Home Bismi Thasneem പക്ഷേങ്കിൽ എന്റെ ഖൽബ് കവർന്നത് ഓന്റെ ചിരിയാണ്. ഒതുങ്ങിയതെങ്കിലും ആ നീണ്ട കൊന്ത്രം പല്ല് വച്ചുള്ള...

പക്ഷേങ്കിൽ എന്റെ ഖൽബ് കവർന്നത് ഓന്റെ ചിരിയാണ്. ഒതുങ്ങിയതെങ്കിലും ആ നീണ്ട കൊന്ത്രം പല്ല് വച്ചുള്ള ചിരി…

0

രചന : Bismi Thasneem

ദാരിദ്ര്യം പിടിച്ചൊരു പെണ്ണുകാണൽ

കുറെ കാലം മുമ്പ്,അതായത് ഈ നമ്മള് ഡിഗ്രി ഫൈനൽ ഇയർ പഠിക്കണ സമയം.. ഈ നമ്മളെന്ന് എപ്പോഴും പറഞ്ഞോണ്ട് ഇരുന്നാൽ ഇങ്ങള് വിചാരിക്കൂല്ലേ ദാരാപ്പോ ദിതെന്ന്.

നമ്മള് ആലിയ ഹാഷിം. ഇനി ചോയ്ക്കല്ലും നമ്മള് ആരാന്നു,ഒറ്റതവണയേ പറയോള്ളൂ.
അപ്പോ നമ്മള് പറഞ്ഞു വന്നത്… ആ… ഡിഗ്രി ഫൈനൽ ഇയർ… ട്യൂഷനു പോയാൽ അവധി കാണില്ല എന്നൊരു ഒറ്റ കാരണത്താൽ സ്വയം പഠിച്ചോളാമെന്നു വീട്ടുകാർക് വാക്കും കൊടുത്ത് ശനിയും ഞായറുമൊക്കെ വീട്ടിലിരുന്നു പൊളിച്ചടുക്കണ സമയം. അത് പോലൊരു ഞായർ.. ഉമ്മ ബന്ധുവിന്റെ കല്യാണത്തിനും അനിയൻ കൂട്ടുകാരോടോത്ത്‌ കറങ്ങാനും പോയി.. മ്മള് വീട്ടിൽ തനിച്ചായി. വേറൊരു പണിയും ഇല്ലാത്തത് കൊണ്ടും കുളിയും തേവാരവും ഒക്കെ കഴിഞ്ഞപ്പോ മ്മക്ക് ഒരു മോഹം. ഉമ്മാന്റെ വീടിനുള്ളിലെ ലോക്കർ ഒന്ന് പരിശോധിച്ചാലൊന്നു….!ഹി ഹി… ഇങ്ങള് വിചാരിക്കും ഇതെന്താപ്പ കഥ എന്ന്. ഞാൻ ഉദ്ദേശിച്ച ലോക്കർ സ്റ്റോർ റൂമിലെ പാത്രങ്ങൾ ആണേ.

കെട്ടിച്ചു വിടാനുള്ള പ്രായം ആയീന്നുള്ള വിചാരം ഉമ്മാക് മാത്രം ഉള്ളത് കൊണ്ടും(മ്മള് കുഞ്ഞല്ലേ ) സ്വന്തം വീട്ടില ബേക്കറി ഐറ്റംസ് കട്ട് തിന്നുന്നത് ഒരു കുറ്റമായി ഇന്ത്യൻ നിയമങ്ങൾ കണക്കാക്കത്തത് കൊണ്ടും വീട്ടിൽ എത്തുന്ന പലഹാരങ്ങൾ ഒക്കെ ഇത് പോലെ ഏതേലും പാത്രങ്ങൾക്കുള്ളിൽ ശ്വാസം മുട്ടിയിരിക്കാറാണ് പതിവ്. (ഇല്ലേൽ വിരുന്നുകാരു വരുമ്പോ ഉമ്മ നാണം കെടും). അങ്ങനെ തപ്പി തപ്പി ഒടുവിൽ കിട്ടിയ അരക്കവർ കാ വറ്റലും ഒരു കട്ടനുമൊക്കെ ഇട്ട് വിശാലമായി കഴിച്ചു കഴിഞ്ഞപ്പോ കാളിങ് ബെൽ കേക്കണ് . പണി പാളിയോ എന്നും ചിന്തിച്ചു വാതിൽ തുറന്നപ്പോൾ ഒരു ഉമ്മയും ബാപ്പയും.

കണ്ടിട്ടുണ്ട് എവിടെയൊക്കെ വെച്ച്..,അതോണ്ട് തന്നെ കേറിയിരിക്കാൻ അവരോടു പറഞ്ഞു. ചിരിച്ചോണ്ട് നിക്കണേലും എന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടണ ഇങ്ങളാരേലും അറിഞ്ഞോ..ഇല്ലല്ലോല്ലേ??
ഇവർക്കു ഒരു പത്തുമിനുട്ട് നേരത്തെ വന്നൂടെ എന്ന് വിചാരിച്ചു ഞാൻ അടുക്കളയിലേക്കോടി.
ചായക്ക് വെള്ളം വെച്ചിട്ട് സ്റ്റോർ റൂം മൊത്തം അരിച്ചു.. ഇല്ല ഇനി കൊടുക്കാനായിട്ട് ഒന്നുമില്ല. ചായ എങ്കിൽ ചായ എന്നും പറഞ്ഞു ഫ്രിഡ്ജ് തുറന്നപ്പോൾ ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ പാലും ഇല്ല. ഇതൊക്കെ വാങ്ങാൻ കുറച്ചു ദൂരം പോണം. അന്നേരം സർട്ടിഫിക്കറ്റ് സൂക്ഷിക്കണഫയലിൽ പൂപ്പൽ അടിച്ചു വെറുതെ ഇരിക്കണ എന്റെ ലൈസെൻസിനെ വെറുതെയെങ്കിലും ഓർത്ത് പോയി. പേടിയായത് കൊണ്ടല്ല; വെറുതെ മറ്റുള്ളോർക്ക് പണിയുണ്ടാക്കണ്ട എന്ന് വെച്ചിട്ടാണ് വണ്ടിയോടിക്കാത്തതെന്ന് എനിക്കും ഇപ്പൊ നിങ്ങൾക്കും മാത്രമറിയുന്ന നഗ്നസത്യം. ഇനിയിങ്ങളായിട്ടാരോടും പറയാൻ നിക്കണ്ടാട്ടോ..!

വന്നിരിക്കുന്നവരോടുള്ള സ്നേഹം കൊണ്ടാണു ഞാനീക്കിടന്നു വെപ്രാളപ്പെടുന്നേന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റ്;നിങ്ങളെ മാത്രം തെറ്റ്. വിരുന്നുകാരു വന്നിട്ട് ഒന്നും കൊടുത്തില്ലെന്നറിഞ്ഞാൽ എന്റെ പ്രായം നോക്കാതുമ്മച്ചി അറഞ്ചം പുറഞ്ചം തല്ലും.

ആർത്തിയോടെ അടിച്ചിറക്കിയ കാ വറ്റൽ തൊണ്ടയിൽ കുടുങ്ങിയ അവസ്ഥ പോലായി എന്റെ കാര്യം. ഞാനിങ്ങനെ കലപില ഇങ്ങളോട് സംസാരിക്കുമ്പോ ഇങ്ങള് വിചാരിക്കും വന്നോര് പോയീന്ന്. ഇല്ലാട്ടോ ആ ഉമ്മ എന്റടുത്ത് വന്നു കാര്യങ്ങളൊക്കെ ചോയ്ക്കുവാണു. അറിയോ..ഉമ്മയെവിടെ പോയി എന്നൊക്കെ? കണ്ടിട്ടുണ്ടെന്ന് പറഞ്ഞു ഞാൻ. പാവം ഉമ്മയാ നല്ല സ്നേഹം എന്നൊക്കെ ഞാൻ മനസ്സിൽ ചിന്തിച്ചു. പാലില്ലെന്ന് പറഞ്ഞപ്പോ ആദ്യം ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും കട്ടൻ ഇടാമെന്ന് പറഞ്ഞപ്പോ സമ്മതിച്ചു.

അവർക്കൊപ്പം ഒരാളൂടി ഉണ്ട് ഒരു ഫോൺ വന്നിട്ടു വന്ന വഴിയിൽ നിൽക്കുവാ , അവർക്കൂടി വേണമെന്ന് പറഞ്ഞു. ആരാ പുതിയ അവതാരം എന്നോർത്ത് ഇടവഴിയിലേക്ക് നോക്കിയ ഞാൻ അന്തം വിട്ടു അഞ്ചാറു കൊല്ലം മുമ്പുള്ളൊരു ഫ്ലാഷ് ബാക്കിലോട്ട് ഓടി. ഇങ്ങളും വാ. … ഞാനൊറ്റക്ക് പോയാ ഒരു രസം കാണൂല്ല.
അന്ന് ഈ ഞാൻ സ്കൂളിൽ പഠിക്കണ കാലം. കവലയിൽ ബസിറങ്ങിയിട്ട് വീട്ടിലെത്താൻ നടക്കണമെന്നുള്ളത് കൊണ്ട് നടന്നു വരുമ്പോ “ഓനിനി എന്നെക്കാത്ത് നിക്കണതാണോ അതോ ഞാൻ ഓൻ വരണ വഴിയിൽ എന്നും വായിനോക്കണോണ്ടാണോ എന്നറിയില്ല”.എല്ലാ ദിവസവും ഞങ്ങൾ കാണാറുണ്ടായിരുന്നു.പക്ഷേങ്കിൽ എന്റെ ഖൽബ് കവർന്നത് ഓന്റെ ചിരിയാണ്. ഒതുങ്ങിയതെങ്കിലും ആ നീണ്ട കൊന്ത്രം പല്ല് വച്ചുള്ള ചിരി. ചിരി മാത്രേ ഇങ്ങനെ നീണ്ട് പോയുള്ളു എന്നത് വേറൊരു സത്യം.

പിന്നെ കുറേക്കാലം എവിടായിരുന്നോ എന്തോ. ..ദാ ഇപ്പഴാണ് ഞാൻ കാണണത്. നിങ്ങളിവിടെ നിക്ക്. ഞാൻ ഈ കട്ടനൊന്നു കൊടുത്തോട്ട്. ദാ കണ്ടാ ഇങ്ങള് കണ്ടാ വീണ്ടും ആ കോന്ത്രാം പല്ല് വെച്ചുള്ള ചിരി. പോകാൻ നേരം വാപ്പാടെ നമ്പറും വാങ്ങിയിട്ടാണ് അന്ന് അവര് പോയത്. രണ്ടൂസം കഴിഞ്ഞാണ് ഞാൻ അറിയണേ മോൻ പറഞ്ഞ പെണ്ണിനെ വെറുതെ ഒന്ന് കാണാനാ അവര് വന്നതെന്ന്.കുറെ കാലം കാണാത്തത് ഓൻ പ്രവാസത്തിന്റെ രുചിയറിയാൻ പറന്നതാണെന്നും പിന്നീടറിഞ്ഞു.

അങ്ങനെ ആദ്യത്തെ പെണ്ണുകാണൽ ഒരു നാണവും വെപ്രാളവുമില്ലാതെ ഇല്ലാതെ ഞാനും, ഒരു ചായയും ഉണ്ണിയപ്പവും പോലും കിട്ടാതെ കട്ടനിലൊതുക്കി വെറും ശശിയായി ഓനും ആഘോഷിച്ചു.

മനസ്സിലായില്ലേ…പിറ്റേ ഞായറാഴ്ച്ച കഴിഞ്ഞയാഴ്ചത്തെ പലിശയും കൂടി ചേർത്ത് നാല്കൂട്ടം പലഹാരങ്ങളോടെയുള്ള ഔദ്യോഗിക പെണ്ണ് കാണലോട്കൂടി ഞങ്ങളുടെ ആദ്യത്തെ പെണ്ണുകാണൽ വീട്ടുകാർ ചേര്‍ന്ന് അവസാനത്തെയുമാക്കി സൂർത്തുക്കളെ… ഇനിയും മനസിലാവാത്തവർക്കായി .”എന്നെ ഓനെ കൊണ്ട്തന്നെ കെട്ടിക്കാൻ തീരുമാനിച്ചെന്നു”.

അങ്ങനെ ആലിയ ഹാഷിം എന്ന ഞാൻ പേരിലും സ്വഭാവത്തിലും വലിയ മാറ്റമൊന്നുമില്ലാതെ ആറ് മാസത്തിനുള്ളിൽ ആലിയ ഹിഷാമായി.ഹിഷാം….കൊന്ത്രം പല്ലുള്ള എന്റെ രാജകുമാരൻ. ഓനെ കളിയാക്കിയപ്പോ ഇങ്ങക്കാർക്കേലും സങ്കടം വന്നോ. ?വിഷമിക്കണ്ടാട്ടോ ഈ ആലിയാക്കുമുണ്ട് അത് പോലെ രണ്ട് പല്ലുകൾ…മ്മള് രണ്ടൂടി അഡ്ജസ്റ്റ് ചെയ്തു പൊയ്ക്കൊളാം.അപ്പൊ ഞാൻ പറഞ്ഞു വന്നത്. ..ആ… കട്ടനിലൊതുക്കിയ പെണ്ണ് കാണൽ…. ഇടയ്ക്ക് ചട്ടീം കലോം പോലെ തട്ടണേം മുട്ടണേം സമയത്ത് ഓനെടുത്തിടും. …അപ്പൊ മ്മക്കൊന്നും പറയാനും പറ്റില്ല. അല്ലാ ഇങ്ങള് തന്നെ പറ അരമണിക്കൂർ മുന്നേ വരാത്തത് അവര കുറ്റമല്ലേ….അയിന് ഈ നിഷ്കളങ്കയായ എന്നെ വിഷമിപ്പിക്കാവോ..?പാവല്ലേ ഞാൻ….വെറും പ്യാവം…..!

ബിസ്മിതസ്നീം
—————————-
പ്രിയവായനക്കാരോട് കുറേ നാളത്തെ ഇടവേളക്കു ശേഷമുള്ള എഴുത്താണ്. ഒരുപാട് തെറ്റുകളുണ്ടാകും. ക്ഷമിക്കുകയും ഒപ്പം പോരായ്മകളെ ചൂണ്ടിക്കാട്ടുകയും ചെയ്യുമല്ലോ…!

LEAVE A REPLY

Please enter your comment!
Please enter your name here