Home Maya Shenthil Kumar പക്ഷെ കഷ്ടപ്പെടുബോഴത്രയും എന്റെ വീട്ടിൽ ഒറ്റപ്പെട്ടുപോയ ഇന്ദുവായിരുന്നു മനസ്സിൽ…

പക്ഷെ കഷ്ടപ്പെടുബോഴത്രയും എന്റെ വീട്ടിൽ ഒറ്റപ്പെട്ടുപോയ ഇന്ദുവായിരുന്നു മനസ്സിൽ…

0

രചന : Maaya Shenthil Kumar

ഒരു നിയോഗം പോലെയാണ്, ശിവദയുടെ ആഗ്രഹം പോലെ അവളുടെ കൂട്ടുകാരിയുടെ പുതിയ തുണിക്കടയിലേക്കു കല്യാണസാരി എടുക്കാൻ പോയത്.. ജീവിതത്തിലൊരിക്കലും ഇനി ആരെ കാണരുതെന്ന് ആഗ്രഹിച്ചോ അവൾ ദാ മുന്നിൽ നിക്കുന്നു അവിടെ സെയിൽസ് ഗേൾ ആയിട്ട്..ഇന്ദുജ,
എന്നെയും ശിവദേയും കണ്ടതും അവളൊന്നു പരിഭ്രമിച്ചു, മുഖം തിരിച്ചു അവൾ കടയുടെ ഉള്ളിലെ മുറിയിലേക്ക് നടന്നു. അതും കണ്ടുകൊണ്ടാണ് ശിവദയുടെ കൂട്ടുകാരിയുടെ ഭർത്താവ് അങ്ങോട്ട്‌ വന്നത്..കസ്റ്റമർ ഉണ്ടായിട്ടും മുഖം തിരിച്ചു പോയതിനു ഞങ്ങളുടെ മുന്നിലിട്ട് അവൾക്കു കണക്കിന് കിട്ടി .

“സോറി ട്ടോ ഭർത്താവ് ഇട്ടിട്ടു പോയതാ, കുഞ്ഞുങ്ങൾ പട്ടിണിയാ, ജോലിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരും എന്നൊക്കെ പറഞ്ഞപ്പോ ഒരു സഹായം ആയിക്കോട്ടേന്നു വിചാരിച്ചു ജോലി കൊടുത്തതാ.. കിട്ടിക്കഴിഞ്ഞാൽ പിന്നെ ചില അവളുമാര് ഇങ്ങനാ, പണിയെടുക്കാതെ ശമ്പളം വാങ്ങണം.. ”
അയാളത് പറഞ്ഞ് കഴിഞ്ഞതും ഞാനവളെ ഒന്ന് പാളി നോക്കി, നിറഞ്ഞൊഴുകിയ കണ്ണ് തുടക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. കാരണം അവളുടെ സങ്കടങ്ങളിൽ പൊട്ടിച്ചിരിക്കാനാണ് എനിക്കിഷ്ടം..

ഇന്ദു ഞങ്ങൾക്ക് മുന്നിലേക്ക്‌ സാരികളോരോന്നായി നിരത്തിയിടുമ്പോൾ ശിവദ എന്റടുത്തേക്കു ഒന്നുടെ ചേർന്നു നിന്നു.. ഓരോ സാരിയും അവളുടെ ശരീരത്തോട് ചേർത്തുവച്ചു നിനക്കിതു നന്നായി ഇണങ്ങുന്നുണ്ടെന്നു പറയുമ്പോൾ, ഇന്ദുവിന്റെ ശരീരമാകെ വിറകൊള്ളുന്നത് ഞങ്ങൾ രണ്ടുപേരും അറിഞ്ഞു..

* * * * * *

എന്റെ കല്യാണം ഉറപ്പിക്കാൻ പോകുവാ അച്ഛൻ…എന്നെ വിളിച്ചോണ്ട് എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ എന്ന് എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു പറയുമ്പോൾ, ഈ തൊട്ടാവാടി പെണ്ണിനെ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞ് ഒന്നുടെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുമ്പോൾ, ഞാൻ ഈശ്വരന് നന്ദി പറയുകയായിരുന്നു ഇതുപോലൊരു പെണ്ണിനെ കിട്ടിയതിനു… ആറു വർഷം…. ആറുവർഷമായി മനസ്സുകൊണ്ട് അവളെന്റെ ആയിട്ട്, ഒരു സ്ഥിരവരുമാനം ആയിട്ടു വീട്ടിൽ ഞങ്ങളുടെ കാര്യം പറയാനിരിക്കെ ആണ് അവളുടെ കല്യാണം ഉറപ്പിക്കൽ..പിന്നെ ഒന്നും നോക്കിയില്ല കുറച്ചു കൂട്ടുകാരുടെ സഹായത്തോടെ ഞങ്ങൾ രജിസ്റ്റർ വിവാഹം നടത്തി, നേരെ വീട്ടിലേക്കു പോയി.. വിചാരിച്ചതിലും കടുത്ത സ്വീകരണമായിരുന്നു ഞങ്ങൾക്ക് കിട്ടിയത്.. കരഞ്ഞു കൊണ്ട് അമ്മ പറയുമ്പോഴാണ് ഞാൻ അറിയുന്നത് അമ്മാവന്റെ മോൾ ശിവദയെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ അമ്മ വാക്ക് കൊടുത്ത കാര്യം.. അമ്മയും ചേച്ചിയും ഞങ്ങളോട് കുറെ നാളത്തേക്ക് മിണ്ടിയെ ഇല്ല, ഏട്ടന്റെ ശമ്പളം കൊണ്ട് എന്റെ കെട്ട്യോൾക്കും കൂടെ ചിലവിനു കൊടുക്കാൻ പറ്റില്ലെന്നും പറഞ്ഞു, എന്റെ കരണത്തൊന്നു പൊട്ടിച്ചു പക്ഷെ അതിനേക്കാളേറെ വേദനയുണ്ടായിരുന്നു ഇത്ര നാളും എന്തിനും ഏതിനും കൂട്ടുനിന്ന ഏട്ടന്റെ അകൽച്ച… നല്ലൊരു ജോലിക്ക് വേണ്ടി കാത്തിരുന്ന ഞാൻ പിന്നെ അവൾക്കു വേണ്ടി കൂലി പണിക്കു പോയി തുടങ്ങി.. ചേച്ചിക്കും, ചേട്ടത്തിയമ്മയ്ക്കും മുന്നിൽ പിടിച്ചുനിൽക്കാൻ വേണ്ട അത്യാവശ്യം സ്വർണവും നല്ല ഡ്രെസ്സും ഒക്കെ വാങ്ങിക്കൊടുത്തു, ആരും മിണ്ടിയില്ലെങ്കിലും അവൾക്കു പരാതിയൊ ന്നുമില്ലായിരുന്നു..

അങ്ങനെ ജീവിച്ചുപോവുമ്പോഴാണ് ഒരു കൂട്ടുകാരൻ വഴി ഗൾഫിലേക്ക് ചാൻസ് കിട്ടുന്നത്, ലോഡിങ് ആണ് ജോലി പക്ഷെ കുറച്ചു കഴിഞ്ഞാൽ മറ്റെന്തെങ്കിലും നല്ല ജോലി കണ്ടുപിടിക്കാം എന്ന ചിന്തയോടെ ഒരു പാട് സ്വപ്നങ്ങളുമായി ഗൾഫിലേക്ക് പറന്നു ..ഞങ്ങളെ അംഗീകരിക്കാത്തവർക്കു മുൻപിൽ കൈ നിറയെ പണവുമായി ഇന്ദുവിനെ പൊന്നുപോലെ നോക്കണം എന്ന് മാത്രമായിരുന്നു ചിന്ത.. മേലനങ്ങി ഒരു ജോലിയും ചെയ്യാത്ത എനിക്ക് ഈ ജോലി ഒരു ബാലികേറാമലയാണെന്നു അധികം വൈകാതെ മനസ്സിലായി.. പക്ഷെ കഷ്ടപ്പെടുബോഴത്രയും എന്റെ വീട്ടിൽ ഒറ്റപ്പെട്ടുപോയ ഇന്ദുവായിരുന്നു മനസ്സിൽ.. ഭക്ഷണത്തിനുള്ള പൈസ മാത്രം എടുത്തു ബാക്കി മുഴുവനും അവൾക്കയച്ചു കൊടുക്കുമ്പോൾ എന്തോ ഒരു ആശ്വാസമായിരുന്നു… അവൾ നന്നായി ജീവിക്കണമെന്നുള്ള വാശിയും..

പെട്ടെന്നൊരു ദിവസം മുതൽ അവളുടെ ഫോൺ സ്വിച് ഓഫ്‌ ആയി, വീട്ടിലാന്വേഷിച്ചപ്പോൾ അവളെ കാണാനില്ലെന്ന മറുപടിയും, കൂടുതലൊന്നും അവർക്കും അറിയില്ലെന്ന് എന്തുപറ്റിയെന്നറിയാതെ നെഞ്ചു പിടച്ച്‌ അറബിയോട് ലീവ് ചോദിച്ചപ്പോൾ 2 വർഷത്തെ ബോണ്ട്‌ ഉള്ളത് കൊണ്ട് പോവാൻ പറ്റില്ലെന്ന് അയാൾ തീർത്തുപറഞ്ഞു.. അന്ന് രാത്രി ആത്മഹത്യക്കു തുനിഞ്ഞ എന്നെ കൂടെയുള്ളവർ രക്ഷിച്ചു, അവൾ എവിടെയെങ്കിലും എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്ന് പറഞ്ഞതിൽ പിന്നെ ആത്മഹത്യ ചെയ്യാനും പറ്റാതെയായി… ഉണ്ണാതെയും ഉറങ്ങാതെയും ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞു നാട്ടിലെത്തി.. അപ്പോഴാണ് അമ്മയും ഏട്ടനും മടിച്ചു മടിച്ചു പറഞ്ഞത് അവൾ വേറൊരുത്തന്റെ കൂടെ പോയതാണെന്ന്…ഞാൻ വിഷമിക്കരുതെന്നു കരുതി അവർ മറച്ചു വച്ചതാണെന്നു… അവൾ നല്ല പെണ്ണല്ലെന്നു… നെഞ്ചു പൊട്ടിയെങ്കിലും ഞാനതൊന്നും വിശ്വസിച്ചില്ല.. ഞങ്ങളെ പിരിക്കാൻ എല്ലാവരും പറയുന്നതാണെന്നേ കരുതിയുള്ളു

പക്ഷെ അവളെ അന്വേഷിച്ചു പോയ ഞാൻ കണ്ടത് കൈക്കുഞ്ഞുമായി മറ്റൊരുത്തന്റെ കൂടെ ജീവിക്കുന്ന ഇന്ദുവിനെയാണ്. ചങ്കുപൊട്ടി കേസ് കൊടുക്കുമെന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കിയപ്പോൾ ഏതു കോടതി ചോദിച്ചാലും എനിക്കെന്റെ കുഞ്ഞിന്റെ അച്ഛനെ മതിയെന്നവൾ അറുത്തുമുറിച്ചു മുഖത്തു നോക്കി പറഞ്ഞപ്പോൾ, അപമാനഭാരത്തോടെ ഞാനവിടുന്നു ഇറങ്ങി…

ആത്മഹത്യാ ചെയ്യാതിരിക്കാൻ എനിക്ക് ചുറ്റും കൂടിയവർക്കു മുന്നിൽ കേക്ക് മുറിച്ചും,പായസം വിതരണം ചെയ്തും ഞാനാ ദിവസം ആഘോഷിച്ചു കാരണം ഏതെങ്കിലും ഒരുത്തനെ മനസ്സിൽ വച്ച് എന്നോട് സ്നേഹം അഭിനയിക്കുന്നതിനേക്കാൾ നല്ലതാണ് അവളിപ്പോ ചെയതപോലെ എന്റെ ആറുവർഷത്തെ പ്രണയത്തെ ചുട്ടുകൊന്നത്…

ആഘോഷങ്ങളൊക്കെ നടന്നെങ്കിലും നീണ്ട പത്തുവർഷം വേണ്ടി വന്നു എനിക്കതിൽ നിന്നും മുക്തനാവാൻ.. ഇതിനിടെ ഗൾഫിൽ ഒരു നല്ല ജോലി കിട്ടി..അമ്മയ്ക്ക് വയ്യാണ്ടായപ്പോ അമ്മയുടെ ആഗ്രഹമായിരുന്നു ഞാനും കൂടി കുടുംബമായി കഴിയുന്നത് കാണണമെന്ന്, ഈ കാലമത്രയും കാത്തിരുന്ന ശിവദയെ കണ്ടില്ലെന്നു വയ്ക്കാനുമായില്ല… അങ്ങനെ ഞങ്ങളുടെ കല്യാണത്തിന് അവൾക്കുള്ള ഡ്രസ്സ്‌ വാങ്ങാനാണ് ഞങ്ങൾ തുണിക്കടയിൽ എത്തിയത്…

* * * * * * * *
കൂട്ടത്തിൽ അവൾ മുന്നിലേക്ക്‌ ഇടാതെ മാറ്റിവച്ച എനിക്കേറ്റവും ഇഷ്ടപെട്ട കളർ ചൂണ്ടി കാട്ടി ആ സാരി മതിയെന്നും പറഞ്ഞു ഞാനത് എടുത്തു ശിവദയ്ക്ക് ചേർത്തു വച്ച് ഇതാണ് നിനക്കേറ്റവും ഇണങ്ങുന്നതു എന്നും പറഞ്ഞു കൊടുക്കുമ്പോൾ ശിവദ അത് നെഞ്ചോടു ചേർത്തു വച്ച് എന്റെ നെഞ്ചോട്‌ ചേർന്നു നിന്ന ആ നിമിഷം, ഇന്ദുവിന്റെ മുഖം കണ്ടാലറിയാം അവൾ ചങ്ക് പൊട്ടി നിൽക്കയാണെന്നു.. ഒരിക്കൽ ഞാൻ നിന്ന പോലെ.. ഇത് ഒരു നിയോഗമാണ് ദൈവം എനിക്കായി മാറ്റിവച്ച നിയോഗം…

LEAVE A REPLY

Please enter your comment!
Please enter your name here