രവീൺ,ബൈക്കുമായി അവിടെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു.

ദാസ് തന്റെ പിന്നിലിരുന്ന അവളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു,

അയാളോട് യാത്ര പോലും പറയാതെ അവൾ വേഗം പ്രവീണിന്റെ അരികിലേക്ക് ഓടിപ്പോയി .

ഹൃദയഭേദകമായ ആ കാഴ്ച കാണാൻ കഴിയാതെ, അയാൾ വണ്ടി തിരിച്ച്, വന്ന വഴിക്ക് ഓടിച്ചു പോയി.

അയാളുടെ വാഹനം ലക്ഷ്യമില്ലാതെ ഓടിക്കൊണ്ടിരുന്നു’

ഹാന്റിൽ പിടിച്ചിരുന്ന കൈപത്തിയിൽ, ചുട് കണ്ണീർ വീണപ്പോഴാണ് താൻ കരയുകയാണെന്ന് അയാൾക്ക് മനസ്സിലായത്.

ഇടത് കൈയ്യെടുത്ത് കണ്ണ് തുടച്ചപ്പോഴാണ് ,മോതിരവിരലിൽ ,അവൾ അണിയിച്ച മോതിരം ശ്രദ്ധിച്ചത്.

പെട്ടെന്ന് വണ്ടി തിരിച്ച് അയാൾ അമ്പലത്തിനടുത്തേക്ക് ശരവേഗത്തിലോടിച്ചു.

അവർ പോയ് കാണരുതേ ,ഇതവൾക്ക്, തിരിച്ച് കൊടുക്കേണ്ടതാ, എന്നയാൾ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.

അമ്പലത്തിന് മുന്നിൽ എത്തിയപ്പോൾ ബൈക്ക് കാണുന്നില്ല
അയാൾ, അവർ പോകാൻ സാധ്യതയുള്ള വഴിയിലൂടെ തന്റെ ബൈക്ക് ഓടിച്ചു.

കുറച്ച് ദൂരം കഴിഞ്ഞപ്പോൾ, അടച്ചിട്ടിരിക്കുന്ന , ഒരു റെയിൽവേ ക്രോസ്സിൽ ചെന്ന് ദാസിന്റെ, വണ്ടി നിന്നു.

അയാൾ അക്ഷമയോടെ ട്രെയിൻ വരുന്നുണ്ടോ എന്ന് പാളത്തിലേക്ക് എത്തി നോക്കി.

ദൂരെ നിന്ന് ചെറിയ വെളിച്ചം അടുത്തേക്ക് വരുന്നത് കാണാം.

ആ വെളിച്ചം, അടുത്ത് വരുംതോറും പാളത്തിലൂടെ ഒരു സ്ത്രീ മുന്നോട്ട് നടന്ന് നീങ്ങുന്നത് കണ്ടു.

അയാൾ ഞെട്ടി പോയി.

അത് സുമയല്ലേ?

അപ്പോൾ പ്രവീൺ ?

ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം, അയാൾ ബൈക്കിൽനിന്ന് ചാടിയിറങ്ങി പാളത്തിലേക്കോടി.

ട്രെയിനിന്റെചൂളം വിളി വകവയ്ക്കാതെ അയാൾ ഓടിച്ചെന്ന് അവളെ അടങ്കം പിടിച്ച് കൊണ്ട് പാളത്തിന് ഇടത്ത് വശത്തെ ചതുപ്പിലേക്ക് ചാടി,

കാതടപ്പിക്കുന്ന ,ട്രെയിന്റെ ശബ്ദം, അകന്ന് പോയപ്പോൾ, അയാൾ അവളോട് വിവരം തിരക്കി.

സ്വത്തുക്കളില്ലാത്ത അവളെ പ്രവീണിന് വേണ്ടന്ന് പറഞ്ഞ്, നിർദ്ദയം അവൻ അവളെ അമ്പലത്തിന് മുന്നിൽ ഉപേക്ഷിച്ച് പോയി.

എല്ലാം തകർന്ന മനസ്സുമായി ഇനി ജീവിക്കണ്ടന്ന തീരുമാനത്തിലാണ്, റെയിൽവേ പാളത്തിൽ ജീവനൊടുക്കാൻ അവൾ വന്നത്.

“സുമേ, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ,ഒരു പക്ഷേ നിന്റെ ചാരിത്ര്യം കൂടികവർന്നിട്ടാണ് ‘ നിന്നെയവൻ ഉപേക്ഷിച്ചിരുന്നതെങ്കിലോ?

ഇപ്പോൾ നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല, നിന്നെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ,അവർക്കൊരിക്കലും നിന്നെ ഉപേക്ഷിക്കാനാവില്ല ,

എന്നെയല്ലേ നിനക്ക് വേണ്ടാതെയുള്ളു,
വരൂ ,നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് വിടാം,
എന്നിട്ട് പതിയെ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.
അത് വരെ തത്ക്കാലം അവരൊന്നുമറിയേണ്ട,
ഒരു പക്ഷേ പ്രായമായ അവർക്ക് പെട്ടെന്ന് ഒന്നും ഇത് അക്സപ്റ്റ് ചെയ്യാൻ പറ്റിയെന്ന് വരില്ല.”

അത് പറഞ്ഞ് അയാൾ അവളെയും ബൈക്കിന് പിന്നിലിരുത്തി സുമയുടെ വീടിനെ ലക്ഷ്യമാക്കി പോയി.

അമ്പലത്തിന് മുന്നിലെത്തിയപ്പോൾ അവൾ ദാസിനോട് പറഞ്ഞു ‘

“ഏട്ടാ ഒന്ന് വണ്ടി നിർത്തു”

ആ വിളി കേട്ട് അയാൾക്ക് അത്ഭുതമായി.

പെട്ടെന്ന് ദാസ് വണ്ടി നിർത്തി.

അവൾ പിന്നിൽ നിന്നിറങ്ങിദാസിന്റെ മുന്നിൽ വന്ന് അയാളുടെ കൈകൾ രണ്ടും കൂട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു ‘

“എന്നോട് ക്ഷമിക്കു ,ദാസേട്ടാ ഞാനീ സ്നേഹം മനസ്സിലാക്കിയില്ല, അങ്ങ് പറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല ,അതിന്റെ ശിക്ഷയെനിക്ക് കിട്ടി. ഇനി എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയാലും, ഞാൻ കാത്തിരിക്കും ,എന്നോട് ദാസേട്ടൻ ക്ഷമിച്ച്, എന്നെ കൂട്ടികൊണ്ട് പോകാൻ വരും വരെ ,എങ്കിൽ ഇനി നമുക്ക് എന്റെ വീട്ടിലോട്ട് പോകാം ദാസേട്ടാ ”

അത്രയും പറത്തവൾ ദാസിന്റെ ബൈക്കിന്റെ പിന്നിൽ കയറിയിരുന്നു.

നീറിപ്പുകഞ്ഞ നെഞ്ചിൽ ഒരു കുളിർ മഴ നനഞ്ഞ പ്രതീതിയായിരുന്നു, ദാസിന്റെ മനസ്സിലപ്പോൾ

പിന്നെ ,അയാൾ അവളെയും കൊണ്ട് പോയത്, അവളുടെ വീട്ടിലേക്കല്ലായിരുന്നു ,അവന്റെ സ്വന്തം വീട്ടിലേക്കായിരുന്നു.

രചന
സജിമോൻ, തൈപറമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here