Home Viral ഒരു ഭർത്താവും ചെയ്യില്ല ഭാര്യയ്ക്കു വേണ്ടി ഇങ്ങനെയൊരു ത്യാഗം

ഒരു ഭർത്താവും ചെയ്യില്ല ഭാര്യയ്ക്കു വേണ്ടി ഇങ്ങനെയൊരു ത്യാഗം

0

[ad_1]

സങ്കടങ്ങളിൽ ആർത്തിരമ്പി പെയ്യാനും പ്രണയനിമിഷങ്ങളിൽ കാർമേഘ മറയൊരുക്കാനും കൂടെയുണ്ട് മഴ. പ്രണയിനി വേദനിച്ചപ്പോൾ എനിക്കു വേണ്ടി കരഞ്ഞതും മഴയായിരുന്നു. എന്റെ പ്രണയിനി തിരിച്ചുവരും, ശക്തമായി…’ ഭാര്യ ശ്രുതിയെക്കുറിച്ച് ഇബ്രാഹിം ബാദുഷ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്.

രോഗം വരുമ്പോൾ മനസ്സുകൂടി തളർന്നുപോകുന്നവർ ഷൊർണൂരിനടുത്ത് മുള്ളൂർക്കരയിലെ ബാദുഷയെയും ശ്രുതിയെയും കണ്ടുപഠിക്കണം. രണ്ടു വർഷത്തെ തീവ്രപ്രണയത്തിനു ശേഷം മതത്തിന്റെ വേലിക്കെട്ടുകൾ കണ്ടില്ലെന്നു നടിച്ച വിവാഹം. മധുവിധുവിന്റെ തണുപ്പു മായും മുൻപേ ശ്രുതിയുടെ ശരീരത്തിലേക്ക് ചുട്ടുപൊള്ളുന്ന നോവുമായെത്തിയ കാൻസർ രോഗത്തെ തോൽപ്പിക്കാൻ ഇരുവരുടെയും ഒന്നി ച്ചുള്ള പോരാട്ടം.

കീമോതെറപിക്കു ശേഷം ശ്രുതിയുടെ മുടി കൊഴിഞ്ഞതു കണ്ടുനിൽക്കാനാകാതെ ബാദുഷയും തല മൊട്ടയടിച്ചു, അവൾക്കില്ലാത്ത മുടി തനിക്കും വേണ്ട. രോഗത്തോടു പോരാടി ജീവിതത്തിലേക്കു തിരികെ വരുന്ന കരുത്തയായ ഭാര്യയ്ക്ക് ആദ്യ വിവാഹവാർഷിക ദിനത്തിൽ ചിത്രകാരൻ കൂടിയായ ബാദുഷ മറ്റൊരു സമ്മാനം നൽകി, ഇരുവരുടെയും മൊട്ടത്തലയുള്ള ചിത്രം. രോഗത്തിന്റെ വേദനകളെ ചിരിയുടെ നിലാവു കൊണ്ട് മായ്ചു കളയുന്ന ശ്രുതിയുടെയും ബാദുഷയുടെയും കഥയാണിത്. ബാദുഷ തന്നെ ആ കഥ പറയട്ടെ.

കഥ തുടങ്ങുന്നു…

‘‘തൃശൂർ കോ-ഓപ്പറേറ്റീവ് കോളജിൽ ബികോമിനു ചേർന്ന കാലത്താണ് ഞങ്ങൾ കാണുന്നത്, 2013ൽ. ശ്രീകൃഷ്ണ കോളജിലെ ക്രിക്കറ്റ് ടീമിൽ ചേരണമെന്നു എനിക്ക് മോഹമുണ്ടായിരുന്നു. അവിടെ അഡ്മിഷൻ കിട്ടാൻ കൊതിയോടെ കുറെദിവസം കാത്തു. കിട്ടാത്ത നിരാശയോടെയാണ് കോ ഓപ്പറേറ്റീവിലേക്കു വന്നത്. അപ്പോഴേക്കും ക്ലാസ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞിരുന്നു.

പുതിയ കോളജിലെ സന്തോഷങ്ങളിലേക്ക് മനസ്സിനെ ചേ ർത്തുവച്ചു തുടങ്ങിയപ്പോഴേക്കും ഒാണം വന്നു. സെലിബ്രേഷന്റെയന്ന് പൂക്കളമിടാൻ കൊണ്ടുവന്ന ചെമ്പരത്തിപ്പൂവിലേക്ക് ഒരു കൈ നീണ്ടു ചെല്ലുന്നു. ‘ഹേയ്, അതവിടെ വയ്ക്ക്’ എന്നു പറയാൻ തുടങ്ങുമ്പോഴേക്കും ആ മിടുക്കിക്കുട്ടി ചോദിക്കുന്നു, ‘ഈ പൂവ് ചെവിയിൽ വച്ച് കോളജ് വരാന്തയിലൂടെ നടക്കാൻ ആർക്കാണ് ൈധര്യം?’

അപ്പോൾ തോന്നിയ ആവേശത്തിൽ ‘കൂടെ നടക്കാനൊരു പെണ്ണുണ്ടെങ്കിൽ റെഡി’ എന്ന് ഞാൻ വിളിച്ചുപറഞ്ഞു. ഞാൻ പൂവ് ചെവിയി ൽ തിരുകി. അവൾ വരാന്തയിലൂടെ എന്റെ ഒപ്പം നടന്നു. ഒപ്പമുണ്ടായിരുന്നവർ ഉറക്കെ ചിരിച്ചും ആർപ്പുവിളിച്ചും പിറകേ.

ശ്രുതി എന്ന ആ പെൺകുട്ടി അന്നു മുതൽ എന്റെ അടു ത്ത കൂട്ടുകാരിയായി. ഞാനവളെ ‘ചെമ്പരത്തീ’യെന്നു വിളിക്കാൻ തുടങ്ങി. പിന്നെയത് ചുരുങ്ങി ‘ചെമ്പൂവേ…’ ആയി. ഒരിക്കൽ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ പ്രണയം വിഷയമായി. ‘പ്രണയത്തിൽ പെട്ടാലേ ജീവിതത്തിൽ സീരിയസ്നെസ് ഒക്കെ ഉണ്ടാകൂ’ എന്നു ഞാൻ. ‘അങ്ങനെ ഉണ്ടെങ്കിൽ വേറേ പെണ്ണിനെ അന്വേഷിക്കേണ്ട. ഞങ്ങളൊക്കെ ഇ വിടെയുണ്ട്’ എന്ന് അവളും. അതിനുശേഷം അവളെ കാണുമ്പോൾ തമാശയായി ‘ചെമ്പൂ, ഐ ലവ് യൂ’ എന്നു ഞാൻ പറയാൻ തുടങ്ങി.

ഒരിക്കൽ അവൾ പറഞ്ഞു, കുറച്ചു പയ്യന്മാർ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുണ്ടെന്ന്. അന്നു വൈകിട്ട് അവളെ ബസ് കയറ്റിവിടാൻ ഞാനും പോയി. ബസ് സ്റ്റാൻഡിൽ വച്ച് ആ ശല്യക്കാരോടു ഞാൻ പറഞ്ഞു, ‘വിട്ടേക്ക്, ഇത് എന്റെ പെണ്ണാണ്.’ അന്നു രാത്രി അവൾ ഇഷ്ടമാണെന്നു പറഞ്ഞു. എനിക്കപ്പോൾ തമാശ ഒപ്പിക്കാനാണ് തോന്നിയത്. ‘അവരോട് ചുമ്മാ പറഞ്ഞതാണ്, നമ്മുടെ ജാതിയും മതവും വേറെയല്ലേ. കല്യാണം ഒന്നും നടക്കില്ല’ എന്നു തട്ടിവിട്ടു. അവൾ കരച്ചിലായി. എ നിക്ക് ആകെ വിഷമവും. അവസാനം ഒരുപാട് സോറി പറഞ്ഞ് കാലു പിടിച്ചിട്ടാണ് കരച്ചിൽ നിർത്തിയത്.

പ്രണയം പൂത്ത കാലം…

എന്റെ നാട് കേച്ചേരിയാണ്. ഉപ്പ ബാബുവിന് ഇറച്ചി കച്ചവടമാണ്. ഉമ്മ സുഹറയും രണ്ടു ചേച്ചിമാരും. പഠിക്കുന്ന കാലത്തേ കേറ്ററിങും വെൽഡിങും പോലെയുള്ള ജോലികൾ ചെയ്തിരുന്നു. ഡിഗ്രിക്ക് ചേർന്നതോടെ പണിക്കു പോകുന്നത് മുടങ്ങി. ഇടയ്ക്ക് പണിക്കു പോയാൽ ക്ലാസിൽ ചെല്ലുമ്പോൾ എല്ലാം പഠിച്ചെടുക്കാൻ പാട്. പിന്നെ, പഠിപ്പ് നിർത്തി പെയിന്റിങ് ജോലിക്ക് പോയി. എല്ലാ ദിവസവും ശ്രുതിയുമായി ഫോണിൽ സംസാരിക്കും. ഇടയ്ക്ക് കാണും. ഇഷ്ടം പരസ്പരം പറഞ്ഞതോടെ എങ്ങനെയും ജോലി കിട്ടാതെ തരമില്ലെന്നായി.

ശ്രുതിയുടെ അച്ഛൻ വിജയന് ചെറിയ ബിസിനസും കൃഷിയുമാണ്. അമ്മ ഉഷയ്ക്ക് റെയിൽവേയിലായിരുന്നു ജോ ലി. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് അവർ താമസിച്ചിരുന്നത്. ആ സമയത്ത് ഞാൻ ആർമി സെലക്‌ഷനു വേണ്ടി കേരളത്തിൽ പല ഭാഗത്തും പതിവായി പോകും. അപ്പോൾ റെയിൽവേ സ്റ്റേഷനിൽ ശ്രുതിയും കുടുംബവും താമസിക്കുന്ന ക്വാർട്ടേഴ്സിനു താഴെയാണ് ബൈക്ക് വയ്ക്കുക. മുകൾനിലയിൽ നിന്ന് അവൾ കൈവീശും. തിരികെ ബൈക്കെടുക്കുമ്പോൾ ബാഗിനുള്ളിൽ ഒരു കത്തുണ്ടാകും, ഉറപ്പ്.

ഇതിനിടയിൽ എന്റെ ചേച്ചിയുടെ കല്യാണമായി. കല്യാണക്കാർഡ് അടിച്ചതിന്റെ കൂടെ ഞാൻ ഞങ്ങളുടെ ഒരു കല്യാണക്കാർഡും അടിച്ചു. വെറുതേ തമാശയായി ചെയ്തതാണ്. 2020 ഫെബ്രുവരി 23 ആണ് വിവാഹതീയതി വച്ചത്. അപ്പോഴേക്കും ജോലി കിട്ടി കല്യാണം കഴിക്കാമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ആ കാർഡ് കണ്ടപ്പോൾ ഉമ്മയ്ക്കും പെങ്ങന്മാർക്കും ഷോക്കായി. എങ്കിലും വെറുതെ കളിച്ചും ചിരിച്ചും ഞാനത് മറച്ചു. ഇടയ്ക്ക് ശ്രുതിയെ കാണാൻ പോകുമ്പോൾ ഉമ്മായോടു പറയും, ‘മരുമോളെ കാണാൻ പോകുവാ.’ ഉമ്മയും മറ്റുള്ളവരും അത് തമാശയായേ കരുതിയുള്ളൂ.

എന്റെ കരളിന്റെ പാതി…

അവൾ ഡിഗ്രി അവസാന വർഷം പരീക്ഷയ്ക്കു തയാറാകുന്നതിനിടയിൽ ശ്രുതിയുടെ വീട്ടിൽ കാര്യങ്ങളറിഞ്ഞു. സ്ഥിരവ രുമാനമില്ലാത്ത ആൾക്ക് മകളെ നൽകില്ലെന്ന് അച്ഛൻ തറപ്പിച്ചു പറഞ്ഞു. ശ്രുതിയുടെ ഫോൺ വാങ്ങിവച്ചു. കുറച്ചുകാലം ചെറിയ പ്രശ്നങ്ങളുമായി മുന്നോട്ടു പോയി.

ആർമി സെലക്‌‍ഷനു വേണ്ടി കൊല്ലത്ത് പരിശീലനത്തിലാണ് അന്നു ഞാൻ. പിജി അഡ്മിഷനു മുൻപുള്ള സമയത്ത് കംപ്യൂട്ടർ പഠിക്കാൻ അവൾ ചേർന്നു. എല്ലാ ദിവസവും കൂട്ടുകാരിയുടെ ഫോൺ കടം വാങ്ങി ഒരു മിനിറ്റ് അവൾ എന്നെ വിളിക്കും. അവളുടെ പ്രാർഥന കേട്ടെന്ന പോലെ അക്കുറി ഞാൻ പാസായി. ഹൈദരാബാദിൽ ആർമി സെന്ററിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനു മുൻപ് ശ്രുതിയുടെ വീട്ടിൽ പോയി. അവളുടെ പഠിത്തം മുടക്കരുതെന്നും വിവാഹം ചെയ്യാൻ അനുവദിക്കണമെന്നും അച്ഛനോടും അമ്മയോടും പറഞ്ഞു. പക്ഷേ, ആരും മറുപടി പറഞ്ഞില്ല.

ആറുമാസം കഴിഞ്ഞ് ആദ്യത്തെ ലീവിനു വരുമ്പോൾ അമ്മ റിട്ടയർ ചെയ്തതിനാൽ അവർ ക്വാർട്ടേഴ്സ് വിട്ട് മുള്ളൂർക്കരയിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു. വീട്ടുകാർ വിവാഹംആലോചിക്കാൻ തുടങ്ങിയെന്ന് അവൾ പറഞ്ഞിരുന്നു. എനിക്ക് ട്രെയിനിങ് കഴിഞ്ഞ് തൊട്ടടുത്തുള്ള യൂണിറ്റിൽ തന്നെ പോസ്റ്റിങ് കിട്ടി. വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയെന്ന് ശ്രുതി അറിയിച്ചതിനെ തുടർന്ന് ഞാൻ നാട്ടിലെത്തി.

രണ്ടു വീട്ടുകാർക്കും എതിർപ്പായതിനാൽ ശ്രുതിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി ഹോസ്റ്റലിൽ നിർത്തി. നവംബർ ഒന്നിനു വിവാഹം റജിസ്റ്റർ ചെയ്യുമ്പോൾ എന്റെ ബന്ധുക്കളിൽ ചിലരും ശ്രുതിയുടെ ഒരു ചിറ്റപ്പനും മാത്രമാണ് പങ്കെടുത്തത്.

വിവാഹം റജിസ്റ്റർ ചെയ്തതിനു പിന്നാലെ ബുള്ളറ്റിൽ ഞങ്ങളൊരു യാത്ര പോയി. മൊയ്തീന്റെ കാഞ്ചനമാലയെ കാണാൻ മുക്കത്തേക്ക്. അവിടെനിന്ന് കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക്. പിന്നീട് അവർക്കൊപ്പം കുടകിലേക്കും വയനാട്ടിലേക്കും. ആർമി സെലക്‌ഷൻ പരീക്ഷയുടെ കോച്ചിങ്ങിനു വേണ്ടി കോഴിക്കോടും ഞാൻ കുറച്ചുകാലം നിന്നിരുന്നു.

അവിടെയും കറങ്ങി, ഏതാണ്ട് 1500 കിലോമീറ്ററിലധികം ബുള്ളറ്റിൽ യാത്രചെയ്ത് സന്തോഷത്തോടെ നാട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും ശ്രുതിയുടെ അച്ഛൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇടയ്ക്കൊക്കെ ഞാൻ തനിച്ച് എ ന്റെ വീട്ടിലേക്ക് പോകുമായിരുന്നു. ഉമ്മയും സഹോദരിമാരും ശ്രുതിയോട് ഫോണിൽ സംസാരിക്കുകയും ചെയ്യും.

മധുവിധു യാത്ര കഴിഞ്ഞ് തിരിച്ചെത്തി അധികം താമസിയാതെ ഞങ്ങൾ ഹൈദരാബാദിലേക്ക് പോയി. അവിടെ താമസിക്കാൻ ക്വാർട്ടേഴ്സ് കിട്ടിയിട്ടുണ്ടായിരുന്നു. ഒരു മാസമെടുത്ത് പാചക പാത്രങ്ങൾ മുതൽ എല്ലാം വാങ്ങി വീട് സെറ്റ് ചെയ്തു. ഒരുപാട് സ്വപ്നങ്ങളോടെയാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. പക്ഷേ…

രോഗം വന്ന നേരം…

കുറച്ചു ദിവസത്തിനുള്ളിൽ ശ്രുതിയുടെ കഴുത്തിൽ ഒരു മുഴ കണ്ടു. ആ സമയത്ത് ഹൈദരാബാദിൽ നല്ല തണുപ്പാണ്. നീരിറങ്ങിയതാണെന്നേ കരുതിയുള്ളൂ. ദിവസം കഴിയും തോറും വേദനയും അസ്വസ്ഥതയും കൂടിവന്നു. അതോടെ മിലിട്ടറി ഹോസ്പിറ്റലിൽ പോയി. അണുബാധയ്ക്കുള്ള മരുന്നാണ് ക ഴിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ല. മറ്റൊ രിടത്ത് നടത്തിയ പരിശോധനയിൽ ടിബി ആണോ എന്നു സംശയം.

അതോടെ ടിബിക്കുള്ള മരുന്നുകൾ കഴിച്ചു തുടങ്ങി. എങ്കിലും ദിവസം കഴിയുംതോറും ശ്രുതി ക്ഷീണിക്കാൻ തുടങ്ങി. ഛർദിയും തലവേദനയും ചുമയും. തനിയെ നടക്കാനോ ബാത്റൂമിൽ പോകാനോ പോലും വയ്യ. എപ്പോഴും കിടപ്പു തന്നെ. കഴുത്തിലും മുതുകിലുമെല്ലാം പുതിയ മുഴകൾ വന്നു.

മൂന്നുമാസം കഴിഞ്ഞ് ഞങ്ങൾ ലീവിൽ എന്റെ വീട്ടിലേക്ക് പോയി. നാട്ടിലെ ഡോക്ടർ പരിശോധിച്ചപ്പോൾ കഴുത്തിലെ മുഴയിൽ പഴുപ്പ് കണ്ടു. ടിബിക്കു വേണ്ടിയുള്ള മറ്റൊരു കുത്തിവയ്പ്പാണ് അദ്ദേഹം നിർദേശിച്ചത്. ഒരുമാസം കഴിഞ്ഞപ്പോൾമുഴകൾ കുറഞ്ഞു. പക്ഷേ, ബുദ്ധിമുട്ടുകൾ മാറിയില്ല. ബയോപ്സിക്ക് കൊടുത്ത് റിസൽറ്റ് വരും മുൻപേ എനിക്ക് തിരിച്ചു പോകേണ്ടി വന്നു.

നാലു ദിവസം കഴിഞ്ഞ് ശ്രുതിയുടെ അച്ഛൻ വിളിച്ചു, ‘ലിംഫോമ എന്ന കാൻസറാണ്, നാലാം സ്റ്റേജ്. മോളോട് ഒന്നും പറഞ്ഞിട്ടില്ല.’ കാര്യങ്ങൾ അവളോട് തുറന്നുപറയാൻ ഞാൻ പറഞ്ഞു, പക്ഷേ, നാലാമത്തെ സ്റ്റേജാണെന്ന് പറഞ്ഞില്ല. എ മർജൻസി ലീവിൽ ഞാൻ നാട്ടിലെത്തി.

ആശുപത്രിക്കാലം

ശ്രുതിയുടെ ബന്ധുവിനെ കാൻസറിനു ചികിത്സിച്ചത് കൊച്ചി അമൃത ഹോസ്പിറ്റലിലെ പവിത്രൻ ഡോക്ടറാണ്. ശ്രുതിയുമായി അദ്ദേഹത്തെ കണ്ടു. കീമോതെറപ്പി തുടങ്ങാനുള്ള ആരോഗ്യം അന്നു ശ്രുതിക്കില്ല. ഭാരം കഷ്ടിച്ച് 35 കിലോ മാത്രം. രക്തത്തിന്റെ അളവും ആരോഗ്യവുമെല്ലാം കൂട്ടാനുള്ള ട്രീറ്റ്മെന്റിനു ശേഷമാണ് കീമോ തുടങ്ങിയത്. പക്ഷേ, സൂചി കുത്താൻ ഞരമ്പ് കിട്ടുന്നില്ല. ഒരു വിധത്തിൽ സൂചി ഉറപ്പിച്ചെങ്കിലും മരുന്ന് ലീക്കായി. ഇപ്പോഴും അതിന്റെ കരിനീലിച്ച പാട് അവളുടെ കൈയിലുണ്ട്.

പിന്നീട് ഇരുപത് ദിവസം ഇടവിട്ട് കീമോ തുടർന്നു. ആശുപത്രിയിൽ ഞാനും അവളുടെ അച്ഛനമ്മമാരും ഉപ്പയും ഉമ്മയും ചേച്ചിമാരുമൊക്കെ കൂടെ തന്നെയുണ്ടായിരുന്നു.

ആ സമയത്ത് ശ്രുതിക്ക് അരയ്ക്കൊപ്പം മുടിയുണ്ട്. കീമോ തെറപ്പി ചെയ്യുമ്പോൾ മുടി പോകുന്നതിൽ വിഷമമില്ലെന്നു പറഞ്ഞ് സ്ട്രോങ്ങായി ഇരിക്കുകയാണ് അവൾ. ആദ്യത്തെ കീമോ കഴിഞ്ഞ് മുടി കൊഴിഞ്ഞില്ല. രണ്ടാമത്തെ കീമോയ്ക്ക് ശേഷം കെട്ടുകെട്ടായി കൊഴിയാൻ തുടങ്ങി. മുറിയിലെ ബക്കറ്റിൽ വൈകുന്നേരമാകുമ്പോൾ നിറയെ മുടിയാകും. അവൾക്ക് വിഷമമായതോടെ ഞാൻ പറഞ്ഞു, നമുക്കു രണ്ടുപേർക്കും മൊട്ടയടിക്കാം. ഹാളിലെ തറയിലിരുത്തി മുടി മുഴുവൻ ഞാൻ ത ന്നെ എടുത്തുകൊടുത്തു.

എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കി അവളൊരു ഡയലോഗ്, ‘ഇപ്പോൾ നല്ല ക്യൂട്ട് ആയിട്ടുണ്ട്.’ എന്റെ കണ്ണു നിറഞ്ഞു. പിന്നാലെ ഞാനും പോയി മൊട്ടയടിച്ചു. ഇപ്പോൾ എല്ലാ മാസവും അവളുടെ മുടി എടുക്കും. കൂടെ ഞാനും. അവൾക്ക് മുടി വളർത്താനാകുമ്പോഴേ ഇനി ഞാനും മുടി വളർത്തൂ എ ന്നാണ് തീരുമാനം.

ഇക്കഴിഞ്ഞ നവംബർ ഒന്നിന് ഞങ്ങളുടെ ഒന്നാം വിവാഹവാർഷികമായിരുന്നു. അന്നു ശ്രുതിയെയും കൊണ്ട് എന്റെ വീട്ടിൽ പോയി. അവളുടെ തല കണ്ട് ഉപ്പ കരഞ്ഞു. നവംബർ അ ഞ്ചിനായിരുന്നു പത്താമത്തെ കീമോ. ഒൻപതാമത്തെ കീമോ കഴിഞ്ഞുള്ള പെറ്റ് സ്കാനിൽ ശ്വാസകോശത്തിൽ നേരത്തേ അസുഖമുണ്ടായിരുന്ന സ്ഥലത്ത് ചെറിയ പൊട്ടുപോലെയുണ്ട്. അവസാനത്തെ കാൻസർ കോശങ്ങളാകും.

ഇനി രണ്ടു കീമോ കൂടിയുണ്ട്. അതു കഴിഞ്ഞാൽ മരുന്നുകൾ മാത്രം. ആദ്യത്തെ കീമോയുടെ സമയത്ത് ശ്രുതിയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 6 ആയിരുന്നു. കീമോ കഴിഞ്ഞപ്പോൾ 7Ð8 എന്നായി. ആട്ടിൻ പാലും മാതളനാരങ്ങയും ആരോഗ്യത്തിനും രക്തമുണ്ടാകാനും നല്ലതാണെന്ന് ഒരു ബന്ധുവാണ് പറഞ്ഞുതന്നത്. അന്നുമുതൽ ദിവസവും മുടങ്ങാതെ മാതളനാരങ്ങ കഴിക്കും. ഇപ്പോൾ ഹീമോഗ്ലോബിൻ ലെവൽ 10നു മുകളിലായി.

കീമോ കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് തൊണ്ടയൊക്കെ പൊട്ടി ഭക്ഷണം കഴിക്കാൻ ആകാതെവരും. അപ്പോഴാണ് ശ്രുതിക്ക് ഓരോന്നു കഴിക്കാൻ വല്ലാതെ മോഹം വരുന്നത്. അവൾ പറയുന്നതൊക്കെ ഞാൻ രഹസ്യമായി വാങ്ങിക്കൊടുക്കും. ടിബിയുടെ മരുന്ന് കഴിച്ചപ്പോൾ ഉള്ളത്ര വേദന കീമോ ചെയ്തപ്പോൾ ഇല്ലെന്നു ഇടയ്ക്കിടെ പറഞ്ഞ് അവൾ ചിരിക്കും. തൊണ്ടയിലും മറ്റും കാൻസർ വന്നിട്ട് ട്യൂബിലൂടെ ഭക്ഷണം കഴിക്കുന്നവരുണ്ട്. പച്ചവെള്ളം കുടിക്കണമെന്നതാണ് അവരുെട ഏറ്റവും വലിയ ആഗ്രഹം. നമുക്ക് ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്നു തോന്നും കാൻസർ വാർഡിൽ പോകുമ്പോൾ.

സ്വപ്നങ്ങൾ ഇനിയുമേറെ

ഇപ്പോൾ കൊച്ചി ഓഫിസിൽ ടെംപററി ജോലിയിലാണ് ഞാൻ. ജനുവരിയിൽ ഹൈദരാബാദിലേക്ക് തിരിച്ചുപോണം. പിന്നീട് ഫീൽഡിലേക്കാകും പോസ്റ്റിങ്. അതുകൊണ്ട് ശ്രുതിയെ കൂടെ കൊണ്ടുപോകാനാകില്ല. 23 വയസ്സാണ് ഞങ്ങൾ രണ്ടുപേർക്കും. പിജി പൂർത്തിയാക്കണമെന്നും ടീച്ചറാകണമെന്നുമാണ് ശ്രുതിയുടെ ആഗ്രഹം.

ചികിത്സയ്ക്ക് സാമ്പത്തികസഹായം ചെയ്ത കുറേപ്പേരുണ്ട്. അവരുടെ കാശൊക്കെ കൊടുത്തുതീർക്കണം. എന്റെ ചിത്രങ്ങളുടെ എക്സിബിഷൻ നടത്തണം.

ഞങ്ങളുടെ സന്തോഷങ്ങളുടെ ഇടയിലേക്ക് പുതിയ ആൾ വരണം. കരുതലോടെ കൈപിടിച്ച് എന്റെ ‘ചെമ്പൂവ്’ കൂടെയുണ്ടെങ്കിൽ ഏതു സ്വപ്നമാണ് സത്യമാകാതിരിക്കുക…’’

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here