Home Solo-man കാണാൻ നല്ല ചേലൊക്കെയാണു..ചുരുക്കിപ്പറഞ്ഞാൽ ഒന്നാന്തരമൊരു ആൺകുട്ടി…

കാണാൻ നല്ല ചേലൊക്കെയാണു..ചുരുക്കിപ്പറഞ്ഞാൽ ഒന്നാന്തരമൊരു ആൺകുട്ടി…

0

രചന : Solo-man

“എടി അമ്മൂ,അപ്പുവേട്ടൻ എന്റെ കയ്യിലൊരു എഴുത്ത് തന്നിട്ടുണ്ട് നിനക്ക് തരാൻ..”

കൂടെ പഠിക്കണ രേഷ്മ ആ കടലാസെനിക്ക് നീട്ടുമ്പൊ ദേഷ്യം കൊണ്ടെന്റെ മുഖം ചുവന്നിരുന്നു..

“നിനക്കെന്തിന്റെ കേടാ രേഷ്മേ,അയാടെ ദൂതും കൊണ്ട് എന്റ്ടുക്കൽ വരരുതെന്ന് എത്ര വട്ടം പറഞ്ഞതാ നിന്നോട്..”

“അതിനു നീയെന്നാത്തിനാ എന്നോട് ദേഷ്യപ്പെടുന്നെ,നീ തന്നെ നേരിട്ടയാളോട് പറ..അപ്പൊ തീരൂലൊ പ്രശ്നം..”

“എത്രയാന്ന് വെച്ചിട്ടാ ഒരാളോട് പറയാ..അയാക്ക് വട്ടാണു..ഇനി വരട്ടെ,ഞാൻ പറയണുണ്ട്..”

എന്നും കാലത്ത് കോളജിൽക് പോകുമ്പൊഴും,തിരികെ വരുമ്പൊഴും ഒരു കാവൽക്കാരനെന്ന പോലെ അയാളെന്റെ പിറകെയുണ്ടാകും..

പ്രത്യേകിച്ച് ശല്ല്യമൊന്നും ഇല്ലാത്തോണ്ട് ആദ്യമൊന്നും ഞാനത് മൈൻഡ് ചെയ്യാറില്ലായിരുന്നു..

മാത്രമല്ല ഞാനൊന്ന് തറപ്പിച്ചു നോക്കിയാൽ തന്നെ കണ്ണുകൾ താഴ്ത്തി പിന്തിരിഞ്ഞ് പോകുന്നത് കൊണ്ട് എനിക്കയാളുടെ കാര്യത്തിൽ പേടിയും ഇല്ലായിരുന്നു..

അപ്പു..അപ്പൂട്ടനെന്നാണു നാട്ടുകാരെല്ലാം അയാളെ വിളിച്ചിരുന്നത്..

നാട്ടിലെ എല്ലാവിധ ജോലികൾക്കും അയാളെ ആൾക്കാർക്ക് വേണമായിരുന്നു..

കിണറ്റിൽ പൂച്ച വീണാലും,വീടിന്റെ ഉച്ചിയിലെ ഇളകിയ ഓട് മാറ്റാനും,വീട്ടിൽ കേറിയ പാമ്പിനെ പിടിക്കാനും..

അങ്ങനെ ബുദ്ധിമുട്ട് പിടിച്ച എല്ലാ കേസുകൾക്കും നാട്ടുകാരുടെ ആശ്രയം അപ്പൂട്ടനായിരുന്നു..

ഇനി പണം വല്ലതും കൊടുത്താലൊ..പുള്ളി അതൊന്നും വാങ്ങിക്കാറില്ല..

പകരം തിന്നാൻ വല്ലതും തന്നാൽ മതീന്നായിരുന്നു അയാൾക്ക്..

നല്ല ഉറച്ച ശരീരവും,മുഖത്തെ കട്ടത്താടിയും മീശയും എപ്പൊഴും ചുവന്നു നിക്കണ കണ്ണുകളും..

കാണാൻ നല്ല ചേലൊക്കെയാണു..ചുരുക്കിപ്പറഞ്ഞാൽ ഒന്നാന്തരമൊരു ആൺകുട്ടി..

പക്ഷെ എന്തൊ അയാളെ പറ്റി നല്ലതായൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല..

അമ്പലപ്പറമ്പിലും,അങ്ങാടീലും എല്ലാ അടിപിടിക്കും ആളു മുന്നിലുണ്ടാകും..

മാത്രമല്ല അടുത്തു കൂടെ പോകുമ്പൊ നല്ല പട്ടച്ചാരായത്തിന്റെ മണവും..

ചെറുപ്പത്തിലെ അച്ഛൻ ഇട്ടേച്ചു പോയി,അമ്മയാണേൽ ക്വാറിയിൽ പണിക്കു വന്ന തമിളന്റെ കൂടെ നാടും വിട്ടു..

അമ്മൂമ്മയാണു പിന്നീട് അയാളെ വളർത്തീതും,പഠിപ്പിച്ചതുമൊക്കെ..

വൈകാതെ തന്നെ അവരും മരിച്ചതോടെ ആ വീട്ടിൽ തീർത്തും ഒറ്റക്കായി..

അവിടന്നങ്ങോട്ട് പുള്ളീടെ ജീവിതോം ഇങ്ങനൊക്കെയായി തീർന്നു..

അന്നന്നു പണിയെടുത്ത് കുടിച്ചും കളിച്ചും അന്നു തന്നെ തീർക്കും ആ പണം..

ആളു പാവമൊക്കെ തന്നെയാണു..പക്ഷെ ഇങ്ങനൊരു ചുറ്റുപാടിൽ അയാളെ പോലൊരാളെ സ്വീകരിക്കുക എന്നത് ഒരു പെണ്ണും ആഗ്രഹിക്കാത്തതാണു..

ഇനിയും അയാളോട് കാര്യം പറഞ്ഞില്ലെങ്കിൽ സംഗതി വഷളാകുമെന്ന കൂട്ടുകാരികളുടെ വാക്കിനു പുറത്താണു ഞാനന്ന് അയാളോട് കടുപ്പിച്ച് പറഞ്ഞത്..

“അപ്പുവേട്ടാ..ഇനീം നിങ്ങളെന്നെ ശല്ല്യം ചെയ്താൽ ഞാൻ വീട്ടിൽ പറയും..നിങ്ങളെ എനിക്ക് ഇഷ്ടല്ല,അതിനു വേണ്ടി നിങ്ങളെന്റെ പിറകെ വരണ്ട..

നിങ്ങളെ പോലൊരാളെ ഇഷ്ടപ്പെടുന്നതിലും നല്ലത് മരിക്കണതാണു..പ്ലീസ്,എന്നെ വിട്ടേക്ക്..”

അങ്ങാടിയിൽ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഞാനത് പറഞ്ഞപ്പൊ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുകയായിരുന്നു അയാൾ..

നിറഞ്ഞ കണ്ണീരിനിടയിൽ ചുറ്റിലും നോക്കി ജാള്യതയാലെ ഒരു പുഞ്ചിരിയും നൽകി തിരിഞ്ഞു നടക്കുമ്പൊ സത്യം പറഞ്ഞാൽ എനിക്കും എന്തൊ പോലെ തോന്നി..

“വേണ്ടായിരുന്നു അമ്മൂ..ഇത്രേം ആൾക്കാർക്കു മുന്നിൽ..”

കൂടെയുണ്ടായിരുന്നവരും അങ്ങനെ പറഞ്ഞപ്പൊ ശരിക്കും കുറ്റബോധം തോന്നി..

പിന്നീടയാളെ അധികമായൊന്നും ഞാൻ കാണാറില്ലായിരുന്നു..

കോളജിലേയ്ക്ക് പോകുമ്പൊഴും വരുമ്പൊഴും എന്റെ കണ്ണുകൾ അറിയാതെ അയാളെ തിരയാറുണ്ട്..

പിന്നീടങ്ങോട്ട് അങ്ങാടിയിൽ ബസ്സിറങ്ങി വിജനമായ വഴിയിലൂടെ വീട്ടിലേയ്ക്ക് വരുമ്പൊ വഴിയരുകിൽ ആൺകുട്ടികൾ കൂട്ടം കൂടി നിന്ന് ഞങ്ങളെ ശല്ല്യം ചെയ്യാൻ തുടങ്ങി..

പണ്ടും അവരൊക്കെ അവിടെ ഉണ്ടാകുമായിരുന്നു..അന്നൊന്നും അവർ ശല്ല്യം ചെയ്യാതിരുന്നതിന്റെ കാരണം പിന്നീടാണു എനിക്ക് മനസ്സിലായത്..

ഒരു പുഞ്ചിരി പോലും ലഭിക്കില്ലെന്നറിഞ്ഞിട്ടും എനിക്കു പിന്നാലെ നടന്നിരുന്ന അയാളിലൂടെ ലഭിക്കുന്ന സുരക്ഷിതത്വം എത്ര വലുതാണെന്ന് ശരിക്കും ഞാൻ അറിയുകയായിരുന്നു..

ഒരിക്കൽ അയാളെന്റെ വീട്ടിലേയ്ക്ക് വന്നു..

കിണറ്റീന്ന് വെള്ളം കോരുമ്പൊ എന്റെ കഴുത്തിലെ മാല ഞെട്ടറ്റ് താഴെ വീണപ്പൊ..

അയാളേം കൂട്ടി അച്ചൻ വീട്ടിലേയ്ക്ക് വരുമ്പൊ ഞാൻ കണ്ടിരുന്നു അയാളിലെ ഭയം..

“ഡാ അപ്പൂട്ടാ..കിട്ടീലെങ്കിൽ പോട്ടെടാ..നീയിങ്ങ് കേറിപ്പോരേ..”

എന്നെന്റെ അച്ചൻ താഴേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു..

ആഴമേറിയ കിണറ്റിൽ മുങ്ങാം കുഴിയിട്ട് ഒടുക്കമയാൾ കരയ്ക്കെത്തിയപ്പോൾ വലതു കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു എന്റെ സ്വർണ്ണ മാല..

അന്ന് അമ്മയുണ്ടാക്കിയ ഉണ്ണിയപ്പവും ചായയും ആർത്തിയോടെ കഴിക്കുന്ന അയാളെ കണ്ട് ഞാൻ അൽഭുതപ്പെട്ടിട്ടുണ്ട്..

പാത്രത്തിൽ ബാക്കി വന്ന ഉണ്ണിയപ്പം അമ്മയൊരു പേപ്പറിൽ പൊതിഞ്ഞു നൽകുമ്പൊ നന്ദിയോടെ അയാൾ അമ്മയെ നോക്കുന്നുണ്ടായിരുന്നു..

“അവനൊരു പാവമാണു സുലോചനേ..ജീവിതത്തിൽ നല്ലതായൊന്നും അനുഭവിക്കാൻ പറ്റിയിട്ടില്ല പാവത്തിനു,അതാ ഇങ്ങനൊക്കെ..”

എന്നെന്റെ അച്ചൻ അമ്മയോട് പറയുമ്പൊ ശരിക്കു പറഞ്ഞാൽ എന്റെയുള്ള് പിടയ്ക്കുകയായിരുന്നു..

സ്നേഹവും ലാളനയും കൊതിക്കുന്ന അയാളിലെ മനസ്സിനെ അറിയുകയായിരുന്നു ഞാൻ..

അന്നൊരിക്കൽ തനിച്ചായിരുന്നു കോളജ് വിട്ട് വന്നത്..

എന്നും ശല്ല്യം ചെയ്യാറുള്ള പിള്ളേരന്ന് എനിക്കു ചുറ്റും നിരന്നു..

കൂട്ടത്തിലൊരുത്തനോട് ഇഷ്ടം നിരസിച്ചതിനുള്ള ശിക്ഷ..

കൂട്ടുകാരെ ചുറ്റിലും നിർത്തി അവനെന്നെ ചുംബിക്കാനായ് അടുത്തു..

മനസ്സിൽ സകല ദൈവങ്ങളേയും വിളിച്ചു ഞാനെന്റെ കണ്ണുകൾ ഇറുകെയടച്ചു..

ചുറ്റിലും പടക്കം പൊട്ടണ അടിയൊച്ച കേട്ടാണു ഞാനെന്റെ കണ്ണു തുറന്നത്..

അപ്പൊഴേയ്ക്കും എനിക്കു ചുറ്റിലും നിരന്നിരുന്നവരിൽ ഒരാൾ പോലും അവിടെ ബാക്കിയില്ലായിരുന്നു..

കിതപ്പോടെ എനിക്കു പിന്നിലെ മനുഷ്യനെ ഞാൻ തിരിച്ചറിഞ്ഞു..അപ്പു..

ഒരു പക്ഷെ അപ്പൊ ഞാൻ വിളിച്ച ദൈവങ്ങളുടെ കൂടെ മനസ്സിൽ അറിയാതെ തെളിഞ്ഞു പോയ മുഖം..

“വഴക്ക് പറയരുത് അമ്മൂ..പിന്നാലെ വരണമെന്ന് കരുതീതല്ല,നീ കാണാതെ ദൂരത്തായിരുന്നു ഞാൻ..”

അതും പറഞ്ഞ് മുന്നാലെ നടന്ന അയാൾക്കു പിന്നാലെ ഞാനും അറിയാതെ നടന്നു..

ആ മനുഷ്യനിലെ നന്മയെ,ആണിനെ, അറിയുകയായിരുന്നു ഞാനപ്പോൾ..

നടന്നു നീങ്ങുമ്പൊഴും ഇടയിലൊരു തിരിഞ്ഞു നോട്ടം കൊതിച്ചു പോവുകയായിരുന്നു അപ്പോൾ..

അന്നത്തെ രാവിനു എന്നിൽ അപ്പുവെന്ന തെമ്മാടിയുടെ മുഖമായിരുന്നു..

ഒന്നു കാണാനും,മനസ്സു തുറന്ന് മിണ്ടാനും,അയാളെ അറിയാനും എന്റെ മനസ്സ് കൊതിച്ചു കൊണ്ടേയിരുന്നു..

അന്നയാൾ രേഷ്മയുടെ കൈകളിൽ കൊടുത്തയച്ച എഴുത്തിന്റെ കാര്യം അപ്പൊഴാണെനിക്ക് ഓർമ്മ വന്നത്..

മുറിയിലെ വെയിസ്റ്റ് ബാസ്ക്കറ്റിന്റെ ഏറ്റം അടിയിലായി ഞാനത് പെറുക്കിയെടുത്തു ചേർത്തു വെച്ചു വായിച്ചു..

“അമ്മൂ,സ്വപ്നങ്ങളും മോഹങ്ങളുമില്ലാത്ത എന്റെ ജീവിതത്തിൽ എനിക്കാദ്യമായ് തോന്നിയൊരു മോഹം..തെറ്റാണെന്നറിയാം,എങ്കിലും ഞാൻ ചോദിച്ചോട്ടെ..

ഇങ്ങനെ പിന്നാലെ നടക്കാനല്ല, അമ്മയെ അറിഞ്ഞിട്ടില്ലാത്ത എനിക്കൊരു അമ്മയാകാൻ,കൂടപ്പിറപ്പുകളില്ലാത്ത എനിക്കൊരു കൂടപ്പിറപ്പാവാൻ..എന്റെ ഭാര്യയാവാൻ സമ്മതമാണൊ..പൊന്നു പോലെ ഞാൻ നോക്കിക്കോളാം..ഇഷ്ടത്തോടെ അപ്പു..”

അതൊരു പ്രണയ ലേഖനമായിരുന്നില്ല..

തനിക്കു ലഭിക്കാതെ പോയ സ്നേഹത്തിനും,പരിചരണത്തിനും കൊതിക്കുന്ന ഒരു പച്ച മനുഷ്യന്റെ തുറന്നു പറച്ചിലായിരുന്നു..അപേക്ഷയായിരുന്നു..

കണ്ണു നിറഞ്ഞു പോയിരുന്നു എന്നിൽ..

ഒന്നുമറിയാതെ ശകാരിച്ചു,ആൾക്കൂട്ടത്തിനിടയിൽ ആട്ടിപ്പായിച്ചു..ഈശ്വരാ..ഞാനെന്ത് പാപിയാണു..

ഓർക്കുന്തോറും അവയൊക്കെയും എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു..

അന്നാ നിമിഷം തന്നെ ഞാനൊരു തീരുമാനമെടുത്തിരുന്നു.

അതേ ആൾക്കൂട്ടത്തിൽ വെച്ച്,എല്ലാവരും കേൾക്കെ എനിക്ക് പറയണം..

ഇഷ്ടമാണു അപ്പുവേട്ടാ,ഈ തെമ്മാടിയെ നിക്കിഷ്ടമാണെന്ന്,,

പിറ്റേന്ന് നേരം പുലർന്നത് ഒരു ദുരന്ത വാർത്തയുമായിട്ടായിരുന്നു..

കവലയിൽ ചോര വാർന്നു മരിച്ച അക്ഞാത മൃതദേഹം ആളുകൾ തിരിച്ചറിഞ്ഞു..

“ബാലേട്ടാ,നമ്മുടെ അപ്പൂട്ടൻ മരിച്ചു,,ആരോ കൊന്നതാന്നാ എല്ലാരും പറയണേ..”

അയലത്തെ മനോജ് അച്ചനോട് കാര്യം പറയുമ്പൊ ചൂലുമായി മുറ്റത്ത് ഞാനുമുണ്ടായിരുന്നു..

ഈശ്വരാ..ആ വാർത്ത തെറ്റായിരിക്കണേ..അതയാൾ ആയിരിക്കരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു ഞാൻ..

ഒടുവിൽ കുറ്റിച്ചൂലിനൊപ്പം തളർന്നു ഞാൻ മുറ്റത്തേയ്ക്ക് വീഴുമെന്ന് തോന്നിയപ്പൊ മെല്ലെ അകത്തേയ്ക്ക് നടന്നു..

അപ്പൊഴും പുറത്ത് നിന്ന് അമ്മയോട് അച്ചൻ പറയുന്നത് പാതി ബോധത്തിലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു..

“അതൊരു പാവമായിരുന്നു സുലോചനേ..ആർക്കും ശല്ല്യമാകാതെ അതങ്ങ് പോയി..”

നാട്ടുകാരു ചേർന്ന് അയാളുടെ ദേഹം വീട്ടു വളപ്പിലേയ്ക്ക് ചുമന്നു വരുമ്പോൾ കാഴ്ചക്കാരിലൊരാളായി ഞാനുമുണ്ടായിരുന്നു..

വെട്ടിയൊരുക്കിയ വിറകിനാൽ അയാൾക്ക് ചിതയൊരുങ്ങുമ്പോൾ കൂട്ടത്തിൽ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകൾ മാത്രമായിരുന്നു..

അതിൽ കൂടുതലായ് അയാൾക്ക് നൽകാൻ എന്റെ കയ്യിൽ മറ്റൊന്നുമില്ലായിരുന്നു..

അയാളുടെ ദേഹത്തേയ്ക്ക് തീ പടരുമ്പൊഴേയ്ക്കും ഞാൻ തിരിഞ്ഞു നടന്നു..

അപ്പൊഴും എന്റെ ഉള്ളം കയ്യിൽ അയാൾ നൽകിയ കടലാസു കഷ്ണങ്ങൾ പല കീറുകളായ് ബാക്കിയുണ്ടായിരുന്നു..

ഇഷ്ടമാവുകയായിരുന്നു അപ്പുവേട്ടാ നിങ്ങളെ,,ഇനിയാ ഇഷ്ടങ്ങളൊക്കെയും എനിക്കുള്ളിൽ മരിച്ചു കൊള്ളട്ടെ…

*ശുഭം*

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here