Home Sumy Alphus പപ്പയുടെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ഉണ്ണി എന്തിനാണ് കരയുന്നതു എന്ന് ആനി ഓർക്കും…

പപ്പയുടെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ഉണ്ണി എന്തിനാണ് കരയുന്നതു എന്ന് ആനി ഓർക്കും…

1

രചന : Sumy Alphus

ആനീ……….എന്ന് നീട്ടിയുള്ള പ്രിയ ഭർത്താവിന്റെ വിളി കേട്ടാണ് , എന്തെ ? എന്ന ഭാവത്തിൽ കെട്ടിയോനെ നോക്കിയത്. കെട്ടിയോന്റെ കൈയ്യിൽ ആറു മാസം പ്രായമുള്ള മോൻ ഉണ്ട്.

“ആനീ .. മോൻ എന്റെ അടുത്ത് ഇരിക്കുന്നില്ല. ഞാൻ എടുക്കുമ്പോൾ കൊച്ചു കരയുന്നു. നീ തന്നെ മോനെ പിടിക്ക്”.

“അപ്പോൾ അടുക്കളയിലെ ജോലി ആരു ചെയ്യ്യും? ”

ആനി ഗൗരവത്തോടെ ചോദിച്ചു.

“അതെനിക്കറിഞ്ഞൂടാ…” ഉടൻ വന്നു മറുപടി.

ഒന്നാമതെ ഓഫീസിൽ നിന്നും ജോലിയും ദൂര യാത്രയും കഴിഞ്ഞു വീട്ടിൽ എത്തുമ്പോയേക്കും ഒരു നേരാവും. ആനി വീട്ടിലെത്തുന്ന പാടെ അവളുടെ അമ്മായിയമ്മ (പേരിനോട് കൃത്യമായി നീതി പാലിക്കുന്ന ഒരാളാണെ) “ഹമ്മേ ഹാവൂ” എന്ന് പറഞ്ഞു ഒറ്റ മുങ്ങലാണ്.

കൊച്ചിനെ എടുത്തു കൊഞ്ചിച്ചു കുറുക്കും കൊടുത്തു കഴിയുമ്പോഴേക്കും സണ്ണിച്ചായനും എത്തിയിട്ടുണ്ടാവും.

സണ്ണിച്ചായന്റെ കുളി കഴിഞ്ഞിട്ടു വേണം ഉണ്ണിക്കുട്ടനെ സണ്ണിച്ചായന്റെ കയ്യിൽ ഏൽപ്പിച്ചിട്ടു ആനിക്കു കുളിക്കാനും വൈകുന്നേരത്തെ അത്താഴം തയ്യാറാക്കാനും .

സണ്ണിച്ചായന്റ കൈയ്യിൽ ഏല്പിച്ചാൽ, കുറച്ചു കഴിയുമ്പോഴേക്കും വലിയ വായിലേ ഉണ്ണിയുടെ കരച്ചിൽ തുടങ്ങും.

പപ്പയുടെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ഉണ്ണി എന്തിനാണ് കരയുന്നതു എന്ന് ആനി ഓർക്കും.

ആ , ആർക്കറിയാം, എന്ന് ആത്മഗതം ചെയ്തിട്ട്, ജോലികളിൽ മുഴുകും.

പതിവുപോലെ,

ജോലികളിൽ മുഴുകിയിരിക്കുമ്പോഴാണു , സണ്ണിച്ചായന്റെ “ആനീ ……….. ” എന്ന നീട്ടിവിളി വന്നത്.

കരയുന്ന കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേയ്ക്ക് വന്ന സണ്ണിച്ചായൻ പറഞ്ഞു,

“ആനീ.. മോൻ എന്റെ അടുത്ത് ഇരിക്കുന്നില്ല. ഞാൻ നോക്കിയിരുന്നിട്ടും ഒരു കാര്യവുമില്ല.., അവന് എന്റെടുത്ത് ഒരു മൈൻഡും ഇല്ല.”

“അതെന്താ കൊച്ചു ഇരിക്കാത്തെ?”

” സണ്ണിച്ചായൻ എങ്ങനെയാണ് കൊച്ചിനെ നോക്കുന്നെ? പറഞ്ഞെ പറഞ്ഞെ? ”
ആനി മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു .

ഇനി എങ്ങാനും മോനെ നോക്കാതിരിക്കാനുള്ള അടവാണോ സണ്ണിച്ചായന്റെ? കുറെ നാളായി മൊബൈൽ എന്ന സാധനത്തിനോട് ഒരു അഭിനിവേശം. എപ്പോ നോക്കിയാലും അതെ കൈയ്യിലുള്ളു. പിന്നെ എങ്ങനെ സംശയിക്കാതിരിക്കും.

“അല്ല ..അതെ ഞാനേ ഈ സെറ്റിയേൽ കിടന്നു കാലു മടക്കി വച്ചിട്ട് കൊച്ചിനെ വട്ടം ഇരുത്തി , പിന്നെ ഞാൻ കൊച്ചിനെ നോക്കികൊണ്ട് മീശ പിരിച്ചു കൊണ്ട്, ദാ…. ഇങ്ങനെ ഇരിക്കും. അത്രേ ഞാൻ ചെയ്യ്യുന്നുള്ളു . രണ്ടു മുന്ന് മിനിറ്റു കഴിയുമ്പോഴേക്കും ഉണ്ണിക്കുട്ടൻ കരയാൻ തുടങ്ങും. ഞാൻ എന്താ ചൈയ്യ. ”

ഹോ.. എത്ര നിഷ്കളങ്കനായ ഭർത്താവ്.

“അപ്പൊ മോനോട് മിണ്ടുകേം കൊഞ്ചിക്കുകേം ചൈയ്യുന്നില്ലേ? വെറുതെ അല്ല മോൻ കിടന്നു കരയുന്നതു. ”
ആനി പിറുപിറുത്തു.

“അതേയ്…. എന്റെ പൊന്നു സണ്ണിച്ചായൻ വന്നേ , ഞാൻ ട്യൂഷൻ എടുത്തു തരാം എങ്ങനെയാണ് കൊച്ചിനെ മിനിമം കരയിപ്പിക്കാതിരിക്കുന്നതിനുള്ള ഒരു വഴി. ”

അത് പറഞ്ഞു ആനി ഗ്യാസ് സ്റ്റൗവ് ഓഫാക്കി.

”അതേ… മോനെ വെറുതെ എടുത്തു മടിയിൽ ഇരുത്തി മീശ പിരിച്ചു കാണിച്ചിട്ടു ഇരുന്നാൽ പോരാ , അതിനെ കൊഞ്ചിക്കുകേം , ചിരിക്കുകേം , വർത്തമാനം പറയുകേം വേണം . എന്നാലേ നമ്മളോട് അടുപ്പം കാട്ടുള്ളു. ഇപ്പോൾ മനസിലായോ. എന്നാ പിന്നെ ശരി , കൊച്ചിനെ ഒന്ന് നോക്കുന്നേ. എന്റെ പണി യൊന്നു തീർക്കട്ടെ. എന്നിട്ടു വേഗം വരാം. ”
എന്നു പറഞ്ഞിട്ടു, ആനി ജോലികളിൽ വ്യാപൃതയായി.

“പക്ഷെ ആനീ… , ആറു മാസം മാസം പ്രായമുള്ള ഈ കൊച്ചിനോട് എന്ത് പറയാനാ ? അവനു വല്ലതും മനസ്സിലാകുമോ?” എന്നിട്ടും സംശയം തീരാതെ വീണ്ടും കെട്ടിയോൻ.

“ശ്ശെടാ..! ഈ കെട്ടിയോനെ എങ്ങനെയാണാവോ വളർത്തിയത്..? എന്ന് ചിന്തിച്ചു കൊണ്ട് ആനി തുടർന്നു,

“ഒന്നും മനസിലായില്ലെങ്കിലും വേണ്ട , അവനോട് എന്തെങ്കിലും പറഞ്ഞാൽ മതി, പാട്ടു പാടിയാലും കുഴപ്പമില്ല. പിന്നെ ഇടയ്ക്കിടയ്ക്ക് തല ഒന്ന് കുലുക്കണം എന്ന് മാത്രം. , അപ്പോൾ ,അവനെ കളിപ്പിക്കുന്നതാണെന്നു വിചാരിച്ചു കൊച്ചു ചിരിക്കും. ചുരുക്കി പറഞ്ഞാൽ പരിഗണിക്കുന്നുണ്ട് എന്ന തോന്നൽ ഉണ്ടാക്കിയാൽ മതി.”

” എന്തോ…. എന്തോരോ…..” എന്നു പിറുപിറുത്തിട്ട് പപ്പയും, മോനും പോയി.

അവർ പോയിട്ട് അഞ്ചു മിനിറ്റെങ്കിലും ആയിട്ടുണ്ടാകും, ഇതുവരെ മോന്റെ ബഹളം ഒന്നും കേട്ടില്ല.

“ഹോ , അപ്പോൾ എന്റെ ട്യൂഷൻ ഫലിച്ചു എന്ന് തോന്നുന്നു “, ആനി ചിന്തിച്ചു.

പിന്നെയും കുറച്ചു സമയം കടന്നു പോയി, അപ്പോഴും ബഹളം ഒന്നുമില്ല.

“ശ്ശെടാ! എന്തൊരു മറിമായം.”
എന്തായാലും സംഗതിയുടെ ഗുട്ടൻസ് ഒന്ന് അറിഞ്ഞിട്ടു ബാക്കി കാര്യം എന്ന് വിചാരിച്ചിട്ട്, ആനി പണികൾ വേഗം ഒതുക്കി അവരുടെ അടുത്തേക്കു ചെന്നു.
ആനി അങ്ങോട്ട് കടന്നു വന്നത് , അവർ ഗൗനിക്കുന്നേയില്ല.

പപ്പാ ആണെങ്കിൽ മോനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു, അതും നിറുത്താതെ .

മോനാണെങ്കിൽ കൗതുകത്തോടെയും അതിലേറെ സന്തോഷത്തോടെയും അവന്റെ പപ്പയെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

എന്നതാ പപ്പാ മോനോട് ഇത്ര കാര്യമായി പറയുന്നത് എന്ന് കേൾക്കാൻ അവരുടെ അടുത്ത് ആനി ഇരുന്നു.

അത് ഇപ്രകാരമായിരുന്നു ;

” സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ , അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ………………………………..”

സുമി ആൽഫസ്.
******************

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here